അവധൂതർ: കൈലാസനാഥന്റെ കാവൽക്കാർ ( അവധൂതന്മാരെക്കുറിച്ചൊരു ലേഖനം : തയ്യാറാക്കിയത് : എ.വി കൃഷ്ണകുമാർ ) സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള ഭാരതത്തിന്റെ ആത്മീയ പ്രഭാവത്തിന്റെ അക്ഷയ ജ്യോതിസുകളാണ് അവധൂതന്മാർ. ഭഗവാൻ പരമശിവനിൽ നിന്ന് ആരംഭിച്ച്, ആർഷ ഗുരുപരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ' സനാതന ധർമ്മ ' മെന്ന ധർമ്മ ഗോപുരത്തിന്റെ കാവൽ ഭടന്മാരാണ് അവധൂത സന്യാസികൾ. സ്വജീവിതം ധർമ്മാനുഷ്ഠാനത്തിനും, ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ച അവധൂത പരമ്പര നിഗൂഡ വിജ്ഞാനങ്ങളുടെയും, അനന്തമായ ശക്തികളുടെയും അക്ഷയഖനിയാണ്. ഹിമാലയത്തിലെ ഈശാന ശിവയോഗിമാർ, നാഥയോഗികൾ, അഘോരികൾ, നന്ദീശ്വര പരമ്പര എന്നിവരെ പോലെ വളരെ പൗരാണികമായതും, അനേകം സിദ്ധികളുടെയും, നിഗൂഡ ശക്തിവിശേഷങ്ങളുടെയും സൂക്ഷിപ്പുകാരായ അവധൂതന്മാർ ജനസമ്പർക്കത്തിൽ നിന്നും അകന്ന് കഴിയുന്നു. ഈ മഹാമനീഷികളുടെ അനുവാദമില്ലാതെ ആർക്കും അവരെ തിരിച്ചറിയാനോ, സമീപിക്കുവാനോ സാധ്യമല്ല. ഈ ബ്രഹ്മാണ്ഡത്തെ തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടാൻ കഴിയുന്ന അനന്ത ശക്തി ശൈലങ്ങളാണ് അവധൂതർ. പലപ്പോഴും ജനസംസർഗത്തെ ഒഴിവാക്കാൻ, തങ്ങളെ തിരിച്ചറിയാതിരിക്കാൻ ഭ്രാന്തിന്റെയും, അപരിഷ്കൃതതയുടെയും മൂടു...