മതവും, ആത്മീയതയും

മത വിശ്വാസവും മതാതീത ആത്മീയതയും..!

#ബോധമാണ്  #പരിണമിക്കേണ്ടത്
...............................

ഇന്ന് ഏറെ ചർച്ച ചെയ്യുന്ന ഒന്നാണ് മതവും, ആത്മീയതും.
ആത്മീയമായ എല്ലാ അനുഷ്ഠാനങ്ങളുടേയും യഥാർത്ഥ ഉദ്ദേശ്യം മനുഷ്യന്റെ ബോധതലത്തിന്റെ പരിണാമമാണ് എന്ന് പറയപ്പെടുന്നു. മനുഷ്യൻ എന്ന പരിമിത ബോധ തലത്തെ അതിമാനുഷിക- യൗഗീക - ഋഷി - ഈശ്വരീയ തലത്തിലേയ്ക്ക് ഉണർത്തുകയും, ഉയർത്തുകയുമാണ് ശരിയായ ആത്മീയത ചെയ്യുന്നത്.

യോഗ മതാതീതമായ ആത്മാന്വോഷണത്തിന്റെ ഒരു മാർഗമാണ്.
യഥാർത്ഥ ആത്മജ്ഞാനത്തിന്റെ വികാസമാണ് യോഗാനുഷ്ഠാനങ്ങളിലൂടെ ഉരുത്തിരിയുന്നത്. ജാതി - മത - വർഗ - വർണ- ലിംഗ - രാഷ്ട്ര ഭേദങ്ങളില്ലാതെ എല്ലാ മനുഷ്യരുടേയും ഉള്ളിൽ കുടികൊള്ളുന്ന നന്മയുടെ / സത്യത്തിന്റെ / ധർമത്തിന്റെ  ഉണ്മയുടെ വികാസമാണ്  യോഗ ലക്ഷ്യമാക്കുന്നതും, പ്രായോഗിക പരിശീലനങ്ങളിലൂടെ അ ലക്ഷ്യത്തെ  സാധിതമാക്കുന്നതും.

ഒരു മതാനുയായി ചില നിയമങ്ങളാൽ ബന്ധിതനാണ്. ഒരു ദൈവത്തിലുള്ള വിശ്വാസം, ആ മത പ്രവാചകനിലുള്ള വിശ്വാസം, ചോദ്യം ചെയ്യാനാവാത്ത വിശ്വാസ പ്രമാണങ്ങൾ, ആചാര അനുഷ്ഠാനങ്ങൾ തുടങ്ങിയ അനേകം നിർബന്ധിത നിയമ സംഹിതകൾ മതവിശ്വാസി കർക്കശമായി പാലിക്കണം. ഈ നിയമങ്ങളിൽ ഒന്നെങ്കിലും പാലിക്കാതെ വന്നാലോ, വിശ്വാസ പ്രമാണങ്ങളെ ചോദ്യം ചെയ്താലോ അവൻ പലപ്പോഴും മത വിരുദ്ധനായി മുദ്രകുത്തപ്പെടുന്നു. മതം അവനെ പുറം തള്ളുകയോ / ശിക്ഷിക്കുകയോ ചെയ്യുന്നു എന്നത് വാസ്തവം.

മതം ആത്മീയതക്ക് വേണ്ടിയാണെന്ന് പറയുമ്പോഴും പലപ്പോഴും പല മത വിശ്വാസങ്ങളും ആത്മീയതയെ മറന്ന് കേവലമായ ചില ആചാരാനുഷ്ഠാനങ്ങളിൽ / വിശ്വാസ പ്രമാണങ്ങളിൽ മാത്രം കുടുങ്ങിക്കിടക്കുന്നു. ഈ സത്യത്തെ തിരിച്ചറിഞ്ഞതിനാലാണ്  ഇക്കാലത്ത് ' മതാതീതമായ ആത്മീയത ' എന്ന വാദം ശക്തമാവുന്നത്.

മതത്തിന്റെ വേലിക്കെട്ടുകൾക്കപ്പുറമായി മാനുഷികമായ മൂല്യങ്ങളെയും, അവനിലെ പരമ നന്മയേയും ഉയർത്തുവാൻ ഉതകുന്ന യഥാർത്ഥ ആത്മീയതയുടെ പന്ഥാവ് ഇന്ന് തുറക്കപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന നന്മയാണ് / സത്യമാണ് ആത്മീയതയെന്നും, ആ ഗുണങ്ങളെ ഉണർത്തുന്നതെന്തോ അതാണ് ശരിയായ ആത്മീയ അനുഷ്ഠാനമെന്നും ഈ മാർഗത്തെ പിന്തുടരുന്നവർ വാദിക്കുന്നു.

ഒരു ചെറിയ ആൽവിത്തിൽ ഒരു വൻ ആൽമരത്തിന്റെ ശക്തി വിശേഷങ്ങൾ / സാധ്യതകൾ  ഉറങ്ങിക്കിടക്കുന്നു. ആൽവിത്തിന്റെ വളക്കൂറുള്ള മണ്ണിൽ കുത്തി, മുളപ്പിച്ച്, സംരക്ഷിച്ചാൽ അത് പല തലമുറകൾക്ക് ഗുണമേകുന്ന ഒരു വൻ ആൽമരമായി മാറും...!

അതേ സമയം അതേ ആൽവിത്തിനെ, നാം  നശിപ്പിച്ചാൽ അത് ആൽ മരമാകാതെ ഇല്ലാതാകും...!

ഒരു ആൽവിത്തിൽ ആൽമരമാകാനുള്ള ശക്തി വിശേഷങ്ങൾ സൂഷ്മരൂപത്തിൽ അടങ്ങിയിരിക്കുന്നതു പോലെ, അല്ലെങ്കിൽ അതിലുമായിരം ഇരട്ടി ശക്തിയോടെ ഓരോ മനുഷ്യന്റെയും ഉള്ളിൽ കോടാനുകോടി ശക്തി പ്രഭയോടെ ഈശ്വരീയ / ആത്മീയ ചൈതന്യം അടങ്ങിയിരിക്കുന്നു. അതിനെ  അന്വോഷിക്കുന്നവർ / തേടുന്നവർ ആരാണോ അവനാണ് യഥാർത്ഥ ആത്മ / സത്യ അന്വോഷി...!

ഞാനാര് ( WHO AM I ) എന്ന അറിവിനു വേണ്ടി ആര് അലയുന്നുവോ അവനാണ് സത്യത്തിന്റെ പിന്തുടർച്ചക്കാരൻ...!

അവനാണ് യോഗി, സൂഫി, സത്യാന്വേഷി, സ്രഷ്ടാവിന്റെ മാർഗം തേടുന്നവൻ,,,,!

എ.വി.കൃഷ്ണകുമാർ

........... തുടരും.......

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര