സൂഷ്മ ശരീരവും, സൂഷ്മ ലോകങ്ങളും



സൂക്ഷ്മ ശരീരവും, സൂക്ഷ്മ ലോകങ്ങളും

സൂക്ഷ്മം എന്ന വാക്കിന് പല അർത്ഥങ്ങളുണ്ട്. സാധാരണയായി പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത / കേൾക്കാൻ സാധിക്കാത്ത / സ്പർശിക്കാൻ സാധിക്കാത്ത ഒന്നിനെ സൂക്ഷ്മം എന്ന് വിശേഷിപ്പിക്കാറുണ്ട്. അതായത് കാണാൻ / അറിയാൻ / മനസ്സിലാക്കാൻ സാധിക്കാത്ത ഒന്നിനെ സൂക്ഷ്മം എന്ന് പൊതുവേ വിളിക്കുന്നു. ഇതുകൂടാതെ സൂക്ഷ്മം എന്ന വാക്ക് 'ശ്രദ്ധ' എന്ന മറ്റൊരർത്ഥത്തിലും  പ്രയോഗിക്കാറുണ്ട്. ഉദാഹരണമായി 'വിഷയത്തെ സൂക്ഷ്മമായി വിലയിരുത്തുക ' എന്ന് പറയുമ്പോൾ അവിടെ 'സൂഷ്മം' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് 'ശ്രദ്ധാപൂർവം, സമഗ്രമായി എന്നൊക്കെയാണ്. '

 എന്നാലിവിടെ 'സൂക്ഷ്മശരീരവും സൂക്ഷ്മ ലോകങ്ങളും ' എന്ന വിഷയത്തിൽ സൂക്ഷ്മം എന്ന വാക്ക് ഉപയോഗിക്കുന്നത് നമുക്കിപ്പോൾ കാണാൻ സാധിക്കാത്ത, അറിയാൻ സാധിക്കാത്ത, മനസ്സിലാക്കാൻ കഴിയാത്ത ഒരു ശരീരത്തെയും അതുപോലെ ചില ലോകങ്ങളെയും പറ്റിയാണ്. മനുഷ്യശരീരം  സ്ഥൂലമാണ്. അതിനെ കണ്ണുകൾകൊണ്ട് കാണുവാനും, സ്പർശിക്കുവാനും, അറിയുവാനും സാധിക്കും. മാനവന്റെ ഈ സ്ഥൂലാവസ്ഥക്ക് അപ്പുറമായി സൂക്ഷ്മമായ ഒരു അവസ്ഥയുമുണ്ട്. ആ തലത്തിൽ അതീവ ശക്തമായ ഊർജ / പ്രാണ  കിരണങ്ങളാൽ  കുടികൊള്ളുന്ന പ്രകാശമാനമായ ഒരു ശരീരമാണ് മനുഷ്യന്റെ  സൂക്ഷ്മശരീരം. അനന്തമായ ശക്തി വിശേഷങ്ങളുടെ കേന്ദ്രമായി  ഋഷികൾ സൂക്ഷ്മശരീരത്തെ വിശേഷിപ്പിക്കുന്നു.

സാധാരണ ഗതിയിൽ മാനവ ബോധം കൂടുതലായും  വ്യാപരിക്കുന്നത് ഇന്ദ്രിയങ്ങളുടെ മേലും ഒപ്പം സ്ഥൂലമായ ഈ ലോകത്തും ആണ്. ബാഹ്യമായ സുഖങ്ങൾ തേടുക എന്നതാണ് സാധാരണ ഗതിയിൽ  ഒരു മനുഷ്യൻ ചെയ്യുന്നത് . സുഖ- സുന്ദരമായി , പണക്കാരനായി, രോഗമില്ലാത്തവനായി ജീവിച്ച് മരിക്കുക എന്നതാണ് ഭൂരിഭാഗം മനുഷ്യരും ആഗ്രഹിക്കുന്നത് . അതിനായാണ് അവന്റെ  ബഹുഭൂരിപക്ഷം പരിശ്രമങ്ങളും.

ബോധമാണ് ഓരോ മനുഷ്യനെയും വ്യത്യസ്ഥനാക്കുന്നത്.  ബോധതലത്തിൽ വരുന്ന പരിണാമമാണ് മാനവനെ ശരിയായ മനുഷ്യ സ്നേഹിയും അതിലുപരി അതി മാനവനും, യോഗിയും ഋഷിയും ഒക്കെയായി  തീർക്കുന്നത്. ഇതേ ബോധതലം നെഗറ്റീവ് ചിന്തകളാലും  പ്രവൃത്തികളാലും നിറക്കപ്പെട്ട മനുഷ്യൻ മൃഗത്തേക്കാൾ താഴ്ത്തപ്പെടും. അവൻ ക്രൂരനാകും, സമാജത്തിന് ഭീഷണിയാകും.

ബോധതലം ശരിയായി പരിണമിച്ചാലെ മാനവൻ പരിണമിക്കൂ..! സൂക്ഷ്മശരീരത്തെ കുറച്ച് ശരിയായ ഒരവബോധം ഒരുവനിൽ ഉണ്ടാകണമെങ്കിൽ അതിന് ഗാഢമായ ധ്യാനമാണ് ഒരു മാർഗം. ധ്യാനത്തിലൂടെ ആഴത്തിലേക്ക് ഇറങ്ങിയാൽ മാത്രമേ നമ്മുടെ ഉള്ളിലെ സൂക്ഷ്മ ശക്തികളെ അറിയാനും നിയന്ത്രിക്കുവാനും സാധിക്കൂ എന്ന് മനീഷികൾ പറയുന്നു. പഞ്ചേന്ദ്രിയങ്ങളിലൂടെ ബാഹ്യലോകത്തെ കാണുകയും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരു പ്രകൃതമാണ് സാധാരണ മനുഷ്യന്റേത്.  പഞ്ചേന്ദ്രിയങ്ങളിലൂടെ ഈ അനുഭവം നമുക്ക് സാധ്യമാക്കുന്നതിന് പിന്നിൽ പ്രാണൻ എന്ന ഒരു മഹാ ശക്തിയുണ്ട്. ബാഹ്യ ലോകത്തേക്ക് അനിയന്ത്രിതമായി പുറപ്പെടുവിക്കുന്ന ഈ പ്രാണശക്തി ആന്തരിക ലോകത്തേക്ക് പ്രവേശിപ്പിക്കുവാൻ ഒരുവൻ പഠിച്ചാൽ, അവൻ ഒരു യഥാർത്ഥയോഗിയായി മാറും. ബാഹ്യലോകത്ത് നാം കാണുന്ന നശ്വരമായ ഈ  കാഴ്ചകൾക്ക് അപ്പുറമായി, ആന്തരിക ലോകത്തിൽ  നിത്യ നൂതനമായ ആനന്ദത്തിന്റേയും  അനുഭൂതികളുടേയും, ശക്തിവിശേഷങ്ങളുടെയും  ഒരു തലമുണ്ട്. അത് അറിയാൻ / അനുഭവിക്കുവാൻ യോഗമാർഗ്ഗം ഒരുവനെ പ്രാപ്തനാക്കുന്നു. 

നാം ഇന്ന് ചർച്ച ചെയ്യുന്ന സൂക്ഷ്മ ശരീരത്തെയും, സൂക്ഷ്മ ലോകങ്ങളെയും പറ്റി ശരിയായി  അറിയണമെങ്കിൽ / മനസിലാക്കണമെങ്കിൽ / ദർശിക്കണമെങ്കിൽ ആന്തരികമായ ഏകാഗ്രത അതായത് ധ്യാനാത്മകമായ ഉൾകാഴ്ച  അനിവാര്യമാണ് യോഗിമാർ പറയുന്നു.



സൂഷ്മ ലോകം  യാഥാർത്യമോ?

സാധാരണ ഗതിയിൽ മനുഷ്യൻ നേരിൽ കാണാത്ത / അനുഭവിക്കാത്ത / അറിയാത്ത ഒന്നിനെ വിശ്വസിക്കാറില്ല. എന്നാൽ യുക്തിപൂർവം ചിന്തിച്ചാൽ മനുഷ്യന്റെ കാഴ്ചയ്ക്ക്, പഞ്ചേന്ദ്രിയങ്ങൾക്ക് ചില പരിമിതികളുണ്ട് എന്ന് നമുക്ക് മനസിലാകും.  ലോകം മുഴുവൻ തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിക്കുന്ന മനുഷ്യന് ഇന്ദ്രിയപരമായ പരിമിതികൾ ഏറെയാണ്..!

ഉദാഹരണമായി ഒരു ചെറിയ ഉറുമ്പിന്റെ ഘ്രാണശക്തി മനുഷ്യന്റെ ഘ്രാണശക്തിയേക്കാൾ നൂറിരട്ടി അധികമാണ്. അന്തരീക്ഷത്തിൽ  പാറി പറക്കുന്ന ഒരു പരുന്തിന്റെ കാഴ്ചശക്തി മനുഷ്യന്റെ കാഴ്ചശക്തിയേക്കാൾ ഏറെയാണ്. ഒരു നായയുടെ സൂഷ്മ ശ്രവണ ശേഷി മനുഷ്യനെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ചുരുക്കത്തിൽ മനുഷ്യനേക്കാൾ ഏറെ ഇന്ദ്രിയപരമായ കഴിവുകൾ ഏറെ കൂടുതൽ ഉള്ളവയാണ് മറ്റു ജീവികൾ...! എന്നാൽ ഇന്ദ്രിയപരമായ ഈ പരിമിതികളെ തന്റെ വിശേഷബുദ്ധി കൊണ്ട് മാനവൻ മറികടക്കുന്നു. ഇതര ജീവജാലങ്ങളിൽ നിന്ന് വ്യതിരിക്തമായ  ആ ബുദ്ധിശക്തിയാണ് മനുഷ്യനെ ഭൂമിയിലെ ജീവിവർഗത്തിൽ ഒന്നാമനാക്കുന്നത്... !

പക്ഷികളെ ചിറകില്ലെങ്കിലും ആകാശത്തിലൂടെ പറന്നുയർന്ന് സഞ്ചരിക്കാൻ മനുഷ്യബുദ്ധി വിമാനത്തെ സൃഷ്ടിച്ചു.

കൃത്രിമമായി നിർമ്മിച്ച സൂഷ്മദർശനികളുടെ ( ടെലസ്കോപ്പ് ) സഹായത്താൽ ഇന്നവൻ പ്രകാശ വർഷങ്ങൾ അകലെയുള്ള നക്ഷത്രങ്ങളെയും, ഗ്രഹങ്ങളെയും ഭൂമിയിലിരുന്ന് കാണുന്നു...! അങ്ങനെ കാഴ്ചയുടെ പരിമിതിയെ തന്റെ അപരിമിതമായ ബുദ്ധി കൊണ്ട് അതിക്രമിക്കുന്നു.. !

എന്നാൽ ബാഹ്യലോകത്തിൽ ഇത്രയധികം കണ്ടു പിടുത്തങ്ങളും, നേട്ടങ്ങളും കരസ്തമാക്കിയെങ്കിലും സ്വന്തം ആന്തരീക ലോകത്തിന്റെ സമസ്യകൾക്ക് മുന്നിൽ പലപ്പോഴും പകച്ചു നിൽക്കുന്നു..!

മനസ്, സൂഷ്മ ശരീരം, സുഷ്മ ലോകങ്ങൾ, ദേവതകൾ,  പൂർവ്വജന്മം, പുനർജന്മം, കർമ്മങ്ങൾ, ജന്മാന്തര രഹസ്യങ്ങൾ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങളുടെ ഉത്തരം തേടുകയാണ് മാനവലോകം ഇന്ന്. ?!

ഇവിടെ സൂഷ്മ ശരീരം, സൂഷ്മ ലോകം എന്നീ വിഷയങ്ങളെ പറ്റി ചർച്ച ചെയ്യുമ്പോൾ ആ മേഖലയെ പറ്റി പഠിക്കുവാൻ, അറിയുവാൻ ബാഹ്യമായ ഉപകരണങ്ങളല്ല, ഒരുവന്റെ ആന്തരീകമായ ചേതനയാണ് നാം ഇവിടെ  ഉപയോഗപ്പെടുത്തുന്നത്.
ആറ്റത്തെ പറ്റി പഠിക്കാൻ ഒരു ആറ്റോമിക പരീക്ഷണശാലയിൽ അതിന് അനുയോജ്യമായ ബാഹ്യ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ, സൂഷ്മ ശരീരത്തെയും, സൂഷ്മ ലോകങ്ങളെയും പറ്റി പഠിക്കാൻ ആന്തരീകമായ മനസ് / ധ്യാനലബ്ധമായ മനസ് നാം ഉപയോഗപ്പെടുത്തുന്നു.. !

ഒരു അറ്റത്തെ / അണുവിനെ നഗ്നനേത്രത്താൽ കാണാൻ സാധ്യമല്ല... എന്നാൽ ഈ അന്തരീക്ഷത്തിൽ അനേകം അണുക്കൾ / ആറ്റങ്ങൾ ഉണ്ട്. നമ്മുടെ കാഴ്ചയുടെ പരിമിതിയാണ് അണു ദർശനത്തിന് വിഘാതമാകുന്നത്. എന്നാൽ ഒരു മൈക്രോസ്കോപ്പിലൂടെ അന്തരീക്ഷത്തെ നിരീക്ഷിച്ചാൽ ഈ അണു ദർശനം ആർക്കും സാധിതമാകുന്നു. എന്നതുപോലെ സൂഷ്മ ലോക ദർശനം ബാഹ്യ ഉപകരണങ്ങളാലല്ല, അക കണ്ണിലൂടെയാണ് സാധ്യമാകുക. ie സൂഷ്മ ശരീരവും, സൂഷ്മ ലോകങ്ങളും സത്യമാണ്. എന്നാൽ ആ സൂഷ്മദർശനത്തിന് ഒരുവന്റെ അകക്കണ്ണ് Active ആകണമെന്ന് യോഗിമാർ പറയുന്നു.

സൂഷ്മ + ലോകം = സൂഷ്മ ലോകം

ഇവിടെ ലോകം എന്ന വാക്കിന് ഒരു പ്രത്രേക തരത്തിൽ ചിട്ടപ്പെടുത്തിയ നിയമങ്ങളോടുകൂടിയ, നിശ്ചിതമായ വ്യവസ്ഥ യോടും, ആയുസ്സോടും, സമാനമായ ശാരീരിക  തലങ്ങളോടുകൂടിയ ജീവിവർഗങ്ങൾ അധിവസിക്കുന്ന മണ്ഡലമെന്നർത്ഥം.

ലോകങ്ങളെ മുകളിൽ സൂചിപ്പിച്ച പോലെ സ്ഥൂലം - സൂഷ്മം - കാരണം എന്നിങ്ങനെ തിരിക്കാം

1,സ്ഥൂല ലോകം

ഉദാ: ഭൂമി

മനുഷ്യൻ എന്ന പേരിൽ പ്രത്രേക ശാരീരിക - മാനസിക - ബൗദ്ധിക തലങ്ങളോടു കൂടിയ ഒരു വർഗം അധികമായി അധിവസിക്കുന്ന ലോകം

2, സൂഷ്മ ലോകം

സൂഷ്മ ശരീരികളായ യക്ഷ- ഗന്ധർവ്വ - കിന്നര- സിദ്ധ- ഋഷി - ദേവതാ സ്വരൂപികൾ etc  വസിക്കുന്ന തലം.

3, കാരണ ലോകം

സൂഷ്മ ലോകങ്ങളേക്കാൾ ഉയർന്ന തലം. ഉദാ: ഒരു യോഗിയുടെ ആത്മകഥ  എന്ന പുസ്തകത്തിൽ ശ്രീ പരമഹംസ യോഗാനന്ദയുടെ ഗുരു സ്വാമി ശ്രീ യുക് തേശ്വർ വിവരിക്കുന്ന *ഹിരണ്യ ലോകം*
ഒരുവനിലെസൂഷ്മ ശരീരത്തെ ആഴത്തിലുള്ള ധ്യാനത്താലും, മറ്റ് സൂഷ്മ ശരീര ദൃശ്യസാധനകളാലും കാണാൻ സാധിക്കും, എന്നാൽ സൂഷ്മ ലോക ദൃശ്യങ്ങൾ, സൂക്ഷ്മ ശരീരികൾ, ദേവതകൾ എന്നിവയുടെ ദർശനത്തിന് കുറേക്കൂടി ആഴത്തിലുള്ള ധ്യാനവും, ഒരുവനിലെ ആജ്ഞാ ചക്രത്തിന്റെ ( മൂന്നാം കണ്ണ് ) ജാഗരണം അനിവാര്യമെന്ന് യോഗിമാർ പറയുന്നു.

സൂഷ്മ ശരീരാനുഭവങ്ങൾ വൈയക്തികമായി അനുഭവവേദ്യമാകുമെങ്കിലും, സൂഷ്മ ശരീരികളെയും, ലോകങ്ങളെയും കാണുന്നതിന് ധ്യാനത്തിൽ ആഴത്തിൽ സഞ്ചരിക്കണമെന്ന് ചുരുക്കം.

എ.വി കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര