ശ്വാസം പ്രകൃതിയുടെ താളം


പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ഈ പ്രപഞ്ചം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ അഞ്ചു സൂഷ്മ ശക്തികളാൽ നിർമ്മിക്കപ്പെട്ട ഈ പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിച്ച് ചേർക്കുന്ന പഞ്ചഭൂതങ്ങൾ ഈ വിശ്വ പ്രകൃതിയുടെ ഭാഗമാണ്.

എന്റെ ശരീരം സൃഷ്ടിക്കപ്പെട്ടത് അമ്മയുടെ അണ്ഡവും, അച്ഛന്റെ ബീജവും കൂടി ചേർന്നാണ്. അണ്ഡ- ബീജങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷി എന്റെ മാതാ -പിതാക്കൾക്ക് ലഭിച്ചത് അവർ കഴിച്ച ആഹാരത്തിൽ, കുടിച്ച ജലത്തിൽ, ശ്വസിച്ച വായുവിൽ അതായത് പഞ്ചഭൂതങ്ങളിൽ നിന്നാണ്. ഞാൻ ഭൂജാതനായതു മുതൽ ഈ പ്രകൃതി / പഞ്ചഭൂതങ്ങൾ എന്നെ സംരക്ഷിച്ച് പരിപാലിക്കുന്നു. പ്രകൃതിയുടെ താളം (ശ്വസനം ) എന്റെയുള്ളിൽ അനസ്യൂതമായി നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ ആരംഭിക്കുന്ന ശ്വസനം, ഭൂ സ്പർശനത്താൽ കൂടുതൽ വികസിതമാകുന്നു. പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതും ഈ ശ്വാസോച്ഛാസ ഗതിയിലൂടെ തന്നെയാണ്.

നമ്മിലെ കോടാനുകോടി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, ഭരിക്കുന്ന, നിയന്ത്രിക്കുന്ന പ്രാണനെന്ന അതിസൂഷ്മ ഊർജ്ജ പ്രവാഹത്തിന്റെ ഒരു ചെറിയ ബഹിർസ്ഫുരണമാണ് ശ്വാസമെന്ന് യോഗിമാർ പറയുന്നു. ഒരുവന് അവന്റെ ശ്വാസത്തെ അറിയാൻ - നിയന്ത്രിക്കാൻ - സ്വാധീനിക്കാൻ കഴിഞ്ഞാൽ, ശ്വാസത്തിന് പിന്നിലെ അതിസൂഷ്മ ശക്തിയായ പ്രാണനെ അറിയാൻ കഴിയും. അതായത്  ശ്വാസനിയന്ത്രണം വഴി പ്രാണനിയന്ത്രണവും, പ്രത്യാഹാര - ധാരണ - ധ്യാന - സമാധി അനുഭവങ്ങളിലേയ്ക്ക് നയിക്കപ്പെടുമെന്ന് ചുരുക്കം.

അതുകൊണ്ടാണ് അഷ്ടാംഗ യോഗ മാർഗകാരനായ പതഞ്ജലി മഹർഷി യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന,സമാധി എന്ന തന്റെ യോഗ മാർഗത്തിൽ, അതീവ പ്രാധാന്യത്തോടെ  നാലാമതായി പ്രാണായാമമെന്ന മാർഗം നിർദ്ദേശിച്ചിരിക്കുന്നത്.

പണ്ടത്തെ ഗുരുകുല വിദ്യഭ്യാസ സമ്പ്രദായത്തിൽ, പരാ- അപരാ വിദ്യാ പഠന ക്രമത്തിൽ വിദ്യാർത്ഥി ഭൗതീക - ആത്മീയ പുരോഗതിയ്ക്കും, വിശിഷ്യാ  കുണ്ഡലിനീ ജാഗ്രത്തിനും വേണ്ടി അനുഷ്ഠിക്കുന്ന ഒരു സാധനയാണ് പ്രാണാഗ്നി ഹോത്രം. യമനിയമ പാലനത്തോടൊപ്പം, യോഗാസനങ്ങൾ പരിശീലിച്ച് സുദൃഡമായ ശരീരത്തെ സ്വീകരിച്ച്, ആസന സിദ്ധി വന്ന സാധകന് ഗുരു ദീക്ഷാ രീതിയിൽ  പ്രാണായാമമെന്ന വിദ്യയെ പകർന്ന് നൽകുന്നു. ആദ്യഘട്ടത്തിൽ ലഘുവായ ചില പ്രാണായാമ പരിശീലനങ്ങൾ ആണ് സാധകൻ ഇവിടെ അനുഷ്ഠിച്ച് തുടങ്ങുക.
പ്രാണായാമങ്ങൾ അനവധിയുണ്ട്
ശൗച പ്രാണായാമം, അനുലോമ വിലോമ പ്രാണായാമം, പൂരക രേ ചക പ്രാണായാമം, മഹാബന്ധ സഹിത കപാലഭാതി പ്രാണായാമം, ഭസ്ത്രിക പ്രാണായാമം, സക്രിയ പ്രാണായാമം, സൂര്യ ഭേദന പ്രാണായാമം, ചന്ദ്ര ഭേദന പ്രാണായാമം, ഉജ്ജായി പ്രാണായാമം, ശീതളി പ്രാണായാമം, ശീത്ക്കാരി പ്രാണായാമം, ഭ്രാമരി പ്രാണായാമം, മാത്രാ പ്രാണായാമം, ക്രിയാ പ്രാണായാമം  എന്നിവ കൂടാതെ ഗുരുപരമ്പരകൾ വഴി മാത്രം പകർന്നു തരുന്ന അതിനിഗൂഡമായ ചില രഹസ്യ പ്രാണായാമങ്ങളുമുണ്ട്. പടിപടിയായ പ്രാണായാമ പരിശീലനങ്ങൾ വഴി സ്ഥൂല - സൂഷ്മ നാഡികളെ ശുദ്ധീകരിച്ച്, പ്രാണപ്രവാഹത്തെ ചക്രങ്ങളിലൂടെ നിയന്ത്രിച്ച് ബോധോദയത്തിലേയ്ക്ക് പ്രാണസാധകൻ കടന്ന് ചെല്ലുന്നു.

 ശ്വാസത്തെയും, ശ്വാസത്തിന് പിന്നിലെ അതിസൂഷ്മ ശക്തിയായ പ്രാണനേയും അറിയാൻ / നിയന്ത്രിക്കാൻ കഴിയുന്ന ഒരു യോഗിക്ക് പഞ്ചഭൂതങ്ങളെ നിയന്ത്രിക്കാനാവുമെന്ന് യോഗശാസ്ത്രം ഉത്ഘോഷിക്കുന്നു. ശ്വാസ താളത്തെ അറിയാൻ / സ്വാധീനിക്കാൻ കഴിഞ്ഞാൽ പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ഊഷ്മളമാകുന്നു. വിശ്വ പ്രകൃതിയുടെ പ്രാണ സ്പന്ദനം നമുക്കനുഭവവേദ്യമാകുന്നു. നാം പ്രകൃതിശ്വരിയുമായി ഒന്നുച്ചേരുന്നു.....

 പ്രാണായാമ പരിശീലനം  പ്രകൃതീശ്വരിയിലേയ്ക്ക് നമ്മെ നയിക്കുന്ന അതിവേഗ മാർഗമെന്ന് യോഗീശ്വരന്മാർ പറയുന്നു.

എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം

തുടരും...

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര