മരണാനന്തരജീവിതം : സത്യമോ ? മിഥ്യയോ ?

മരണാനന്തരജീവിതം : 
സത്യമോ ? മിഥ്യയോ ?
ഒരന്വേഷണം...!    (ഭാഗം:1)
...................🔥...............

പ്രപഞ്ചത്തിൽ, ദൈവത്തിന്റെ ഒരു സവിശേഷ സൃഷ്ടിയാണ് മനുഷ്യൻ.  മറ്റ് ജീവജാലങ്ങളിൽ നിന്ന് മാനവരെ വ്യതിരിക്തമാക്കുന്നത് അവന്റെ സൃഷ്ടിപരമായ  പ്രത്യേകതകൾ തന്നെയാണ്. സുശക്തമായ ജ്ഞാനേന്ദ്രിയങ്ങളും, കർമ്മേന്ദ്രിയങ്ങളും അടങ്ങിയ  അത്ഭുതാവഹമായ ശരീരവും, അതിസൂഷ്മമായ മനസും, കൂർമ്മബുദ്ധിയും, , ആത്മാവുമെല്ലാം ചേർന്ന് മനുഷ്യൻ ഈ ഭൂലോകത്തിലെ ഒരപൂർവ്വ സൃഷ്ടിയായി മാറുന്നു. മാനവ വംശം ഈ പ്രപഞ്ചത്തിന്റെ ഭാഗമായിട്ട് അനേകം  വർഷങ്ങൾ പിന്നിട്ട്  കഴിഞ്ഞു. മനുഷ്യകുലത്തിന്റെ ഉദയം മുതൽ ഇന്ന് വരെ കോടിക്കണക്കിന് മനുഷ്യർ ഈ ഭൂലോകത്ത് ജനിച്ചു ജീവിച്ച് മരിച്ചു....!

ഒരു കുഞ്ഞിന്റെ ഈ ലോകത്തേയ്ക്കുള്ള പ്രവേശനം ഏറെ സങ്കീർണതകൾ നിറഞ്ഞതാണ്. പിതാവിന്റെ ബീജവും, മാതാവിന്റെ അണ്ഡവും ചേർന്ന് അമ്മയുടെ ഗർഭപാത്രത്തിൽ ഒരു ചെറുജീവനായി തുടിക്കുന്നതു മുതൽ ഒരു പൂർണ രൂപമായി, മനുഷ്യ കുഞ്ഞായി ആ ഉദരത്തിൽ നിന്ന് പുറത്ത് വരുന്നതുവരെയുള്ള സൃഷ്ടി പ്രക്രിയ നമ്മുടെ ബുദ്ധി കൊണ്ട് തിരിച്ചറിയാനാവാത്ത, സൂഷ്മ ശക്തിയുടെ കരങ്ങളാൽ നിർമ്മിതമാണ്.. അത് അത്ഭുതാവഹമാണ്...!

''ഇന്ന് ഞാൻ... നാളെ നീ " എന്ന വചനം പോലെ  മരണവും മറുപടിയില്ലാത്ത ഒരു ചോദ്യമാണ് മനുഷ്യന് ...! ഒരു ക്ഷണ മാത്രയിലാണ് മരണം നമ്മെ തേടിയെത്തുന്നത്. നിനച്ചിരിക്കാതെ, ഒരു സൂചനയും നൽകാതെ നമുക്ക് പ്രിയപ്പെട്ടവർ, നമ്മോട് തോൾ ചേർന്ന് നടന്നവർ പെട്ടെന്ന്  നമ്മെ വിട്ട് പിരിയുന്നു.. പ്രിയതരമെന്ന്  ഈ നിമിഷം വരെ നാം കണ്ട അവരുടെ  ശരീരം പിന്നീട് ഒരു പിടി ചാരമായി അവശേഷിക്കുന്നു...!  പിന്നീടത് ഭൂമിയിലേയ്ക്ക് ലയിക്കുന്നു.
ഒരു കിളി അതിന്റെ കൂടുപേക്ഷിച്ച് അനന്തവിഹായസിലേയ്ക്ക് പറന്നകന്നു പോകുന്നതു പോലെ പ്രിയപ്പെട്ടവർ എവിടേയ്ക്കോ അപ്രത്യക്ഷരാകുന്നു .. എവിടേയ്ക്ക് ???

എന്താണ് ജനനം? മരണം?
കൃത്യമായ ഉത്തരം കിട്ടാത്ത ചോദ്യമായി ആധുനീക മനുഷ്യന് മുന്നിൽ ഇവ അവശേഷിക്കുന്നു...!?
അതെ....ജനന മരണങ്ങളെ പോലെ ഉത്തരമറിയാത്ത അനേകം ചോദ്യങ്ങൾ ഇവിടെ ജീവിച്ച് മരിച്ച  നമ്മുടെ  ഓരോ പൂർവികരുടേയും മനസിലൂടെ കടന്ന് പോയിട്ടുണ്ടാവും....!

ഞാനാരാണ്?

ഞാൻ എവിടെ നിന്ന് വന്നു?

എന്റെ ജീവിതത്തിന്റെ ഉദ്ദേശമെന്ത്?

മരണം എന്നാണ്?

മരണശേഷം നാം എവിടേയ്ക്ക് പോകുന്നു?

സ്വർഗ നരകങ്ങൾ, മറ്റ് സൂഷ്മ ലോകങ്ങൾ ഉള്ള താണോ?

പ്രേതങ്ങൾ, ആത്മാക്കൾ, ദേവതകൾ, സൂഷ്മ ശരീരികൾ ഇവ യാഥാർത്ഥ്യമാണോ?

മരിച്ചവർക്ക് പുനർജ്ജന്മം ഉണ്ടോ?

പൂർവ്വജന്മം എന്താണ്.?

ഈ വക ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള പരിശ്രമങ്ങൾക്ക്  മനുഷ്യ ഉൽപത്തിയുടെ അത്രയും കാലത്തെ പഴക്കമുണ്ട്. ആ പരിശ്രമങ്ങളിൽ  ചിലർ വിജയിച്ചിട്ടുണ്ട്?  ചിലർ പരാജിതരായിട്ടുണ്ട്?

എന്തായാലും നമ്മളും  ഉത്തരമില്ലാത്ത  ഈ  ചോദ്യങ്ങൾക്ക്  മറുപടി കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഭാരതീയ ഗുരുവര്യന്മാരുടെ, ജനനത്തെയും മരണാനന്തര ജീവിതത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെ മുൻനിർത്തി നമുക്കിവയെക്കുറിച്ചൊന്ന്  പഠിച്ച് തുടങ്ങാം.

മരണശേഷം നാം എങ്ങോട്ട്?

ഭൂമിയിൽ പിറന്ന് വീണ്, കുറേനാൾ സുഖദു:ഖ സമിശ്രമായ ജീവിതം നയിച്ച് ഒടുവിൽ നാം മരിച്ചു വീഴുന്നു. ജനന മരണങ്ങൾക്കിടയിലുള്ള ഈ ജന്മത്തിലെ കാലയളവ് ഒരുവന്റെ പൂർവ്വജന്മ കർമ്മങ്ങളേയും, അതിലുപരി അവന്റെ തന്നെ ഇവിടുത്തെ ഇപ്പോഴുള്ള പ്രവർത്തികളേയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ഒരുവന്റെ പ്രാരാബ്ധ കർമ്മം തീരുമ്പോൾ ശരീരം ഈ ലോകത്തെ വിട്ടു പോകുന്നു. വാർദ്ധക്യത്താലോ, രോഗാവസ്ഥകൾ കൊണ്ടോ,  അപകടം, പ്രകൃതിദുരന്തങ്ങൾ, അങ്ങനെ മറ്റെന്തിലും കാരണങ്ങളാലോ ഒരുവന്റെ സ്ഥൂല ശരീരം നശിക്കുന്നു.. മരിക്കുന്നു. എന്നാൽ ആഗ്രഹങ്ങളും, വാസനകളും, അനുഭവങ്ങളും മറ്റും ചേർന്ന സൂഷ്മ ശരീരിയായ ജീവൻ / ആത്മാവ് നശിക്കുന്നില്ല. അത് സ്ഥൂല ശരീരത്തെ വിട്ട് സൂക്ഷ്മ പ്രാണനോട് ചേർന്ന് ഈ പ്രപഞ്ചത്തിലേയ്ക്ക് ചേരുന്നു.അവിടെ നിന്ന്  സാധാരണ ഗതിയിൽ   ജീവൻ ആദ്യം സൂഷ്മ ലോകമായ പരലോകത്തേയ്ക്ക് (പ്രേത ലോകം ) പ്രവേശിക്കുന്നുവെന്ന് ആചാര്യന്മാർ പറയുന്നു. മരണത്തിന്റെ ബോധരഹിതമായ അവസ്ഥയിൽ  ദിവസത്തോളം പ്രേത്യാവസ്ഥയിൽ കഴിയുന്ന ജീവാത്മാവ് സ്വന്തം പുണ്യകർമ്മ ബലത്താലോ, അതുമല്ലെങ്കിൽ  മക്കളുടെ /ബന്ധു ജനങ്ങളുടെ / സ്നേഹിതരുടെ ബലികർമ്മങ്ങളാലോ, പ്രാർത്ഥനകളാലോ  പിന്നീട് ബോധാവസ്ഥയെ പ്രാപിക്കുകയും, തുടർന്ന് തന്റെ കർമ്മങ്ങൾക്കനുസൃതമായ ലോകങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു. ഒരുവന്റെ മരണ ശേഷം പുത്രനോ, പുത്രിയോ ബലിതർപ്പണ ക്രിയകൾ അഥവാ  നിശ്ചിത ദിവസം ചെയ്യുന്ന ശ്രാദ്ധ കർമ്മങ്ങളെ കൊണ്ട് മരണപ്പെട്ടയാളുടെ സൂഷ്മ ശരീരം ശക്തിപ്പെടുകയും, ബോധാവസ്ഥയെ പ്രാപിക്കുകയും, പിന്നീട് അയാൾ ജീവിച്ചിരിക്കേ ചെയ്ത കർമ്മങ്ങളുടെ ഫലങ്ങൾക്കനുസൃതമായി പ്രേത്യാവസ്ഥയിൽ നിന്ന് മോചിക്കപ്പെട്ട് ഉയർന്ന ലോകങ്ങളിലേയ്ക്ക് പോകുന്നു എന്നതാണ് ഭാരതീയ സങ്കൽപം. അതുകൊണ്ടാണ് ഒരാൾ മരിച്ചു കഴിഞ്ഞാൽ ശ്രാദ്ധ കർമ്മങ്ങൾ ചെയ്യണമെന്ന് ആചാര്യന്മാർ നിഷ്കർഷിക്കുന്നത്.

എന്നാൽ ചില മനുഷ്യർ തങ്ങൾ മരിച്ചെന്ന് പോലും തിരിച്ചറിയാതെ അബോധാവസ്ഥയിൽ ഈ പ്രേത ലോകത്ത് വർഷങ്ങൾകഴിയാറുണ്ട്. പ്രതേകിച്ചും ദു:ർ മരണപ്പെട്ടവരുടെ ആത്മാക്കൾ.  സാധാരണ ആയുസെത്തി മരണപ്പെടുന്ന ആത്മാക്കൾ പ്രേതാവസ്ഥയിൽ നിന്ന്   മുക്തരായി  പിതൃ ലോകം പോലുള്ള ഉയർന്ന ലോകങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. പക്ഷേ ദു:ർ മരണപ്പെടുന്നവരുടെ ആത്മാക്കൾ പലപ്പോഴും പ്രേത ലോകത്തിന്റെ വിവിധ തലങ്ങളിൽ  നരകയാതനയിൽ പെട്ട് മുക്തിമാർഗമില്ലാതെ അലയുകയാണ് പതിവ്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഇവരുടെ പുത്രനോ, പുത്രിയോ, ബന്ധു ജനങ്ങളോ, സ്നേഹിതരോ ചെയ്യുന്ന ശ്രാദ്ധ കർമ്മങ്ങൾ കൊണ്ട്, പ്രാർത്ഥന കൊണ്ട്, ആവഹനാദി മാന്ത്രിക ക്രിയകൾ കൊണ്ട് വർഷങ്ങൾ പ്രയത്നിച്ചാൽ മാത്രമേ ഇവരെ പ്രേത്യാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ കഴിയൂ. വളരെ ശ്രമകരമാണ് ഈ പ്രവർത്തനം. അതിന് കാരണവുമുണ്ട്. ഈശ്വരൻ തന്ന ഈ ശ്രേഷ്ഠമായ ജീവിതത്തെ നല്ല രീതിയിൽ ജീവിച്ച് തീർക്കാതെ, ആയുസെത്താതെ, ആത്മഹത്യ പോലുള്ള കൊടിയ പാപങ്ങൾ ചെയ്ത് ജീവിതത്തെ ഒരു നിമിഷം കൊണ്ട്  ഹോമിച്ച് കളയുന്നവർക്ക് പ്രേത ലോകത്തിന്റെ നരകയാതനകളിൽ നിന്ന് വേഗത്തിൽ വിമുക്തരാകുക വളരെ പ്രയാസമുള്ള കാര്യമാണെന്ന് ആചാര്യന്മാർ പറയുന്നു. കുറെയേറെ കഷ്ടപ്പാടുകൾ ആ അവസ്ഥയിൽ ജീവാത്മാവ് അനുഭവിക്കേണ്ടി വരുന്നു.അതു കൊണ്ടാണ് 'ആത്മഹത്യ കൊടിയപാപമാണ്... അത് അരുത് ' എന്ന് പൂർവ്വികർ നമ്മോട് പറഞ്ഞത്

മനുഷ്യ ജീവിതം ഈശ്വരന്റെ വരദാനമാണ്. ഈ ജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം ഈശ്വരസാക്ഷാത്ക്കാരമാണ്. ബുദ്ധി പൂർവ്വം ഈ ജീവിതത്തെ ഉപയോഗിക്കുവാനാണ് ആചാര്യന്മാർ പറയുന്നത്. ധർമ്മാനുസൃതമായി ജീവിക്കുക. ആരേയും ദ്രോഹിക്കരുത്, സമൂഹത്തിന് നന്മ ചെയ്യുക, ജീവിതത്തിൽ ഈശ്വരന് / ധാർമ്മികതയ്ക്ക് പരമപ്രധാന്യം നൽകുക, ലളിത ജീവിതവും ഉയർന്ന ചിന്തയും പുലർത്തുക, ധനസമ്പാദനവും, ആഗ്രഹങ്ങളും ധർമ്മത്തെ അടിസ്ഥാനമാക്കിയായിരിക്കണം. ഇതാണ് ഒരുവന് സ്വസ്ഥമായ  ജീവിതം നയിക്കാനുള്ള  ഭാരതീയമായ ജീവിത രീതി. അർത്ഥ കാമങ്ങൾ ധർമ്മാനുസൃതമാക്കി മുക്തിയെ ജീവിത ലക്ഷ്യമാക്കിയുള്ള ആ ജീവിതത്തെ ഋഷി പുരുഷാർത്ഥ ജീവിത ദർശനമെന്ന് വിളിച്ചു.  അങ്ങനെ ജീവിതം നയിക്കുന്ന ഒരാളുടെ മരണാനന്തര ജീവിതവും ശ്രേയസ്ക്കരമായിരിക്കും.

ഭൗതീകവും, ആത്മീയവുമായ ജീവിത വിജയം നേടാൻ നമ്മെ പ്രാപ്തരാക്കുന്ന, അതിലേയ്ക്ക് നയിക്കുന്ന  അനേകായിരം  ഗുരുക്കന്മാരുടെ വിളയാട്ട ഭൂമിയാണ്  ഈ പുണ്യ ദേശം. ഇവിടെ ഒരു പുൽകൊടിയായി ജനിക്കാൻ കഴിയുന്നത് മഹാഭാഗ്യമായി ജ്ഞാനപ്പാനയിൽ പൂന്താനം വിവരിക്കുന്നു. കാരണം ഇഹ- പര ജീവിത സൗഖ്യങ്ങൾ ഒരു പോലെ നേടാനുള്ള മഹത്തായ ദർശനങ്ങൾ / മാർഗങ്ങൾ  സഹസ്രാബ്ദങ്ങളായി നില നിൽക്കുന്ന നാടാണ് ഭാരതം. അതു കൊണ്ട് തന്നെ ഈ  ആർഷഭാരതഭൂവിൽ ജന്മമെടുക്കാൻ കഴിയുന്നത് തന്നെ മഹാഭാഗ്യമായി കരുതുന്നു. മഹായോഗിയായി, പൂർണ ആരോഗ്യവാനായി ഭൗതിക ആത്മീയ സമ്പത്തുക്കൾ നിറഞ്ഞവനായി, സന്തോഷവാനായി ജീവിക്കുവാനാണ് വേദ മുത്ഘോഷിക്കുന്നത്. ഭാരതം നമ്മുടെ പുണ്യഭൂമിയാണ് .. ഇതാണ്  നമ്മുടെ കർമ്മഭൂമി... ഇതാണ് ഒരുവന്റെ  മോക്ഷ ഭൂമി.

-------------------------------------------------------

ആത്മാവിന്റെ ദേഹാന്തര പ്രാപ്തി അഥവ പുനർജന്മ സിദ്ധാന്തം

(മരണാനന്തര ജീവിതം: സത്യമോ മിഥയോ: ഭാഗം 2)
.......................................

ആത്മാക്കളുടെ ദേഹാന്തര പ്രാപ്തി ( Transmigration of Souls) ഇന്ന് പാരാ സൈക്കോളജി മേഖലയിൽ ഏറ്റവുമധികം പഠനവിധേയമാക്കിയിട്ടുള്ള ഒരു വിഷയമാണ്. ഈ ജന്മത്തിലെ തന്റെ  ശരീരത്തെ ഉപേക്ഷിച്ച് ആത്മാവ് മറ്റൊരു ജന്മത്തിലേയ്ക്ക് കടക്കുന്നതിനെയാണ് Transmigration എന്ന് പറയുന്നത്.  ''നാം ജനിക്കുന്നതിന് മുമ്പ് കഴിഞ്ഞ ജന്മങ്ങളിൽ എന്തെല്ലാം അറിഞ്ഞിരുന്നുവോ ആ അറിവുകളുടെ ഓർമ്മ പുതുക്കലാണ് ഈ ജന്മത്തിലെ നമ്മുടെ ജ്ഞാനമെന്ന് '' ലോക പ്രശസ്ത തത്വചിന്തകനായ പ്ലേറ്റോ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'ഒരു വസ്ത്രത്തെ ഉപേക്ഷിച്ച് മറ്റൊരു വസ്ത്രത്തെ നാം  ധരിക്കുന്നതു പോലെ , ആത്മാവ് ഒരു ശരീരത്തെ ഉപേക്ഷിച്ച് മറ്റൊരു ശരീരത്തെ എടുത്തണിയുന്നതായി ' ഭാരതീയ തത്വചിന്തകളിലും കാണാം. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേയ്ക്കുള്ള ആത്മാവിന്റെ പ്രയാണത്തിൽ അത് താൻ അവസാന ജന്മം ആർജിച്ച വാസനകളേയും, അറിവുകളേയും, അനുഭവങ്ങളേയും കൂടെ കൊണ്ടു പോകുന്നു. ജീവാത്മാവിന്റെ വേർപാടിനൊപ്പം സ്ഥൂല ശരീരം മരിക്കുന്നുവെങ്കിലും സൂഷ്മ ശരീരമോ, ജീവാത്മാവോ മരണമടയുന്നില്ല. അടുത്ത ജന്മത്തിൽ ഒരു ശരീരം സ്വീകരിക്കുന്ന ജീവാത്മാവിന്റെ ഉള്ളിൽ ഈ അറിവുകൾ, അനുഭവങ്ങൾ, കർമ്മഫലങ്ങൾ സൂഷ്മ രൂപത്തിൽ കുടികൊള്ളുന്നുണ്ടാവും. ചിലർക്ക് ഈ പൂർവ്വജന്മ സ്മരണകളെ തിരിച്ചറിയാനുള്ള സവിശേഷ കഴിവുണ്ടാകും. ഉദാഹരണമായി ഗൗതമ സിദ്ധാർത്ഥന് താൻ ശ്രീബുദ്ധനായി തീർന്നതുവരെയുള്ള പോയ കാല ജന്മങ്ങളെ ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നു. അലന്തിയിലെ സുപ്രസിദ്ധ യോഗിയായിരുന്ന ശ്രീ ജ്ഞാന ദേവൻ ഒരു ജന്മസിദ്ധനായിരുന്നു. പൂർവ്വജന്മത്തിൽ ഭാരതീയ വേദോപനിഷത്തുക്കളിലും മറ്റും പൂർണജ്ഞാനം നേടിയിരുന്ന ഇദ്ദേഹം ഈ ജന്മത്തിൽ കേവലം 16 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഭഗവത് ഗീതയുടെ മഹാ  വ്യാഖ്യാനം 'ജ്ഞാനേശ്വര ഗീത ' എഴുതി തീർത്തത്. വേദാന്ത ചിന്തയുടെ 'മുടിചൂടാമന്നൻ' ശ്രീ രമണമഹർഷി തന്റെ പൂർവ്വജന്മത്തിൽ അരുണാചലേശ്വര ഗിരിയിലെ ഒരു യോഗിയായിരുന്നു താനെന്നും , ആ ജന്മത്തിന്റെ തുടർച്ചയെന്നോണം  ഈ ജന്മം സമ്പൂർണ സാക്ഷാത്ക്കാരത്തിനായി ജന്മമെടുത്തതെന്നും പറഞ്ഞിട്ടുണ്ട്. ക്രിയാ യോഗ സിദ്ധാന്തത്തെ പ്രസിദ്ധമാക്കിയ ശ്രീ യോഗാനന്ദ പരമഹംസർ തന്റെ പൂർവ്വജന്മങ്ങളിലൊന്നിൽ താൻ ഹിമാലയത്തിലെ ഒരു യോഗിയായിരുന്നതായി പറഞ്ഞിട്ടുണ്ട്. ശ്രീ മഹാ അവതാര ബാബാജിയുടെ ശിഷ്യൻ ലാഹിരി മഹാശയ ഹിമാലയത്തിൽ ബാബാജിയുടെ ഗുഹയിൽ എത്തിയപ്പോൾ    ഗുരുവിന്റെ സാന്നിധ്യത്തിൽ താൻ പൂർവ്വജന്മം യോഗിയായി തപസ് ചെയ്തിരുന്ന ആ ഗുഹയേയും, അവിടെയുള്ള സാധനാ സാമഗ്രികളെയും തിരിച്ചറിയുന്ന സന്ദർഭം 'ഒരു യോഗിയുടെ ആത്മകഥ ' എന്ന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു.  ഇത്തരത്തിൽ തങ്ങളുടെ പൂർവ്വ ജന്മത്തിൽ ആർജിച്ച അറിവുകളുടെ ഫലപ്രാപ്തി ഈ ജന്മത്തിൽ പൊതുജന നന്മയ്ക്കായി പകർന്നു നൽകിയ നിരവധി പേർ ഭാരതത്തിലുണ്ടായിരുന്നു.

*ഭാരതീയ തത്വശാസ്ത്ര പ്രകാരം നമ്മുടെ സ്ഥൂല ശരീരത്തിനുള്ളിൽ ഒരു സൂഷ്മ ശരീരമുണ്ട്. ഭൗതീക ശരീരം മരണപ്പെടുമ്പോൾ ഈ സൂഷ്മ ശരീരം നശിക്കുന്നില്ല. നാം ഈ ജന്മം  ചെയ്ത പുണ്യപാപങ്ങളുടെ ഫലം അനുഭവിക്കുന്നതിനായി സൂക്ഷ്മ ശരീരം സൂഷ്മ ലോകങ്ങളിലേയ്ക്ക് ആത്മാവുമായി പോകുന്നു. ആത്മാവിന് മോക്ഷം ലഭിക്കുമ്പോൾ മാത്രമേ സൂഷ്മ ശരീരം ഇല്ലാതാകുന്നുള്ളൂ. അതു വരെ ജീവാത്മാവിനേയും വഹിച്ച് ഈ സൂഷ്മ ശരീരം ഭൂമിയിലോ, മറ്റേതെങ്കിലും ലോകങ്ങളിലോ ജനിച്ചു മരിച്ചു കൊണ്ടിരിക്കും*

നമ്മുടെ ഇപ്പോഴത്തെ ജന്മം എണ്ണമറ്റ ജനിമൃതികളുടെ നിരയിൽ ഒന്നു മാത്രമാണെന്ന് യോഗിമാർ പറയുന്നു. ഒരു ചെടി വിളവ്  നൽകിയതിനു ശേഷം നശിച്ച് പോകുന്നു. എന്നാൽ അതിന്റെ വിത്തിൽ നിന്ന് മറ്റൊരു ചെടി ജന്മമെടുക്കുന്നു. എന്നതു പോലെ ഓരോ ജന്മങ്ങളിലും നാം ആർജിച്ച കർമ്മഫലങ്ങളുമായി നാം അടുത്ത ജന്മങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നു. എന്നാണോ യോഗ സാധനകളിലൂടെ കർമ്മ നാശം വന്ന് ജീവാത്മാവ് പരമാത്മാവിനോട് ചേരുന്നത് അതുവരെ നമുക്ക് ജനന മരണ ചക്രങ്ങളിൽ നിന്ന് വിമുക്തരാവാൻ സാധ്യമല്ല. അതു കൊണ്ടാണ് യോഗിമാർ മുക്തിയ്ക്കായി നിത്യവും യോഗ സാധനകൾ അനുഷ്ഠിക്കുവാൻ മാനവരോട് പറയുന്നത്.
---------------------------------------------------------

പുനർ ജന്മവും കർമ്മ നിയമങ്ങളും

( മരണാനന്തര ജീവിതം : സത്യമോ മിഥ്യയോ ? ഭാഗം - 3 )
....................,....................

' വിതച്ചത് കൊയ്യും ', 'കൊടുത്താൽ  കൊല്ലത്തും കിട്ടും ', ' മത്ത കുത്തിയാൽ കുമ്പളം മുളയ്ക്കുമോ? ' എന്നിങ്ങനെയുള്ള നിരവധി പഴഞ്ചൊല്ലുകൾ നാം കേട്ടിട്ടുണ്ട്. ഇവയിലെല്ലാം തന്നെ ' കർമ്മ നിയമം' നിറഞ്ഞ് നിൽക്കുന്നുവെന്ന് പറയാം. 'നല്ലത് ചെയ്താൽ നന്മയുടെ ഫലം കിട്ടുന്നു. ദുഷ്പ്രവർത്തികൾ ചെയ്താൽ ദുഷ് കർമ്മഫലം ലഭ്യമാകുന്നു ' എന്നാണ് ഈ പഴഞ്ചൊലുകളിൽ പ്രതിധ്വനിക്കുന്ന സന്ദേശം. ഒരു ചക്കക്കുരു മണ്ണിൽ  കുഴിച്ചിട്ടാൽ അതിൽ നിന്ന്  മുളച്ച് വരുന്നത് ഒരു പ്ലാവിൻ തൈ ആയിരിക്കും. ഒരിക്കലും ചക്കക്കുരുവിൽ നിന്ന് മാവിൻ തൈ മുളച്ച് വരില്ല..! അത്  പ്രകൃതി നിയമം...!! ... പ്രപഞ്ച സത്യം ...!!!

നമ്മൾ ചെയ്യുന്ന ഓരോ കർമ്മങ്ങൾക്കും അതിന്റേതായ ഫലങ്ങളുണ്ട്. ഒരാൾ തനിക്കും സമൂഹത്തിനും നന്മ വരുത്തുന്ന പ്രവൃത്തികൾ ചെയ്താൽ അത് പുണ്യമായ ഫലത്തെ അയാൾക്ക്  പ്രദാനം ചെയ്യുന്നു. ഉദാഹരണമായി ഒരു മനുഷ്യൻ അയാളുടെ വ്യക്തി ജീവിതത്തിൽ കൃത്യമായ അച്ചടക്കത്തോടെ ഉയർന്ന ആത്മീയ സാധനകൾ കൃത്യമായി ചെയ്യുകയും, ധാർമ്മീക നിയമങ്ങൾ പാലിക്കുകയും ഒപ്പം സമൂഹത്തിലെ അവശതയനുഭവിക്കുന്ന  പാവപ്പെട്ടവരെ ധന-മന- ത നാദികൾ കൊണ്ട്  സഹായിക്കുകയും ചെയ്താൽ അയാൾ ആ ജീവിതത്തിൽ ഉയർന്ന പുണ്യങ്ങളെ നേടുകയും, തന്റെ നിത്യവുമുള്ള ഈശ്വരീയ സാധനകളുടെ ഫലമായി മരണ ശേഷം ഉയർന്ന ലോകങ്ങളിൽ സാധനാ മണ്ഡലത്തിൽ ജനിക്കുകയും മോക്ഷപ്രാപ്തിയിലേയ്ക്ക് കുതിക്കുകയും ചെയ്യുന്നു. കർമ്മ നിയമങ്ങളിൽ നിന്ന്  ക്രമേണ ക്രമേണ സ്വതന്ത്രമാക്കപ്പെടുന്ന  അയാളിലെ ജീവാത്മാവ് പരമാത്മാവിനോട് വളരെ വേഗത്തിൽ ലയിക്കുവാൻ പ്രാപ്തമായി തീരുന്നു.

എന്നാൽ ഒരുവൻ  തനിക്കും സമൂഹത്തിനും ദോഷം വരുത്തുന്ന കർമ്മങ്ങൾ ചെയ്താൽ ഇഹപര ലോകങ്ങളിൽ ദുരനുഭവങ്ങളായിരിക്കും ഫലം. ഈ ശ്രേഷ്ഠമായ മനുഷ്യ ജന്മത്തിന്റെ വിലയറിയാതെ ഒരു നല്ല പ്രവർത്തി പോലും ചെയ്യാതെ ജീവിതം പാഴാക്കുന്നവരുണ്ട്. അവർ വ്യക്തി ജീവിതത്തിൽ അലസന്മാരായിരിക്കും. തിന്നുക, കുടിക്കുക, രമിക്കുക എന്നതായിരിക്കും അവരുടെ ജീവിതചര്യ.  ജീവിതത്തിൽ ഒരടുക്കും  ചിട്ടയും അവർക്കുണ്ടാവില്ല. അതിൽ പലർക്കും ധാരാളം ധനമുണ്ടാകും. പക്ഷേ ഒരു മനുഷ്യന് വേണ്ട ഈശ്വരീയ ഗുണങ്ങളായ സ്നേഹം, ദയ, സഹാനുഭൂതി, കാരുണ്യം, നന്മ, പരസഹായ മനസ്കത, അവശരോടും ആലംബമില്ലാത്തവരോടുമുള്ള സഹായ മനസ്ഥിതി ഇവകളൊന്നും ഉണ്ടാവില്ല. പണം ധാരാളമുണ്ടെങ്കിലും വിവേകം ലവലേശം ഇവർക്കുണ്ടാവില്ല. 'അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്ത അറു പിശുക്കന്മാരാണ് ' അതി സമ്പന്നരിൽ പലരും. മറ്റു ചിലരാവട്ടെ രാക്ഷസ സ്വഭാവമുള്ളവരാണ്. സാധുജനങ്ങളേയും, മറ്റും മതത്തിന്റേയോ, പ്രത്യയശാസ്ത്രത്തിന്റേയോ പേരിലൊത്തെ ബോംബിട്ട് കൊല്ലുന്ന ഭീകരവാദികൾ, മത തീവ്രവാദികൾ ഇവരെയൊക്കെ ഈ ഗണത്തിൽപ്പെടുത്താം. ഈ ദുഷ്ടന്മാരുടെ മരണാനന്തര ജീവിതം നരകത്തിൽ ആയിരിക്കും. തിന്മ വിതയ്ക്കുന്നവന് തിന്മയുടെ ഫലം കർമ്മ നിയമം നൽകുന്നു.

കർമ്മനിയമം അഥവാ കാര്യകാരണ നിയമം എല്ലാത്തിനേയും നിയന്ത്രിക്കുന്നു. ഈ പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളും ഈ നിയമത്താൽ ബന്ധിതമാണ്. ജീവാത്മാവ്  ജനിമൃതികൾ തരണം ചെയ്ത് ഒടുവിൽ ഈശ്വരസാക്ഷാത്ക്കാരം നേടുമ്പോൾ മാത്രമാണ് ഈ കർമ്മനിയമത്തിന്റെ സൂക്ഷ്മ പാശം ഛേദിക്കപ്പെടുന്നത്. കർമ്മ നിയമം ഈ പ്രപഞ്ചത്തിന്റെ നിയമമാണ്. ഈശ്വരൻ  ആരെയും ശിക്ഷിക്കുന്നില്ല. നന്മതിന്മകളാകുന്ന പ്രവൃത്തികളിലൂടെ മനുഷ്യനാണ് തന്റെ കർമ്മത്തെ ആർജ്ജിക്കുന്നത്. നന്മ / ശരി / ഗുണം ഇവയിലൂന്നിയ പ്രവൃത്തികൾ ഗുണഫലത്തെ ഒരുവന് നൽകുന്നു. തിന്മ / തെറ്റ് / ദോഷം ഇവ ചെയ്താൽ ദോഷഫലം ഒരുവൻ അനുഭവിക്കേണ്ടി വരുന്നു. ' അനുഭവം / ഫലം ' ചിലപ്പോൾ  ഈ ജന്മത്തിൽ തന്നെയോ അല്ലെങ്കിൽ അടുത്ത ഏതെങ്കിലും ജന്മങ്ങളിലോ അനുഭവിച്ചേ മതിയാകൂ.

 ചിലർ ഈ ജന്മത്തിൽ ധനികരായും ആരോഗ്യമുള്ളവരായും സന്തോഷവാന്മാരായും ജീവിതം നയിക്കുന്നു. മറ്റു ചിലരാവട്ടെ ദരിദ്രരായും, നിത്യരോഗികളായും, ദു:ഖിതരായും ജീവിതം തള്ളിനീക്കുന്നു. എന്താണിതിന് കാരണം?
ചിലർ  അവരുടെ പൂർവ്വജന്മങ്ങളിൽ ചെയ്ത സത് പ്രവർത്തികളുടെ ഫലമായി ധനികരായും ആരോഗ്യവാന്മാരായും തീർന്നു. ദുഷ്പ്രവർത്തികൾ ചെയ്തവർ നിത്യരോഗികളായും, ദരിദ്രരായും മാറി. ഇത് കർമ്മ നിയമം. ഓരോ കാര്യത്തിന് പിന്നിലും ഒരു കാരണമുണ്ട്. ഇപ്പോൾ നാം അനുഭവിക്കുന്ന 'ദാരിദ്രം' എന്ന 'കാര്യ'ത്തിന് പിന്നിൽ പൂർവ്വജന്മങ്ങളിലെ 'ദുഷ്കർമ്മങ്ങൾ ' എന്നൊരു 'കാരണ'മുണ്ടാവാം. ' 'തീയില്ലാതെ പുകയുണ്ടാവില്ല' എന്ന് പറയുന്നതുപോലെ ഇന്നത്തെ ജീവിതത്തിലെ സുഖദു:ഖാനുഭവങ്ങൾക്ക് പിന്നിൽ കാര്യകാരണങ്ങൾ എന്ന സൂഷ്മ നിയമത്തിന്റെ സ്വാധീനവുമുണ്ടെന്ന് ആചാര്യന്മാർ പറയുന്നു.

അപ്പോൾ സ്വാഭാവികമായൊരു ചോദ്യമുണ്ടാവാം?

ഈ ദാരിദ്ര - രോഗ- ദു:ഖ - ദുരിതങ്ങളാകുന്ന ദുഷ്കർമ്മ ഫലാനുഭവങ്ങളിൽ നിന്ന് മോചനം ഇല്ലെന്നാണോ?

പണ്ട് പൂർവ്വ ജന്മത്തിൽ ചെയ്ത തെറ്റിന്റെ / അജ്ഞാനത്തിന്റെ / ദുഷ്കർമ്മങ്ങളുടെ ഫലം ഇനിയുള്ള ജന്മങ്ങളിലെല്ലാം 'ഞാൻ' അനുഭവിക്കണം എന്നാണോ?

ഇതെന്ത് കർമ്മ നിയമം? ഇതിൽ നിന്ന് മോചനമില്ലേ?

പലരും ചോദിക്കുന്ന ചോദ്യമിവയാണ്.

തീർച്ചയായും മോചനമുണ്ട്.  ഭാരതീയ തത്വചിന്തയനുസരിച്ച് ഏത് പ്രശ്നത്തിനും അതിന്റേതായ  പരിഹാരമാർഗങ്ങളുമുണ്ട്. പൂർവ്വജന്മങ്ങളിലെ ദുഷ്കർമഫലങ്ങളെ ' ഈശ്വരോപാസന' കൊണ്ട്   പരിഹരിക്കാൻ കഴിയുമെന്ന് ഗുരുവര്യന്മാർ പറയുന്നു.
തെറ്റിന്റെ / ദുഷ്കർമ്മങ്ങളുടെ ഫലത്തിൽ നിന്ന് മുക്തി നേടാനാവും. അതിന് നമ്മുടെ കൈപ്പിടിയിലുള്ള ഈ ജന്മത്തെ / ജീവിതത്തെ ബുദ്ധിപൂർവ്വം ഉപയോഗിക്കുവാനാണ് യോഗിമാർ പറയുന്നത്. കഴിഞ്ഞു പോയ ജന്മങ്ങളുടെ ഫലം എന്തു തന്നെയാവട്ടെ... ഗുണമാവട്ടെ... ദോഷമാവട്ടെ... അവ കഴിഞ്ഞു പോയി. അതെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടേണ്ട. അതു കൊണ്ട് യാതൊരു നേട്ടവുമില്ല. 'PAST is PAST '.
പൂർവ്വജന്മങ്ങളിലെ ദുഷ്കർമ്മ ഫല നാശനത്തിന് ഈ ജന്മത്തിൽ നമുക്ക് ലഭിച്ച 'സമയത്തെ '  ശരിയായ രീതിയിൽ വിനിയോഗിക്കുന്നതിലൂടെ സാധിക്കും. ഈ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള വസ്തു സമയമാണ്. അത് അമൂല്യമാണ്. സമയത്തെ  പാഴാക്കരുത്ത്. കടന്നു പോകുന്ന ഓരോ നിമിഷവും വിലപിടിച്ചതാണ്.
ആത്യന്തികമായ ജീവിത വിജയത്തിനായി നാം ചെയ്യേണ്ടത് ഈ സമയത്തെ / ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതാണ്. ധർമ്മാനുസൃതമായ ഒരു ജീവിതം പടുത്തുയർത്തുക. നിത്യവും ആത്മീയമായ സാധനകൾ ചെയ്യുക. ഒരു ദിവസത്തെ  24 മണിക്കൂറിൽ കുറഞ്ഞത് ഒന്നര മണിക്കൂർ സമയമെങ്കിലും ആത്മസാധനയ്ക്കായി വിനിയോഗിക്കുക. സ്വധർമ്മാനുഷ്ഠാനം യാതൊരു മടിയും കൂടാതെ പാലിക്കുക. ജീവിതത്തിൽ സത്യം,  ലാളിത്യം, സ്നേഹം, ഭൂതദയ തുടങ്ങിയ ഉന്നത ഗുണങ്ങളെ പുലർത്തുക. സമൂഹത്തിന് നന്മ വരുത്തുന്ന പ്രവൃത്തികൾ ചെയ്യുക. 'ലളിത ജീവിതവും ഉയർന്ന ചിന്തയും' നിറഞ്ഞതാവട്ടെ നമ്മുടെ ജീവിതം. അപ്പോൾ  അത്യാർത്തി, ദുരാഗ്രഹം, അസൂയ, കുശുമ്പ്, പര ദ്രവ്യമോഹം,  സുഖലോലുപത എന്നീ  ദുർഗുണങ്ങളിൽ നിന്ന് മനസ് മോചിതമാവും. നിത്യവുമുള്ള ഈശ്വരോപാസനകൾ മനസിൽ ദൈവീക സ്നേഹത്തിന്റെ സുഗന്ധം നിറയ്ക്കും. അപ്പോൾ നമ്മിൽ നിന്ന് പുനർജന്മത്തിന് കാരണമാകുന്ന 'വാസനകൾ ' പോയ് മറയും. ഈശ്വരനാകുന്ന പരമാത്മാ സാഗരത്തിലേയ്ക്ക് കർമ്മ വിമുക്തി നേടിയ  ജീവാത്മാകുന്ന ഈ മഹാനദി ഒന്നു ചേരും.

പൂർവ്വ കർമ്മാനുഭവങ്ങളുടെ ഫലമാണ് വാസനകൾ. കഴിഞ്ഞ ജന്മത്തിലെ ഒരാളുടെ  അനുഭവങ്ങൾ, വാസനകൾ അയാളുടെ  ഉപബോധമനസിൽ ഉറങ്ങിക്കിടക്കുന്നു.  മരണശേഷം സ്ഥൂല ശരീരം നശിക്കുന്നുവെങ്കിലും അയാളുടെ സൂക്ഷ്മ ശരീരം മരണപ്പെടുന്നില്ല. സൂക്ഷ്മ ശരീരത്തിലെ  അയാളുടെ ഉപബോധ തലത്തിൽ ഉറങ്ങിക്കിടക്കുന്ന വാസനകൾ അതിന്റെ തീവ്രതയ്ക്കനുസരിച്ച് ഈ ജന്മം ഒരുവന്റെ സംസ്ക്കാരമായി / സ്വഭാവമായി  പുനർജനിക്കുന്നു. ഉദാഹരണമായി കഴിഞ്ഞ ജന്മം സംഗീതത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുകയും, അതിന് വേണ്ടി കഴിഞ്ഞ ജന്മം ഭൂരിഭാഗം സമയവും വിനിയോഗിക്കുകയും ചെയ്ത ഒരാൾ ഈ ജന്മത്തിൽ ജനിക്കുന്നത് ഒരു സംഗീത കുടുംബത്തിൽ ആവാം. അതല്ലായെങ്കിൽ ചെറുപ്പത്തിൽ തന്നെ സംഗീത മേഖലയിലേയ്ക്ക് ആകർഷിക്കപ്പെടാം. അങ്ങനെ പൂർവ്വജന്മങ്ങളിൽ ഒരാൾ ഏറ്റവുമധികം ആഗ്രഹിച്ച, പ്രവർത്തിച്ച മേഖലകളുമായി ബന്ധപ്പെട്ട രീതിയിലാണ് അയാൾക്ക് ഈ ജന്മത്തിലെ പ്രവർത്തന മേഖല ലഭിക്കുകയെന്നത് കർമ്മ നിയമം. കഴിഞ്ഞ ജന്മം ഒരു പ്രസിദ്ധയായ നർത്തകിയാവാൻ തീവ്രമായി ആഗ്രഹിക്കുകയും, അതിന് വേണ്ടി ആ ജന്മത്തിലെ തന്റെ കൂടുതൽ സമയവും, ഊർജ്ജവും , ശ്രദ്ധയും , സമർപ്പിതമായി ഉപയോഗിക്കുകയും ചെയ്ത ഒരുവൾ ഈ ജന്മത്തിൽ ലോകമറിയപ്പെടുന്ന ഒരു നർത്തകിയായി ജന്മമെടുക്കാം. അതായത് നമ്മുടെ തീവ്രമായ കർമ്മങ്ങൾക്ക് / പ്രവർത്തികൾക്ക്  ആഗ്രഹങ്ങൾക്ക് / ആ ജന്മത്തിലോ, വരും ജന്മങ്ങളിലോ ഫലം സിദ്ധിക്കുമെന്ന് ചുരുക്കം.

കർമ്മ നിയമം പ്രപഞ്ചത്തി ന്റെ സൂഷ്മ നിയമമാണ്. പ്രത്യക്ഷത്തിൽ ആ നിയമങ്ങൾ മാറ്റാൻ  സാധ്യവുമല്ല. എന്നാൽ എല്ലാ നിയമങ്ങൾക്കും അതീതനായി, സൃഷ്ടി സ്ഥിതി സംഹാര വ്യവസ്ഥയുടെ  കാര്യകാരണ കർത്താവായിരിക്കുന്ന, ഈ ദൃശ്യാദൃശ്യ പ്രപഞ്ചങ്ങൾക്കൊന്നാകെ  കാരണഭൂതനും, നിയന്താവുമായി നിലകൊള്ളുന്ന  ജഗദീശ്വരന് ഈ നിയമങ്ങളെ മാറ്റാൻ സാധ്യമാണ്.

അതിനുദാഹരണമായി പുരാണത്തിൽ *മാർക്കണ്ഡേയന്റെ  ഒരു കഥ* യുണ്ട് :-

' ഈശ്വര ഭക്തി ഒന്നുകൊണ്ടുമാത്രം പ്രാണരക്ഷ നേടിയ മഹാമുനിയാണ് മാർക്കണ്ഡേയൻ. ബ്രഹ്മാവിൽ നിന്ന് നേരിട്ടു ജനിച്ച ഭൃഗുമഹർഷിയുടെ പരമ്പരയിൽ മൃകണ്ഡു എന്നൊരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശിവപ്രസാദം കൊണ്ട് ജനിച്ച പുത്രനാണ് മാർക്കണ്ഡേയൻ. ശിവഭക്തനായ മൃകണ്ഡു സന്താനലാഭത്തിനുവേണ്ടി ശിവനെ തപസ്സു ചെയ്തു. ശിവൻ സംപ്രീതനായി ചോദിച്ചു:- “അങ്ങയ്ക്ക് പതിനാറു വയസ്സിൽ ദിവംഗതനാകുന്ന പുത്രനെ നൽകാം. അവൻ ശ്രേഷ്ഠനും ദിവ്യനും അനശ്വരനും ആയിരിക്കും. അല്ലെങ്കിൽ  ദീർഘായുസ്സുളള സാധാരണ സ്വഭാവിയും യോഗ്യതകളുടെ പോരായ്മകളുളളവനുമായ ഒരു പുത്രനെ തരാം. ഇഷ്ടമുളളത് വരിക്കുക.” മൃഗണ്ഡുവിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മുനി പതിനാറു വയസ്സുളള സൽപുത്രനെ വരിച്ചു. അങ്ങനെ മാർക്കണ്ഡേയൻ ജനിച്ചു. ശിവഭക്തികൊണ്ടും അനന്യസാധാരണമായ ധിക്ഷണാ ശക്തിമൂലവും ബാലൻ പ്രശസ്തനായി. അവനിൽ വേദശാസ്ത്രജ്ഞാനം സ്വയം ഉൽപന്നമായി. വൈരാഗ്യം സിദ്ധിച്ചു. ജീവൻമുക്താവസ്ഥ തെളിഞ്ഞുവന്നു. ബാല്യത്തിലെതന്നെ ഈ അസാധാരണ പ്രതിഭകണ്ട മാതാപിതാക്കളുടെ ഉളളം ഉരുകി. ഏതാനും വർഷം മാത്രം ആയുസ്സുളള അവനെ കാണുമ്പോൾ മാതാപിതാക്കൾ വിതുമ്പി. ഇതിൻറെ കാരണമാരാഞ്ഞ മകനോട് മൃകണ്ഡു സത്യം ബോധിപ്പിച്ചു. മാർക്കണ്ടേയൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ മരണത്തെ അതിജീവിക്കും. അവൻ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവപൂജയും തുടങ്ങി. വർഷങ്ങൾ പിന്നെയും കഴിഞ്ഞു. പതിനാറു വയസ്സ് തികയുന്ന നാൾ, കാലൻ തന്റെ വാഹനത്തിലേറി മാർക്കണ്ഡേയന്റെ പ്രാണനെടുക്കാനെത്തി. ഈ സമയം മാർക്കണ്ഡേയൻ ശിവ പഞ്ചാക്ഷരീ മന്ത്രമായ  'ഓം നമ: ശിവായ ' ജപിച്ച് കൊണ്ട്  ശിവലിംഗത്തെ ആലിംഗനം ചെയ്തു.   കാലൻ തന്റെ പാശം ചുഴറ്റിയെറിഞ്ഞു. ശിവലിംഗത്തേയും ഒപ്പം മാർക്കണ്ടേയനേയും കാലപാശം ചുറ്റി. ശിവന് മഹാകോപം ഉണ്ടായി. അദ്ദേഹം കാലനെ വധിച്ച് ഭക്തനെ രക്ഷിച്ചു. പിന്നെ ദേവൻമാരുടെ അഭ്യർത്ഥന മാനിച്ച് കാലനെ പുനർജനിപ്പിച്ചു. മാർക്കണ്ഡേയൻ നിത്യം ജീവിച്ചിരിക്കുന്നയാളായ ചിരംജീവിയാകാൻ അനുഗ്രഹിച്ചു '.

ഈ കഥ നമ്മെ പഠിപ്പിക്കുന്നത് ഇതാണ് : - 16-മത്തെ വയസിൽ മരണത്തെ പുൽകുമെന്ന മാർക്കണ്ടേയന്റെ ആ കർമ്മ നിയമത്തെ കാലനെ സംഹരിച്ച് കൊണ്ട് മാറ്റിയെഴുതിയ ഭക്തപ്രിയനാണ്  പരമേശ്വരൻ. മാർക്കണ്ടേയന്റെ കഥയിലെ സാരാംമ്ശം ഇതായിരുന്നു. *ജഗദീശ്വരനെ നിത്യവും ഉപാസിക്കുന്നവനെ ആ മഹാശക്തി സംരക്ഷിച്ച് പരിപാലിക്കുന്നു*.

കർമ നിയമങ്ങളിൽ നിന്ന് ആത്യന്തികമായി വിമുക്തി നേടാനുള്ള മാർഗം *ആത്മ സാധന അഥവാ ഈശ്വരോപാസനയെന്ന്* ഗുരുക്കന്മാർ ചൂണ്ടിക്കാട്ടുന്നു.

തുടരും....

🙏
എ.വി.കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ : 8078388409

Comments

  1. 🥰🥰🥰🙏🙏🙏

    ReplyDelete
  2. 🙏🏻🙏🏻🙏🏻

    ReplyDelete
  3. ആത്മാവ് എവിടെയാണ് ശാസ്ത്രീയമായി വിശദീകരിച്ചിരിയ്ക്കുന്നത്? ജനനം ജീവനുള്ള കോശങ്ങളിലൂടെയെ സാധ്യമാവൂ എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ, ജീവന് ആത്മാവ് ആവശ്യമില്ല എന്ന കാര്യം ഉറപ്പായ സ്ഥിതിയ്ക്ക്, പുനർ ജന്മ സിദ്ധാന്തവും ആത്മാവും എല്ലാം കപട വിശദീകരണം ആകാൻ ഉള്ള സാധ്യതയല്ലേ കൂടുതൽ ?

    ReplyDelete
  4. വളരെ മികച്ച എഴുത്ത്👍

    ReplyDelete
  5. പ്രകൃതിയുുടെ ർമ്മനിയമം എല്ലാവർക്കും ബാധകമെങ്കിൽ കാലനെ വധിച്ച ശിവനും അതിൻ്റെ കർമ്മദോഷം ബാധകമല്ലേ....?

    ReplyDelete

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര