മനശാസ്ത്രം: ഭാരതീയ വീക്ഷണത്തിൽ (ഭാഗം -1 )

#മനശാസ്ത്രം: ഭാരതീയ വീക്ഷണത്തിൽ
(ഭാഗം -1 )

(തയ്യാറാക്കിയത് : യോഗാചാര്യ എ.വി. കൃഷ്ണകുമാർ, യോഗോപാസന കേന്ദ്രം)

#മനസ്സ് എന്താണ്? 

അത് എവിടെയാണ് ?

മനസിനെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ എന്തെല്ലാമാണ്? 

ഈവക ചോദ്യങ്ങൾക്ക് മനുഷ്യ ഉൽപത്തിയുടെ കാലത്തോളം തന്നെ  പഴക്കമുണ്ട്.  ഒരുവന്റെ ജീവിതത്തിലെ ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ  അവന്റെ മനസിന്റെ പങ്ക് വളരെ വലുതാണ്. മനോനിയന്ത്രണം സാധ്യമായ ഒരുവന് ജീവിതവിജയം നിക്ഷ്പ്രയാസം നേടാൻ കഴിയുമെന്ന് അറിവുള്ളവർ പറയുന്നു. ശ്രീമദ് ഭഗവത് ഗീതയിൽ, ചഞ്ചലമായ, വികാര തീവ്രമായ, കാറ്റിനെ പോലെ പായുന്ന മനുഷ്യ മനസിനെ എപ്രകാരം നിയന്ത്രിക്കാമെന്ന് മാനവകുലത്തിന്റെ പ്രതിനിധിയായ അർജ്ജുനൻ പ്രപഞ്ച ബോധസ്വരൂപനായ ശ്രീ കൃഷ്ണ പരമാത്മാവിനോട് ചോദിക്കുന്ന ഒരു ഭാഗമുണ്ട്: 

ചഞ്ചലം ഹി മന കൃഷ്ണ
പ്രമാഥി ബലവദ് ദൃഡം
തസ്യാഹം നിഗ്രഹം മന്യേ
വയോരിവ സുദുഷ്കരം

(ഭഗവത് ഗീത: അധ്യായം 6 ആത്മസംയമ യോഗം,  ശ്ലോകം 34)

അതിന് ഭഗവാൻ കൃഷ്ണൻ നൽകുന്ന മറുപടി :

അസംശയം മഹാബാഹോ 
മനോ ദുർ നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ

(ഭഗവത് ഗീത: അധ്യായം 6 ആത്മസംയമ യോഗം,  ശ്ലോകം 35)

" അല്ലയോ കുന്തീപുത്ര, മനോ നിയന്ത്രണം വിഷമമേറിയതെങ്കിലും യമനിയമാദികളുടെ ( വൈരാഗ്യം ) പാലനം കൊണ്ടും, നിരന്തര സാധനകൾ ( അഭ്യാസം ) കൊണ്ടും, പതറുന്ന മനസിനെ നിയന്ത്രിക്കാം'' എന്നാണ്.

#ഭഗവത്ഗീത യിൽ അർജുനന്റെ ചോദ്യത്തിന്  ഭഗവാൻ മറുപടി പറയുന്ന ഈ ഒരൊറ്റ ശ്ലോകത്തിലൂടെ തന്നെ മനസിനെ  നിയന്ത്രിക്കുവാനുള്ള മാർഗത്തെ ഭാരതീയ ചിന്താധാര ലോകത്തിന് മുന്നിൽ വെളിവാക്കി കൊടുക്കുന്നതായി കാണാം. 

മനുഷ്യ മനസിനെക്കുറിച്ചും ഋഷി വ്യക്തമാക്കിയിട്ടുണ്ട്. മനസ് സൂക്ഷ്മമാണ്. അത് ശരീരം പേലെ സൂലമായ ഒന്നല്ല. അതിനെ നഗ്നനേത്രങ്ങളാൽ കാണാൻ സാധ്യമല്ല. ചിന്തകളും, വികാരങ്ങളും, ആഗ്രഹങ്ങളുമടങ്ങിയ ഒരു സ്പന്ദനമണ്ഡലമാണത്. സൂക്ഷ്മ ശരീരത്തിൽ മനോമയ കോശമെന്ന അതിസൂക്ഷ്മ തലത്തിൽ മനസിന്റെ കേന്ദ്രം കുടികൊള്ളുന്നു. എന്നാൽ എപ്രകാരമാണോ വായു ഈ പ്രപഞ്ചത്തിലാകമാനം വ്യാപിച്ചിരിക്കുന്നത് എന്നതുപോലെ മനുഷ്യന്റെ  സർവ്വതലങ്ങളിലും മനസ് വ്യാപരിച്ചിരിക്കുന്നു. മനസാണ് ഈ ലോകത്തെ നമുക്ക് അനുഭവവേദ്യമാക്കുന്നത്. നമ്മുടെ മനസ് +ve ആണെങ്കിൽ ഈ ലോകത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണവും പോസിറ്റീവായിരിക്കും. അധമ വികാര-വിചാര-  ആഗ്രഹങ്ങളാൽ  കലുഷിതമായ മനസ് നമ്മുടെ ജീവിതത്തെ പരാജയത്തിലേയ്ക്കും, നിരന്തര ദുഃഖത്തിലേയ്ക്കും നയിക്കും. അതിനാൽ മനസിനെ എപ്പോഴും ശാന്തമായി, സന്തോഷഭരിതമായി, ക്രിയാത്മകമായി നിലനിർത്താൻ ശീലിപ്പിക്കുക. യോഗ സാധനകളിലൂടെ  മനസിന്റെ ആരോഗ്യം സമ്പൂർണമായി നിലനിർത്താൻ സാധിക്കുമെന്ന് ഋഷികൾ പറയുന്നു.

ഭാരതീയ മനശാസ്ത്രം മനസിനെ പൂർണമായി അറിയാനും, നിയന്ത്രിക്കാനും സാധ്യമാണ് എന്ന് പറയുമ്പോൾ, അതിൽ നിന്ന് വ്യത്യസ്ഥമായി 
അറിയാൻ ശ്രമിക്കും തോറും പിടിതരാതെ അകലുന്ന ഒരു വലിയ  പ്രഹേളികയായി, അപൂർണതയായി  ആധുനീക മനശാസ്ത്രം മനസിനെ വിവക്ഷിക്കുന്നു. മനസിനെ കുറിച്ചുള്ള ആധുനീക മനശാസ്ത്രജ്ഞരുടെ നിഗമനങ്ങളും,   പൗരാണികരായ ഭാരതീയ ഋഷിമാരുടെ കണ്ടെത്തലുകളെയും കുറിച്ച് നമ്മുക്കൊന്ന് ചിന്തിക്കാം.

*ആധുനീക മനശാസ്ത്രം : ഉൽഭവവും, വളർച്ചയും*

പത്തൊൻപതാം നൂറ്റാണ്ടിലാണ് ആരോഗ്യമേഖലയിലെ ഒരു പ്രത്യേക ശാഖയായി ആധുനീക മനശാസ്ത്രം രൂപം കൊള്ളുന്നത്. അതിന് മുൻപ് മനശാസ്ത്രം മതവിശ്വാസത്തിന്റെ ഭാഗമായിരുന്നു. മതപുരോഹിതൻമാരായിരുന്നു അക്കാലത്ത്  മനശാസ്ത്രത്തെ അവരുടെ  മത വിശ്വാസത്തിന്റെ  ഭാഗമായി കൈകാര്യം ചെയ്തിരുന്നത്. അതാകട്ടെ പുരോഹിതരുടെ  അന്ധവിശ്വാസങ്ങളിലും, ഊഹാപോഹങ്ങളിലും, തോന്നലുകളിലും അധിഷ്ഠിതമായ ഒരു വികല പാഠം മാത്രമായിരുന്നു. അതിന് ശാസ്ത്രീയത ഉണ്ടായിരുന്നില്ല. 

മനശാസ്ത്രപരമായ കാര്യങ്ങളെ മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ചിരുന്ന മതപുരോഹിതന്മാർ പലപ്പോഴും സമൂഹത്തിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ചു. അവരുടെ  അന്ധവിശ്വാസ ജഡിലമായ മതപ്രബോധനം കേട്ട് മനസിന്റെ സമനില തെറ്റിയ  കഥാപാത്രങ്ങളെ ഗ്രീക്ക്, ചൈനീസ്, എബ്രായ ഭാഷകളിലെ  പുരാതനമായ പല  മത ഗ്രന്ഥങ്ങളിലും  കാണാൻ കഴിയും. BC 11-ാം നൂറ്റാണ്ടിൽ  ഇസ്രായലിലെ രാജാവായിരുന്ന ശൗൽ ഒരു മനോരോഗിയായിരുന്നെന്നും, ഉന്മാദാവസ്ഥയിൽ ഒരു ഭ്രാന്തനെ പോലെ തെരുവിലൂടെ ഓടിനടന്നരുന്നതായും സെമിറ്റിക്ക് മത ഗ്രന്ഥങ്ങളിൽ  പറയുന്നുണ്ട്. അപ്പോൾ മനസിനും, അതിന്റെ താളം തെറ്റലിലും, അതുമൂലമുള്ള മാനസിക രോഗങ്ങൾക്കും, മനസിന്റെ  പഠനത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് മനസിലാക്കാം.

ആധുനീക മനശാസ്ത്ര ശാഖ പ്രധാനമായും  പഠനവിഷയമാക്കുന്നത് മനുഷ്യന്റെ വ്യക്തിത്വത്തേയും ( Personality), പെരുമാറ്റത്തെയും ( Behaviour ),  അവന്റെ സാമൂഹ്യവൽക്കരണ  പ്രക്രിയയേയും ( Socialization) കുറിച്ചാണ്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്. അവൻ ജീവിക്കുന്ന സാമൂഹ്യ ചുറ്റുപ്പാടുകൾ ( Social Enviornments)  അവനിൽ സൃഷ്ടിക്കുന്ന സ്വാധീനങ്ങൾ ഉണ്ടാക്കുന്നു. അത് അവന്റെ  പെരുമാറ്റത്തെയും, മനോനിലയേയും ബാധിക്കുന്നു. അത്തരം സാമൂഹ്യ അന്തരീക്ഷത്തിലുണ്ടാകുന്ന പാകപ്പിഴകൾ അവന്റെ വ്യക്തിത്വത്തെയും, മനോനിലയേയും ഗുരുതരമായി സ്വാധീനിക്കുമെന്നും ആധുനീക മനശാസ്ത്രം പറയുന്നു. 

''ആരും കുറ്റവാളികളായി ജനിക്കുന്നില്ല... ജീവിതത്തിൽ സംഭവിച്ച ചില പാകപ്പിഴകളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് '' ഒരു  വചനമുണ്ട്. അത് ഏറെക്കുറെ ശരിയുമാണ്. നിങ്ങൾ ജീവിക്കുന്ന ചുറ്റുപാടുകൾ നിങ്ങളെ സ്വാധീനിക്കുന്നു. മദ്യപാനിയും, പ്രശ്നക്കാരനുമായ പിതാവ് ഒരു കുടുംബത്തിൽ സൃഷ്ടിക്കുന്ന വഴക്കുകൾ, കലഹങ്ങൾ, പ്രശ്നങ്ങൾ ആ വീട്ടിലെ  കുട്ടികളുടെ സ്വഭാവത്തെ ദോഷകരമായി ബാധിക്കുന്നു. അത്തരം കുടുംബാന്തരീക്ഷത്തിൽ നിന്ന് വളർന്നു വരുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ വലിയ ക്രിമിനലുകളോ, മനോരോഗികളോ, സമൂഹത്തിന് ഭീഷണി സൃഷ്ടിക്കുന്നവരോ ഒക്കെയായി മാറ്റപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മനശാസ്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തിൽ ഒരു വ്യക്തിയെ നല്ലതോ, ചീത്തയോ ആക്കി മാറ്റുന്നതിൽ  അവൻ വളർന്നു വരുന്ന  കുടുംബ- സാമൂഹ്യ അന്തരീക്ഷങ്ങൾക്ക് വളരെ വലിയ സ്വാധീനമുണ്ടെന്ന് പറയാം.

ആധുനീക മനശാസ്ത്ര ശാഖയ്ക്ക് സ്വന്തമായ ഒരസ്തിത്വം രൂപപ്പെടുന്നത് A.D. 1800-ൽ ആണെന്ന് പറയാം. അതിനെ പര്യവേക്ഷണ മനശാസ്ത്രം ( Experimental Psychology) എന്ന് വിളിക്കാം. വിഷയങ്ങളെ കൃത്യവും, വസ്തുനിഷ്ഠവും, പരീക്ഷണ- നിരീക്ഷണങ്ങളിലൂടെയും  വിലയിരുത്തുന്നതാണ് പര്യവേക്ഷണ മനശാസ്ത്രത്തിന്റെ പഠന രീതി. ഇത് ഏറെ ശാസ്ത്രീയവുമാണ്. മനസിനെ കുറിച്ചുള്ള  ഈയൊരു മനശാസ്ത്രീയ പഠന ഗവേഷണ സമ്പ്രദായത്തിന് തുടക്കം കുറിച്ചത്  വില്യം വൂണ്ട് എന്ന വ്യക്തിയായിരുന്നു. അതു കൊണ്ട് തന്നെ ഇദ്ദേഹത്തെ ആധുനീക മനശാസ്ത്രത്തിന്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കുന്നു.

 1832-ൽ വില്യം വൂണ്ട് പര്യവേക്ഷണ മനശാസ്ത്രത്തിന്റെ പഠനത്തിന് തുടക്കം കുറിച്ചതോടെ മനശാസ്ത്ര  മേഖലയിൽ പുതിയ പുതിയ കണ്ടുപിടുത്തങ്ങൾക്ക് തുടക്കമായി. ജീൻ മാർട്ടിൻ ചാർക്കോട്ടിന്റെ  'ഹിപ്നോസിസവും', സിഗ്മൺഡ് ഫ്രോയിഡിന്റെ ' സൈക്കോ അനാലിസിസും', ആന്റെ ൺ മെസ്മറിന്റെ ' മെസ് മറിസവും '  മനശാസ്ത്ര മേഖലയിൽ പുതിയ വാതായനങ്ങൾ തുറന്നു. അതേ തുടർന്ന് അനേകം മനശാസ്ത്രജ്ഞന്മാർ തങ്ങളുടേതായ നൂതന കണ്ടുപിടുത്തങ്ങളുമായി ഇവിടേയ്ക്ക് കടന്നു വന്നു. എഡ്വേഡ് ടിച്ച്നർ, തോൻ ടെക്ക്, ഫ്രാൻസിസ് ഗാൽട്ടൺ, ആൽഫ്രഡ് ബിനറ്റ്, വില്യം മാഗ്ഡോഗൽ എന്നിവർ ആധുനീക മനശാസ്ത്ര പഠനത്തിന് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിവിശേഷങ്ങളാണ്.

തുടരും...

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര