ആധുനീകമനശാസ്ത്ര ത്തിന്റെ പഠന ശാഖകൾ
( #മനശാസ്ത്രം : ഭാരതീയ വീക്ഷണത്തിൽ. - ഭാഗം രണ്ട് )
മനസിനെക്കുറിച്ചുള്ള പാശ്ചാത്യവും പൗരസ്ത്യവുമായ കാഴ്ചപ്പാടുകൾ വ്യത്യസ്ഥമാണ്. നാസ്തികവാദവും, ഭ്രമ കൽപ്പനകളും, ലൈംഗീകതയും, പ്രേതഭൂതകഥകളും നിറഞ്ഞ ഒന്നാണ് മനശാസ്ത്രമെന്ന് പഴയ ചില ആളുകൾ വിശ്വസിച്ചിരുന്നു. ബുദ്ധിശക്തിയുടെ കാര്യങ്ങളാണ് മനശാസ്ത്രമെന്ന് മറ്റു ചിലർ വാദിച്ചിരുന്നു. ആത്മാവിനെക്കുറിച്ചുള്ള പഠനമാണ് മനശാസ്ത്രമെന്നാണ് വേറൊരു കൂട്ടം ജനത വിശ്വസിച്ചിരുന്നത്. മേൽപ്പറഞ്ഞ ഘടകങ്ങളൊക്കെ തന്നെ മനശാസ്ത്ര പഠനത്തിന്റ വിവിധ തലങ്ങളിൽ കടന്നു വരുന്നുണ്ട്.
ഒരു തരത്തിൽ തത്വശാസ്ത്രത്തിൽ നിന്നാണ് മനശാസ്ത്രം എന്ന ശാസ്ത്ര ശാഖയുടെ ഉൽഭവമെന്ന് പറയാം. മനശാസ്ത്രവും തത്വശാസ്ത്രവുമായി അഭേദ്യബന്ധമാണുള്ളത്. 1879-ൽ വില്യം വൂണ്ട് ജർമനിയിലെ ലൈഫ് സിംങ് സർവകലാശാലയിൽ മനശാസ്ത്ര പഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി ഒരു പരീക്ഷണശാല സ്ഥാപിച്ചു. ഇതാണ് ആധുനീക മനശാസ്ത്രത്തിന്റെ ഉദയ കാലഘട്ടമായി നാം കണക്കാക്കുന്നത്.
ഇന്ന് മനശാസ്ത്രത്തെ നാം കൈകാര്യം ചെയ്യുന്നത് രണ്ട് സമാന്തരവിഭാഗങ്ങളായിട്ടാണ്. അതിലൊന്ന് ഒരു 'ശാസ്ത്രം (Science)' എന്ന നിലയിലും, രണ്ട് ഒരു 'ജോലി ( Profession ) ' എന്ന തരത്തിലും. പാശ്ചാത്യ മനശാസ്ത്രം അതിന്റെ തുടക്കത്തിൽ ഊഹാപോഹങ്ങളിലും, മിത്തുകളിലും, ചില നിഗമനങ്ങളിലും നിന്ന് ഉരുതിരിഞ്ഞ് വന്നതാണെങ്കിൽ ഭാരതീയ മനശാസ്ത്രത്തിന്റെ അടിവേരുകൾ മുഖ്യമായും ബന്ധപ്പെട്ട് കിടക്കുന്നത് നമ്മുടെ വേദോപനിഷത്തുകളിലും, ഇതിഹാസാദി പുരാണ ഗ്രന്ഥങ്ങളിലുമാണെന്ന് കാണാം. ഭാരതത്തിലെ പുണ്യപുരാതന ഗ്രന്ഥങ്ങളിൽ പലതിലും , മനശാസ്ത്രത്തിന്റെ പ്രായോഗികതലങ്ങളെ അർത്ഥവത്തായി പ്രതിപാദിച്ചിരിക്കുന്നു.
നമ്മുടെ ഭാരതത്തിൽ ഉണ്ടായിരുന്നതു പോലെ മനശാസ്ത്രത്തെ ഇത്ര ആഴത്തിലും പരപ്പിലും ലോകത്തൊരിടത്തും പഠന വിഷയമാക്കിയിട്ടില്ല. ബ്രഹ്മം, ഈശ്വരൻ, ആത്മാവ്, മനസ്, ജീവൻ, ബുദ്ധി, ഇന്ദ്രിയങ്ങൾ, ശരീരം എന്നിങ്ങനെ ഭാരതീയ ഋഷികൾ, ഗുരുക്കന്മാർ, ദാർശനീകർ എന്തിനെയൊക്കെ കുറിച്ച് പറഞ്ഞിട്ടുണ്ടോ അതെല്ലാം മനശാസ്ത്രത്തിൽ ഉൾകൊള്ളിക്കാവുന്നതാണ്. പാശ്ചാത്യ മനശാസ്ത്രം മനുഷ്യരെ വ്യത്യസ്ഥ ഘടകങ്ങളായി കണ്ട് പഠിക്കുമ്പോൾ, പൗരസ്ത്യ മനശാസ്ത്രം ഒരേ ആന്തരീക ബോധത്തിൽ, ആത്മാവിൽ മനുഷ്യരെ ഉൾകൊള്ളിച്ച് കൊണ്ടാണ് മനശാസ്ത്ര പഠനത്തിന് തയ്യാറാകുന്നത്. ആത്മാവിന് കാല- ദേശ - സമയ പരിധികളൊന്നുമില്ലെന്നും അത് റഷ്യക്കാരനിലും, ചൈനക്കാരനിലും, ഇന്ത്യക്കാരനിലും വ്യത്യസ്ഥനാകാതെ ഒരേ പോലെ കുടികൊള്ളുന്നുവെന്നും ഭാരതീയ തത്വചിന്ത പറയുന്നു. ശരീര - മനോ - ബൗദ്ധിക - ആത്മീയ തലങ്ങളാൽ നിർമ്മിക്കപ്പെട്ട എല്ലാ മനുഷ്യരും ഒരേ പ്രപഞ്ച ചൈതന്യത്തിന്റെ വ്യത്യസ്ഥ ഭാവങ്ങളാണെന്നും, മനുഷ്യ മനസും വിശ്വ മനസും ഏകതയിൽ പ്രവർത്തിക്കപ്പെടേണ്ടതാണെന്നും ഭാരതീയ മനശാസ്ത്രം ഉത്ഘോഷിക്കുന്നു.
ആധുനീക മനശാസ്ത്ര പഠനം, വ്യത്യസ്ഥ മേഖലകളിൽ നിന്നാണ് മനസിനെ നോക്കി കാണുന്നത്. വ്യക്തിയേയും, സമൂഹത്തേയും അവർ ഇടപെടുന്ന മേഖലകളെയും വിവിധ ശാഖകളായി തരംതിരിച്ചു കൊണ്ടുള്ള പഠന സമ്പ്രദായമാണത്. അവ ഓരോന്നും എന്താണെന്ന് നമുക്ക് നോക്കാം.
1. Child Psychology
കുട്ടികളുടെ മനശാസ്ത്രമാണ് ചൈൽഡ് സൈക്കോളജി. ഒരു കുഞ്ഞ് ഈ ലോകത്ത് പിറന്നു വീഴുന്നതുമുതലുള്ള സാഹചര്യങ്ങൾ, കുടുംബം, സമൂഹം, ചെറുപ്പ കാലത്തുണ്ടാകുന്ന നല്ലതും, ചീത്തയുമായ അനുഭവങ്ങൾ അവന്റെ / അവളുടെ വ്യക്തിത്വത്തെ എങ്ങനെ രൂപപ്പെടുത്തുന്നു തുടങ്ങിയ കാര്യങ്ങൾ ഇതിൽ പഠനവിഷയമാകുന്നു.
2. Social Psychology
ഒരു സമൂഹത്തിൽ വ്യക്തി എങ്ങനെ പ്രവർത്തിക്കുന്നു, ലോകത്തിലെ വിവിധ സമൂഹങ്ങളുടെ മനശാസ്ത്ര ഘടന, പെരുമാറ്റം, ജീവിത രീതികൾ, അതുപോലെ വ്യക്തിയും സമൂഹവും എപ്രകാരമാണ് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെന്നും മറ്റുമുള്ള കാര്യങ്ങൾ ഈ പഠന ശാലയിൽ ഉൾപ്പെടുന്നു. ലോകജനതയെ തങ്ങളുടെ പ്രസംഗങ്ങളിലൂടെയും, പെരുമാറ്റത്തിലൂടെയും മറ്റും തങ്ങളിലേയ്ക്ക് ആകർഷിച്ചു നിർത്തുന്ന ലോകനേതാക്കന്മാരുടെ, പ്രഗത്ഭമതികളുടെ മനശാസ്ത്രവും ഇതിൽ പഠന വിഷയമാണ്.
3. Folk Psychology
വിവിധ കലകൾ, കാവ്യങ്ങൾ, നൃത്തം, സംഗീതം, വാദ്യങ്ങൾ, വ്യത്യസ്ഥ സംസ്കാരങ്ങൾ, അഭിരുചികൾ, പൗരാണിക നാടൻ കലാരൂപങ്ങൾ എന്നിവ ഫോൾക്ക് സൈക്കോളജിയുടെ പഠന തലങ്ങളാണ്.
4. Industrial Psychology
വ്യാവസായിക മേഖലയുടെ മനശാസ്ത്രമാണിത്. ഒരു തൊഴിൽ ശാലയിലെ തൊഴിലാളികളുടെ മാനസികാവസ്ഥകൾ, കമ്പനിയുടെ അവരോടുള്ള സമീപനങ്ങൾ, വ്യാവസായിക പുരോഗതിയ്ക്കായുള്ള മാനവവിഭവശേഷിയുടെ ഉപയോഗം, ഉപഭോക്താക്കളെ തങ്ങളുടെ ഉൽപ്പന്നങ്ങളിലേയ്ക്ക് ആകർഷിക്കുവാനുള്ള മനശാസ്ത്ര ടെക്കിനിക്കുകൾ എന്നിവ ഉൾകൊള്ളുന്നതാണ് ഈ മനശാസ്ത്ര ശാഖ.
5. Developmental Psychology
സ്ത്രീ - പുരുഷ മനോവ്യത്യാസങ്ങളെക്കുറിച്ചും, ഒരു കുട്ടി മാതാവിന്റെ ഉദരത്തിൽ വളരുന്നതു മുതൽ ഒരു പൂർണ വ്യക്തിയായി സമൂഹത്തിൽ ജീവിച്ച് മരിക്കുന്നതു വരെയുള്ള പല ഘട്ടങ്ങൾ, ഓരോ ഘട്ടങ്ങളിലും അവരുടെ ശാരീരിക- മാനസിക- സാമൂഹിക തലങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ Developmental Psychology ൽ ഉൾപ്പെടുന്നു.
6. Animal Psychology
ജന്തുകളുടെ സ്വഭാവത്തെ കുറിച്ച് പഠിക്കുന്ന മനശാസ്ത്ര ശാഖയാണിത്. ജന്തു മനസിനേയും, മനുഷ്യ മനസിനേയും താരതമ്യം ചെയ്ത് പഠിക്കുന്നത് കൊണ്ട് ഇതിനെ Comparative Psychology എന്നും വിളിക്കുന്നു.
7. Analytical Psychology
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലേയും ഓരോ പ്രവർത്തിയേയും തരം തിരിച്ച് പഠിക്കുന്ന മനശാസ്ത്ര പഠന ശാഖയാണിത്. ഓരോ സമയത്തുമുള്ള വ്യക്തിയുടെ പ്രവർത്തികളും, മനോവിചാരങ്ങളും അതിൽ തന്നെ തരം തിരിച്ച് പഠിക്കുകയും, അവയുടെ ഉൽഭവം ഈ ശാഖ പഠനവിധേയമാക്കുകയും ചെയ്യുന്നു. ഒരേ പോലുള്ള പെരുമാറ്റ രീതികൾ കാണിക്കുന്ന മനുഷ്യസമൂഹങ്ങളുടെ ജനിതപരമായ സ്വഭാവ സവിശേഷതകളും അനലെറ്റിക്കൽ സൈക്കോളജി പഠന വിഷയമാക്കുന്നുണ്ട്. അതിനെ ജനറ്റിക്കൽ സൈക്കോളജി എന്ന് വിളിക്കുന്നു.
8. Abnormal Psychology
വിവിധ മാനസിക പ്രശ്നങ്ങൾ, രോഗങ്ങൾ, അവയുടെ ഉൽഭവം, കാരണങ്ങൾ, പരിഹാരമാർഗങ്ങൾ ഇതിൽ പഠിക്കുന്നു. അബ്റോർമൽ സൈക്കോളജിയിലൂടെ കണ്ടെത്തുന്ന കാര്യങ്ങൾ ചികിത്സാ രംഗത്ത് പ്രയോഗിക്കപ്പെടുമ്പോൾ അത് ക്ലിനിക്കൽ സൈക്കോളജിയെന്ന് വിളിക്കപ്പെടുന്നു.
9. Para Psychology
സാധാരണ ശാസ്ത്രത്തിന് അതീതമായി സംഭവിക്കുന്ന, പലപ്പോഴും കാരണം കണ്ടെത്താനാവാത്ത സംഭവങ്ങൾ വസ്തുനിഷ്ഠമായി പഠിക്കുന്ന ആധുനീക മനശാസ്ത്രശാഖയാണ് പാരാ സൈക്കോളജി. J.B. Rhino ആണ് ഇതിന്റെ ഉപജ്ഞാതാവ്. മനുഷ്യനിൽ അന്തർലീനമായി ഉറങ്ങിക്കിടക്കുന്ന അമാനുഷീക ശക്തികൾ, അത്മീയത, സൂക്ഷ്മ ശക്തികൾ ഇവയൊക്കെ പാരാസൈക്കോളജിയിൽ പഠനവിഷയമാണ്.
ഇത്തരത്തിൽ ആധുനീക മനശാസ്ത്ര ശാഖയ്ക്ക് നിരവധി ഉൾപ്പിരുവുകൾ ഉണ്ട്.
തുടരും...
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ : 8078388409
Comments
Post a Comment