യക്ഷിയും പ്രേതവും യാഥാർത്ഥ്യമോ?





യക്ഷിയും പ്രേതവും യാഥാർത്ഥ്യമോ?

( #മനശാസ്ത്രം : ഭാരതീയ വീക്ഷണത്തിൽ - ഭാഗം 4)

നിഗൂഡമായതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്തുവാനുള്ള മനുഷ്യ മനസിന്റെ വ്യഗ്രത ജന്മസിദ്ധമാണ്. ഭൂതവും, പ്രേതവും, യക്ഷിയും, ആത്മാക്കളും  അവയെക്കുറിച്ചുള്ള അന്വേഷണങ്ങളും എന്നെന്നും മനുഷ്യ മനസിനെ ഭ്രമിപ്പിച്ചിട്ടുള്ള സംഗതികളാണ്. ആധുനീക മനശാസ്ത്രത്തിന്റെ പഠനശാഖയിൽ ' പാരാസൈക്കോളജി ' എന്ന വിഭാഗത്തിലാണ് ഈ വിഷയങ്ങൾ വരുന്നത്. പ്രേതഭൂതാത്മാക്കളാകുന്ന അജ്ഞാത സംഗതികളെ ജ്ഞാതമാക്കുവാനുള്ള ഈയൊരു അന്വേഷണം ശാസ്ത്രലോകം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇതുവരെ ആത്മാക്കൾക്ക്  പിന്നിലെ അജ്ഞാത രഹസ്യം  പൂർണമായി വെളിവാക്കാൻ ആധുനീക  ശാസ്ത്രത്തിനായിട്ടില്ല. 

ആത്മാവ് സൂക്ഷ്മമാണെന്നും അതു കൊണ്ട് ഭൗതീക ശാസ്ത്രത്തിന്റെ പരീക്ഷണശാലയിലല്ല, സൂക്ഷ്മബോധത്തിന്റെ അതീന്ദ്രിയ തലത്തിലാണ് ഇവയെക്കുറിച്ചുള്ള പഠനം സാധ്യമാക്കേണ്ടതെന്നും ആത്മാന്വേഷകർ  സാക്ഷ്യപ്പെടുത്തുന്നു.  എന്തായാലും ആധുനീക ശാസ്ത്രം  ആത്മാക്കളെക്കുറിച്ചുള്ള പഠനം തുടങ്ങിയിട്ട് വർഷങ്ങൾ  പലതും കഴിഞ്ഞെങ്കിലും, മനുഷ്യ മനസിനെ കുഴപ്പിക്കുന്ന, ഉത്തരം കണ്ടെത്താനാവാത്ത ഒരു സൂക്ഷ്മ സംഗതിയായി അത് ഇന്നും തുടരുന്നു.

ഭൂതം, പ്രേതം, ആത്മാവ് ഇവ ഉള്ളതാണോ?

 ഒരു മനുഷ്യന് സ്ഥൂല - സൂക്ഷ്മ - കാരണ ശരീരങ്ങൾ ഉള്ളതുപോലെ  ഈ ലോകത്തിനും സ്ഥൂല, സൂക്ഷ്മ, കാരണ തലങ്ങളുണ്ട്. മനുഷ്യനും, മൃഗങ്ങളും, എണ്ണമറ്റ  ജന്തു സസ്യജീവജാലങ്ങളും ഈ ഭൂമിയിലെ അന്തേവാസികളാണ്. മനുഷ്യന്റെ പരിമിതമായ ഇന്ദ്രിയങ്ങൾ കൊണ്ട് ഈ ദൃശ്യ പ്രപഞ്ചത്തെ പൂർണമായി മനസിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഒരു ഉറുമ്പിന്റെയത്ര ഘ്രാണശക്തിയോ, ഒരു ശ്വാനന്റെയത്ര കാഴ്ചശക്തിയോ നമുക്കില്ല. അതുപോലെ ഭൗമാന്തരീക്ഷത്തിലുള്ള സൂക്ഷ്മ ബാക്ടീരികളേയോ, അണുക്കളേയോ ഇതുവരെ നമ്മുടെ കണ്ണുകൾ  കൊണ്ട് കാണാൻ കഴിഞ്ഞിട്ടില്ല.! അവ അന്തരീക്ഷത്തിൽ ഉണ്ടെന്നത് സത്യമാണ്! എന്നാൽ അവയെ കാണാൻ , തിരിച്ചറിയാൻ നമ്മുടെ നഗ്നനേത്രങ്ങളാൽ ആവില്ല എന്നത് വസ്തുതയാണ്.

അതെ...!  ഈ ലോകത്തിലെ സംഗതികളെല്ലാം ശരിയായി മനസിലാക്കാനുള്ള  നമ്മുടെ ഇന്ദ്രിയ ശക്തി പരിമിതമാണ്. നമ്മുടെ കാഴ്ചയ്ക്കും, കേൾവിക്കും, ഗന്ധമറിയാനുള്ള കഴിവിനും പരിമിതികളുണ്ട്, പരിധികളുണ്ട്.  അപ്പോൾ സൂക്ഷ്മ ശരീരികളായ ആത്മാക്കളെ, പ്രേതശരീരികളെ, യക്ഷ- ഗന്ധർവ്വ ശരീരികളെ ഈ ലോകത്തിൽ ഉണ്ടെങ്കിൽ തന്നെ നമുക്കെങ്ങനെ  തിരിച്ചറിയാനാവും? 
സൂക്ഷ്മ ശരീരികളായ പ്രേതങ്ങളും, ആത്മാക്കളും മറ്റും ഈ ഭൂമിയിൽ ഉണ്ടെങ്കിൽ തന്നെ നമ്മുടെ  പഞ്ചേന്ദ്രിയങ്ങളുടെ പരിധിയിൽ ഇവ ദൃഷ്ടിഗോചരമാവുന്നില്ലയെന്നതല്ലേ സത്യം. സൂക്ഷ്മ ശരീരികൾ ഉണ്ടാവാം... എന്നാലവ നമ്മുടെ പരിമിതമായ ഇന്ദ്രിയ ശക്തിക്ക് ദർശിക്കാവുന്നവയല്ല. അവ അതീന്ദ്രിയങ്ങളാണ് ... അതി സൂക്ഷ്മങ്ങളാണ്...

സൂക്ഷ്മ ലോകങ്ങൾ , സൂക്ഷ്മ ശരീരികൾ ഉള്ളതാണോ?

ഭൂമി ഒരു സ്ഥൂല ലോകമാണ്. ഇവിടത്തെ പ്രധാന നിവാസികൾ മനുഷ്യരാണ്.  അതു കൊണ്ട് ഇത് മാനവലോകം എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിൽ  നമുക്ക് കാണാനാവത്ത നിരവധി സ്ഥൂല സൂക്ഷ്മ പ്രതിഭാസങ്ങളുണ്ട്. അവിടെ സൂക്ഷ്മ കാരണ ലോകങ്ങളും അതാത് ലോകങ്ങളിലുള്ള അനേകം നിവാസികളുമുണ്ടെന്ന് യോഗിമാർ പറയുന്നു. യക്ഷ - കിന്നര - ഗന്ധർവ്വ - ദേവതാ സ്വരൂപികളായ സൂക്ഷ്മ ശരീരികൾ അധിവസിക്കുന്ന ലോകങ്ങളും പ്രപഞ്ചത്തിൽ ഉണ്ടത്രേ.ശ്രീ പരമഹംസ യോഗാനന്ദ രചിച്ച  'ഒരു യോഗിയുടെ ആത്മകഥ ' എന്ന പ്രസിദ്ധ ഗ്രസ്ഥത്തിൽ ', ഹിരണ്യ ലോകം  പോലെയുള്ള സൂക്ഷ്മ ലോകത്തെപ്പറ്റിയും, അവിടത്തെ സൂക്ഷ്മ ശരീരികളെക്കുറിച്ചും പരാമർശിക്കുന്നു.

 സൂക്ഷ്മമായ ഇവയെ നമ്മുടെ പരിമിതമായ ഇന്ദ്രിയങ്ങളാലോ സ്ഥൂല ബോധത്താലോ കണ്ടെത്താനോ  തിരിച്ചറിയാനോ സാധ്യമല്ല. കാരണം ഇത് ദൃശ്യമല്ല... അദൃശ്യമാണ്... സ്ഥൂലമല്ല സൂക്ഷ്മമാണ്. 

ഇവയെ അറിയാൻ മാർഗമെന്ത്?

ഭൗതീക ശാസ്ത്രത്തിന്റെ വഴിയല്ല ആത്മാന്വേഷണത്തിന്റെ വഴി. ആധുനീക ശാസ്ത്രത്തിലൂടെ സ്ഥൂല ലോകബന്ധിത വിഷയങ്ങളെ പറ്റി  മാത്രമേ പഠിക്കാനാവൂ. സൂക്ഷ്മ ലോക പഠനം വ്യത്യസ്ഥമാർഗമാണ്. ഇന്ദ്രിയാതീത പന്ഥാവാണത്.  അതീന്ദ്രിയ ജ്ഞാനത്തിലൂടെ മാത്രമേ സൂക്ഷ്മ ലോകത്തെ, സൂക്ഷ്മ ശരീരികളെ, ആത്മാക്കളെ കാണാനും, തിരിച്ചറിയാനും, മനസിലാക്കാനും,  സാധിക്കൂ.അതിന് അഗാധ ധ്യാനം ചെയ്യണം.

യക്ഷി - പ്രേതം  ഇവയെന്താണ്?

യക്ഷി കഥകളും, പ്രേതകഥകളും എഴുതുന്ന പല എഴുത്തുകാരുടേയും പുസ്തകങ്ങളിൽ നിന്നും, മാസികകളിൽ നിന്നും, സിനിമയിൽ നിന്നുമൊക്കെയാണ് യക്ഷിയേയും പ്രേതത്തെയും കുറിച്ച് നാം പരിചയപ്പെട്ടിട്ടുള്ളത്. അല്ലാതെ നാം  നേരിട്ട് കണ്ടിട്ടില്ല. കഥാകാരൻമാർ പടച്ചുവിടുന്ന ഭ്രമ കൽപനകളാണ് യക്ഷി - പ്രേത  കഥാപാത്രങ്ങളുടെ വ്യക്തിത്വങ്ങൾ. വെളുത്ത സാരിയുടുത്ത്, നീണ്ട മുടിയിൽ പാലപ്പൂ ചൂടി, രാത്രിയുടെ അന്ത്യയാമങ്ങളിൽ കരിമ്പന ചുവട്ടിലിരുന്ന് വഴിയാത്രക്കാരെ തങ്ങളുടെ സൗന്ദര്യത്തിൽ  ആകർഷിച്ച് വരുത്തി, അവസാനം ഭീകരരൂപികളായി നീണ്ട ദംഷ്ട്രകളാൽ ഇരയുടെ കഴുത്തിൽ നിന്ന് രക്തമൂറ്റി കുടിക്കുന്ന പൈശാചിക ശക്തിയായാണ് യക്ഷികളെ നോവലിലും, സിനിമയിലുമൊക്കെ   ചിത്രീകരിച്ചിട്ടുള്ളത്. കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ഐതിഹ്യ മാലയിലെ 'കടമറ്റത്ത്‌ കത്തനാർ ' എന്ന കഥയിൽ കത്തനാർ കീഴടക്കി എന്ന് പറയപ്പെടുന്ന യക്ഷിയായ  കള്ളിയങ്കാട്ടു നീലിയും, സി. വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായിക മാർത്താണ്ഠവർമയിൽ പരാമർശിക്കപ്പെടുന്ന 'പഞ്ചവങ്കാട്ടിലെ നീലി' യും യക്ഷിമാരാണ്. അതുപോലെ പഴയ പല  കഥകളിലെയും മാടനും, ചാത്തനും,മറുതയും,  ജിന്നും  നമ്മുക്ക് സുപരിചിതമായ പ്രേതസങ്കൽപങ്ങളാണ്.  നോവൽ വായിക്കുന്ന  സിനിമ കാണുന്ന നമ്മുടെ മനസും ഈ കഥകളെ അബോധ പൂർണമായി വിശ്വസിച്ചു. അങ്ങനെ യക്ഷിയും, ഭൂതവും, പ്രേതവും, മറുതയും   ഭീകര സത്വങ്ങളായി നമ്മുടെ മനസിൽ സ്ഥാപിക്കപ്പെട്ടു.

ആരാണ് യക്ഷി ?

മഹാർണവ തന്ത്രമെന്ന അതിപുരാതന ഗ്രന്ഥത്തിൽ 36 ഇനം യക്ഷികളെക്കുറിച്ച് പരാമർശമുണ്ട്. 'രക്ഷ ചെയ്യുന്നവർ ' എന്നൊരർത്ഥം യക്ഷിക്ക് ഉണ്ട്. ഭൂമിയിൽ മനുഷ്യർ കൂട്ടമായി കഴിയുന്നത് പോലെ , സൂക്ഷ്മ ലോകമായ യക്ഷ ലോകത്തിൽ കഴിയുന്നവരാണ് ഇവർ.  പണ്ട് കാലത്ത് മാന്ത്രിക - താന്ത്രിക ക്രിയകളിലൂടെ ചില ഉപാസകർ അവരിൽ ചിലരെ ഭൂമിയിലേയ്ക്ക്  ആകർഷിച്ച് വരുത്തി തങ്ങളുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ടാവാം. മാന്ത്രിക ക്രിയകളിലൂടെ ബന്ധിത തരാകാതെ  വെറുതേയിവർ ദുരിതപൂർണമായ  ഭൂമിയിലേയ്ക്ക് തങ്ങളുടെ ജീവിതം ഹോമിക്കാനായി വരാറില്ല. സാധാരണയായി മാന്ത്രികർ തങ്ങളുടെ ചില പ്രത്യേക ആവശ്യങ്ങൾക്കായി യക്ഷിമാരെ / യക്ഷന്മാരെ അതുപോലുള്ള സൂക്ഷ്മരൂപികളെ ഭൂമിയിലേയ്ക്ക് മന്ത്രോപാസന വഴി ആകർഷിച്ച് വരുത്തിയാൽ , ആവശ്യം കഴിഞ്ഞാൽ അവരെ യഥാവിധി അവരുടെ  ലോകത്തേയ്ക്ക് ഉദ്വസിക്കുകയാണ്  ( തിരിച്ചയക്കൽ  ) പതിവ്. കാരണം ഇത് അവർ അധിവസിക്കേണ്ട ലോകമല്ല.

 ഭൂമിയുടെ ജീവിതവ്യവസ്ഥ അത്തരം സൂക്ഷ്മ രൂപികൾക്ക് യോജിച്ചതല്ല. മത്സ്യത്തിന് തടാകത്തിലാണ്  സുഖജീവിതം.. അല്ലാതെ ഒരു കുടത്തിലെ വെള്ളത്തിലല്ല. സ്വതന്ത്രമായി തടാകത്തിൽ ജീവിക്കുന്ന മീനിനെ ഒരു ചെറുകുടത്തിലെ പരിമിതമായ വെള്ളത്തിൽ പിടിച്ചിട്ടാൽ അത് എത്രമാത്രം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും. എന്നതുപോലെ വിശാലമായ, സ്വതന്ത്രമായ, ഇച്ഛാ മാത്രയിൽ സർവ്വ സുഖവും ലഭിക്കുന്ന തങ്ങളുടെ സൂക്ഷ്മ ലോക ജീവിതത്തിൽ നിന്ന് യക്ഷി മാരെ , സൂക്ഷ്മരൂപികളെ ഭൂലോകത്തിന്റെ പരിമിത ജീവിതത്തിലേയ്ക്ക് കൊണ്ടുവന്ന് തളയ്ക്കുന്നത് അവർ ഇഷ്ടപ്പെടില്ല. ആത്യന്തികമായി ഭൂമിയിൽ മന്ത്രത്താൽ തളയ്ക്കപ്പെട്ട് തന്റെ ജന്മഗൃഹമായ സൂക്ഷ്മ ലോകത്തേയ്ക്ക് മടങ്ങാൻ സാധ്യമല്ലാതെ വരുമ്പോൾ ആ ശക്തി നമ്മെ ദോഷകരമായി ബാധിക്കും. പല പ്രശ്നങ്ങളും ജീവിതത്തിൽ സൃഷ്ടിക്കും. ഉപാസിച്ച മൂർത്തി പിന്നീട് ബാധയായി മാറും. അതു കൊണ്ട് ഇത്തരം ശക്തികളെ ആകർഷിച്ച് സ്വന്തം സ്വാർത്ഥ താൽപര്യത്തിന് വേണ്ടി പണിയെടുപ്പിക്കുന്നവർ തീ കൊള്ളികൊണ്ടാണ് തലചൊറിയുന്നത്. അവരുടെ ശാപം തലമുറകളെ ബാധിക്കുന്ന ദുരിതമായി തരാം എന്നാ ചാര്യന്മാർ മുന്നറിയിപ്പ് നൽകുന്നു.

ഭാരതത്തിൽ യക്ഷി - യക്ഷന്മാരെയും ഗന്ധർവ്വമാരെയും പണ്ടുമുതലേ  ഉപദേവതകളായി ആരാധിച്ച് വരുന്നു. തന്ത്രയിൽ നിരവധി യക്ഷീ- യക്ഷ സാധനകളെപ്പറ്റി പരാമർശമുണ്ട്. മനുഷ്യന് നന്മ വരുത്തുന്ന നിരവധി യക്ഷി - യക്ഷന്മാർ  ഉണ്ട്. അവരെ സാധനയിലൂടെ പ്രസാദിപ്പിച്ചാൽ അവരുടെ അനുഗ്രഹം സിദ്ധിക്കും. ഭൗതീകമായ പല നേട്ടങ്ങളും ഉണ്ടാകും. എന്നാൽ ഇവരെ പ്രത്യക്ഷപ്പെടുത്തി, ഈ ലോകത്തിൽ തന്റെ ആജ്ഞാനുവർത്തികളായി ഉപയോഗപ്പെടുത്താൻ വേണ്ടിയുള്ള ഒരാളുടെ  ഉപാസനാക്രമം വളരെ ബുദ്ധിമുട്ടേറിയതും,  അപകടകരവുമാണ്. സാധനയിൽ തെറ്റ് സംഭവിച്ചാൽ മരണം വരെ സംഭവിക്കാം. അവരെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കാം... പക്ഷേ പിടിച്ച് കെട്ടി വരുതിയിലാക്കാൻ ശ്രമിക്കരുതെന്ന് ആചാര്യന്മാർ മുന്നറിയിപ്പ് നൽകുന്നു.

പ്രേതം , പ്രേതബാധ എന്ത്?

ജീവൻ വിട്ടു പോയ, മരണപ്പെട്ട ഒരു ശരീരത്തെ പൊതുവേ പ്രേതം എന്ന് പറയുന്നു.  നമ്മെ ഉപദ്രവിക്കുന്ന, പേടിപ്പെടുത്തുന്ന ഒരു ഭീകരരൂപിയായിട്ടാണ്  പ്രേത സങ്കൽപം നമ്മുടെ മുന്നിലുള്ളത്. നാം  കണ്ട പ്രേതകഥകളും, സീരിയലുകളും, സിനിമകളും അത്തരമൊരു വികൃതരൂപത്തെ നമ്മുടെ മനസിൽ സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. ആയുസെത്താതെ ദുർമരണപ്പെട്ട, അപകട മരണത്തിൽപ്പെട്ട മനുഷ്യരുടെ ആത്മാക്കൾ പ്രേതമായി മാറുന്നുവെന്നാണ് വിശ്വാസം. ഈ ദുരാത്മാക്കൾ തങ്ങളുടെ മരണത്തിന് കാരണമായവരുടെ ജീവിതത്തിൽ അല്ലെങ്കിൽ പൊതു സമൂഹത്തിൽ  പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, തങ്ങളുടെ മരണത്തിന് കാരണമായവരെ കണ്ടെത്തി കൊല്ലുമെന്നും  പലരും വിശ്വസിച്ച് പോരുന്നു. 

ഇതിൽ വല്ല സത്യവുമുണ്ടോ?

ലക്ഷക്കണക്കിന് മനുഷ്യർ ലോകത്ത് അപകടങ്ങളിലും മറ്റ് ദുരൂഹ സാഹചര്യങ്ങളിലും ദിനംപ്രതി  കൊല്ലപ്പെടുന്നു. ഇവരെല്ലാം ദുരാത്മാക്കളായി ഭൂമിയിലേയ്ക്കിറങ്ങിയാൽ 
ഇവിടത്തെ സ്ഥിതി എന്താവും? പ്രേതങ്ങളെ മുട്ടിയിട്ട് ഒന്ന് നടക്കാൻ പോലുമാവില്ല...!അപ്പോൾ മരണപ്പെടുന്നവരെല്ലാം പ്രേതങ്ങളായി മാറി മനുഷ്യരെ  ഉപദ്രി വിക്കുമെന്ന വാദത്തിന് പ്രസക്തിയില്ല. അത് അന്ധവിശ്വാസമാണ്. മാത്രമല്ല ഈ ലോകത്തെ നിയന്ത്രിക്കുന്ന പ്രകൃതിയുടെ സൂക്ഷ്മ കർമ നിയമ പ്രകാരം അത് അസാധ്യവുമാണ്. സ്ഥൂല ശരീരം നഷ്ടപ്പെടുന്ന ജീവൻ പിന്നീട് സൂക്ഷ്മ ശരീരിയായി മാറുന്നു. ഭൂലോകത്ത് നിന്ന് സൂക്ഷ്മ ലോകത്തേയ്ക്ക് പോകുന്നു. മരണപ്പെട്ടാൽ or സ്ഥൂല ശരീരം നഷ്ടപ്പെട്ടാൽ ജീവാത്മാവിന് ഈ ഭൂമിയിൽ അധിക സമയം തങ്ങാനാവില്ല.  കർമ നിയമപ്രകാരം സ്ഥൂല ശരീരം നഷ്ടപ്പെട്ട് സൂക്ഷ്മ ശരീരിയായി മാറിയ ജീവന്  ഈ സ്ഥൂല ലോകത്തെ ജീവിതം പ്രയാസകരമാവും. അത് ഈ ഭൂലോകം വിടും.

മറ്റൊരു വസ്തുത, സൂക്ഷ്മ ശരീരിക്കൾക്ക്  അല്ലെങ്കിൽ പ്രേതങ്ങൾക്ക്
 മനുഷ്യരെ പ്രത്യക്ഷമായി ഉപദ്രവിക്കാനാവില്ല എന്നതാണ്. അങ്ങനെയിരിക്കെ  പ്രേതബാധ സംബന്ധിച്ച 95% സംഭവങ്ങളും മനസിന്റെ ദൗർബല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ , മാനസിക രോഗബാധ എന്നിവ കൊണ്ട്  സൃഷ്ടിക്കപ്പെടുന്നതാണെന്ന് കാണാം. അതിന് പരിഹാരം മനശാസ്ത്ര ചികിൽസയാണ്.

 സുശക്തമായ ഇന്ദ്രിയങ്ങളും, മനസും, ബുദ്ധിയും , ബോധവുമുള്ള ഒരു മനുഷ്യശരീരത്തിന്  പുറമേ നിന്നുള്ള യാതൊരു പ്രേത / ഭൂത ബാധയും ഏൽക്കില്ല. ഒരു സൂക്ഷ്മ ശരീരിക്ക്, പ്രേതത്തിന് മറ്റൊരാളിലേയ്ക്ക് പ്രത്യക്ഷേണ പ്രവേശിക്കാൻ സാധ്യമല്ല. എന്നാൽ മനുഷ്യമനസ് ദുർബലമാകുമ്പോൾ, വ്യക്തിജീവതത്തിൽ  താളപ്പിഴകൾ സംഭവിക്കുമ്പോൾ, മനോരോഗങ്ങൾക്ക് വിധേയരാകുമ്പോൾ, മറ്റ് ചില അജ്ഞാത കാരണങ്ങളാൽ  അപര വ്യക്തിത്വം, പ്രേതബാധ, തുടങ്ങിയ  പ്രതിഭാസങ്ങൾ ചിലർ പ്രകടിപ്പിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അലൗകിക പ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടിട്ടില്ല. പലപ്പോഴും വ്യക്തിയുടെ  സൂക്ഷ്മ തലങ്ങളിൽ അജ്ഞാതമായ കാരണങ്ങളാൽ  സൃഷ്ടിക്കപ്പെടുന്ന ഈ പ്രതിഭാസത്തിന് ശരിയായ ഉത്തരം കണ്ടെത്തുക സാധ്യമല്ല. അത്  ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട്.

എന്തായാലും പ്രപഞ്ചത്തിൽ നന്മയും തിന്മയും, ഗുണവും ദോഷവും , വെളിച്ചവും, ഇരുട്ടും ദ്വൈത ഭാവത്തിൽ നിലകൊള്ളുന്നത് കൊണ്ട്  സ്ഥൂലശരീരികളെ പോലെ  സൂക്ഷ്മ ശരീരികളും, ദേവതകളും, യക്ഷ - ഗന്ധർവ്വന്മാരും ഈ ലോകത്തിൽ ഉണ്ടെന്ന് നമുക്ക് അനുമാനിക്കാം. അവയെ പ്രത്യക്ഷത്തിൽ കണ്ടെത്താൻ അതീന്ദ്രിയ മാർഗത്തിലൂടെ  വേണമെങ്കിൽ നമുക്ക്  സഞ്ചരിക്കാം.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പലതും  അവിശ്വസനീയമായും , യുക്തിരഹിതമായും പലർക്കും തോന്നാം. നല്ലത്.... ഇവയുടെ പിന്നിലെ യഥാർത്ഥ സത്യം നമുക്ക് ബോധ്യമാകുന്നതുവരെ ഇവയെപ്പറ്റി . അന്വഷിക്കുക.... ഭാവുകങ്ങൾ

തുടരും...

എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ: 8078388409

Comments

  1. 1xbet korean | Sports & Gaming | KBLBET88
    You 샌즈카지노 can't be wrong, this site can be an important part of your 1xbet korean gaming experience. Learn more about this site and other things to do before 메리트 카지노 고객센터 deciding

    ReplyDelete
  2. 🥰🥰🥰🙏🙏🙏

    ReplyDelete
  3. Well explained... Thank you

    ReplyDelete

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര