മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര: തത്വവും പ്രയോഗവും
മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര: തത്വവും പ്രയോഗവും
( മനശാസ്ത്രം : ഭാരതീയ വീക്ഷണത്തിൽ - അവസാന ഭാഗം )
.......................................................................
മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര ശാസ്ത്രീയവും യുക്തിഭദ്രവുമാണ്. മനുഷ്യ മനസിന്റെ അഗാധതലങ്ങളെക്കുറിച്ച് പഠിക്കുകയും, മനസിനെ നിയന്ത്രിക്കുവാനും, അതിന്റെ നിഗൂഡ ശക്തികളെ ഉണർത്തുവാനുമുള്ള ശാസ്ത്രീയ മാർഗങ്ങളെ ലോകത്തിന് മുന്നിൽ വെളിവാക്കിക്കൊടുക്കുകയും ചെയ്ത ഋഷി പരമ്പരകളാണ് ഭാരതീയ മനശാസ്ത്രത്തിന്റെ ഉപജ്ഞാതാക്കൾ.
'സമ്മോഹൻ വിജ്ഞാൻ' എന്ന പേരിലറിയപ്പെടുന്ന ഭാരതീയ മനശാസ്ത്ര വിദ്യ അതിനിഗൂഡവും, അത്യന്തം ശക്തിഭദ്രവുമാണ്. മനുഷ്യ മനസിനെ ബോധ - ഉപബോധ - അബോധ - അതീത തലങ്ങളായി തിരിച്ച് അവയിൽ അന്തർലീനമായി വർത്തിക്കുന്ന ശക്തി ശ്രോതസ്സുകളെ വിശേഷ പ്രാണായാമ - മന്ത്ര - ധ്യാനാദി വിദ്യകളാൽ ഉണർത്തുന്ന ഒരു നിഗൂഡ വിദ്യയാണത്. ഭാരതീയ ഗുരു പരമ്പരകളിലൂടെ മാത്രമാണ് 'സമ്മോഹന വിദ്യ' അതിന്റെ പൂർണ രൂപത്തിൽ അഭ്യസിക്കാനാവുക. അഗസ്ത്യ മുനിയും , ഭോഗനാഥ മഹർഷിയും, വസിഷ്ഠനും, വിശ്വാമിത്രനും തുടങ്ങിയ എണ്ണമറ്റ ഭാരതീയ ഗുരുവര്യന്മാർ മനശാസ്ത്രത്തിന്റെ ഭാരതീയ ചിന്താധാര ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയവരാണ്.
നമ്മുടെ വേദങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ, ഭഗവത് ഗീത, ബ്രഹ്മസൂത്രം തുടങ്ങിയ പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ എന്നിവ പ്രായോഗിക മനശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങൾ സമൂഹത്തെ പഠിപ്പിച്ച അമൂല്യ രചനകളാണ്. ഭാരതീയ സംഗീതവും, സാഹിത്യവും, നൃത്തവും, ഗീതവും , വാദ്യവും, ആയോധന കലകളും തുടങ്ങിയ വിജ്ഞാനശാഖകൾ മനസിന്റെ സന്തോഷത്തിനും, ശക്തിക്കും, മാനസിക ആരോഗ്യത്തിനും വേണ്ടി പിറവിയെടുത്തതാണ്. അതോടൊപ്പം യോഗയും ഭാരതീയ ജീവിതചര്യകളും ലോകമെങ്ങും അംഗീകരിച്ച ഒരുത്തമ ആരോഗ്യ പദ്ധതി കൂടിയാണ്.
ആധുനീക മനശാസ്ത്രം മനസിനെപ്പറ്റി അറിയാൻ പുറം ലോകത്തെ വിവിധ മേഖലകളെ പഠനവിധേയമാക്കിയപ്പോൾ , ഭാരതീയ മനശാസ്ത്രം മനുഷ്യന്റെ ആന്തരീകതയിലേയ്ക്ക് കടന്നാണ് മനസിനെ പഠിച്ചത്. മനുഷ്യൻ എന്നത് ശാരീരിക - മാനസിക - ബൗദ്ധിക - ആത്മീയ ഘടകങ്ങളുടെ ഒരു സംയോജിത രൂപമാണെന്നും, ഇവയെല്ലാം ഒരുമിച്ച് ആരോഗ്യ പൂർവ്വം പ്രവർത്തിച്ചെങ്കിൽ മാത്രമേ വ്യക്തിക്ക് സമഗ്രമായ പുരോഗതി ഉണ്ടാവുകയുള്ളൂ എന്നുമാണ് ഭാരതീയചിന്താധാര പഠിപ്പിക്കുന്നത്. അതായത് പൂർണമായ മാനസിക ആരോഗ്യത്തിന് മേൽപ്പറഞ്ഞ ഘടകങ്ങളെല്ലാം ശരിയായി പ്രവർത്തിക്കണം. യോഗാനുഷ്ഠാനം പൂർണാരോഗ്യത്തിനുള്ള സമഗ്ര പദ്ധതിയായി ഋഷി ചൂണ്ടിക്കാട്ടുന്നു.
യോഗ ഒരു പരിണാമ ശാസ്ത്രമാണ്. മനുഷ്യ മനസിന്റെ / ബോധത്തിന്റെ ഉയർന്ന തലങ്ങളിലേയ്ക്കുള്ള പരിവർത്തനമാണ് യോഗയുടെ ലക്ഷ്യം. മാനവവനെ അതിമാനുഷികനാക്കുന്ന പദ്ധതിയാണ് യോഗ. ഒരു വ്യക്തിയിൽ മന്ത്രവും, മനസും , പ്രാണനും സംയോജിതമായി പ്രവർത്തിക്കുമ്പോൾ അവനിലെ അപാരമായ മാനസിക ശക്തികൾ പുറത്തുവരുമെന്നും വ്യക്തി അതി മാനവനായി ഉയരുമെന്നും യോഗശാസ്ത്രം ഉത്ഘോഷിക്കുന്നു.
ആധുനീക മനശാസ്ത്ര ത്തിന്റെ ഉൽഭവപരിണാമങ്ങൾ, മനശാസ്ത്രത്തിന്റെ വിവിധ ശാഖകൾ, മനോജന്യ ശാരീരിക രോഗങ്ങൾ, ഭൂതപ്രേതാദി സങ്കൽപ്പങ്ങളുടെ ശാസ്ത്രീയത മനശാസ്ത്രത്തിൽ എന്നീ വിഷയങ്ങളെ കഴിഞ്ഞ നാലുഭാഗങ്ങളിലായി നാം പരിചയപ്പെട്ടു. ഇവിടെ മനശക്തി വികസിപ്പിക്കാനുള്ള പ്രയോഗിക മാർഗങ്ങളെ യോഗശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് പഠനവിധേയമാക്കാം.
1. #യോഗാസനങ്ങളും മനസും
ശരീരവും മനസും തമ്മിൽ അഭേദ്യബന്ധമുണ്ട്. ഈ ബന്ധത്തെ അടിസ്ഥാപ്പെടുത്തിയാണ് ഋഷികൾ യോഗാസനങ്ങൾ ചിട്ടപ്പെടുത്തിയത്.യോഗ ഈശ്വരീയമായ ശാസ്ത്രമാണ്.
മനുഷ്യന്റെ ശാരീരിക - മാനസിക- ബൗദ്ധീക - ആത്മീയ തലങ്ങളെ വികസിപ്പിക്കുക,
ശ്രേഷ്ഠമായ കുടുംബ - സമൂഹ-രാഷ്ട്ര - ലോക നിർമ്മിതി. അതിനായി വ്യക്തിയേയും, സമാജ ത്തേയും പടിപടിയായി ഉയർത്തുക.
രോഗവിമോചനം, രോഗപ്രതിരോധം, സമ്പൂർണ ആരോഗ്യം.
ഇവയൊക്കെയാണ് യോഗ പരിശീലനത്തിന്റെ പൊതുവായ ലക്ഷ്യങ്ങൾ.
ഈ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ദർശനവും, പ്രായോഗിക മാർഗങ്ങളും യോഗയിലുണ്ട്. യോഗാസനങ്ങൾ അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു യോഗ പരിശീലന ക്രമമാണ്.
എന്താണ് യോഗാസനം
ശ്രീ പരമേശ്വരൻ ഗുരു പരമ്പരകളിലൂടെ നിർദ്ദേശിച്ച സ്ഥിതിയിലോ, ചലനത്തിലോ, ഒരു സാധകൻ , തന്റെ യോഗ ഉപകരണങ്ങളായ ശരീരം, ദൃഷ്ടി, ശ്വാസം, മനസ്സ് എന്നിവയെ സ്ഥിരമായും, സുഖമായും സന്നിവേശിപ്പിക്കുന്ന പ്രക്രിയയെയാണ് യോഗാസനം എന്ന് വിളിക്കുന്നത്.
'സ്ഥിര സുഖമാസനം' എന്നാണ് യോഗാസനങ്ങളെ വിശേഷിപ്പിക്കുന്നത്. അതായത് ഒരു യോഗാസനം പൂർണമാകണമെങ്കിൽ / ഫലദായകമാവണമെങ്കിൽ അതിൽ സാധകന്റെ ശരീരവും, ദൃഷ്ടിയും, ശ്വാസഗതിയും, മനോനിലയും ഒരു പോലെ ലയിച്ചു ചേരണം. പരിശീലിക്കുന്ന ആസനം ചലന പ്രാധാന്യമുള്ള യോഗാസനമെങ്കിൽ (ഗത്യാത്മക വിഭാഗത്തിലെ യോഗാസനങ്ങൾ ) ആ യോഗാസനത്തിന്റെ ചലനത്തിൽ ( ഉദാ: മേരു ദണ്ഡാസനമെങ്കിൽ ; കാലുകളുടെ ശാരീരിക ചലനത്തിൽ, ദൃഷ്ടിയും, ശ്വാസവും, മനസും ലയിച്ച് ചേരണം ) മേൽപ്പറഞ്ഞ 4 ഘടകങ്ങളും ചേർന്ന് വരണം
സ്ഥിതി യോഗാസനമെങ്കിൽ ( ഉദാ: ശീർഷാസനം ) അതിലും ശരീര- ദൃഷ്ടി - ശ്വാസ - മനോ ഗതികളുടെ സംയോജനമുണ്ടാകണം.
പുതുതായി യോഗ പഠിച്ചു തുടങ്ങുന്ന ഒരാൾ നേരിട്ട് യോഗാസനങ്ങളിലേയ്ക്കല്ല കടക്കുന്നത്. അയാൾ ആദ്യം യോഗ വ്യായാമങ്ങൾ [ പാദ - കര - നേത്ര - ഗ്രീവ - മേരു ദണ്ഡ വഴക്കത്തിനുള്ള പരിശീലനങ്ങൾ ] ആണ് പഠിക്കുക. ശേഷം സൂര്യനമസ്ക്കാര പരിശീലനം ചെയ്യും. അതിന് ശേഷമാണ് യോഗാസനങ്ങൾ ആരംഭിക്കുക..!
ശേഷം ഗത്യാത്മ യോഗാസനങ്ങൾ , സ്ഥിതി യോഗാസനങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള യോഗാസനങ്ങൾ പഠിച്ചു തുടങ്ങും..
മേരുദണ്ഡാസനം, പവന മുക്താസനം, നൗ കാസനം, ഊർദ്ധപാദ ഹസ്താസനം, മയൂരാസനം, ശലഭാസനം, അനന്താസനം, ഭുജംഗാസനം, ശീർഷാസനം എന്നിവ വിശേഷപ്പെട്ട ചില യോഗാസനങ്ങൾക്ക് ഉദാഹരണമാണ്. മേൽപ്പറഞ്ഞ യോഗാനുഷ്ഠാന ക്രമം ശരീര - മനോ തലങ്ങളെ ആരോഗ്യവത്താക്കുന്നു. നമ്മുടെ യോഗ പരിശീലന സ്ഥാപനമായ യോഗോ പാസനാ കേന്ദ്രം മേൽ വിവരിച്ച രീതിയിലുള്ള യോഗ പരിശീലനങ്ങളാണ് നൽകിപ്പോരുന്നത്. യോഗോപാസനാ കേന്ദ്രത്തിന്റെ YouTube ചാനലിൽ നിന്ന് ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാവുന്നതാണ്. സന്ദർശിക്കുക :-
https://www.youtube.com/channel/UCBiV1nakHcbgTUbyWU09GtA
2. #പ്രണായാമവും മനസും
മനസിന്റെ അഗാധതലങ്ങളിലേക്കിറങ്ങി ചെല്ലാനുള്ള ഏണിപ്പടിയാണ് പ്രാണായാമങ്ങൾ. യോഗാസനങ്ങൾ ശരീരചലത്തെ അടിസ്ഥാനപ്പെടുത്തി മനോനിയന്ത്രണം സാധ്യമാക്കുന്ന മാർഗമാണെങ്കിൽ, പ്രാണായാമം നമ്മുടെ ശ്വാസത്തെ ശ്രദ്ധിച്ച് മനസിനെ വരുതിയിലാക്കാനുള്ള ഒരു സവിശേഷ മാർഗമാണ്.
പ്രകൃതിയുടെ താളമാണ് ശ്വാസം.പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് ഈ പ്രപഞ്ചം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ അഞ്ചു സൂഷ്മ ശക്തികളാൽ നിർമ്മിക്കപ്പെട്ട ഈ പ്രകൃതി നമ്മുടെ അമ്മയാണ്. നമ്മെ സൃഷ്ടിച്ച്, പരിപാലിച്ച്, ലയിപ്പിച്ച് ചേർക്കുന്ന പഞ്ചഭൂതങ്ങൾ ഈ വിശ്വ പ്രകൃതിയുടെ ഭാഗമാണ്.
എന്റെ ശരീരം സൃഷ്ടിക്കപ്പെട്ടത് അമ്മയുടെ അണ്ഡവും, അച്ഛന്റെ ബീജവും കൂടി ചേർന്നാണ്. അണ്ഡ- ബീജങ്ങളെ ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷി എന്റെ മാതാ -പിതാക്കൾക്ക് ലഭിച്ചത് അവർ കഴിച്ച ആഹാരത്തിൽ, കുടിച്ച ജലത്തിൽ, ശ്വസിച്ച വായുവിൽ അതായത് പഞ്ചഭൂതങ്ങളിൽ നിന്നാണ്. ഞാൻ ഭൂജാതനായതു മുതൽ ഈ പ്രകൃതി / പഞ്ചഭൂതങ്ങൾ എന്നെ സംരക്ഷിച്ച് പരിപാലിക്കുന്നു. പ്രകൃതിയുടെ താളം (ശ്വസനം ) എന്റെയുള്ളിൽ അനസ്യൂതമായി നടക്കുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് തന്നെ ആരംഭിക്കുന്ന ശ്വസനം, ഭൂ സ്പർശനത്താൽ കൂടുതൽ വികസിതമാകുന്നു. പ്രകൃതിയും, മനുഷ്യനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നതും ഈ ശ്വാസോച്ഛാസ ഗതിയിലൂടെ തന്നെയാണ്.
നമ്മിലെ കോടാനുകോടി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, ഭരിക്കുന്ന, നിയന്ത്രിക്കുന്ന പ്രാണനെന്ന അതിസൂഷ്മ ഊർജ്ജ പ്രവാഹത്തിന്റെ ഒരു ചെറിയ ബഹിർസ്ഫുരണമാണ് ശ്വാസമെന്ന് യോഗിമാർ പറയുന്നു. ഒരുവന് അവന്റെ ശ്വാസത്തെ അറിയാൻ - നിയന്ത്രിക്കാൻ - സ്വാധീനിക്കാൻ കഴിഞ്ഞാൽ, ശ്വാസത്തിന് പിന്നിലെ അതിസൂഷ്മ ശക്തിയായ പ്രാണനെ അറിയാൻ കഴിയും. അതായത് ശ്വാസനിയന്ത്രണം വഴി പ്രാണനിയന്ത്രണവും, പ്രത്യാഹാര - ധാരണ - ധ്യാന - സമാധി അനുഭവങ്ങളിലേയ്ക്ക് നയിക്കപ്പെടുമെന്ന് ചുരുക്കം.
അതുകൊണ്ടാണ് അഷ്ടാംഗ യോഗ മാർഗകാരനായ പതഞ്ജലി മഹർഷി യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന,സമാധി എന്ന തന്റെ യോഗ മാർഗത്തിൽ, അതീവ പ്രാധാന്യത്തോടെ നാലാമതായി പ്രാണായാമമെന്ന മാർഗം നിർദ്ദേശിച്ചിരിക്കുന്നത്.
പണ്ടത്തെ ഗുരുകുല വിദ്യഭ്യാസ സമ്പ്രദായത്തിൽ, പരാ- അപരാ വിദ്യാ പഠന ക്രമത്തിൽ വിദ്യാർത്ഥി ഭൗതീക - ആത്മീയ പുരോഗതിയ്ക്കും, വിശിഷ്യാ കുണ്ഡലിനീ ജാഗ്രത്തിനും വേണ്ടി അനുഷ്ഠിക്കുന്ന ഒരു സാധനയാണ് പ്രാണാഗ്നി ഹോത്രം. യമനിയമ പാലനത്തോടൊപ്പം, യോഗാസനങ്ങൾ പരിശീലിച്ച് സുദൃഡമായ ശരീരത്തെ സ്വീകരിച്ച്, ആസന സിദ്ധി വന്ന സാധകന് ഗുരു ദീക്ഷാ രീതിയിൽ പ്രാണായാമമെന്ന വിദ്യയെ പകർന്ന് നൽകുന്നു. ആദ്യഘട്ടത്തിൽ ലഘുവായ ചില പ്രാണായാമ പരിശീലനങ്ങൾ ആണ് സാധകൻ ഇവിടെ അനുഷ്ഠിച്ച് തുടങ്ങുക.
പ്രാണായാമങ്ങൾ അനവധിയുണ്ട്
ശൗച പ്രാണായാമം, അനുലോമ വിലോമ പ്രാണായാമം, പൂരക രേ ചക പ്രാണായാമം, മഹാബന്ധ സഹിത കപാലഭാതി പ്രാണായാമം, ഭസ്ത്രിക പ്രാണായാമം, സക്രിയ പ്രാണായാമം, സൂര്യ ഭേദന പ്രാണായാമം, ചന്ദ്ര ഭേദന പ്രാണായാമം, ഉജ്ജായി പ്രാണായാമം, ശീതളി പ്രാണായാമം, ശീത്ക്കാരി പ്രാണായാമം, ഭ്രാമരി പ്രാണായാമം, മാത്രാ പ്രാണായാമം, ക്രിയാ പ്രാണായാമം എന്നിവ കൂടാതെ ഗുരുപരമ്പരകൾ വഴി മാത്രം പകർന്നു തരുന്ന അതിനിഗൂഡമായ ചില രഹസ്യ പ്രാണായാമങ്ങളുമുണ്ട്. പടിപടിയായ പ്രാണായാമ പരിശീലനങ്ങൾ വഴി സ്ഥൂല - സൂഷ്മ നാഡികളെ ശുദ്ധീകരിച്ച്, പ്രാണപ്രവാഹത്തെ ചക്രങ്ങളിലൂടെ നിയന്ത്രിച്ച് ബോധോദയത്തിലേയ്ക്ക് പ്രാണസാധകൻ കടന്ന് ചെല്ലുന്നു.
ശ്വാസത്തെയും, ശ്വാസത്തിന് പിന്നിലെ അതിസൂഷ്മ ശക്തിയായ പ്രാണനേയും അറിയാൻ / നിയന്ത്രിക്കാൻ കഴിയുന്ന ഒരു യോഗിക്ക് പഞ്ചഭൂതങ്ങളെ നിയന്ത്രിക്കാനാവുമെന്ന് യോഗശാസ്ത്രം ഉത്ഘോഷിക്കുന്നു. ശ്വാസ താളത്തെ അറിയാൻ / സ്വാധീനിക്കാൻ കഴിഞ്ഞാൽ പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ഊഷ്മളമാകുന്നു. വിശ്വ പ്രകൃതിയുടെ പ്രാണ സ്പന്ദനം നമുക്കനുഭവവേദ്യമാകുന്നു. നാം പ്രകൃതിശ്വരിയുമായി ഒന്നുച്ചേരുന്നു. മനസ് ശാന്തമാകുന്നു.
മേൽ വിവരിക്കപ്പെട്ട പ്രാണായാമങ്ങളിൽ അതീവ ശക്തമായ ഒരു പ്രണായാമമാണ് #കപാലഭാതി
ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കിയുള്ള ആത്മ സാധനാ വിദ്യകളിലൊന്നാണ് പ്രാണായാമം. പ്രാണൻ എന്ന ദൈവീക ശക്തിയെ അറിയാനും, നിയന്ത്രിക്കാനും അതിലൂടെ ഭൗതീകവും ആത്മീയവുമായ ജീവിത വിജയം നേടാനുമുള്ള വൈമാനിക മാർഗമാണ് പ്രാണായാമം. മാനവന്റെ സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളെ ഒരേപോലെ ചൈതന്യവൽക്കരിക്കാനും, രോഗങ്ങളെ നിവാരണം ചെയ്യുവാനും, കുണ്ഡലിനിയെ വളരെ വേഗത്തിൽ ഉണർത്തുവാനും കപാല ഭാതി പോലെ മറ്റൊരു പ്രാണായാമമില്ലെന്ന് തന്നെ പറയാം. നിരവധി യോഗശാസ്ത്ര ഗ്രന്ഥങ്ങളിൽ കപാല ഭാതി പ്രാണായാമത്തിന്റെ സവിശേഷതകളെപ്പറ്റി പറയുന്നുണ്ട്.
കപാലം + ഭാതി = കപാല ഭാതി
കപാലം = തല / തലയോട്
ഭാതി = ശുദ്ധീകരിക്കുക / പ്രകാശിപ്പിക്കുക
മനുഷ്യ ശരീരത്തിലെ സുപ്രധാനമായൊരു ഭാഗമാണ് ശിരസ്. കേന്ദ്ര നാഡീവ്യവസ്ഥയുടെ മർമ്മ ഭാഗമായ ശിരസിനെ പ്രകാശിപ്പിക്കാനും, ശുദ്ധീകരിക്കാനും, ഉത്തേജിപ്പിക്കുവാനും കപാല ഭാതിയിലൂടെ സാധിക്കും. തലച്ചോറിന്റെ പ്രവർത്തനം / കാര്യക്ഷമത കൂട്ടുവാനും, അസാമാന്യമായ ഓർമ ശക്തി, ബുദ്ധിശക്തി, അതീന്ദ്രിയ ജ്ഞാനം എന്നിവ നേടുവാനും ഈ പ്രാണായാമം ഒരുവനെ സഹായിക്കുന്നു. ആജ്ഞാ ചക്രത്തെ വളരെ വേഗത്തിൽ ജാഗ്രത്താക്കുന്ന കപാല ഭാതി വളരെ വേഗത്തിൽ കുണ്ഡലിനിയെ ജാഗ്രത്താക്കി സാധകന് ആത്മീയമായ നിർവൃതി പ്രദാനം ചെയ്യുന്നു.
*ഗണപതി / വിഘ്നേശ്വര പ്രാണായാമമെന്ന്* കപാലഭാതിയെ യോഗിമാർ വിശേഷിപ്പിക്കാറുണ്ട്. ആത്മീയമോ, ഭൗതീക മോ ആയ ഒരു കർമം ചെയ്യുന്നതിന് മുമ്പ് കപാല ഭാതി പ്രാണായാമം പരിശീലിച്ച് പ്രാർത്ഥിച്ചാൽ ആ കർമം തടസങ്ങൾ മാറി പൂർണ ഫലദായകമായി തീരും.
*കാല ജയി പ്രാണായാമമെന്ന്* കപാലഭാതിക്ക് മറ്റൊരു വിശേഷണമുണ്ട്. അതായത് കാലത്തെ :- പ്രായത്തെ, സമയത്തെ ജയിക്കുന്നത് എന്നർത്ഥം. ഏകാഗ്രതയോടെ ഒരു കർമത്തിൽ സമ്പൂർണമായി മനസിനെ , പ്രാണനെ സന്നിവേശിപ്പിച്ച് ആ പ്രവർത്തിയെ വിജയപ്രദമാക്കുന്ന കപാല ഭാതി സമയത്തിന്റെ പരിപൂർണമായ ലയനം സാധ്യമാക്കുന്നു. ഓരോ കർമവും ലയിച്ച്, സന്തോഷിച്ച്, ആസ്വദിച്ച് ചെയ്യാനുള്ള മനോഭാവം സാധകരിൽ കപാല ഭാതി സൃഷ്ടിക്കുന്നു.
സദാ യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഈ പ്രാണായാമം മനുഷ്യ ശരീരത്തിലെ ഹോർമോണുകളുടെ സന്തുലിതമായ പ്രവർത്തനത്തിന് സഹായിക്കുന്നു. ശരീരത്തിലെ ഗ്രന്ഥികളെയും, അവയുടെ ഹോർമോൺ ഉൽപ്പാദനത്തെയും കപാലഭാതിയിലൂടെ സന്തുലിതമാക്കാൻ സാധിക്കും.
മനുഷ്യ ശരീരത്തിലെ ജൈവ ഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥിയായ പീനിയല്‍ ഗ്രന്ഥി,ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥി,
രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന തൈമസ് ഗ്രന്ഥി,പയറു വിത്തിന്റെ ആകൃതിയിലുള്ളതും
മനുഷ്യശരീരത്തിലെ നായക ഗ്രന്ഥി
വളര്‍ച്ചാ ഗ്രന്ഥി എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന പീയൂഷ ഗ്രന്ഥി എന്നിവയെ ആരോഗ്യവത്താക്കാനും,
ഒപ്പം അടിയന്തിര ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന അഡ്രിനാലിനെ കൃത്യമായി ഉൽപാദിപ്പിക്കാനും നിയന്ത്രിക്കുവാനും, അതുപോലെ തന്നെ
യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന തൈമോസിന്റെ പ്രായാതീതമായ അവശ്യാനുസൃത സൃഷ്ടിക്കും,
കൂടാതെ പാൻക്രിയാസിന്റെ കൃത്യമായ പ്രവർത്തനത്തിനും കപാലഭാതി സഹായിക്കുന്നു. ഇൻസുലിന്റെ കാര്യക്ഷമമായ ഉൽപ്പാദാനത്തിലൂടെ പ്രമേഹം ഉണ്ടാകുന്നത് തടയുവാനും കപാല ഭാതി പരിശീലനം ഉത്തമമാണ്.
കാല്‍സിടോണിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥി,ശരീരത്തിലെ ജലം ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്ന ഹോര്‍മോണുകളായ വാസോപ്രസിന്‍,
മെലാടോണിന്‍, സെറാടോണിന്‍ എന്നീ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയായ പീനിയല്‍ ഗ്രന്ഥി, ശരീരത്തിലെ മറ്റ് അന്ത:സ്രാവ്യ ഗ്രന്ഥികൾ എന്നിവകളുടെ മുഴുവൻ പ്രവർത്തനങ്ങളും ഈ പ്രണായമത്തിലൂടെ ശരിയായി നടത്തപ്പെടുന്നു.
ശരീര - മനോ- ബൗദ്ധിക - ആത്മീയ തലങ്ങളുടെ ദ്രുതഗതിയിലുള്ള വികാസം സാധ്യമാക്കുന്ന കപാലഭാതിയെ ' പ്രാണായാമങ്ങളുടെ ചക്രവർത്തി' യെന്ന് യോഗിമാർ വിശേഷിപ്പിക്കുന്നു...
ഒരു യോഗാചാര്യന്റെ മേൽനോട്ടത്തിലാവണം കപാലഭാതി പഠിക്കേണ്ടത്. നാഡീ ശുദ്ധി പ്രാണായാമം 3 മാസം ശേഷം പൂരകരേചക പ്രാണായാമം 3 മാസം എന്നിങ്ങനെ 6 മാസക്കാലം തുടർച്ചയായി ഈ പ്രാണായാമങ്ങൾ പരിശീലിച്ച് നാഡീ ശുദ്ധിയും, കായബലവും വരുത്തിയതിന് ശേഷമാണ് കപാല ഭാതി പ്രണായാമം ചെയ്യേണ്ടത്. *മഹാ ബന്ധങ്ങൾ* ( ബന്ധത്രയം: മൂല ബന്ധം, ഉഡ്യാന ബന്ധം, ജാലന്ധര ബന്ധം) ഇല്ലാതെ കപാല ഭാതി അധികം പരിശീലിക്കരുത്. ഉയർന്ന രക്തസമ്മർദ്ധമുള്ളവർ, സർജറി കഴിഞ്ഞവർ, ഹെർണിയ പ്രശ്നമുള്ളവർ, ശ്വാസ സംബദ്ധമായ അസുഖമുള്ളവർ etc എന്നിവർ യോഗാചാര്യന്റെ നിർദ്ദേശമനുസരിച്ച് മാത്രം കപാലഭാതി ചെയ്യുക.
'' *കപാല ഭാതി പ്രണായാമം അദമ്യമായ ഊർജ്ജ പ്രവാഹമാണ്. പ്രപഞ്ച ചൈതന്യത്തെ നിങ്ങളുടെ കുണ്ഡലിനിയിലേയ്ക്ക് ആവാഹിക്കുന്ന കപാല ഭാതി നിങ്ങളെ ഒന്നടങ്കം മാറ്റിമറിക്കുന്നു. പൂർവ്വജന്മാകൃതമായ പാപങ്ങളും, ദുഷ്ക്കർമ്മങ്ങളും, ദുർവാസനകളും കപാല ഭാതി പ്രാണായാമത്തിന്റെ ദിവ്യാഗ്നിയിൽ വെന്തെരിയുന്നു. സാധകൻ ആത്മീയ അനുഭവത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിൽ വിരാജിക്കുന്നു. പല ദിവ്യദർശനങ്ങളും സാധകന്റെ അന്തർ നേത്രത്തിൽ പ്രത്യക്ഷമാകുന്നു. ഈശ്വരാനന്ദത്തിന്റെ അലമാലകൾ സാധകരെ ആനന്ദ നൃത്തം ചവിട്ടിക്കുന്നു*'' : (സ്വാമി നിഖിലേശ്വരാനന്ദ പരമഹംസ, സിദ്ധാശ്രമം)
ഇവിടെ ഒരു പ്രണായാമ പരിശീലനം പരിചയപ്പെടാം
#സുഖപൂരകപ്രാണായാമം
നിലത്ത് പുൽപ്പായ / വിരിപ്പ് / യോഗ മാറ്റ് എന്നിവ ഇടുക
കിഴക്ക് / വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞിരിക്കുക.
നട്ടെല്ല് നിവർന്നിരിക്കണം, താടി ഭൂമിക്ക് സമാന്തരമായിരിക്കണം. കണ്ണുകൾ അടയ്ക്കുക.
കഴിയാവുന്നിടത്തോളം, ശ്വാസം ഇരു മൂക്കിലൂടെയും, ദീർഘമായും, ശാന്തമായും, പൂർണമായും ഉള്ളിലേയ്ക്കെടുക്കുക. അതുപോലെ തന്നെ പുറത്തേയ്ക്ക് വിടുക.
അങ്ങനെ 7/ 11 / 21 Round പരിശീലിക്കുക.
പരിശീലന ശേഷം അൽപസമയം ശാന്തമായിരുന്ന് സ്വാഭാവികമായി നടക്കുന്ന Breathing - നെ നിരീക്ഷിക്കുക.
*പ്രയോജനങ്ങൾ*
1. ശ്വാസ കോശത്തെയും, ശ്വസന അവയവങ്ങളെയും ശുചീകരിക്കുന്നു
2. ഉപാപചയ പ്രവർത്തനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ പുറം തള്ളി ബാഹ്യ- അന്തരീക അവയവങ്ങളെ ശുദ്ധീകരിക്കുന്നു.
3. തുമ്മൽ, ആസ്മ, അലർജി തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളെ ദൂരികരിക്കുന്നതിനൊപ്പം, ശ്വാസ കോശത്തെ ശക്തമാക്കുന്നു.
4. പ്രാണ പ്രവാഹത്തിലൂടെ രക്തശുദ്ധീകരണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. രക്ത ദൂഷ്യം / രക്ത ജന്യമായ രോഗങ്ങൾ / ത്വക്ക് രോഗങ്ങൾ എന്നിവയെ പരിഹരിക്കുന്നു.
5. ജഠരാഗ്നി വർദ്ധിപ്പിക്കുന്നു, ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നു. അസിഡിറ്റി, ഗ്യാാസ്ട്രബിൾ, മലബന്ധം തുടക്കിയ ഉദരസംബന്ധമായ പ്രശ്നങ്ങളെ ഇല്ലായ്മ്മ ചെയ്യുന്നു.
6. ഉത്കണ്ഠ, Tension, വിഷാദ രോഗങ്ങൾ, മനോ ദൗർബല്യങ്ങൾ എന്നിവ അകറ്റി മനസിനെ ശാന്തവും, ശക്തവും, ആരോഗ്യ പൂർണവുമാക്കുന്നു.
7. ഇടത് - വലത് ബ്രയിൻ സെല്ലുകളെ ഉത്തേജിപ്പിച്ച്, ഓർമശക്തി വികാസം നേടിത്തരുന്നു..
എന്നിങ്ങനെ അനേകം ഗുണങ്ങൾ സുഖ പൂരക പ്രാണായാമത്താൽ നേടാൻ സാധിക്കുന്നു.
പ്രഭാതത്തിലും, സായാഹ്നത്തിലും, ഉദരം ഒഴിഞ്ഞിരിക്കുന്ന ഇടവേളകളിലും ഈ പ്രാണായാമം ചെയ്യാവുന്നതാണ്.
3. #ധ്യാനവും മനസും
ധ്യാന മാർഗം മനശാന്തിയ്ക്കായുള്ള മറ്റൊരു യോഗ പരിശീലനമാണ്. സകാര ധ്യാനം, നിരാകാര ധ്യാനം, ശ്വാസ ധ്യാന വിദ്യകൾ, മന്ത്ര ധ്യാനങ്ങൾ, ജ്യോതിർ ധ്യാന പരിശീലനങ്ങൾ, എന്നിങ്ങനെ അനേകം ധ്യാന രീതികളുണ്ട്.
''ധ്യാനം നിർവിഷയ മന: "
ie :- മനസിനെ വിഷയങ്ങളിൽ / ചിന്തകളിൽ നിന്ന് വിമുക്തമാക്കി പരമാത്മാവിൽ ലയിച്ചിരുന്ന അവസ്ഥയാണ് ധ്യാനം എന്നിവിടെ ഈ ശ്ലോകത്തിന് സാമാന്യ അർത്ഥം കുറിക്കാം
ധ്യാനാവസ്ഥയുടെ പരമമായ നിലയെ ആണ് ഋഷി ഇവിടെ വിവരിച്ചിരിക്കുന്നത്.ബോധത്തിന്റെ ഉന്നതമായ അവസ്ഥയാണിത് .
ധ്യാനം പരിശീലിച്ചു തുടങ്ങുന്ന ഒരു വിദ്യാർത്ഥിയെ സംബദ്ധിച്ചിടത്തോളം ഈ നിലയിലേയ്ക്ക് ബോധത്തെ ഉയർത്തി കൊണ്ടുവരുന്നതിന് പടിപടിയായ ധ്യാന പരിശീലനങ്ങൾ അവശ്യമാണ്. മനസിലെ ചിന്തകളെ കുറച്ച്, മനസിനെ ശാന്തമാക്കി എടുക്കുവാനുള്ള പ്രയത്നമാണ് ആദ്യം വേണ്ടത്.
മനസ് ശാന്തമാകണമെങ്കിൽ അതിന് പ്രാണായാമം ചെയ്യണം. അതിനു ശേഷമാണ് ധ്യാനം ശീലിക്കേണ്ടത്.
മഹർഷി പതജ്ഞലി തന്റെ അഷ്ടാംഗ യോഗസൂത്രത്തിൽ യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം , സമാധി എന്നീ 8 Step കൾ ഒരു സാധകന്റെ, ഈശ്വരീയ ലയാവസ്ഥയ്ക്കുള്ള പരിണാമത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. അതിലൊന്നാണ് ധ്യാനം.
ധ്യാനം മനസിന്റെ ആഴങ്ങളിലേയ്ക്ക് നമ്മെ നയിക്കുന്നു. മനസ് ശാന്തവും, ആനന്ദദായകവും ആയി തീരുന്നു.
നമ്മുക്കിവിടെ രണ്ട് ധ്യാന പരിശീലനങ്ങളെ പരിചയപ്പെടാം.
1. #ജാഗ്രതാധ്യാനവും
2. #വിപാശനധ്യാനവും
പരിശീലനം :1
#ജാഗ്രതാധ്യാനം [ Awareness Meditation ]
ശരീരത്തേയും മനസിനേയും ഒരേ പോലെ നിയന്ത്രിക്കാൻ / സ്വാധീനിക്കാൻ കഴിയുന്ന ഒരു പരിശീലനമാണ് അവയർനെസ് മെഡിറ്റേഷൻ. ഇതിന് പല നിലകളുണ്ട്. അതിൽ ആദ്യത്തേത് ഇന്ന് പഠിക്കാം.
കിഴക്ക് or വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞിരിക്കുക. കണ്ണടയ്ക്കുക.10 - 25 തവണ വരെ ദീർഘശ്വാസോച്ഛാസം ചെയ്യുക. ശേഷം അൽപസമയം ശാന്തമായിരിക്കുക.
അതിനു ശേഷമാണ് ജാഗ്രതാ ധ്യാനം പരിശീലിക്കേണ്ടത്. കിടന്ന് ഈ പരിശീലനം ചെയ്യുന്നതാണ് ഉത്തമം. പായ / യോഗ മാറ്റ് നിലത്ത് വിരിച്ച് അതിൽ കിടക്കുക. കിടക്കുമ്പോൾ തല കിഴക്ക് ഭാഗത്തേയ്ക്ക് വയ്ക്കുക. കണ്ണടയ്ക്കുക.
ആദ്യം ഇരു ശരീരഭാഗങ്ങളിലേയുംകാൽവിരലുകൾ മുതൽ ശിരസ് വരെയുള്ള അവയവങ്ങളെ 5- 10 Second വീതം നിരീക്ഷിക്കുക.
ie :-
1.ഇരു കാലിലേയും 10 കാൽവിരലുകൾ
[ ചെയ്യേണ്ട വിധം:- മനസ് കൊണ്ട് കാൽ വിരലുകളെ കാണുക. 5 -10 സെക്കന്റ് മനസിനെ അവിടെ ഉറപ്പിച്ച് നിർത്തുക. അപ്രകാരം താഴെ പറയുന്ന ശരീരഭാഗങ്ങളെയും നിരീക്ഷിക്കുക ]
2. കാൽ പാദങ്ങൾ
3 .Calf Muscles
4. ഇരു കാൽ മുട്ടുകളും
5 .തുടകൾ
6. ജനനേന്ദ്രിയം
7 .വയർ
8. ഹൃദയ മദ്ധ്യം
9. ഇരു കൈകൾ
10. ഇരു തോളുകൾ
11 .തൊണ്ട
12. താടിയെല്ല്
13. ചുണ്ടുകൾ
14. കവിളുകൾ
15. ചെവികൾ
16. മൂക്ക്
17. കണ്ണുകൾ
18. പുരികക്കൊടികൾ
19. നെറ്റി തടം
20. ശിരസ്
ശേഷം ശിരസു മുതൽ പാദം വരെ യുള്ള ഭാഗങ്ങൾ Reverse order ൽ 5- 10 Second വീതം one by one ആയി നിരീക്ഷിച്ച് പോകുക.
ഇതിനു ശേഷം അടുത്ത 3-5 മിനിറ്റ് Normal Breathing നെ നിരീക്ഷിച്ച് ഇരിക്കുക / കിടക്കുക.
വളരെ ശക്തിമത്തായ ഒരു ധ്യാന പരിശീലനമാണ് ജാഗ്രതാ ധ്യാനം. ഇതിലൂടെ ശരീരത്തെ / അവയവങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, ഏകാഗ്രത, മാനസികമായ ശക്തി, ബുദ്ധി വികാസം എന്നിവ ഉണ്ടാകുന്നു.
ധാരണാ ശക്തി ഉറച്ച്, ധ്യാനം എളുപ്പമാകുന്നു.
21 ദിവസം തുടർച്ചയായി ഈ പരിശീലനം ചെയ്താൽ അസാമാന്യമായ ഏകാഗ്രതാ ശക്തി സാധകന് കൈവരുന്നു. അത് ഇന്ദ്രിയ നിയന്ത്രണത്തിലേയ്ക്കും, ധാരണ - ധ്യാന തലങ്ങളിലേയ്ക്കുമുള്ള യോഗിയുടെ പുരോഗതിയ്ക്ക് സഹായകമാകുന്നു.
പരിശീലനം 2 : - #വിപാസനധ്യാനവിദ്യ
യോഗാശാസ്ത്രത്തിലെ ഏറെ ലളിതവും, ഏത് പ്രായക്കാർക്കുo വളരെ വേഗത്തിൽ പഠിച്ചെടുക്കാവുന്നതുമായ ധ്യാന വിദ്യയാണ് വിപാസന. ഭാരതത്തിന്റെ പൗരാണികമായ നിരവധി ധ്യാന പരിശീലനങ്ങളിൽ ശ്രേഷ്ഠ സ്ഥാനമലങ്കരിക്കുന്ന ഈ വിദ്യ മാനവന്റെ ശ്വാസോച്ഛ്വാസ നിരീക്ഷണ- നിയന്ത്രണ - ഏകോപനവുമായി ബന്ധപ്പെട്ടതാണ്.
ഗൗതമ സിദ്ധാർത്ഥൻ എന്ന രാജകുമാരനെ ശ്രീബുദ്ധനാക്കി മാറ്റിയ ഈ മഹാവിദ്യ ബുദ്ധമതക്കാർ, തങ്ങളു ടെ പരമ്പരാഗത ധ്യാന മാർഗമായി ആരാധിച്ച് / പരിശീലിച്ച് പോരുന്നു. എങ്കിലും വിപാസനയുടെ മൂലരൂപം കുടികൊള്ളുന്നത് ഭാരതീയ യോഗശാസ്ത്രത്തിലാണ്. ശ്വാസത്തെ അറിയുക / മനസിലാക്കുക / നിയന്ത്രിക്കുക / ലയിക്കുക എന്നിങ്ങനെയുള്ള പടികൾ വിപാസനയിൽ ഉണ്ട്.
പരിശീലന രീതി
സുഖമായി / ശാന്തമായി നിലത്തോ, കസേരയിലോ, കിഴക്ക് / വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഇരിക്കുക.
സുഖ പൂരക പ്രാണായാമം 21 Round പരിശീലിക്കുക
ശേഷം ശാന്തമായിരുന്നത്, യാതൊരു ബലവും, സമ്മർദ്ദവും കൊടുക്കാതെ ശാന്തമായി , സ്വാഭാവികമായി നടക്കുന്ന നമ്മുടെ ശ്വാസോച്ഛ്വാസ പ്രവർത്തനത്തെ ഒരു സാക്ഷീ ഭാവത്തിൽ നിരീക്ഷിക്കുക. മനസ് ശ്വാസത്തിൽ ലയിപ്പിക്കുക. അങ്ങനെ 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ , ദിവസത്തിൽ 2 നേരം പരിശീലിക്കുക..
പരിശീലന ശേഷമുള്ള അവസ്ഥയെ കഴിയാവുന്നിടത്തോളം സമയം ശ്രദ്ധിച്ച് / ലയിച്ചിരിക്കുക.
ശാന്തമായ മനസ്, തെളിഞ്ഞ ബുദ്ധി, സമചിത്തതയോടെയുള്ള ജീവിത വീക്ഷണം, സദാ ആനന്ദകരമായ മനോഭാവം എന്നിവ വി പാസന പരിശീലനത്തിലൂടെ സാധകന് കൈവരുന്നു എന്ന് ആചാര്യന്മാർ പറയുന്നു.
.........................
NB :കേരളത്തിൽ ചെങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ദാമ കേന്ദ്രം സൗജന്യമായി വിപാസന കോഴ്സ് നടത്തുന്നുണ്ട്. അതിൽ പങ്കെടുക്കുന്നത് നന്നായിരിക്കും.
Visit the site for details of Vipasana course
http://www.ketana.dhamma.org
മേൽ വിവരിച്ച യോഗ പദ്ധതികൾ കൂടാതെ മന്ത്രജപം, യമ നിയമാദികളുടെ പാലനം എന്നിങ്ങനെ വിവിധ വിദ്യകൾ മനോനിയന്ത്രണ യോഗ മാർഗങ്ങളാണ്.
മനസ് എന്താണ്?മനസിന്നെ എങ്ങനെ നിയന്ത്രിക്കും? മനസിന്റെ ശക്തികൾ എങ്ങനെ ഉണർത്താം? എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് താത്വിക ചിന്തയിലൂടെ പൂർണമായി മനസിലാക്കുക അപ്രായോഗികമാണ്. ആധുനീക മനശാസ്ത്രം ഇവക ചിന്തകളിലാണ് കുടുങ്ങിക്കിടക്കുന്നത്.
എന്നാൽ മനസിനെ അറിയാൻ, അതിനെ നിയന്ത്രിക്കാൻ ഭാരതീയ ചിന്താധാര മുന്നിലേയ്ക്ക് വയ്ക്കുന്നത് നാം മുകളിൽ പരിചയപ്പെട്ട യോഗശാസ്ത്രത്തിന്റെ പ്രയോഗിക പരിശീലന പദ്ധതികളാണ്. അതാണ് മനസിനെ അറിയാനുള്ള ലളിതവും ശാസ്ത്രീയവുമായ ഒരു മാർഗം.
................ശുഭം............
നന്ദി🙏
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ : 8078388409
Comments
Post a Comment