പാലാഴി മഥനം: യോഗ ശാസ്ത്ര തത്വം
പാലാഴി മഥനത്തിൻ്റെ യോഗശാസ്ത്ര തത്വം
------------------------------------------------------
ഭാരതീയ ഇതിഹാസങ്ങളിലും, വേദോപനിഷത്തുക്കളിലും, പുരാണങ്ങളിലും, കവിതാ സാഹിത്യാദി രചനകളിലും നിരവധി കഥകൾ വിവരിക്കാറുണ്ട്. ചിലത് സാങ്കൽപിക കഥകൾ മാത്രമാവാം. മറ്റു ചിലത് ഒരിക്കൽ നടന്ന സംഭവങ്ങളെ അധികരിച്ച് പിന്നീട് എഴുതപ്പെട്ട കഥാസാരങ്ങളാവാം. ഇവ കൂടാതെ ബോധ കഥകളും, ഉപദേശകഥകളും , മഹാവാക്യങ്ങളുമൊക്കെ ഉൾപ്പെട്ട അനവധി രചനകൾ ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. സാങ്കൽപ്പികവും, യാഥാർത്ഥ്യവും, ആത്മീയവുമായ തത്വങ്ങളെ ഉൾകൊള്ളുന്ന ഈ കഥകൾ മനുഷ്യജീവിതത്തിൻ്റെ വ്യത്യസ്ഥ തലങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. മഹാതത്വങ്ങളെ സാമാന്യ ജനങ്ങളുടെ ബുദ്ധിക്ക് മനസിലാക്കുന്ന തരത്തിൽ ലളിതവൽക്കരിച്ച് അവതരിപ്പിക്കുകയാണ് അത്തരം കഥകളിലൂടെ പണ്ഡിതന്മാർ ചെയ്യുന്നത്.
പാലാഴി മഥനം കഥ ഇത്തരത്തിൽ ഉള്ള ഒന്നാണ്. അമൃതിന് വേണ്ടി ദേവന്മാരും, അസുരന്മാരും ചേർന്ന് വാസുകിയെ കയറാക്കി മന്ഥര പർവ്വതത്തെ കൊണ്ട് പാലാഴിയെ കടയുന്നു. പാലാഴിയെ കടയുന്ന സമയത്ത് പല വിശിഷ്ട വസ്തുക്കളും അതിൽ നിന്ന് പൊന്തി വരുന്നു. ഒപ്പം കാളകൂടമെന്ന വിഷവും. പരമശിവൻ കാളകൂടത്തെ പാനം ചെയ്ത് നീലകണ്ഠനാകുന്നു. ഒടുവിൽ അമൃതകുംഭം പൊന്തി വരുന്നു. മോഹിനീ രൂപം അമൃതകുംഭത്തെ കൈക്കലാക്കി അസുരന്മാരെ കബളിപ്പിച്ച് ദേവന്മാർക്ക് നൽകുന്നു. അങ്ങനെ ദേവൻമാർ അമരൻമാരായി തീരുന്നു
ഇതാണ് പാലാഴിമഥനം കഥയുടെ സംഗ്രഹം.
ഈ കഥയെ കേവലമൊരു പുരാണ കഥ എന്നതിലുപരി മറ്റു പല തലങ്ങളിലൂടെ വീക്ഷിക്കാം. ഈ കഥയെ യോഗശാസ്ത്രവുമായി ബന്ധപ്പെടുത്തി വിചിന്തനം ചെയ്താൽ, പാലാഴിയെന്നത് മനുഷ്യ മനസാണ് / ബോധമാണ് / നമ്മുടെ അസ്തിത്വത്തിൻ്റെ പ്രതീകമാണ്. മനസ്സിൽ സദ് ഗുണങ്ങളാകുന്ന ദേവന്മാരും, ദുർഗുണങ്ങളാകുന്ന അസുരന്മാരും വസിക്കുന്നു. മന്ഥര പർവ്വതത്തെ മനുഷ്യ ശരീരത്തിലെ നട്ടെല്ലിനോട് ഉപമിച്ചാൽ വാസുകിയാകുന്ന കയർ അതിലെ സുക്ഷ്മ്നാ നാഡിയാണ്. മഥനം സാധനയാണ്. അമൃതം മോക്ഷമാണ്
അതായത് മനുഷ്യ ശരീരമാകുന്ന കടകോലിനെ ( മന്ഥര പർവതം: മനുഷ്യ ശരീരത്തിലെ സുഷുമ്നയുടെ ഇരിപ്പിടമായ നട്ടെല്ല് ) വാസുകിയാകുന്ന പാമ്പിനെ ( നട്ടെല്ലിലെ ഇഡാ- പിംഗലാ - സുഷ്മ്നാ നാഡികളാകുന്ന പാമ്പിനെ: വാസുകി ) കൊണ്ട് ചുറ്റി വരിഞ്ഞ് മഥനം ('പാലാഴി' യെന്ന നമ്മുടെ ബോധതലത്തിൽ ആത്മ സാധന എന്ന മഥനം ) ചെയ്യുമ്പോൾ ഒടുവിൽ അമൃത കുഭം ( നിത്യജീവൻ / മോക്ഷം / ജ്ഞാനം ) ലഭിക്കുന്നു എന്ന് ചുരുക്കം.
ശരീര - മനോ - ബൗദ്ധിക - ആത്മീയ തലങ്ങളുടെ സംയോജിത രൂപമാണ് ഓരോ മനുഷ്യനുമെന്ന് യോഗശാസ്ത്രം പറയുന്നു. മനുഷ്യജീവിതത്തിൻ്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാണ്. മോക്ഷം നേടാൻ ആത്മ സാധന ചെയ്യണം. പൂർവ്വജന്മ കർമ്മങ്ങളാൽ ബന്ധിതനായി ഈ ഭൂമിയിൽ പിറക്കുന്ന ഓരോ മനുഷ്യൻ്റെയും മനസിൽ വാസനകളുണ്ട്. ഗുണ ദോഷങ്ങളാകുന്ന / നന്മതിന്മകളാകുന്ന/ ശരിതെറ്റുകളാകുന്ന ഈ വാസനകൾ അവൻ്റെ ജീവിതത്തിൻ്റെ ജയ പരാജയങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഗുരു കടാക്ഷത്താൽ അമൃതത്തെ കടഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സാധനയാകുന്ന കടകോൽ അവന് ലഭിക്കുന്നു. സാധന ചെയ്യുമ്പോൾ പാലാഴി യാകുന്ന മനസിൽ / ബോധത്തിൽ നല്ലതും, ചീത്തയുമായ തൻ്റെ പൂർവ്വജന്മവാസനകൾ പൊന്തി വരുന്നു.
പാലാഴി കടഞ്ഞു കൊണ്ടിരുന്നപ്പോൾ ഐരാവതം, ഉചൈശ്രവസ്, കൽപ്പവൃക്ഷം, അപ്സരസുകൾ, ചന്ദ്രകല, കൗസ്തുഭം, മഹാലക്ഷ്മി തുടങ്ങിയ വിശിഷ്ട വസ്തുക്കൾ പൊന്തി വന്നു. എന്നതുപോലെ നാം സാധനയുടെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ സ്നേഹം, ആനന്ദം, ഈശ്വരീയ അനുഭൂതികൾ , ദർശനങ്ങൾ എന്നിങ്ങനെയുള്ള അസുലഭ കാര്യങ്ങൾ / ഗുണങ്ങൾ നമ്മിൽ പ്രകടമാകും.
ചില അവസരങ്ങളിൽ നമ്മുടെ പൂർവ്വജന്മ കർമ്മളുടെ സ്വാധീനത്താൽ സാധനാ വേളയിൽ നമ്മുടെ ആന്തരീകതയിൽ കുടികൊള്ളുന്ന ചില -ve സംഗതികൾ / വാസനകൾ പുറത്തു ചാടാം. പാലാഴി കടഞ്ഞപ്പോൾ വിശിഷ്ട വസ്തുക്കൾക്ക് പുറമേ മദ്യ കുംഭവും, ജ്യേഷ്ഠയും ആവിർഭവിച്ചതു പോലെ സാധനാ വേളയിൽ ചിലപ്പോൾ നമ്മിലെ -ve ശക്തികളും പുറത്ത് വരാം. പാലാഴി മഥനത്തിനിടെ കാളകൂടവിഷം പുറത്തു വന്നു. പരമശിവൻ അതിനെ സ്വീകരിച്ച് ലോകത്തെ രക്ഷിച്ചു. സാധനാ സമയങ്ങളിലുണ്ടാകുന്ന ' കാളകൂട ' സമാനമായ പ്രതിസന്ധികളിലും, അപകടങ്ങളിലും, മായാബന്ധനത്തിലും നിന്ന് ഗുരു കടാക്ഷമാകുന്ന ആ പരമേശ്വര ശക്തി നമ്മെ സംരക്ഷിക്കും.
അമൃത കുഭം അസുരന്മാർക്ക് നഷ്ടപ്പെടാൻ കാരണം അവരുടെ അശ്രദ്ധയും, മോഹിനിയുടെ മോഹന രൂപത്തിൽ ഭ്രമിച്ചു പോയതുമാണ്. എന്നതുപോലെ മോക്ഷം ലഭിക്കുന്നതു വരെ സാധനാ മേഖലയിൽ പല തരത്തിലുള്ള പ്രലോഭനങ്ങളും, പ്രകോപനങ്ങളും, കാമിനീ - കാഞ്ചനകളും കടന്നു വരാം. അവയിൽ ഭ്രമിച്ചു പോയാൽ മോക്ഷമാകുന്ന അമൃതകുംഭം നമ്മിൽ നിന്ന് നഷ്ടപ്പെടാം.
ചുരുക്കത്തിൽ പാലാഴിമഥനം കഥയിലെ ഓരോ സന്ദർഭങ്ങളേയും വ്യത്യസ്ഥമായ തലങ്ങളിൽ നിന്ന് നമുക്ക് നോക്കി കണ്ട് വിശദീകരിക്കാം. യോഗശാസ്ത്രത്തിൻ്റെ സമീപനരീതിയിലുള്ള ഒരു ലഘു വിവരണമാണ് മുകളിൽ കൊടുത്തിരിക്കുന്നത്.
നന്ദി🙏
എ.വി.കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ: 8078388409
🙏🙏🙏
ReplyDelete