പഞ്ചമഹായജ്ഞങ്ങൾ
പഞ്ച മഹായജ്ഞങ്ങൾ എന്ത്
.........................🙏.....................
യജ്ഞം എന്ന വാക്കിന് അനുഷ്ഠാനം, സമർപ്പണം, അർപ്പണം, പ്രവർത്തനം, കർമ്മം, കടമ എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. ഒരു മനുഷ്യൻ അവൻ്റെ ജീവിതത്തിൽ തീർച്ചയായും ചെയ്തിരിക്കേണ്ട അഞ്ച് മഹത്തായ കടമകളെ പഞ്ച മഹായജ്ഞങ്ങൾ എന്നു വിളിക്കുന്നു.
1. ഈശ്വര യജ്ഞം:
പരമേശ്വരനോട് ചെയ്യേണ്ട കടമ. തനിക്ക് ഈ ദിവ്യമായ ജന്മം നൽകിയ ജഗദീശ്വരനോട് നന്ദി, സ്നേഹം, എന്നിവ സ്വന്തം കർമ്മങ്ങളിലൂടെ പ്രകടിപ്പിക്കുക (ഈശ്വരപ്രണിധാനം). ഈശ്വരീയ സാധനകൾ അനുഷ്ഠിച്ച് മാനവ ബോധത്തിൽ നിന്ന് ഈശ്വരീയ ബോധത്തിലേയ്ക്ക് സ്വയം ഉയരുക ( മുമുക്ഷുത്വം ) അതിനായി ആത്മ സാധനകൾ ചെയ്യുക.
2. ഋഷി യജ്ഞം
ഗുരുപരമ്പകൾ പകർന്നു തരുന്ന ജ്ഞാന- വിജ്ഞാനങ്ങളെ ശരിയായി പഠിക്കുക - അനുഷ്ഠിക്കുക - പ്രചരിപ്പിക്കുക - സംരക്ഷിക്കുക. ധർമ്മാനുഷ്ഠാനം ശരിയായി ചെയ്യുക.
3. പിതൃ യജ്ഞം
മാതാവ് - പിതാവ് വഴിയുള്ള തൻ്റെ വംശപിതൃക്കളോടുള്ള കടമ നിറവേറ്റലാണ് പിതൃ യജ്ഞം. സ്വന്തം കുടുംബത്തോടും, പൂർവ്വികർ നൽകിയ ഭൗതീക - ആത്മീയ പാരമ്പര്യത്തെയും അതിൻ്റേതായ രീതിയിൽ സംരക്ഷിക്കുക, സ്വന്തം വംശത്തിൻ്റെ നിലനിൽപ്പിനായി ഗൃഹസ്ഥധർമ്മം ശരിയായി പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടും. പിതൃക്കളുടെ ആത്മശാന്തിക്കായി ദിവസവും ആത്മ സാധനകൾക്ക് ശേഷം പ്രാർത്ഥിക്കുക എന്നത് പിതൃ യജ്ഞത്തിലെ സുപ്രധാനമായ ഭാഗമാണ്.
4. നരയജ്ഞം
താൻ ഉൾപ്പെടുന്ന മാനവലോകത്തിൻ്റെ ശ്രേയസിനും, പ്രേയസിനുമായി പ്രവർത്തിക്കുക. കുടുംബം - സമൂഹം - രാഷ്ട്രം - ലോകം എന്നിവയ്ക്ക് നന്മ വരുത്തുന്ന കർമ്മങ്ങൾ ചെയ്യുക. അശരണരെ, രോഗികളെ, ദരിദ്രരെ തൻ്റെ തന - മന - ധനാദികൾ കൊണ്ട് സഹായിക്കുക എന്നത് നരഋണ മോചനത്തിനായി എല്ലാവരും അവശ്യം ചെയ്യേണ്ട കർത്തവ്യമാണ്.
5. ഭൂത യജ്ഞം
ഭൂതം എന്ന വാക്കിന് ഇവിടെ ' ഭൂമിയിലെ സർവ്വ ചരാചരങ്ങളും ' എന്നർത്ഥമാണ് ഉള്ളത്. സൂക്ഷ്മാണു മുതൽ ഈ ബൃഹത്തായ പ്രപഞ്ചത്തിലെ സകല ജീവജാലങ്ങൾക്കും നല്ലത് വരാൻ വേണ്ടിയുള്ള ചിന്ത - വാക്ക് - പ്രവൃത്തി എന്നിവ ജീവിതത്തിലുടനീളം പുലർത്തുക എന്നതാണ് ഭൂത യജ്ഞം.
ഈ പഞ്ചമഹായജ്ഞങ്ങൾ ശരിയായി ജീവിതത്തിൽ പുലർത്തിയാലാണ് ഒരുവന് ഭൗതീകവും ആത്മീയവുമായ സമഗ്ര പുരോഗതി ഉണ്ടാകുകയെന്ന് യോഗിമാർ പറയുന്നു.
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
📞8078388409
Comments
Post a Comment