സുഖമായി ഉറങ്ങാൻ : യോഗ
സുഖമായി ഉറങ്ങാൻ : യോഗ
( യോഗ: സമ്പൂർണ ആരോഗ്യത്തിൻ്റെ സൂത്രവാക്യം - ഭാഗം 2)
....................................................
'നന്നായി ഉറങ്ങുക ' എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. 24 മണിക്കൂറിൽ കുറഞ്ഞത് 6-8 മണിക്കൂർ വരെ ഒരാൾ ഉറങ്ങേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഉറക്കം ശരിയായില്ലെങ്കിൽ ആ ദിവസം മുഴുവൻ ക്ഷീണവും, അലസതയും നമ്മെ അലട്ടിക്കൊണ്ടിരിക്കും. നിരന്തരമായി പ്രവർത്തിക്കുന്ന നമ്മുടെ ശരീരം ശാന്താവസ്ഥയെ പ്രാപിക്കുന്നത് രാത്രിയിലെ നിദ്രാ സമയത്താണ്. നമ്മുടെ ബാഹ്യ- ആന്തരീക അവയവങ്ങളും, നാഡീ സംവിധാനങ്ങളും, മനസും, തലച്ചോറും വിശ്രമാവസ്ഥ പ്രാപിക്കുന്നത് ഉറക്കത്തിലാണ്. 6-8 മണിക്കൂർ ശരീരത്തെ നിശ്ചലാവസ്ഥയിലാക്കി, മനസിൻ്റെ വ്യാപാരങ്ങളെ അടക്കിയുള്ള നിദ്രയെ ഒരു ' അബോധ ധ്യാനമെന്ന് ' വിശേഷിപ്പിക്കാം.
ആധുനീക കാലത്ത് പല മനുഷ്യരും നേരിടുന്ന ഒരു പ്രശ്നമാണ് 'ഉറക്കക്കുറവ് ' അല്ലെങ്കിൽ 'നിദ്രാ ഭംഗം.' അമിതമായ ടെൻഷൻ, മാനസിക സംഘർഷങ്ങൾ, ശാരീരികമായ രോഗാവസ്ഥകൾ, ചില മരുന്നുകൾ ഉണ്ടാക്കുന്ന സൈഡ് എഫക്ടുകൾ, ലഹരിമരുന്നുകളുടെയും മറ്റും ഉപയോഗം, ജീവിത ശൈലിയിലുണ്ടാകുന്ന താളപ്പിഴകൾ എന്നിങ്ങനെ പല ഘടകങ്ങൾ ഉറക്കക്കുറവിന് കാരണമാകാറുണ്ട്.
നമ്മെ ഉറക്കത്തിലേയ്ക്ക് നയിക്കുന്നത് പ്രധാനമായും തലച്ചോറാണ്.
ഉറക്കത്തിൽ നടക്കുന്ന സജീവ പ്രവർത്തനങ്ങൾ മസ്‌തിഷ്‌ക തണ്ടിലും 'ഡയൽ കെ ഫലോൺ' എന്ന ഭാഗത്തുള്ള സിരാതന്തുക്കളിലുമാണ് കേന്ദ്രികരിച്ചിരിക്കുന്നത്. മരുന്നുകളുടേയും, അമിതമായ ഉത്കണ്ഠയുടേയും മറ്റും ഫലമായി ഈ ഭാഗങ്ങളിലുണ്ടാകുന്ന വിപരീത വ്യതിയാനങ്ങളാണ് ഉറക്കക്കുറവിന് കാരണമാകുന്നത്.
യോഗയിൽ ഉറക്കക്കുറവ് പരിഹരിക്കാനുള്ള നിരവധി പരിശീലനങ്ങളുണ്ട്. ശ്വസന ക്രിയകൾ, പ്രാണായാമങ്ങൾ, ധ്യാന വിദ്യകൾ, മുദ്രകൾ, ശവാസനം, നിദ്രാ ജാഗരണം, ഏക ഷഷ്ഠി ബിന്ദു ക്രിയ, ശീതളീകരണം, ന്യാസ ധ്യാന വിദ്യ തുടങ്ങിയിട്ടുള്ള പരിശീലനങ്ങൾ നിദ്രാ ഭംഗത്തിനുള്ള പരിഹാരമാർഗങ്ങളാണ്. നിത്യേനയുള്ള യോഗ പരിശീലനം സുഖസുഷ്പിതി നേടിത്തരുന്നു.
നമ്മുടെ ഉള്ളിൽ സുഖസുഷുപ്തിയുടെ തരംഗങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. തലച്ചോറിലെ വിവിധ നാഡീ സംവിധാനങ്ങളും, പിറ്യൂട്ടറി ഗ്രന്ഥിയും ചേർന്ന് ഉൽപ്പാദിപ്പിക്കുന്ന എൻഡോർഫിൻസ് സുഖനിദ്രയെ പ്രദാനം ചെയ്യുന്ന ഹോർമോൺ ആണ്. അതു കൂടാതെ ഡോപാമിൻ, സെറോട്ടോണിൽ, ഗ്ലൂട്ടമേറ്റ്, ഗാബ തുടങ്ങിയ ന്യൂറോ ട്രാൻമിറ്ററുകളും മറ്റും ശരീര സൗഖ്യവസ്ഥയ്ക്ക് കാരണമാകുന്ന ഹോർമോൺ സംവിധാനങ്ങളാണ്. നന്നായി ഉറങ്ങുമ്പോൾ ഈ ഹോർമോൺ സംവിധാനങ്ങൾ സമതുലിതമായി ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുകയും അത് ശാരീരിക ക്ഷീണം, അസ്വസ്ഥതകൾ, വേദനകൾ എന്നിവയെയും, ഭയം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്നങ്ങളെയും ദൂരീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ശരിയായ നിദ്ര വഴി മസ്തിഷ്ക കോശങ്ങൾ ഉൽപാദിപ്പിക്കുന്ന ബി.ഡി.എൻ.എഫ് ( Brain Derived Neurotrophic Factor) ഓർമ്മ ശക്തിയും, ബുദ്ധിശക്തിയും വികസിപ്പിക്കുന്നു.
യോഗ ചെയ്യുമ്പോൾ കൂടുതൽ പ്രാണവായുവും, രക്തപ്രസാദവും തലച്ചോറിൽ ഉണ്ടാകുന്നു. പുതിയ മസ്തിഷ്ക കോശങ്ങളെ സൃഷ്ടിക്കുവാനും, പ്രവർത്തന ക്ഷമത കുറഞ്ഞ തലച്ചോറിൻ്റെ ഭാഗങ്ങളെ പ്രവർത്തന നിരതമാക്കാനും യോഗ പരിശീലനങ്ങൾക്കാവും. തലച്ചോറിലെ 'ഹിപ്പോകാമ്പസ് ' കോശങ്ങളെ സമൃദ്ധമാക്കി ഗ്രഹണ ശേഷിയും, ഓർമ്മ ശക്തിയും കൂട്ടാനും അൽഷിമേഷ്സ്, പാർക്കിസൻസ്, സ്ട്രോക്ക്, പ്രായാധിക്യത്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയെ ലഘൂകരിക്കാനും യോഗയിലെ പ്രാണായാമം, ധ്യാനം എന്നിവ കൊണ്ട് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
യോഗ ചെയ്താൽ ഉറക്കത്തിൻ്റെ സമയം കുറയ്ക്കാം. ഉറക്കത്തിൽ സംഭവിക്കുന്ന സുഷുപ്തി ഘട്ടത്തിൻ്റെ ആഴമാണ് ഉറക്കത്തിന് ശേഷം നമ്മിൽ സംഭവിക്കുന്ന ഊർജ്ജസ്വലതയുടേയും, സന്തോഷത്തിൻ്റെയും കാരണം. ഉറക്കം 'അബോധപൂർവ്വമായ ധ്യാന'മെങ്കിൽ യോഗയിൽ നാം ബോധപൂർവ്വം ചെയ്യുന്ന പ്രണായാമാദി ധ്യാന പരിശീലനങ്ങളാൽ മസ്തിഷ്കത്തിന് പൂർണമായ വിശ്രമം നൽകാനും, അതിൻ്റെ ശേഷി വർദ്ധിപ്പിക്കാനും സാധിക്കും. ചുരുക്കത്തിൽ നാം നേരിടുന്ന നിദ്രാ പ്രശ്നങ്ങൾക്കും, ശാരീരിക- മാനസിക സംഘർഷങ്ങൾക്കും മറ്റും സമൂലമായ പരിഹാരം യോഗ പരിശീലനങ്ങളാൽ സാധിതമാകുമെന്ന് മനസിലാക്കാം.
തുടരും...
യോഗാചാര്യ എ.വി.കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
വാട്സ്ആപ്പ്: 8078388409
Comments
Post a Comment