യോഗ: സമ്പൂർണ്ണ ആരോഗ്യത്തിൻ്റെ സൂത്രവാക്യം
*യോഗ : സമ്പൂർണ്ണ ആരോഗ്യത്തിൻ്റെ സൂത്രവാക്യം* (ഭാഗം: 1)
.............................
'' ഹിതാഹാരോ മിതായാസോ, ഭൂഗതാവശ്വനീസുതൗ ''
( ഹിതമായ ആഹാരവും, മിതമായ ആയാസവും ( വ്യായാമവും ) ഭൂമിയിൽ പിറന്ന അശ്വനീ ദേവന്മാരെ പോലെ നമ്മെ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കുന്നു) ആയുർവ്വേദത്തിലെ ആരോഗ്യത്തെക്കുറിക്കുന്ന ഒരു ശ്ലോകമാണ് മേൽ ഉദ്ധരിച്ചത്. സമ്പൂർണ ആരോഗ്യത്തിന് സാത്വിക ഭക്ഷണത്തോടൊപ്പം ശരിയായ വ്യായാമവും അനിവാര്യമാണെന്ന് ആയുർവ്വേദം നമ്മെ പഠിപ്പിക്കുന്നു.
ആരോഗ്യം നേടാൻ ' നല്ല ആഹാരം ശരിയായി ഭക്ഷിച്ച്, അത് പൂർണമായി ദഹിക്കാൻ കൃത്യമായ വ്യായാമം ഊർജ്ജസ്വലമായി ചെയ്യുകയാണ് വേണ്ടതെന്ന് ' ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. അതായത് ആഹാരത്തോടൊപ്പം ശാസ്ത്രീയമായ വ്യായാമരീതി അവലംബിക്കേണ്ടത് പൂർണ ആരോഗ്യത്തിന് അനിവാര്യമാണ്. നമ്മുടെ തെറ്റായ ജീവിത ശൈലികളും, അമിതാഹാരവും, വ്യായാമരാഹിത്യവും നമ്മെ നിത്യരോഗികളാക്കി മാറ്റുന്നു.
മനുഷ്യനെ മരണത്തിലേയ്ക്ക് നയിക്കുന്ന പത്ത് സുപ്രധാന അപകട ഘടകങ്ങളിൽ വ്യായാമരാഹിത്യം മുൻപന്തിയിൽ നിൽക്കുന്നു...! ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഭൂമുഖത്തെ 60% ലധികം പേർക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. ദിവസവും അരമണിക്കൂർ സമയമെങ്കിലും യോഗ പോലുള്ള ശാസ്ത്രീയ വ്യായാമങ്ങൾ ചെയ്താൽ അത് ആരോഗ്യത്തിന് മുതൽ കൂട്ടായി മാറും. അതല്ലായെങ്കിൽ ഒരാൾ ആഴ്ചയിൽ കുറഞ്ഞത് രണ്ടര മണിക്കൂർ സമയമെങ്കിലും വ്യായാമത്തിനായി മാറ്റി വയ്ക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
യോഗയുടെ കാഴ്ചപ്പാടിൽ ശരിയായ ആഹാരം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ശ്വസനം, ശരിയായ വിശ്രമം, ശരിയായ പ്രകൃതി ബന്ധം, ശരിയായ ഋതു ചര്യ എന്നിവ പൂർണ ആരോഗ്യത്തിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ്. അതിൽ വ്യായാമത്തിന് വലിയൊരു സ്ഥാനമുണ്ട്. യോഗ ഒരു മോക്ഷ ശാസ്ത്രം എന്നതുപോലെ തന്നെ ശാസ്ത്രീയമായ ഒരു മികച്ച വ്യായാമ പദ്ധതി കൂടിയാണ്. ഒരു മനുഷ്യൻ്റെ ശാരീരിക - മാനസിക - ബൗദ്ധിക - ആത്മീയ തലങ്ങളുടെ സമ്പൂർണ വികാസമാണ് യോഗാനുഷ്ഠാനം ലക്ഷ്യമിടുന്നത്. അതിനുള്ള മാർഗങ്ങളാണ് യോഗയിലെ യോഗ വ്യായാമങ്ങൾ, യോഗാസനങ്ങൾ, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, പ്രാണായാമ - മന്ത്ര - ധ്യാന പരിശീലനങ്ങൾ, ആത്മ സാധനാ വിദ്യകൾ എന്നിവ.
കൃത്യവും, ശാസ്ത്രീയവുമായ യോഗ പരിശീലനങ്ങൾ എപ്രകാരമാണ് നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നതെന്ന് നമുക്ക് നോക്കാം.
#മസിലുകൾ
മനുഷ്യ ശരീരത്തിലെ പേശികളുടെ സുഗമവും, ആരോഗ്യ പൂർണവുമായ പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമായ ഘടകങ്ങളാണ് ഗ്ലൂക്കോസും, അഡെനോസിൽ ട്രൈഫോസ്ഫേറ്റും (A. T. P. ). എ.ടി.പി.യുടെ ശരിയായ ഉൽപാദനത്തിന് പ്രാണവായു പ്രധാന ഘടകമാണ്.
യോഗയിലെ സൂര്യനമസ്ക്കാരം, ഗത്യാത്മക യോഗാസനങ്ങൾ, കപാലഭാതി- സക്രിയ - ഭസ്ത്രിക പോലുള്ള പ്രാണായാമങ്ങൾ എന്നിവ ചെയ്യുന്നതിലൂടെ ശ്വാസകോശങ്ങൾ ആയാസമില്ലാതെ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുകയും അത് ഹൃദയത്തിൻ്റെ പമ്പിങ്ങിനെ കൂട്ടുകയും അതിലൂടെ അധിക രക്തവും, പ്രാണവായുവും പേശികളിൽ എത്തിച്ചേരുകയും അതുവഴി ശരീരത്തിലെ മസിലുകൾ ആരോഗ്യ പൂർണമാകുകയും ചെയ്യുന്നു.
#ശ്വാസകോശവും, #ഹൃദയവും
യോഗ പരിശീലനങ്ങൾ ശ്വാസകോശത്തിൻ്റെയും, ഹൃദയത്തിൻ്റെയും പ്രവർത്തനക്ഷമതയെ വർദ്ധിപ്പിക്കുന്നു. യോഗയിലെ പ്രണായാമ പരിശീലനത്തിലെ താളാത്മകവും, ആഴത്തിലുള്ളതും, ബോധ പൂർണവുമായ ശ്വസനം ശ്വാസകോശത്തിൻ്റെ മുഴുവൻ വായു അറകളിലേയ്ക്കും സമൃദ്ധമായ ഓക്സിജൻ സഞ്ചാരം ഉറപ്പു വരുത്തുന്നു. അറിഞ്ഞ് ആഴത്തിൽ ഉച്ഛ്വസിക്കുന്നതിലൂടെ ശരീരത്തിനുള്ളിലെ ടോക്സിനുകളെ വായുവിലൂടെ പുറത്തേക്ക് കളഞ്ഞ് ശരീരശുദ്ധീകരണം വേഗത്തിലാക്കുന്നു. യോഗാസന പരിശീലനങ്ങളിലൂടെ ക്രമാനുഗതമായ വ്യായാമം ശരീരത്തിന് ലഭിക്കുന്നു. നന്നായി വ്യായാമം ചെയ്യുമ്പോൾ സാധാരണയുള്ള വിശ്രമാവസ്ഥയേക്കാൾ 15 മടങ്ങ് പ്രാണവായു മസിലുകൾക്ക് ആവശ്യമായി വരുന്നത് കൊണ്ട് ശ്വാസഗതി വർദ്ധിക്കുകയും കൂടുതൽ ഓക്സിജൻ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു.
ഹൃദയമിടിപ്പിൻ്റെ വേഗത ഒരാളുടെ ബോഡി ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട് കിടക്കുന്നു. സാധാരണയായി വ്യായാമം കൂടുതൽ ചെയ്യുമ്പോൾ ശരീരത്തിലുള്ള മസിലുകളുടെ പ്രവർത്തനം കൂടുന്നു. അവിടേയ്ക്ക് കൂടുതൽ രക്തമെത്തിക്കാൻ ഹൃദയം അതിൻ്റെ സങ്കോചവികാസ പ്രക്രിയ വർദ്ധിപ്പിക്കുന്നു. ഹൃദയം കൂടുതൽ വേഗത്തിൽ മിടിക്കുന്നു.
യോഗ പരിശീലിക്കുമ്പോൾ അധികമായ ആയാസം കൂടാതെ രക്തചക്രമണവ്യവസ്ഥയെ വർദ്ധിപ്പിക്കാൻ ഹൃദയത്തിന് കഴിയുന്നു. ശ്വസനവും, ശരീരചലനവും മനസിൻ്റെ ഏകാഗ്ര ഭാവവും ഒന്നു ചേർത്ത് ചെയ്യുന്ന യോഗ ഹൃദയ പ്രവർത്തനത്തെ കാര്യക്ഷമമാക്കി, അധികം ആയാസമില്ലാതെ ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നു. അത് നമ്മുടെ ഫിറ്റ്നസ് കൂടുന്നു.
കൂടുതൽ കായിക അധ്വാനം ചെയ്യുമ്പോഴും ഹൃദയമിടിപ്പും, പൾസ് റേറ്റും കുറഞ്ഞിരിക്കുന്ന യവസ്ഥയാണ് ഒരാളുടെ #ബോഡിഫിറ്റ്നസ്.
യോഗ ഒരുവൻ്റെ ഹൃദയത്തിൻ്റെയും ശ്വാസകോശങ്ങളുടേയും, ധമനികളുടെയും പ്രവർത്തനശേഷി ( Cardiovascular Capacity) വർദ്ധിപ്പിക്കുന്നു. ശരീര പേശികൾ ദീർഘസമയം തളർച്ച കൂടാതെ പ്രവർത്തിപ്പിക്കാനുള്ള ബലം (Stamina ) കൂട്ടുന്നു. കൂടാതെ ശരീരത്തിന് കൂടുതൽ അയവും, വഴക്കവും നൽകുന്നു. നല്ല ആകാരഭംഗി ഉളവാക്കുന്നു.
ശ്വാസകോശത്തെയും, ഹൃദയത്തെയും സുശക്തമാക്കാനും, ആയാസരഹിതമായി അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും അതിലൂടെ നല്ല ആരോഗ്യം നേടിയെടുക്കാനും യോഗ നമ്മെ പ്രാപ്തരാക്കുന്നു.
( തുടരും ... )
🙏
യോഗാചാര്യ എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ : 8078388409
Join Yogopasana WhatsApp - Link:-
https://chat.whatsapp.com/DadTYv5yrD3GW95znSmJBN
Comments
Post a Comment