യോഗയും ബോഡിഫിറ്റ്നസും
യോഗ: ' ബോഡി ഫിറ്റ്നസി' നുള്ള ശാസ്ത്രീയ വ്യായാമ മാർഗം
(യോഗ: സമ്പൂർണ ആരോഗ്യത്തിൻ്റെ സൂത്രവാക്യം - ഭാഗം 4 )
............................
'' ലാഘവം കർമ്മ സാമർത്ഥ്യം,ദീപ് തോഗ്നിർ മേദസ: ക്ഷയ:, വിഭക്തഘനഗാത്രത്വം വ്യായാമാദുപജായതേ ''
(അർത്ഥം:- ശരീരത്തിന് ലാഘവം, ദേഹാദ്ധ്വാനത്തിനുള്ള ക്ഷമത, ദഹനശക്തി എന്നിവയെ പ്രദാനം ചെയ്യുന്ന ശരീര വ്യായാമം കൊഴുപ്പു കുറയ്ക്കുവാനും ശരീരാവയവങ്ങളെ ശക്തവും സുദൃഡമാക്കുവാനും സഹായിക്കുന്നു)
[ അഷ്ടാംഗഹൃദയം 2/10 ]
ബാഹ്യ ആന്തരീക അവയവങ്ങളെയും, നാഡീ സംവിധാനങ്ങളെയും മനസിനേയും ഒരേ പോലെ ഊർജ്ജവത്താക്കാനും,ആരോഗ്യദൃഡമാക്കാനും സഹായിക്കുന്ന പരിശീലനങ്ങളെയാണ് ശാസ്ത്രീയ വ്യായാമങ്ങൾ എന്ന് വിളിക്കുന്നത്. ആരോഗ്യം നേടണമെങ്കിൽ ശരിയായ ഭക്ഷണ ശീലത്തോടൊപ്പം ശാസ്ത്രീയമായ വ്യായാമ രീതികളും പിന്തുടരേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരു വ്യായാമം പൂർണഫലസിദ്ധമാകണമെങ്കിൽ നിത്യവും അഭ്യസിക്കണം. ഭാരതീയ പാരമ്പര്യത്തിൽ നിത്യാനുഷ്ഠാന ക്രമങ്ങളിൽ യോഗയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. യോഗ തികച്ചും ശാസ്ത്രീയമായ ഒരു വ്യായാമസമ്പ്രദായമാണ്. യോഗയുടെ കാഴ്ച്ചപ്പാടിൽ ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നീ നാല് ഘടകങ്ങളുടെ സംയോജിത രൂപമാണ് മനുഷ്യൻ. ഇവ ശാന്തവും, സ്വസ്ഥവും,പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുമ്പോഴാണ് ഒരുവന് സമ്പൂർണ ആരോഗ്യം സിദ്ധമാകുന്നതെന്ന് യോഗ വീക്ഷിക്കുന്നു. ഷട് ക്രിയകൾ, യോഗ വ്യായാമങ്ങൾ, യോഗാസനങ്ങൾ, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, പ്രാണായാമം, ജപം, ധ്യാനം, സൂഷ്മയോഗാ വിദ്യകൾ എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള യോഗ പരിശീലനങ്ങളിലൂടെ സമ്പൂർണ ആരോഗ്യം ആർക്കും നേടാനാവും.
*യോഗാസനങ്ങളും ശരീര പേശികളും*
മനുഷ്യ ശരീരം ഒരത്ഭുത യന്ത്രമാണ്. കോടാനുകോടി ജൈവ രാസ പ്രവർത്തനങ്ങളാണ് അനുനിമിഷം നമ്മുടെ ശരീരത്തിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്നത്. 'ഇതെൻ്റെ ശരീരമാണെന്ന് ' പറയുമ്പോഴും ഈ പ്രവർത്തനങ്ങളിൽ ഏറിയ പങ്കും നമ്മുടെ ബോധപൂർവ്വമായ നിയന്ത്രണത്തിലോ, ഇച്ഛയിലോ അല്ല നടക്കുന്നതെന്നതാണ് മറ്റൊരാശ്ചര്യം. യോഗയുടെ വീക്ഷണത്തിൽ ശരീര മനോ തലങ്ങളിലെല്ലാം നടക്കുന്ന ഈ സ്ഥൂല - സൂക്ഷ്മ കർമ്മങ്ങൾ ' പ്രാണൻ ' എന്ന ദൈവീക ശക്തിയുടെ സഹായത്താലാണ് നിർവഹിക്കപ്പെടുന്നതെന്നാണ്. ആ പ്രാണനെ അറിയാനും, നിയന്ത്രിക്കാനും, ഇച്ഛാനുസൃതമാക്കാനും യോഗ പരിശീലനങ്ങൾ ഒരുവനെ പ്രാപ്തനാക്കുന്നു.
നമ്മുടെ ശരീരം തുടർച്ചയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് പേശികളുടെ സഹായത്താലാണ്. ശരീരത്തിന് കൃത്യമായ രൂപഘടന ഉണ്ടാക്കുന്നത് പേശികളാണ്. വിവിധ ശരീര ഭാഗങ്ങളിലെ പേശികളുടെ വികാസവും ദൃഡതയും സന്തുലിതമാകുമ്പോൾ സൗന്ദര്യവും, ആകാരവടിവുമുള്ള ഒരു ശരീരം നമുക്ക് ലഭിക്കുന്നു. പേശീ വ്യൂഹങ്ങളുടെ ഒന്നുച്ചേർന്നുള്ള സങ്കോച വികാസ പ്രക്രിയയിലൂടെയാണ് മനുഷ്യ ശരീരത്തിലെ എല്ലാ ചലനങ്ങളും നടക്കുന്നത്. ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള പേശീ സമൂഹങ്ങൾ പ്രവർത്തിക്കുന്നു.
1. അസ്ഥികൂട പേശികൾ ( Skeletal Muscles )
സംസാരിക്കുക, നടക്കുക, ഓടുക, എഴുതുക എന്നിങ്ങനെ നാം ബോധപൂർവം അനുവർത്തിക്കുന്ന ശരീര പ്രക്രിയകൾ ഈ മസിലുകളുടെ സഹായത്താലാണ് നടത്തപ്പെടുന്നത്. നമ്മുടെ ആഗ്രഹങ്ങൾക്കനുസൃതമായി ഐശ്ചികമായി പ്രവർത്തിക്കുന്ന ഈ പേശീ വ്യൂഹങ്ങളെ ഐശ്ചിക പേശികൾ എന്ന് വിളിക്കുന്നു.
2. മൃദു പേശികൾ ( Smooth Muscles )
ഇവ അനൈശ്ചിക പേശികളാണ്. നമുക്ക് ഇവയെ പ്രത്യക്ഷത്തിൽ നിയന്ത്രിക്കാനാവില്ല. നാം കഴിക്കുന്ന ഭക്ഷണത്തിൻ്റെ ദഹനപ്രക്രിയയുടെ ഭാഗമായ ആമാശയത്തിൻ്റെ സങ്കോചവികാസങ്ങൾ ഇവയുടെ സഹായത്താലാണ് നടക്കുന്നത്. രക്തക്കുഴലുകളുടെ ഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്നതും, ധമനികളിലൂടെയുള്ള രക്തപര്യയന വ്യവസ്ഥയും ഈ മൃദു പേശികളുടെ സങ്കോചവികാസത്താൽ നിയന്ത്രിക്കപ്പെടുന്നു. ശരീരത്തിലെ സ്വാശ്രയ നാഡീവ്യൂഹമാണ് ( Autonomus Nerve System ) ഈ മൃദു പേശികളുടെ പ്രവർത്തനങ്ങളെ സംയോജിപ്പിക്കുന്നത്.
3. ഹൃദയ പേശികൾ ( Heart Muscles )
പേശികളിൽ സ്വയം ഉത്തേജിതമായി സങ്കോചവികാസ പ്രക്രിയ നടത്താൻ ക്ഷമതയുള്ളവയാണ് ഹൃദയപേശികൾ. ഹൃദയ ഭിത്തിയിലെ ഈ സവിശേഷ കോശങ്ങളിൽ നിന്ന് സ്വയം പുറപ്പെടുന്ന ഉത്തേജന തരംഗങ്ങൾ ഹൃദയപേശികളിൽ സ്വാധീനം ചെലുത്തുന്നത് കൊണ്ടാണ് ഹൃദയം രക്തത്തെ പമ്പ് ചെയ്യുന്നതും, ശരീരത്തിലാകമാനം രക്തം പ്രവഹിക്കുന്നതും. ഈ പ്രക്രിയ നമ്മുടെ ബോധപൂർവ്വമായ നിയന്ത്രണങ്ങൾക്ക് അപ്പുറമാണ്.
യോഗാസനങ്ങൾ പരിശീലിക്കുന്നതിലൂടെ ഈ മൂന്ന് പേശീ സംവിധാനങ്ങളും അവയുടെ പരിപൂർണതയിൽ പ്രവർത്തന സജ്ജമാകുന്നു. പേശികളുടെ ബലവും, ക്ഷമതയും, വഴക്കവും വർദ്ധിക്കുന്നു. Muscle Tensions, സ്റ്റിഫ്നസ് എന്നിവ ഇല്ലാതാകുന്നു. ബാഹ്യവും ആന്തരീകവുമായ പേശികളെല്ലാം ഉണർന്ന്, സമതയോടെ പ്രവർത്തനനിരതമാകുന്നു. പേശികളുടെ ആരോഗ്യപരമായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പ്രദാനം ചെയ്യുന്ന A. T. P ( അഡനോസിൽ ട്രൈഫോസ്ഫേറ്റ് ) രാസ തന്മാത്രകൾ യോഗ പരിശീലനങ്ങളിലൂടെ പേശികളിൽ സന്തുലിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പേശികളുടെ ഘടന വളരെ സൂഷ്മമായതാണ്. കട്ടി കുറഞ്ഞതും, കൂടിയതുമായ പ്രോട്ടീൻ ഫിലമെൻ്റുകളാൽ നിർമ്മിതമായ ' സാർക്കോമിയർ ' പ്രോട്ടീൻ ഫൈബറുകളും, 'മയോസിൻ, ആക്റ്റിൽ, ട്രോപോണിൻ , ട്രോപോമയോസിൻ' തുടങ്ങിയ മാംസ്യ ഫിലമെൻ്റുകളും ചേർന്ന് നിർമ്മിതമായ കലകളുമെല്ലാം ചേർന്നാണ് പേശികൾക്ക് ചലന ശക്തി പ്രദാനം ചെയ്യുന്നത്. 75% ജലം, 20% മാംസ്യ കണികൾ, 5 % ജൈവരാസ ഘടകങ്ങൾ എന്നിവ പേശികളിൽ കാണാം.
പേശികൾക്ക് പെട്ടെന്ന് സങ്കോചിക്കുവാൻ ആവശ്യമായ രാസോർജ്ജം നൽകുന്നത് എ.ടി.പി. ആണ്. ശരീര പേശികളിലെ മസിൽ ഫൈബറുകളിലാണ് ATP ഉൽപ്പാദനം നടക്കുന്നത്. അത് പ്രധാനമായും മൂന്ന് തരത്തിലാണ്.
A ) ശരീരത്തിലെ ക്രിയാറ്റിൻഫോസ്ഫേറ്റിൽ നിന്ന് നൂറ് ശതമാനം അളവിൽ വളരെ പെട്ടെന്ന് ATP ഉൽപാദിപ്പിക്കപ്പെടുന്നു
B) ഗ്ലെെക്കലൈസിൽ പ്രക്രിയ വഴി ഗ്ലൂക്കോസ് തന്മാത്രകളുടെ സഹായത്തോടെ മിതമായും, സാവധാനത്തിലും എ.ടി.പി. ഉൽപ്പാദിപ്പിക്കപ്പെടുന്നു
C) പ്രാണവായുവിൻ്റെ സഹായത്തോടെ കോശങ്ങൾ ATP നിർമ്മിക്കുന്നു.
സാധാരണ ഗതിയിൽ വളരെക്കുറച്ച് ATP മാത്രമേ മസിൽ ഫൈബറുകളിൽ ശേഖരിച്ച് വച്ചിട്ടുള്ളൂ. ശരീരത്തിൻ്റെ ആവശ്യാനുസരണം മേൽപ്പറഞ്ഞ പ്രക്രിയകളിലൂടെ ATP നിർമ്മാണം പേശികളിൽ നടന്നുകൊണ്ടിരിക്കും.
യോഗാസനങ്ങൾ, പ്രാണായാമങ്ങൾ, ധ്യാന പരിശീലനങ്ങൾ എന്നിവയിലൂടെ പേശികൾക്ക് ആവശ്യമായ അളവിലും, കൃത്യതയിലും ഉള്ള ATP നിർമ്മാണം ശരീരത്തിനുള്ളിൽ സൃഷ്ടിക്കുവാൻ കഴിയും. ഇതര വ്യായാമങ്ങളിൽ നിന്ന് വ്യത്യസ്ഥമായി യോഗാസനങ്ങൾ ചെയ്യുമ്പോൾ നമ്മുടെ ശരീരം, ശ്വാസം, മനസ്, പ്രാണൻ, ശ്രദ്ധ എന്നിവ ഏകീകൃതഭാവത്തോടെ ഒരുമിച്ച് ചേരുന്നു. ശരീരത്തെ ആയാസപ്പെടുത്താതെ സാവധാനത്തിലും, ശാന്തമാക്കും, ഏകാഗ്രതയോടുമുള്ള ശരീര ചലനം പേശികളുടെ കാര്യക്ഷമതയെ വർദ്ധിപ്പിക്കുന്നു. ന ശരീരത്തിലെ ബാഹ്യാന്തര അവയവങ്ങളിലും, നാഡീ ഹോർമോൺ സംവിധാന പ്രക്രിയകളിലും യോഗാസനങ്ങൾ സമൂലമായ പരിവർത്തനം സൃഷ്ടിക്കുന്നു.
*ശരീര പേശികളിൽ യോഗയുടെ സ്വാധീനം*
യോഗാസനങ്ങൾ വഴി ശരീരത്തിലെ കൈകൾ, കാലുകൾ, തോളുകൾ, നെഞ്ച്, ഉദരഭാഗം, പുറം ഭാഗം അരക്കെട്ട്, തുടകൾ, കണങ്കാൽ എന്നിവടങ്ങളിലെ പേശികൾക്ക് പൂർണമായ വ്യായാമം ലഭ്യമാകുന്നു.
തോളുകൾക്ക് ശക്തി നൽകുന്ന ഡെൽ റ്റോയിഡ് മസിലുകൾ, കൈക്ക് മുകളിൽ മുന്നിലുള്ള ബൈസെപ്സ്, പിറകിലെ ട്രൈ സെപ്സ് മസിലുകൾ എന്നിവ ബലവത്താക്കാൻ യോഗ സഹായിക്കുന്നു. കര വ്യായാമങ്ങൾ, സൂര്യനമസ്ക്കാരം, മയൂരാസനം, കാകാസനം, ഗോമു ഖാസനം, പാദഹസ്താസനം, ഹംസ മുദ്ര എന്നിവ കൈകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള യോഗ പരിശീലനങ്ങളാണ്.
മനുഷ്യ ശരീരത്തിൽ നെഞ്ചിൻ്റെ ഭാഗത്തുള്ള സുപ്രധാന മസിലുകളാണ് ' പെക്റ്റൊറൽസ് '. ഭുജംഗാസനം, ധനുരാസനം, പൂർവ്വോത്താസനം, നൗകാസനം എന്നീ യോഗാസനങ്ങൾ ഈ മസിലുകളെ ശക്തിപ്പെടുത്തുന്നു.
ശരീരത്തിലെ ഉദര പേശികൾ അറുകട്ടകളായി ( Six Pack ) ദൃഡമായി തടിച്ചു നിൽക്കുന്ന മസിലുകളാണ് 'അബ് ഡൊമിനൽ മസിൽസ് ' അഥവ 'ആബ്സ് '. പുരുഷ സൗന്ദര്യത്തിൻ്റെ പ്രതിരൂപങ്ങളാണ് ഈ മസിലുകൾ. യോഗയിലെ വിപരീത മേരു ദണ്ഡാസനം, ഉത്ഥാനപാദം, ചക്രാസനം, അർദ്ധ ചന്ദ്രാസനം, ഹലാസനം, എന്നിവ പരിശീലിക്കുക വഴി ഈ മസിലുകളെ കരുത്തുറ്റത്താക്കാം.
നമ്മുടെ ശരീരത്തിലെ പുറം ഭാഗത്ത് സ്ഥിതി ചെയ്യുന്ന മസിലുകളാണ് ' ലാറ്റി സൈമസ് ഡോർസി ' അഥവ ' ലാറ്റ്സ് '. ശരീരത്തിൽ നട്ടെല്ലിനെ ഉറപ്പിച്ച് നിർത്തുന്നവയാണ് ഈ പേശികൾ. മേരു ദണ്ഡ വ്യായാമങ്ങൾ, പശ്ചിമോത്താസനം, സുപ്ത ഉദരാകർഷണാസനം, ശശാങ്കാസനം, ഉഷ്ട്രാസനം, ത്രികോണാസനം, ധനുരാസനം എന്നിവ പരിശീലിച്ചാൽ ഈ മസിലുകൾ ശക്തിപ്പെടും.
പാദ വ്യായാമങ്ങൾ, പവനമുക്താസനം, മേരു ദണ്ഡാസനം, അനന്താസനം, പത്മാസനം, വജ്രാസനം, വിപരീത കരണി, എന്നിങ്ങനെയുള്ള യോഗാസനങ്ങൾ ശരീരത്തിലെ ' ക്വാർഡ്രി സെപ്സ് ' ( മുൻ തുടയിലെ കരുത്തുള്ള പേശികൾ ), 'ബൈ സെപ്സ് ഫെമോറിസ് ' ( പിൻ തുടയിലെ കരുത്തുള്ള പേശികൾ) , 'ഗാസ്ട്രോക്നേമിയസ് ' ( കണങ്കാലിലെ പേശികൾ ) എന്നിവയെ ബലവത്താക്കുന്നു.
ചുരുക്കത്തിൽ കൃത്യവും, സ്ഥിരവുമായ യോഗ പരിശീലനങ്ങൾ ശരീര പേശികളുടെ കരുത്തും, കഴിവും, വഴക്കവും വർദ്ധിപ്പിക്കുകയും, അനാവശ്യമായ കൊഴുപ്പിനെ 'കത്തിച്ചുകളഞ്ഞ് ' ശരീര സൗന്ദര്യം കൂട്ടുകയും ചെയ്യുന്നു. മസിലുകളുടെ ദൃഡതയും, ശേഷിയും വർദ്ധിപ്പിക്കുന്ന യോഗ പൂർണമായ ' ബോഡി ഫിറ്റ്നസ് ' നേടാൻ നമ്മെ പ്രാപ്തമാക്കുന്നു.
തുടരും....
🙏 നന്ദി
എ.വി. കൃഷ്ണകുമാർ
(യോഗ പരിശീലകൻ,
യോഗോപാസന കേന്ദ്രം, ഫോൺ : 8078388409)

Comments
Post a Comment