പ്രാണായാമത്തിൻ്റെ ഗുണഫലങ്ങൾ

പ്രാണായാമം : പൂർണാരോഗ്യത്തിനും, ദീർഘായുസ്സിനും

.............................................................

പ്രാണായാമമാണ് ദീർഘായുസ്സിനും, പൂർണാരോഗ്യത്തിനുമായി യോഗികൾ നിർദ്ദേശിക്കുന്ന ലളിതമായ ഒരു യോഗമാർഗം.

അഷ്ടാംഗയോഗത്തിൽ, മഹർഷി പതജ്ഞലി പ്രാണായാമത്തെ നാലാമത്തെ സുപ്രധാന പരിശീലന ക്രമമായി  പറഞ്ഞിരിക്കുന്നു. യമം, നിയമം, ആസനം, #പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ട് തലങ്ങൾ ഉൾകൊള്ളുന്ന അഷ്ടാംഗ യോഗം, യോഗ സമ്പ്രദായത്തിലെ ഒരു വിശിഷ്ട മാർഗമാണ്. 

പ്രാണായാമം അതിശക്തമായ ഒരു യോഗ പരിശീലനമാണ്.  പ്രാണൻ എന്ന ദൈവീക ശക്തി നമ്മിലും  ഈ വിശ്വത്തിലും നിറഞ്ഞിരിക്കുന്നു. ആ ശക്തിയെ അറിയാൻ / നിയന്ത്രിക്കാൻ / സ്വായത്തമാക്കാൻ മാനവരെ, ഋഷികൾ പഠിപ്പിച്ച ശാസ്ത്രമാണ് പ്രാണായാമം   പ്രാണനെ അറിയാൻ, നിയന്ത്രിക്കാൻ  കഴിയുന്ന ഒരുവന് പ്രപഞ്ച ശക്തികളായ പഞ്ചഭൂതങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് മനീഷികൾ പറയുന്നു. കാരണം ഈ സ്ഥൂല പ്രപഞ്ചവും മനുഷ്യ ശരീരവും നിർമ്മിക്കപ്പെട്ടത് അഗ്നി, വായു, ആകാശം, ഭൂമി, ജലം  എന്നീ പഞ്ചതന്മാത്രകളുടെ ഏകീകരണത്താലാണ്. പ്രാണനാണ് ഇവയിലെല്ലാം ചൈതന്യം പകരുന്ന ദിവ്യശക്തി ശ്രോതസ്സ്. പ്രാണായാമം വഴി ഈ പഞ്ചഭൂതങ്ങളിൽ യോഗി സ്വാധീനമുള്ളവനായി തീരുന്നു.

ഭൂമിയിലെ ജീവിവർഗങ്ങളുടെ ആയുസും ആരോഗ്യവും വ്യത്യസ്ഥങ്ങളാണ്. മനുഷ്യൻ്റെ ശ്വസനവും അവൻ്റെ ആയുസുമായി വളരെ അടുത്ത ബന്ധമുണ്ട്. അതുപോലെ തന്നെ  പല ജീവികളുടെയും ശ്വസനവും ആയുസ്സുമായി  വളരെയടുത്തിരിക്കുന്നു. ഉദാഹരണമായി  ദീർഘായുസുള്ള ഭൂമിയിലെ ഒരു ജീവിയാണ് അമ. ആമ മിനിറ്റിൽ 4 തവണയേ ശ്വസിക്കൂ...! അതും ആഴത്തിലുള്ള ശ്വസനം. ആ ദീർഘ ശ്വസനം ആമയെ ശാന്ത സ്വഭാവിയും,  സുദീർഘമായ  ആയുസുള്ള ഒരു  ജീവിയുമാക്കി മാറ്റിയിരിക്കുന്നു.

 സുദീർഘമായ ശ്വസനം നമ്മുടെ ആയുസ്സും ആരോഗ്യവും വളരെയധികം കൂട്ടുമെന്ന് യോഗിമാർ പറയുന്നു. അതു കൊണ്ടാണ് യോഗയിൽ പറയുന്ന പ്രണായാമങ്ങൾ നിരന്തരം പരിശീലിക്കുന്നവർക്ക് ദീർഘായുസ്, സമ്പൂർണ ആരോഗ്യം എന്നിവ സിദ്ധിക്കുന്നതായി ഗുരുക്കന്മാർ ഉത്ഘോഷിക്കുന്നത്.സാധാരണ ഗതിയിൽ മനുഷ്യൻ ഒരു മിനിട്ടിൽ 16 മുതൽ 18 തവണ വരെ ശ്വാസോച്ഛ്വാസ പ്രക്രിയ ചെയ്യാറുണ്ട്. എന്നാൽ വികാര വിക്ഷോഭങ്ങൾക്ക് വിധേയനാകുന്ന ഒരുവൻ്റെ  ഒരു മിനിറ്റിലെ ശ്വാസ ക്രമം ഇതിൽ നിന്ന് വളരെ കൂടുതലായിരിക്കും. ക്രമരഹിതമായ ശ്വസനം നമ്മുടെ മനസിലും, പ്രാണസഞ്ചാരത്തിലും അതിലൂടെ നമ്മുടെ ശരീരത്തിലും  അനാരോഗ്യകരമായ അവസ്ഥ  സൃഷ്ടിക്കുന്നതിന് കാരണമായി തീരുന്നു. അത് നമ്മുടെ ആയുസിൻ്റേയും, ആരോഗ്യത്തിൻ്റേയും കാലദൈർഘ്യത്തെ കുറയ്ക്കുന്നു.

അസ്വസ്ഥനായ വാനരൻ ഒരു മിനിറ്റിൽ 32 തവണയിലധികം ശ്വാസോച്ഛ്വാസം ചെയ്യും. ക്രമരഹിതവും, വേഗത്തിലുള്ളതും, ആഴത്തിലല്ലാത്തതുമായ ശ്വസനത്താൽ വാനരന്മാർ ആയുസ് കുറഞ്ഞ ഒരു ജീവിവർഗമായി കണക്കാക്കപ്പെടുന്നു. വാനരൻ്റെ ചഞ്ചലമായ സ്വഭാവവും ഈ Fast Breathing ൻ്റെ പരിണിത ഫലമാണ്.

ഇവിടെ ആമയുടേയും, വാനരൻ്റെയും സ്വഭാവത്തേയും, ആയുസിനേയും അടിസ്ഥാനമാക്കിയിരിക്കുന്നത് പ്രധാനമായും അവയുടെ ശ്വസന രീതിയാണ്.
ശ്വാസത്തെ ബോധപൂർവ്വം കുറച്ച് കൊണ്ട് വന്ന്,   അതിനെ  നിയന്ത്രിക്കാൻ കഴിഞ്ഞാൽ നമുക്ക് ആയുസ് കൂട്ടാമെന്ന് മഹർഷിമാർ പറയുന്നു.

ശ്വസനത്തെ കുറയ്ക്കുന്നതെങ്ങനെ?

ശ്വാസോച്ഛ്വാസ പ്രക്രിയ ഒരു അനൈശ്ചിക പ്രവർത്തനമാണ്. പ്രത്യക്ഷത്തിൽ അത് നമ്മുടെ നിയന്ത്രണത്തിലല്ല. നമ്മുടെ ജനനം മുതൽ മരണം വരെ അത് അനസ്യൂതമായി നടന്നു കൊണ്ടിരിക്കുന്നു. ശ്വാസം ഉള്ളിലേയ്ക്കെടുക്കുമ്പോൾ നാം സ്വീകരിക്കുന്ന ഓക്സിജനാണ് നമ്മുടെ ജീവൻ നിലനിർത്തുന്നതിനുള്ള ജീവ ശക്തി. ഒരു വൈദ്യുത ബൾബിനെ പ്രകാശിപ്പിക്കുന്ന ശക്തി വൈദ്യുതിയാണെന്നതു പോലെ മനുഷ്യ ശരീരത്തിനകത്ത് നടക്കുന്ന കോടാനുകോടി ജൈവ - രാസ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നത് ഈ ജീവ ശക്തിയും, അതിനു പിന്നിൽ പ്രവർത്തിക്കുന്ന പ്രാണശക്തിയുമാണ്.

പ്രാണൻ ദൈവീക ശക്തിയാണ്. പ്രണശക്തിയാലാണ് ജീവ ശക്തിക്ക് മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കാനാകുന്നത്. പ്രാണൻ സ്ഥൂല - സൂക്ഷ്മ - കാരണ ലോകങ്ങളിലെല്ലാം വ്യാപരിച്ച് നിൽകുന്ന ഒരതുല്യ ശക്തി വിശേഷമാണ്. ആ ശക്തിയുടെ സ്ഥൂലരൂപമാണ് ജീവ ശക്തി.
ജീവ ശക്തി ജീവി വർഗങ്ങളിൽ ആയുസും, ആരോഗ്യവും നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. ഓക്സിജൻ ജീവ ശക്തിയുടെ ഒരു സുപ്രധാന ഘടകമെന്നതു പോലെ മെഡുല്ലയിലൂടെയും, സൂക്ഷ്മ ശരീരത്തിലെ ചക്രങ്ങളിലൂടെയും മനുഷ്യൻ സൂക്ഷ്മമായ പല പ്രപഞ്ച ഊർജ്ജ സംവിധാനങ്ങളെയും സ്വീകരിക്കുന്നുണ്ട്. ആധുനീക ശാസ്ത്രം ഈ സൂക്ഷ്മ ഊർജ്ജ സംവിധാനങ്ങളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

 ഈ സസൂക്ഷ്മമായ വിവിധ തരത്തിലുള്ള  ശക്തികളെല്ലാം ഏകമായ പ്രാണശക്തിയുടെ പല തരത്തിലുള്ള വകഭേദങ്ങളാണ്.
ആഹാരം, ജലം, ജീവ വായുവായ ഓക്സിജൻ  എന്നിവ കൊണ്ടാണ് മനുഷ്യൻ പ്രധാനമായും ജീവിക്കുന്നത്. ഇതിൽ സുപ്രധാനമായ സ്ഥാനം ഓക്സിജനുണ്ട്.
എന്നാൽ ശരീരത്തിൽ ' ജീവൻ ' നിലനിർത്തപ്പെടുന്നതിൽ നിർണായക പങ്കുവഹിക്കുന്നത് പ്രാണനാണ്. പ്രാണൻ്റെ അഭാവത്തിൽ ഓക്‌സിജന് ശരീരത്തിൽ പ്രവർത്തിക്കാനാവില്ല. ഇല്ലെങ്കിൽ മരണപ്പെടുന്ന ഒരുവന് ഓക്സിജൻ കൃത്രിമമായി നൽകിയാൽ ജീവൻ പുനസ്ഥാപിക്കപ്പെടേണ്ടതാണ്. അതില്ല. പ്രാണൻ ശരീരത്തെ വിട്ടകന്നാൽ ജീവ ശക്തിയായ ഓക്സിജന് പ്രവർത്തിക്കാനാവില്ല എന്ന് ചുരുക്കം.

 പ്രാണനാണ് നമ്മെ ജീവിപ്പിക്കുന്ന മൂലശക്തി. പ്രാണനെ അറിയാൻ, നിയന്ത്രിക്കാൻ, പ്രാണായാമമാണ് മാർഗം. ശ്വാസനിയന്ത്രണമാണ് പ്രാണനിയന്ത്രണത്തിൻ്റെ ആദ്യപടി.
ശ്വാസത്തിൻ്റെ ഗതിവിഗതികൾ നിയന്ത്രിക്കാൻ പൂരകം, രേചകം, കുംഭകം എന്നീ മാർഗങ്ങൾ യോഗിമാർ മുന്നോട്ട് വയ്ക്കുന്നു. അനൈശ്ചികമായ ശ്വാസോച്ഛാസം ഇച്ഛാനുസൃതമാക്കാൻ ഈ വഴികളാണ് ഉള്ളത്.

'ജീവനിൽ '  പ്രാണായാമം വരുത്തുന്ന  പരിണാമം എന്ത്?

 പ്രാണായാമം ചെയ്ത് ശാന്തമായിരിക്കുമ്പോൾ സാധകൻ്റെ ജീവതലം  പ്രാണതലമായി പരിണമിക്കുന്നു. അപ്പോൾ  ജീവവായുവായ ഓക്സിജൻ്റെ തലത്തെ വിട്ട് യോഗിയുടെ സ്ഥൂല - സൂക്ഷ്മ ശരീരങ്ങൾ പ്രാണതലവുമായി സംയോജിക്കുന്നു. ആ സമയം ശ്വാസോച്ഛ്വാസ ഗതി മിനിറ്റിൽ 2 - 4 തവണയായി ചുരുങ്ങുന്നു. പ്രാണ സിദ്ധി നേടിയ സാധകൻ്റെ ബോധം  കുറേക്കൂടി ആഴത്തിലേയ്ക്ക്  ചൂഴ്ന്നിറങ്ങുമ്പോൾ ശ്വാസമില്ലാതെ  കേവല കുഭകം എന്ന തലത്തെ യോഗി പ്രാപിക്കുന്നു. അങ്ങനെയുള്ള കേവല കുംഭകത്തിൻ്റെ സമയദൈർഘ്യം ധ്യാനത്തിലൂടെ കൂട്ടാൻ കഴിയുന്ന ഒരുവൻ്റെ ആയുസും, ആരോഗ്യവും വർദ്ധിക്കുന്നു. ക്രിയാ യോഗമുൾപ്പെടെയുള്ള യോഗ മാർഗങ്ങളിലൂടെ ഈ പരിവർത്തനം ശാസ്ത്രീയമായി സാധകന് തിരിച്ചറിയാനാകും. ജീവ തലം പ്രാണ തലത്തിലേയ്ക്ക് പരിവർത്തനം ചെയ്യാൻ കഴിവുള്ള ഒരാൾക്കാണ് പ്രാണ  സിദ്ധിയെ / പ്രാണ ജയത്തെ നേടാൻ സാധിക്കുന്നത്. 

 പ്രാണായാമത്തിലൂടെ ആദ്യം  ശ്വസനത്തെ നിയന്ത്രിക്കാനും, ശ്വാസത്തിന് പിന്നിലെ സൂക്ഷ്മ ശക്തിയായ പ്രാണനെ അറിയാനും കഴിയുന്നു. പ്രാണനെ അറിയുന്നതിലൂടെയാണ്  പ്രാണ ജയം, പ്രാണ സിദ്ധി എന്നീ അമാനുഷിക തലങ്ങളിലേയ്ക്ക് സാധകൻ പ്രവേശിക്കുന്നത്. യോഗികൾ ദീർഘായുസും, ആരോഗ്യമുള്ളവരുമായി തീരാൻ മനുഷ്യന് നിർദ്ദേശിക്കുന്ന എളുപ്പ വഴിയും പ്രാണായാമമാണ്. 

നാഡീ ശുദ്ധി പ്രണായാമം, കപാല ഭാതി പ്രാണായാമം, സക്രിയ പ്രാണായാമം, ഭസ്ത്രിക പ്രാണായാമം, ക്രിയാ പ്രാണായാമം എന്നിങ്ങനെയുള്ള നിരവധി പ്രാണായാമ പരിശീലനങ്ങൾ ചെയ്യുന്നതിലൂടെ സാധകന് മേൽപ്പറഞ്ഞ സിദ്ധികൾ നേടാനാവും.

തുടരും...

എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ : 8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര