മന്ത്ര ദീക്ഷ എന്ത്, എന്തിന്, എങ്ങനെ ?
🔥
മന്ത്ര ദീക്ഷ എന്ത് ? എന്തിന് ? എങ്ങനെ?
🕉️
ഒരു മനുഷ്യന് ഈ ജന്മത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് മന്ത്ര ദീക്ഷ. ഓരോ മന്ത്രങ്ങളും ഈശ്വരൻ്റെ/ ദേവതയുടെ അഭൗമമായ ശക്തിവിശേഷം ഉൾകൊള്ളുന്ന ദിവ്യ സ്പന്ദനങ്ങളാണ്. മന്ത്രങ്ങൾ ഈശ്വരനിൽ / ദേവതയിൽ നിന്ന് ഋഷികൾ തപസ്സിലൂടെ ആർജിച്ച മഹത്തായ ശക്തിവിശേഷങ്ങൾ ഉൾകൊള്ളുന്ന ശബ്ദവീചികളാണ്. ഓരോ മന്ത്രവും ആ മന്ത്രത്തെക്കുറിക്കുന്ന ദേവതയിലേയ്ക്ക് എത്തിച്ചേരാനുള്ള ശാസ്ത്രീയ മാർഗമാണ്.
ആർഷ ഋഷി പരമ്പരകളാണ് മന്ത്രവിധാനങ്ങളുടെ അവകാശികൾ. അത്തരം ഗുരുപരമ്പരകളിലൂടെ യഥാവിധി ദീക്ഷ സ്വീകരിച്ച് ഉപാസിക്കുന്ന മന്ത്രജപം പൂർണഫലദായകമായി മാറും. കാരണം യഥാർത്ഥ പരമ്പരയിലൂടെ വിധിയാംവണ്ണം മന്ത്രം സ്വീകരിക്കപ്പെടുമ്പോൾ ആ പരമ്പരയിലെ ഗുരുവിൻ്റെ / മന്ത്രോപാസകരുടെ മുഴുവൻ അനുഗ്രഹവും ശക്തിയും മന്ത്രത്തിൽ നിറഞ്ഞിരിക്കും. അത് ശ്രദ്ധാപൂർവ്വം ഉപാസിക്കുന്ന സാധകൻ വിജയിയായി തീരും.
ഗുരുവിൽ നിന്ന് / ഗുരു നിർദ്ദേശിക്കുന്ന ആചാര്യനിൽ നിന്ന് വിധി പ്രകാരം മന്ത്രത്തെ ശിഷ്യൻ സ്വീകരിക്കുന്ന ചടങ്ങാണ് മന്ത്ര ദീക്ഷ. ഇതൊരു ശക്തി പ്രസരണ ക്രിയയാണ്. ഗുരു / ആചാര്യൻ ഉപാസിച്ച് സിദ്ധി വരുത്തിയ മന്ത്രം കാരുണ്യ പൂർവ്വം ശിഷ്യനിലേയ്ക്ക് നിറഞ്ഞ പ്രാർത്ഥനയോടെ പകർന്നു കൊടുക്കുന്ന ഈ ചടങ്ങ് വിശിഷ്ടമാണ്. ജന്മജന്മാന്തര സുകൃതവുള്ളവർക്കാണ് ഈ ജന്മത്തിൽ യഥാർത്ഥ പരമ്പരകൾക്ക് കീഴിൽ ഇത്തരത്തിൽ ദീക്ഷിതനാവാൻ കഴിയുന്നത്. ഒരാൾ മന്ത്ര ദീക്ഷ സ്വീകരിക്കുന്നതോടെ അയാളുടെ ആത്മീയ - ഭൗതീക പുരോഗതിയുടെ ഉത്തരവാദിത്വം ഗുരു പരമ്പരകൾ കൂടി ഏറ്റെടുക്കുന്നു. പിന്നീട് അയാളുടെ സാധനകളിൽ വലിയ തോതിലുള്ള പുരോഗതി ഉണ്ടാകുന്നു. പൂർവ്വജന്മങ്ങളിൽ താൻ അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകൾ / പാപങ്ങൾ / ദുഷ്കർമ്മങ്ങൾ എന്നിവയുടെ കർമ്മഫലം വേഗത്തിൽ എരിയാൻ തുടങ്ങുന്നു. അതിലൂടെ ഈ ജന്മത്തിൽ ഇപ്പോൾ താൻ അനുഭവിക്കുന്ന ശാരീരിക -- മാനസിക - ധനപരമായ സകല പ്രശ്നങ്ങൾക്കും പരിഹാരം തെളിയുന്നു. ഗുരുപരമ്പരകളുടെ അതിശക്തമായ സംരക്ഷണ വലയം അയാൾക്ക് ചുറ്റും സദാ നിറഞ്ഞിരിക്കുന്നു. ദ്രുതഗതിയിലുള്ള ഭൗതീക - ആത്മീയ ജീവിത വിജയം സാധകന് കരഗതമാകുന്നു.
മന്ത്ര ദീക്ഷയെ ഒരു വിത്തിനോട് ഉപമിക്കാം. ഈശ്വരൻ്റെ / ദേവതയുടെ / ഗുരുപരമ്പരകളുടെ അനുഗ്രവും, ശക്തിയും അടങ്ങിയ മന്ത്ര ദീക്ഷ എന്ന വിത്ത്, സാധകൻ തൻ്റെ ദൈനംദിന ജീവിതമാകുന്ന കൃഷിയിടത്തിൽ വിതച്ച്, കൃത്യനിഷ്ഠ, ഏകാഗ്രത എന്നിവയാകുന്ന വെള്ളവും വളവും കൊടുത്ത് വളർത്തി, ഫലസിദ്ധിയെന്ന വിളവിനായി ക്ഷമയോടെ കാത്തിരിക്കണം. ഇടയ്ക്കിടെ മടി, അലസത തുടങ്ങിയ അധമ വിചാരങ്ങളാകുന്ന കളകളെ പിഴുതെറിയണം. ശാന്തതയോടെ സാധനയുടെ പൂർണ വളർച്ചയ്ക്കായി പരിശ്രമിക്കണം. കൃഷിയിടത്തിൽ മടുക്കാത്ത മനസോടെ ജോലി ചെയ്യണം. അഥവാ നിത്യവും തീവ്രമായി സാധന ചെയ്യണം. ജീവിത പ്രാരാബ്ദങ്ങളുടെ മലവെള്ളപ്പാച്ചിൽ ഇടയ്ക്ക് സാധനയാകുന്ന / മന്ത്രജപമാകുന്ന തൻ്റെ കൃഷിയിടത്തിലേയേക്ക് ചിലപ്പോഴൊക്കെ വഴി തെറ്റി ഒഴുകി വരാം. ആത്മവിചാരമാകുന്ന ചാലുകീറി ആ മലവെള്ളത്തെ തിരിച്ച് വിടണം. ഇങ്ങനെ തീവ്രതയോടെ, ശാന്തതയോടെ, ക്ഷമാപൂർവം ആത്മവിചാര തൽപരനായി ഒരുവൻ സാധന ചെയ്താൽ അവൻ മന്ത്ര സിദ്ധനാകും. സദാ വിജയിയായി ഭവിക്കും
*മന്ത്ര ദീക്ഷ എന്തിന്*
ഒരു മനുഷ്യൻ ഈ ജീവിതത്തിൽ തേടുന്നത് പുരുഷാർത്ഥങ്ങളെ ആണ് (ധർമ്മ - അർത്ഥ - കാമ - മോക്ഷം). പൂർവ്വജന്മത്തിലെ ദുഷ് കർമ്മങ്ങളുടെ ഫലമായും, വാസനകളാലും, ഈ ജന്മത്തിലെ താളം തെറ്റിയ ജീവിത ശൈലി കൊണ്ടും ജീവിതത്തിൽ ഉയർച്ച ഉണ്ടാകാത്തവരായി ധാരാളം പേരുണ്ട്. ശാരീരിക - മാനസിക - ബൗദ്ധീക- ആത്മീയ പ്രശ്നങ്ങളും, രോഗങ്ങളും, സാമ്പത്തീക ക്ലേശങ്ങളാലും ഉഴലുന്നവരാണ് മാനവരിൽ ധാരാളം പേർ. പ്രശ്നങ്ങളിൽ, അതിൽ നിന്നുണ്ടാകുന്ന ജീവിത പ്രാരാബ്ദങ്ങളിൽ മുഴുകി ജീവിതം തള്ളി നീക്കുന്നവർക്ക് പലപ്പോഴും ജീവിതങ്ങിൻ്റെ 'പച്ചപ്പ് ' അന്യമായി പോകുന്നു. പ്രതീക്ഷ നശിച്ച അവർ ' ഈ ജീവിത പ്രശ്നങ്ങൾ ഒരിക്കലും പരിഹരിക്കാൻ സാധ്യമല്ല.. എല്ലാം കർമ്മ ഫലം എന്ന് ചിന്തിച്ച് ജീവിതം തള്ളിനീക്കുന്നു.
ഈ വക നെഗറ്റീവ് ചിന്താഗതികളെ നിർമ്മാർജ്ജനം ചെയ്ത് ജീവിതത്തിൽ പുതു പ്രതീക്ഷയും, ആത്മവിശ്വാസവും, വിജയങ്ങളും ഉണ്ടാക്കാൻ മന്ത്ര ദീക്ഷ ഒരുവനെ പ്രാപ്തനാക്കുന്നു. ശരിയായ ഗുരു പരമ്പരകളിൽ നിന്ന് യഥാവിധി മന്ത്രത്തെ സ്വീകരിച്ച് നിത്യജീവിതത്തിൽ അത് ഉപാസിക്കുമ്പോൾ അവൻ ഭൗതീക ആത്മീയ ജീവിത വിജയം നേടുന്നു. മന്ത്രങ്ങൾ ദൈവീകമായ ശക്തി സ്പന്ദനങ്ങൾ ഉൾകൊളളുന്ന വിശുദ്ധ തരംഗങ്ങളാണ്. ഒരു തരി തീയിൽ നിന്ന് കാട്ടുതീ പടരുന്നതുപോലെ, മന്ത്രമാകുന്ന ചിദഗ്നി പ്രാണോപാസനയാകുന്ന കാറ്റിലൂടെ അവനവൻ്റെയുള്ളിൽ കത്തിജ്വലിച്ച് സാധകൻ്റെ പൂർവ്വ ജന്മ ദുഷ്കർമ്മവാസനകളെ, പാപങ്ങളെ എരിച്ച് കളയുന്നു. ഒരു കൊല്ലപ്പണിക്കാരൻ ഇരുമ്പിനെ കത്തുന്ന തീച്ചൂളയിലിട്ട് ഉരുക്കി, അടിച്ചു പരത്തി, അതിൽ നിന്ന് പണിയായുധങ്ങൾ നിർമ്മിക്കുന്നതു പോലെ മന്ത്രയോഗി തൻ്റെ ഉപാസനയാകുന്ന തീച്ചൂളയിൽ ദുഷ്കർമ്മങ്ങളെ കത്തിച്ചു കളഞ്ഞ് ജീവിതവിജയത്തിൻ്റെ, ശാന്തിയുടെ, സന്തോഷത്തിൻ്റെ പണിയായുധങ്ങൾ നിർമ്മിക്കുന്നു. അതിന് മന്ത്രമെന്ന ദിവ്യാഗ്നി അവന് വെളിച്ചം പകരുന്നു.
*മന്ത്ര ദീക്ഷഎങ്ങനെ?*
മന്ത്ര ദീക്ഷ സ്വീകരിക്കേണ്ടത് ആ മന്ത്രത്തെ ഉപാസിച്ച് സിദ്ധി വരുത്തിയ ഗുരു പരമ്പരകളിൽ നിന്നാണ്. മന്ത്ര - തന്ത്ര - യന്ത്രാദി ജ്ഞാന വിജ്ഞാനങ്ങൾ ഉൾപ്പെടുന്ന ഭാരതത്തിൻ്റെ ഉപാസനാ സമ്പ്രദായം ഉടലെടുക്കപ്പെട്ടത് ഭഗവാൻ ശ്രീ പരമേശ്വരനിൽ നിന്നാണ്. ആദി യോഗിയും, ആദി ഗുരുവുമായ മഹാദേവൻ്റെ പഞ്ചമുഖങ്ങളിൽ നിന്നാണ് ആദ്യത്തെ ഗുരു പരമ്പര ലോകത്തിൽ ഉദയം ചെയ്തതെന്ന് പറയാം. ഈശാന - തത്പുരുഷ- സദ്യോജാത - വാമദേവ - അഘോര പരമ്പരകൾ ഇതിൽ ആദ്യത്തേതാണ്. ദക്ഷിണാമൂർത്തി, നന്ദി ദേവർ, ആദിനാഥൻ, ദത്താത്രേയൻ, ഗോരഘ് നാഥ്, മൽസ്യേന്ദ്രനാഥ്, ഭോഗനാഥർ ദുർവ്വാസാവ്, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, മഹാ അവതാർ ബാബാജി, സിദ്ധാശ്രമ ഗുരു സ്വാമി നിഖിലേശ്വരാനന്ദ എന്നിങ്ങനെയുള്ള അനേകം ഋഷി - ഗുരു പരമ്പരകളിലൂടെ ഈ വിദ്യകൾ മാനവലോകത്തിനായി പ്രചരിപ്പിക്കപ്പെട്ടു. ഈ മഹായോഗികളുടെ എണ്ണമറ്റ ശിഷ്യ പരമ്പരകളിലൂടെ ഇവ ഈ ആധുനീക കാലത്തും അതിൻ്റേതായ പവിത്രതയോടെ സംരക്ഷിക്കപ്പെടുന്നു.
ആത്മീയത ഇന്ന് പലയിടങ്ങളിലും കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു. ആത്മീയ വിദ്യകളെ പണ സമ്പാദന ത്തിനുള്ള ഉപാധിയായി ഇന്ന് പലരും ദുരുപയോഗിക്കുന്നു. ആത്മാർത്ഥതയുള്ള ശിഷ്യന് ഗുരു തൻ്റെ തപസിൻ്റെ / പ്രാർത്ഥനയുടെ ശക്തി ചേർത്ത് ഈശ്വരസാക്ഷാൽക്കാരത്തിനായി പൂർണ അനുഗ്രഹ രൂപത്തിൽ കാരുണ്യ പൂർവ്വം ചൊരിയപ്പെട്ടിരുന്ന ആ വിദ്യകൾ ഇന്ന് Online Market വിപണന തന്ത്രങ്ങളുടെ ഭാഗമാക്കി, വൻ തുക ഫീസ് വാങ്ങി ചിലർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നു!. 10,000 രൂപ മുടക്കിയാൽ കേവലം ഒരു മണിക്കൂർ കൊണ്ട് ഒരു പ്രയത്നവും കൂടാതെ 7 ചക്രങ്ങളും ഉണർത്തി തരാമെന്നും, കുണ്ഡലിനീ ജാഗരണം നടത്തി വിടാമെന്നും മറ്റുമുള്ള മോഹന വാഗ്ദാനങ്ങൾ നൽകി സത്യാന്വേഷികളെ വഴിതെറ്റിക്കുന്ന 'കപടാചാര്യന്മാർ' അരങ്ങ് വാഴുന്ന ലോകമാണിത്. പലരും ഇത്തരത്തിലുള്ള പരസ്യങ്ങളിൽ ആകൃഷ്ടരായി പണവും, സമയവും നഷ്ടപ്പെടുത്തി ഒരു ഫലവും സിദ്ധിക്കാതെ തകർന്നു പോകാറുണ്ട്. പണം കൊടുത്താൽ ഉണരുന്നതല്ല കുണ്ഡലിനീ ശക്തി... അവനവൻ്റെ തീവ്രസാധനയിലൂടെ മാത്രമേ അത് സാധ്യമാകൂ എന്ന് തിരിച്ചറിയുക.
ആത്മീയ വിദ്യകളെ വിൽപ്പന ചരക്കാക്കരുത്.
ആത്മീയ ദാഹവുമായി വരുന്ന യഥാർത്ഥ സാധകർക്ക് ദൈവീക ആനന്ദത്തിൻ്റെ അമൃതായി അവ പകർന്ന് നൽകണം. ഈ മനോഭാവത്തിൽ പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ആത്മീയ സേവനം. അത്തരത്തിലുള്ള ചുരുക്കം ചില പരമ്പരകൾ ഇന്നത്തെ ആധുനീക സമൂഹത്തിലും നിലനിൽക്കുന്നു. അവരെ ഒരു പക്ഷേ ഇന്നത്തെ പൊതു സമൂഹത്തിന് പെട്ടെന്ന് തിരിച്ചറിയാനാവില്ല. അവർക്ക് പകിട്ടേറിയ ആശ്രമങ്ങളോ, സമ്പന്നരായ ശിഷ്യന്മാരുടെ ഒരു നീണ്ട നിരയോ ഉണ്ടാവില്ല. അവർ നിശബ്ദരായി, അർഹതപ്പെട്ട യഥാർത്ഥ ആത്മീയ അന്വേഷകർക്ക് വഴികാട്ടിയായി സേവനം ചെയ്യുന്നു. അവരിൽ ഗൃഹസ്ഥാശ്രമികൾ ഉണ്ട്, സന്യാസിമാർ ഉണ്ട്, അഘോര - താന്ത്രികർ ഉണ്ട്, അവധൂത - അവതാര പുണ്യപുരുഷൻമാർ ഉണ്ട്. അവരെ കണ്ടെത്തി തിരിച്ചറിയാൻ കഴിഞ്ഞാൽ, ആ മഹാഗുരുക്കന്മാരിൽ നിന്ന്, പരമ്പരയിൽ നിന്ന് ദീക്ഷിതനാവാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം ! പൂർവ്വജന്മസുകൃതം !
യഥാർത്ഥ സത്യാന്വേഷികൾക്ക് പകർന്നു നൽകേണ്ടതാണ് ആത്മീയ വിദ്യ/ മന്ത്ര ദീക്ഷ. അത്തരം ഹിമാലയൻ ഗുരുപരമ്പരകൾ ഈ ആധുനീക കാല സമൂഹത്തിലും നിലകൊള്ളുന്നുണ്ട്. അവരെ തിരയുക... കണ്ടെത്തുക... അവരിൽ നിന്ന് ദീക്ഷിതരാകുക... ജീവിതം സഫലമാക്കുക.
അന്വേഷിപ്പിൻ ...കണ്ടെത്തും...
( തുടരും )
മംഗളം ഭവിക്കട്ടെ,
ആചാര്യ എ.വി. കൃഷ്ണകുമാർ
ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം
https://m.facebook.com/story.php?story_fbid=300697427665702&id=100031763418764


🙏
ReplyDelete