യന്ത്രോപാസന എന്ത് ? (ഭാഗം :1)

 യന്ത്രോപാസന എന്ത് ?

(ഭാഗം :1)

----------------🔥------------



യന്ത്രം എന്നാൽ ഒരു  ഉപകരണം ( device) എന്നർത്ഥം. മൊബൈൽ എന്ന യന്ത്രം Call ചെയ്യാനും , video chat ചെയ്യാനും , money transation ചെയ്യാനുമൊക്കെ നാം ഇന്ന് ഉപയോഗിക്കുന്നു. പഞ്ചലോഹങ്ങളിൽ നിർമ്മിക്കപ്പെടുന്ന യന്ത്രങ്ങൾ സൂക്ഷ്മ രൂപിയായ ദേവതയെ ഉപാസിക്കാൻ , വിളിച്ചു വരുത്താൻ , ദർശിക്കാൻ നാം മാധ്യമമാക്കുന്ന ആത്മീയ ശക്തി ശ്രോതസ്സുകളാണ്.


നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾ ഊന്നുവടി ( walking stick ) സഹായത്തിനുപയോഗിക്കുന്നതു പോലെ പരിമിതമായ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് സൂക്ഷ്മ ശരീരിയായ ദേവതയെ പൂർണമായി മനസിലാക്കാൻ , ദർശിക്കാൻ , ഉപാസിക്കാൻ സാധിക്കാതെ വരുന്ന മനുഷ്യൻ , ദേവതാ ശക്തിയെ തനിക്ക് അനുഭവവേദ്യമാക്കുവാൻ വേണ്ടി അവലംബിക്കുന്ന ബാഹ്യോപകരണമാണ്  യന്ത്രം. സ്ഥൂലരൂപിയായ മനുഷ്യനേയും സൂഷ്മരൂപിയായ ദേവതയേയും തമ്മിൽ ബന്ധിപ്പിക്കുന്ന മധ്യമ ബിന്ദുവാണ് യന്ത്രങ്ങൾ .


അനേക തരത്തിലുള്ള യന്ത്രങ്ങൾ  ഉണ്ട്. യന്ത്രങ്ങൾ മാനവന്റെ ഭൗതീക - ആത്മീയ ആഗ്രഹങ്ങളെ നേടിയെടുക്കുവാനായി മഹായോഗികൾ അവരുടെ അന്തർ ദർശനത്താൽ രൂപകൽപ്പന ചെയ്തിട്ടുള്ള ശക്തി വാഹിനികളാണ്. പ്രധാനമായും പ്രാണൻ , മന്ത്രം, മനസ്, സങ്കൽപം എന്നീ പ്രക്രിയകൾ വഴിയാണ് യന്ത്രത്തെ ജീവസുറ്റതാക്കി മാറ്റുന്നത്.


പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നത് പഞ്ചഭൂതങ്ങളായ അഗ്നി, വായു, ആകാശം, പൃഥ്വി, ജലം എന്നിവയുടെ സൂക്ഷ്മ തത്വങ്ങളാൽ / ശക്തിയാൽ ആണ്.  പഞ്ചലോഹങ്ങളായ

ഇരുമ്പ് (Iron) കറുത്തീയം (Lead)

ചെമ്പ് (Copper)

സ്വർണ്ണം (Gold)

വെള്ളി (Silver ) എന്നിവയിലേതെങ്കിലും ഒന്നിലോ, പഞ്ചലോഹ കൂട്ടിലോ ഒക്കെയാണ് വിഗ്രഹങ്ങൾ/  യന്ത്രങ്ങൾ സാധാരണയായി  നിർമ്മിക്കാറുള്ളത്.


  ഒരു യന്ത്രം പൂജിക്കുന്നതിന് വിപുലവും, നിഗൂഡ ങ്ങളുമായ വിവിധങ്ങളായ അനുഷ്ഠാന -ആചരണ രീതികളുണ്ട്. ബാഹ്യോപചാര പൂജകളോടു കൂടിയ യന്ത്ര ശാക്തീകരണ പ്രകിയയിൽ ഒന്നാമതായി യന്ത്രത്തെ ജലാധിവാസം ചെയ്യുക. അടുത്ത ദിവസം പുറ്റുമണ്ണ് കൊണ്ട് തേച്ചു കഴുകുക. പിന്നെ നാല്പാമരപ്പൊടി കൊണ്ട് യന്ത്രത്തെ തേച്ച് കഴുകുക. പിന്നീട് പുണ്യാഹം ജപിച്ചു തളിക്കുക. അടുത്തതായി നാല്പാമരമിട്ടു തിളപ്പിച്ച വെള്ളം, പഞ്ചഗവ്യം എന്നിവയില്‍ യന്ത്രത്തെ ആറാടിക്കേണ്ടതാണ്. പിന്നീട് അതാതിന് നിശ്ചയിച്ചിട്ടുള്ള ദേവതയെ /മൂര്‍ത്തിയെ യന്ത്രത്തിലേയ്ക്ക് ആവാഹിച്ച് പൂജിച്ച് പ്രാണപ്രതിഷ്ഠാമന്ത്രം തൊട്ടു ജപിക്കേണ്ടതാണ്. ജപത്തിന്റെ പത്തിലൊരു ഭാഗം ഹോമിച്ച് പ്രസാദം സ്പര്‍ശിക്കുകയും വേണം. ഇത്രയുമെല്ലാം പൂര്‍ത്തിയാക്കി കഴിയുമ്പോഴാണ് സാധാരണയായി ഒരു യന്ത്രപൂജാ ക്രമം പൂർത്തിയാകുന്നതും  യന്ത്രം ദേഹത്ത് ധരിക്കുന്നതിനോ ഭൂമിയില്‍ സ്ഥാപിക്കുന്നതിനോ യോഗ്യമായി തീരുന്നതുമെന്നാണ് വിശ്വാസം.


എന്നാൽ ബാഹ്യ പൂജകൾ ഇല്ലാത്ത തികച്ചും അന്തരീകമായി ചെയ്യുന്ന സമയ മാർഗികളുടെ അന്തരീക യന്ത്ര ശക്തി പ്രസരണ - രഹസ്യകുണ്ഡലിനീ ക്രിയകളുമുണ്ട്. അവിടെ ബാഹ്യമായ ഒന്നിന്റെയും അവലംബം ഇല്ല. പൂജകൾ പൂർണമായും ആന്തരീകമാണ്. ഷട് ചക്രങ്ങളിൽ /കുണ്ഡലിനിയിൽ  പ്രാണ- മന്ത്ര -സങ്കൽപ്പ ക്രിയകൾ വഴി ചെയ്യുന്നതുമാണ്.


വിഗ്രഹങ്ങൾ/ യന്ത്രങ്ങൾ എന്നിവ  യഥാവിധി ബാഹ്യോ പാചാര പൂജകൾ, സംശുദ്ധീകരണ ക്രിയകൾ , മന്ത്ര ശക്തി പ്രസരണ ക്രിയകൾ,പ്രാണ പ്രതിഷ്ഠ, സങ്കൽപ്പ  ക്രിയകൾ എന്നിവ നടത്തിയാണ് പൊതുവേ പ്രതിഷ്ഠിക്കാറുള്ളത്  / ശാക്തീകരിക്കാറുള്ളത്. ഇത്തരം പൂജകളിൽ  സാമ്പ്രദായികമായ വകഭേദങ്ങൾ പലയിടത്തും കാണാറുണ്ട്. കേരളത്തിലേയും ഉത്തരേന്ത്യയിലേയും യന്ത്രപൂജാ വിധികളിൽ ചില വ്യത്യാസങ്ങളുണ്ട്.


എന്തിരുന്നാലും ഒരു യന്ത്രത്തെ active ചെയ്യാനായി മേൽപ്പറഞ്ഞ രീതിയിലുള്ള അനുഷ്ഠാനക്രിയകൾ ആവശ്യമാണ്.

മൂന്ന് മുതൽ പതിനൊന്ന് ദിവസം വരെ നീളുന്ന  ഉപാസനാ വിധികളോടെയാണ് സാധാരണയായി യന്ത്രശാക്തീകരണ ക്രിയകൾ  നടക്കുക. മേൽ സൂചിപ്പിച്ചതു പോലെ യന്ത്ര ശാക്തീകരണ പ്രകിയകൾ ക്ഷേത്ര പൂജാ വിധിയിലും, കുലാചാര -മിശ്രാചാര - സമയാചാര- വേദാചാര - ദിവ്യാചാര - കൗളാചാര മാർഗങ്ങളിലും നടക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ളത് യന്ത്രത്തെ ശാക്തീകരിക്കാനുള്ള യാന്ത്രികന്റെ/ തന്ത്രിയുടെ / പൂജാരിയുടെ ഉപാസനാ ബലം അഥവാ കുണ്ഡലിനീ ഉണർവാണ്. പ്രപഞ്ചമെങ്ങും നിറഞ്ഞു നിൽക്കുന്ന ദേവതയുടെ  ദിവ്യമായ ശക്തി ചൈതന്യങ്ങളെ  ഒരു കല്ലിലേയ്ക്ക് , ഒരു ചെമ്പ് തകിടിലേയ്ക്ക് , മറ്റേതെങ്കിലുമൊരു വസ്തുവിലേയ്ക്ക് ആവാഹിച്ച് വരുത്തി പ്രാണ പ്രതിഷ്ഠ നൽകി അതിന് ജീവൻ നൽക്കണമെങ്കിൽ ഉപാസകന് നല്ല സാധനാ ശക്തി ഉണ്ടാവണം. അത്തരത്തിലുള്ള താന്ത്രികർ , മഹായോഗികൾ, ഉപാസകർ  പ്രതിഷ്ഠിക്കുന്ന ക്ഷേത്രവിഗ്രഹങ്ങൾ, യന്ത്രങ്ങൾ അതീവ ശക്തിദായക പ്രസരണ കേന്ദ്രങ്ങളായിരിക്കും. ഉപാസകന്റെ ഭൗതീക - ആത്മീയ കാമനകൾ അത് നിറവേറ്റും.

തുടരും ...

🙏

ജയ് മഹാകാളീ🔥

ആചാര്യ എ.വി. കൃഷ്ണകുമാർ

ശൈവ - ശാക്തേയ താന്ത്രിക വിദ്യാ പീഠം

WhatsApp : 8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര