യാമങ്ങൾ എന്ത്
യാമങ്ങൾ എന്ത് ?
സൂര്യ - ചന്ദ്രന്മാരുടെ ഭൂമിയിലുള്ള സ്വാധീനത്തേയും, ഭൂമിയുടെ ഭ്രമണത്തേയും അടിസ്ഥാനപ്പെടുത്തിയവയാണ് യാമങ്ങൾ ( നിശ്ചിത സമയം ). ഏഴരനാഴിക സമയമാണ് ഒരു യാമം. അതായത് ഏകദേശം മൂന്നുമണിക്കൂർ സമയം. രാത്രിയ്ക്ക് പൊതുവേ നാല് യാമങ്ങളാണ് ഉള്ളത്.
പാർവതീ യാമം ,
ദുർഗാ യാമം ,
ഭദ്രകാളീ യാമം ,
സാരസ്വതീ യാമം
എന്നിവയാണ് അവ.
ഒരു യാമം എന്നാൽ ഏകദേശം 3 മണിക്കൂർ.സൂര്യൻ അസ്തമിക്കുന്ന സന്ധ്യാ സമയം 6.30 മുതൽ 9.30 വരെ പാർവതിയാമം. 9.30 മുതൽ 12.30 വരെ ദുർഗാ യാമം. ഭദ്രകാളീയാമം 12.30 മുതൽ 3.30 വരെ. ബ്രഹ്മ മുഹൂർത്തം എന്നറിയപ്പെടുന്ന സരസ്വതീയാമം 3.30 മുതൽ 6.30 സൂര്യോദയം വരെയുള്ള സമയമായി കണക്കാക്കുന്നു. ഇവ രാത്രി യാമങ്ങൾ എന്നറിയപ്പെടുന്നു.
(NB:ഇവിടെ അസ്തമയം 6.30, ഉദയം 6.30 എന്ന സമയ ക്രമത്തിലാണ് യാമങ്ങൾ കണക്കാക്കിയിരിക്കുന്നത്. ഉദയാസ്തമയ വ്യത്യാസമനുസരിച്ച് / കാല, ദേശ വ്യത്യാസമനുസരിച്ച് യാമ കാലയളവിന് ഏറ്റക്കുറച്ചിലുകൾ വരാം.)
മനുഷ്യൻ ഒരു സൗര ജീവിയാണ്. അതായത് സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ കർമ്മമേഖലയിൽ കൂടുതൽ പ്രവർത്തിക്കുന്ന ജീവിവർഗം. ചില ഉരഗങ്ങൾ, മൂങ്ങ, വവ്വാൽ എന്നിങ്ങനെയുള്ളവ ചാന്ദ്ര ജീവിവർഗമാണ്. അതായത് രാത്രികാലങ്ങളിൽ ഉണർന്നിരിക്കുകയും, ഭക്ഷണം തേടുകയും, പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർ!
യാമങ്ങളും ഭൂമിയുടെ ഊർജ്ജ മണ്ഡലവും, മനുഷ്യന്റെ കായിക- മാനസിക- പ്രാണ പ്രവർത്തനങ്ങളുമായി വളരെയടുത്ത ബന്ധമുണ്ട്.
രാത്രി സമയം നമുക്ക് ഉറങ്ങാനുള്ളതാണ്. ഉണർന്നിരിക്കാനുള്ളതല്ല. രാവിലെ മുതൽ രാത്രി വരെ ഏകദേശം 16-18 മണിക്കൂറിലധികം സമയം നാം ഉണർന്നിരുന്ന് പ്രവർത്തിക്കുന്നു. ബാക്കിയുള്ള 8-6 മണിക്കൂർ നന്നായി ഉറങ്ങുന്നു. ഇതാണ് ആരോഗ്യദായകമായ നിദ്രാ ക്രമം.
നമ്മുടെ ശരീരവും, മനസും , ബുദ്ധിയും ഈ ലോക വ്യവഹാരങ്ങളിൽ വ്യാപൃതമായി ക്ഷീണിതാവസ്ഥയിലേയ്ക്ക് എത്തുന്നു. രാത്രിയോടെ അവ വിശ്രമാവസ്ഥ തേടുന്നു. ദുർഗാ യാമത്തിൽ നാം ഉറങ്ങാൻ പോകണം. അതായത് രാത്രി 9.30 മുതൽ 12.30 വരെയുള്ള ദുർഗായാമത്തിന്റെ ആദ്യ പകുതിയിലെങ്കിലും നാം ഉറങ്ങാൻ കിടക്കണം.
10.30 നും 11 നും ഇടയിൽ ഉറങ്ങണം. ഒരിക്കലും സാധാരണ മനുഷ്യൻ ഭദ്രകാളീ യാമത്തിൽ വെറുതെ ഉണർന്നിരിക്കരുതെന്നാണ് ആചാര്യ വചനം. ആത്മീയ- അതീന്ദ്രിയ തല വീക്ഷണത്തിൽ, ഭൂമണ്ഡലത്തിന്റെ മേഖലയിലേയ്ക്ക് സൂക്ഷ്മ ലോക നിവാസികളും, യക്ഷ - കിന്നര - ഗന്ധർവ്വ - ഭൂത ഗണങ്ങളും , ദേവതാ സ്വരൂപികളും സ്വാധീനം ചെലുത്തുന്ന,വിരാജിക്കുന്ന, വിളയാടുന്ന അഭൗമ പ്രതിഭാസങ്ങളുടെ യാമമാണ് ഭദ്രകാളീ യാമമായ 12.30 മുതൽ 3.30 വരെയുള്ള സമയം. തന്ത്ര ഉപാസകർക്ക് മാത്രമാണ് അവിടെ ഉണർന്നിരിക്കാൻ വിധിയുള്ളതെന്ന് ആചാര്യന്മാർ പറയുന്നു. ആ സമയം തന്ത്രാനുഷ്ഠാനത്തിലൂടെ താന്ത്രികൻ ഊർജ്ജ വലയങ്ങളാൽ നിറഞ്ഞ്, തന്റെ ഉപാസനാ മൂർത്തിയിൽ വിലയിക്കുന്ന ദിവ്യമുഹൂർത്തമാണത്.താന്ത്രികന്റെ യാമമാണ് ഭദ്രകാളീ യാമം!
ആ സമയം സാധാരണ മനുഷ്യൻ ഏറെനാൾ വെറുതേ ഉണർന്നിരുന്നാൽ അവന്റെ ശാരീരിക -മനോ- ബൗദ്ധിക- പ്രാണ തലങ്ങളിലെ എനർജിയെ അത് ദോഷകരമായി ബാധിക്കും. ഭദ്രകാളീ യാമത്തിൽ ഭൂമിയുടെ കാന്തികമണ്ഡലവും, സൂഷ്മ ഊർജ്ജങ്ങളും ഏറെ ശക്തി പ്രാപിക്കുന്നു. ഭൗമാന്തരീക്ഷത്തിന്റെ ഊർജ്ജ തലംവ്യത്യാസപ്പെടുന്നു. അവിടെ ഉണ്ടാകുന്ന High Frequency Energy Waves ( HFEW ), Human Brain ന്റെ Electro Magnetic Wave ( EMW) തലവുമായി അത്ര യോജിച്ച് പോകുന്നതല്ല. അതിനാൽ ഭദ്രകാളീ യാമത്തിന് മുമ്പ് തന്നെ നിദ്രയെ പ്രാപിക്കാൻ പൗരാണികരായ ഗുരുവര്യന്മാർ നമ്മോട് ആഹ്വാനം ചെയ്തത്.
രാത്രിയോടെ എല്ലാ മനുഷ്യർക്കും ഉറക്കത്തിലേയ്ക്ക് പോകുവാനുള്ള ഉൽപ്രേരണ ഉണ്ടാകുന്നു. ദുർഗായാമത്തിന്റെ പകുതിയോടെ ( ഏകദേശം 11 മണി ) നമ്മുടെ സ്ഥൂല - സൂക്ഷ്മ ശരീരങ്ങളും , പഞ്ചേന്ദ്രിയങ്ങളും ,ബോധ മനസും, , നാഡീ സംവിധാനങ്ങളും , ബുദ്ധിയും വിശ്രമാവസ്ഥയിലേയ്ക്ക് പോകാൻ വെമ്പുന്നു. മനുഷ്യൻ ഉണർന്നിരിക്കുന്ന സ്ഥൂല ബോധാവസ്ഥയിൽ നിന്ന് , ഉറക്കത്തിന്റെ അബോധമായ സൂക്ഷ്മ ബോധാവസ്ഥയിലേയ്ക്ക് പരിണമിക്കുന്നു. ഒരു അബോധ ധ്യാനാവസ്ഥ.! നിദ്രാ ദേവിയുടെ മടിയിൽ നാം നമ്മെ മറന്ന് വിശ്രമിക്കുന്നു ... ഉറങ്ങുന്നു ...
എന്നാൽ ഇന്ന് അത്യന്താധുനീക മനുഷ്യർ, അവയ്ക്ക് ( ശരീര - മനോ- തലങ്ങൾക്ക് )വേണ്ട സമയത്ത് വേണ്ടരീതിയിലുള്ള വിശ്രമം നൽകാതെ മൊബൈൽ കണ്ടും , ടി.വി. കണ്ടും , രാത്രിയിൽ കറങ്ങിയടിച്ച് നടന്നും സ്വശക്തിയെ ഇല്ലാതാകുന്നു. മനസിന് Overload നൽകുന്നു. ഫലമോ മനോജന്യ ശാരീരിക പ്രശ്നങ്ങൾക്കും ( Psychosomatic disorders), രോഗങ്ങൾക്കും , ഉറക്കമില്ലായ്മ്മയ്ക്കും, അതുവഴിയുള്ള മാനസിക സംഘർഷങ്ങൾക്കും , മനോരോഗങ്ങൾക്കും പുതിയ തലമുറ അടിമകളായി തീരുന്നു.!
രാത്രികാലങ്ങളിൽ നിരന്തരമായി ജോലി ചെയ്യേണ്ടി വരുന്ന ആശുപത്രി ജീവനക്കാർ, IT മേഖലയിലുള്ളവർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്ക് ഇത്തരം പ്രശ്നങ്ങൾ വളരെ കൂടുതൽ ഉള്ളതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
അതെ 12.30 ന് മുൻപ്,
ഭദ്രകാളീ യാമത്തിനു മുൻപ് ഉറങ്ങുക. ഏറ്റവും നല്ലത് ദുർഗായാമത്തിൽ (10. pm - 11 pm സമയത്തിനുള്ളിൽ ) എന്നും ഉറങ്ങാൻ കിടക്കുക.സരസ്വതീ യാമത്തിൽ ഉണരുക. അത് സാധ്യമല്ലെകിൽ സൂര്യോദയത്തിന് അരമണിക്കൂർ മുമ്പെങ്കിലും ഉണരുക. യോഗ - ധ്യാനാദികൾ ആദ്യ മണിക്കൂറിൽ തന്നെ പരിശീലിക്കുക. ഈശ്വരനിൽ മനസിനെ ഉറപ്പിക്കുക. അന്തരീകമായ ശാന്തതയോടെ സന്തോഷത്തോടെ അവനവനിൽ നിക്ഷ്പ്തമായ കർമ്മമേഖലയിലേയ്ക്ക് ഇറങ്ങുക. ജീവിതത്തിന് എന്നും എപ്പോഴും കൃത്യനിഷ്ഠ / ദിനചര്യ ഉണ്ടാകണം. എല്ലാം ശുഭമാകും എന്ന ശുഭപ്രതീക്ഷ ജീവിതത്തിൽ സദാ പുലർത്തുക. അതാണ് ആനന്ദത്തിന്റെ ആരോഗ്യത്തിന്റെ മാർഗം ...!
തുടരും ...
എല്ലാം ശുഭമാവട്ടെ ... നന്മകൾ ഭവിക്കട്ടെ ...ഹര ഹര മഹാദേവ്... ജയ് മഹാകാളീ🔥
യോഗാചാര്യ
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
WhatsApp : 8078388409

Comments
Post a Comment