തന്ത്ര നിഗൂഡതയുടെ ശാസ്ത്രം : ഭാഗം 1
തന്ത്ര നിഗൂഡതയുടെ ശാസ്ത്രം : ഭാഗം 1
ഭാരതത്തിൽ ഉത്ഭവിച്ച തന്ത്ര ശാസ്ത്രം മാനവന്റെ ഭൗതീക - അത്മീയ പുരോഗതിയ്ക്കായി ഉടലെടുത്ത പൗരാണികമായ അനുഷ്ഠാന പദ്ധതിയാണ്. യോഗം , തന്ത്രം, വേദാന്തം എന്നീ മൂന്ന് അനുഷ്ഠാന പദ്ധതികളാണ് ഭാരതീയ ആധ്യാത്മിക ശാസ്ത്ര പഠനങ്ങളിൽ പ്രഥമ ഗണനീയമായ മാർഗങ്ങളായി യോഗിവര്യന്മാർ ചൂണ്ടികാട്ടുന്നത്. അതിൽ തന്ത്ര ഒരു നിഗൂഡ പദ്ധതിയാണ്. ഭാരതീയ ഗുരു പരമ്പരകൾ ആണ് ഈ മൂന്ന് മാർഗങ്ങളുടെയും ആധികാരിക കേന്ദ്രങ്ങൾ.
ഭാരതീയ താന്ത്രിക ഗുരുപരമ്പകൾ വഴിയാണ് തന്ത്ര ശാസ്ത്ര പഠനം പൂർണമാകുന്നത്. ക്ഷേത്ര പൂജകൾക്കായി ഉപയോഗിക്കുന്ന ബഹിരംഗ ആചാരാനുഷ്ഠാനങ്ങൾ മുതൽ സൂഷ്മമായ കുണ്ഡലിനീ ക്രിയകൾ വരെ തന്ത്രത്തിന്റെ അന്തരംഗ നിഗൂഡ പദ്ധതികളിൽ ഉൾപ്പെടുന്ന അതിവിശാലമായ വിഷയങ്ങൾ ആണ്
ഭഗവാൻ പരമേശ്വരനിൽ നിന്നാണ് തന്ത്ര ശാസ്ത്രത്തിന്റെ ഉത്ഭവം. മഹാദേവനിൽ നിന്ന് തന്ത്ര യോഗത്തിന്റെ രഹസ്യ പദ്ധതികൾ സ്വായത്തമാക്കിയ താന്ത്രിക യോഗികളും ഋഷികളും ഗുരുകുലങ്ങൾ സ്ഥാപിച്ച് ഇവ പഠിപ്പിച്ച് പോന്നു. പ്രാചീന കാലത്ത് ഗുരുകുലങ്ങളിൽ എത്തിച്ചേർന്നിരുന്ന സാധകർക്ക് അവരുടെ അർഹത , യോഗ്യത, കഴിവ്, എന്നിവ അനുസരിച്ച് മാത്രം , ഒപ്പം അവർ ഈ വിദ്യയെ യഥാവിധി അനുഷ്ഠിക്കും , ദുരുപയോഗം ചെയ്യില്ല എന്ന് പൂർണ ബോധ്യമുണ്ടെങ്കിൽ മാത്രമേ ഗുരുക്കന്മാർ തന്ത്ര പഠിപ്പിച്ചിരുന്നുള്ളൂ.
തന്ത്ര ഊർജ്ജത്തിന്റെ , ശക്തിയുടെ ശാസ്ത്രമാണ്. സിദ്ധി വിജ്ഞാനങ്ങൾ, ദേവതാ ഉപാസനകൾ, വശ്യ - മാരണ - ആഭിചാരാദി ആചാര പദ്ധതികൾ, സത് മന്ത്ര - ദുർമന്ത്രവാദി ക്രിയകൾ, കുണ്ഡലിനീ ക്രിയകൾ എന്നിവ ഉൾപ്പെടെ വ്യക്തിയിൽ / സമൂഹത്തിൽ നല്ലതും , ദോഷകരവുമായ ഫലങ്ങൾ ഉണ്ടാക്കാൻ പ്രാപ്തമായ നിരവധി ക്രിയകൾ തന്ത്ര യുടെ ഭാഗമാണ്.
ഉത്തര ഭാരതത്തിലേയും, ദക്ഷിണ ഭാരതത്തിലേയും തന്ത്രാചാര പദ്ധതികൾ വ്യത്യസ്ഥമാണ്. കേരളത്തിൽ പ്രധാനമായും ശൈവാഗമങ്ങളെ പിൻപറ്റിയുള്ള തമിഴകത്തിന്റെയും മറ്റും പാരമ്പര്യങ്ങളുമായി ഉൾച്ചേർന്നിട്ടുള്ളതുമായ ഒരു താന്ത്രിക പാരമ്പര്യം കാണുവാൻ കഴിയും. ഇത് കൂടാതെ വൈഷ്ണവ - ശാക്തേയ പാരമ്പര്യവും കേരളീയ തന്ത്ര പാരമ്പര്യത്തിൽ വലിയ സ്വാധീനമുളവാക്കിയവയാണ്.
കേരളീയ തന്ത്രപാരമ്പര്യത്തിൽ പ്രാചീനമായ നിരവധി താന്ത്രികാചാര്യന്മാരുടെ രചനകൾ വലിയ സ്വാധീനമുളവാക്കിയിട്ടുണ്ട്. ഈശാന ഗുരുദേവ പദ്ധതി, പ്രയോഗമഞ്ജരീ, ശൈവാഗമ നിബന്ധനം, ബ്രഹ്‌മ ശംഭു പദ്ധതി, സിദ്ധാന്തസാര പദ്ധതി, നടരാജപദ്ധതി, ക്രിയാ ക്രമ ദ്യോതിക, മൃഗേന്ദ്ര പദ്ധതി, സിദ്ധാന്ത സാരാവലി , ജ്ഞാന രത്നാവലി, സോമ ശംഭു പദ്ധതി, തന്ത്ര സമുച്ചയം, ശേഷ സമുച്ചയം, ക്രിയാ ദീപിക, കലശ ചന്ദ്രിക, വിഷ്ണു സംഹിത എന്നിവ കേരളീയ തന്ത്ര ശാസ്ത്ര പാരമ്പര്യത്തിന് നിരവധി സംഭവാനകൾ നൽകിയവയാണ്.
തുടരും .....
(തയ്യാറാക്കിയത് :
യോഗാചാര്യ എ.വി. കൃഷ്ണകുമാർ , യോഗോപാസനാ കേന്ദ്രം )
.jpeg)
Comments
Post a Comment