കർക്കടക വാവുബലി (പിതൃപൂജ) എന്ത് ? എങ്ങനെ ചെയ്യണം ?
പ്രശാന്തമായ കടലിനെ നോക്കി ധ്യാനനിരതനായിരുന്ന സ്വാമി വിവേകാനന്ദന്റെ അന്തർ ദൃഷ്ടിയിൽ സൂഷ്മ രൂപിയായ ഒരാത്മാവ് പ്രത്യക്ഷനായി !
മഹായോഗിയായ സ്വാമി വിവേകാന്ദനെ യാചനാ ഭാവത്തിൽ വണങ്ങി ആ ആത്മാവ് ഒരപേക്ഷ മുന്നോട്ട് വച്ചു. " അല്ലയോ മഹാ തപസ്വി അങ്ങയുടെ കാരുണ്യം എന്നിൽ ചൊരിയേണമേ .... ഞാൻ കുറേ നാൾ മുമ്പ് മരണപ്പെട്ട ഒരാളുടെ ആത്മാവാണ്. എനിക്ക് ഭാര്യയോ, മക്കളോ ആരുമില്ല. എന്റെ മരണാനന്തരം പിതൃബലി ക്രിയകൾ നടത്താൻ ആരുമുണ്ടായിരുന്നില്ല. 16 ദിന ബലിക്രിയകൾ നടത്താത്തതിനാലും, ചില സൂഷ്മ കാരണങ്ങളാലും ,എന്റെ സൂഷ്മ ദേഹത്തിന് ഈ ഭൂമണ്ഡലാന്തരീക്ഷം ഭേദിച്ച് പോകുവാനുള്ള ബലമില്ല. ആത്മാവിന് സൂക്ഷ്മലോക പ്രവേശനം അസാധ്യമായിരിക്കുന്നു. അങ്ങ് എനിക്ക് വേണ്ടി ബലിക്രിയകൾ ചെയ്യുമോ " ?
നിസഹായനായ ആ ആത്മാവിന്റെ കഷ്ടത മനസിലാക്കിയ വിവേകാനന്ദൻ സ്നേഹവായ്പ്പോടെ പറഞ്ഞു.... " കുഞ്ഞേ, ഞാൻ ലൗകീക ജീവിതം ഉപേക്ഷിച്ച് വിരജാ ഹോമം ചെയ്ത് സന്യാസം സ്വീകരിച്ച ആളാണ്. ഒരു സന്യാസി ആരുടെയും മരണാനന്തര ക്രിയകൾ ചെയ്യാറില്ല. എങ്കിലും നിന്റെ പ്രാർത്ഥന ജഗദീശ്വരന്റെ നിർദ്ദേശാനുസരണം ഞാൻ കൈകൊള്ളുന്നു. ഞാൻ നിന്റെ ഉയർച്ചയ്ക്കായി പിതൃബലി നൽകാം.
ഇത്തരത്തിൽ പ്രതിവചിച്ചു കൊണ്ട് സ്വാമി വിവേകാനന്ദൻ കടൽ തീരത്ത് നിന്ന് അൽപം മണ്ണെടുത്ത് , അത് കുഴച്ച് ഉരുളയാക്കി , "ഓം നമ: ശിവായ " എത്ര പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ട് , ആ ആത്മാവിന്റെ സദ്ഗതിയ്ക്കായി പരമേശ്വരനോട് പ്രാർത്ഥിച്ച് , മണ്ണുരുള കടൽ ജലത്തിൽ സമർപ്പിച്ചു. ആ നിമിഷം തന്നെ ആത്മാവിന്റെ സൂഷ്മ ശരീരം പ്രാണശക്തിയാൽ നിറഞ്ഞ് ഭൂമണ്ഡലം ഭേദിച്ച് പിതൃലോകത്തേയ്ക്ക് പ്രവേശിച്ച് ഉന്നതി നേടി ....!
ഇവിടെ ഈയൊരു സംഭവ കഥ വിവരിച്ചത് ഹൈന്ദവാചാര പ്രകാരം, മരണപ്പെട്ട ഒരാളുടെ ആത്മാവിന്റെ സദ്ഗതിയ്ക്കായി പുത്രനോ , പുത്രിയോ , അടുത്ത ബന്ധുക്കളോ, സുഹൃത്തുക്കളോ യഥാവിധിയുള്ള ശ്രാദ്ധകർമ്മങ്ങൾ ചെയ്തില്ലെങ്കിൽ സാധാരണ ഗതിയിൽ ശരീരം നഷ്ടപ്പെട്ട ആത്മാവിന് ഊർദ്ധഗതി പ്രയാസമെന്ന് ചുരുക്കം. ഇല്ലെങ്കിൽ മരണപ്പെടുന്നയാൾ യോഗ - തന്ത്രാദി സാധനകൾ ചെയ്ത് കുണ്ഡലിനീ ശക്തിയെ ജാഗ്രതപ്പെടുത്തിയ ആൾ ആയിരിക്കണം. അത്തരമൊരു യോഗിയുടെ ആത്മാവിന് ശ്രാദ്ധ - പിതൃ കർമ്മങ്ങൾ ആവശ്യമില്ല. സ്വയം ഉയർന്നു പോകാനുള്ള പ്രാണ ശേഷി അത്തരം ആത്മാക്കൾക്ക് സഹജമായി ഉണ്ടായിരിക്കും.
സാധാരണ ഗതിയിൽ മരണപ്പെടുന്ന ഒരാളുടെ സൂക്ഷ്മ ദേഹം "പും " എന്ന ലോകത്തേയ്ക്കാണ് ഉയർത്തപ്പെടുന്നത്. ഭൗതീക ദേഹം വിട്ട ഈ സൂക്ഷ്മ ശരീരത്തിന് ഉയർന്ന പിതൃലോകങ്ങളിലേയ്ക്കും മറ്റും പോകാനുള്ള ബലം കുറവായിരിക്കും. മരണപ്പെട്ടയാളുടെ മകൻ / മകൾ / ബന്ധു ചെയ്യുന്ന 16 ദിന ശ്രാദ്ധകർമ്മങ്ങളുടെ ഫലമായി, ബലിതർപ്പണ ക്രിയയിൽ ഉടലെടുക്കുന്ന ഹവിസ് സ്വീകരിച്ച് അയാളുടെ സൂഷ്മ ശരീരം ബലവത്താക്കുന്നു. ഉയർന്ന ലോകങ്ങളിലേയ്ക്ക് പോകുവാനുള്ള ശക്തി നേടുന്നു.
ജ്വരം ബാധിച്ച് തളർന്ന് കിടക്കുന്നവന് ഗ്ലൂക്കോസും, മരുന്നും, നല്ല ആഹാരവും കൊടുക്കുമ്പോൾ അയാളുടെ ക്ഷീണം മാറി ഊർജ്ജസ്വലനാകുന്നതു പോലെ , പൊടുന്നനെ മരണത്തിൽ സ്വശരീരം നഷ്ടപ്പെട്ട് സൂക്ഷ്മ ശരീരിയായി മാറി ഉയർന്നു പോകാൻ പ്രയാസപ്പെടുന്ന ആത്മാവിനുള്ള ഗ്ലൂക്കോസാണ് / മരുന്നാണ് ഒരാളുടെ മരണാനന്തരം ചെയ്യുന്ന ബലി കർമ്മങ്ങൾ .
പിതൃക്കൾ എന്നത് ഉന്നത ലോക നിവാസികളാണ്. മരണപ്പെടുന്ന ഒരാളുടെ ആത്മാവ് ആദ്യമെത്തിച്ചേരുന്ന " പും " എന്ന ലോകത്ത് നിന്നും , 16 ദിന ബലിതർപ്പണ ക്രിയകൾ ചെയ്ത് ആത്മാവിനെ പിതൃലോകത്തിലേയ്ക്ക് ഉയർത്തി വിടുന്നവനാരോ അവനാണ് പുത്രൻ / പുത്രി. ഇത്തരത്തിൽ പും ലോകത്ത് നിന്ന് പിതൃലോകത്ത് എത്തിച്ചേരുന്ന ആത്മാക്കൾ നിശ്ചിത കാലം അവിടെ കഴിഞ്ഞതിന് ശേഷം വീണ്ടും ജന്മമെടുക്കാനായി ഭൂമി പോലുള്ള സ്ഥൂല ലോകങ്ങളിലേയ്ക്കോ, അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന സൂഷ്മ - കാരണ ലോകങ്ങളിലേയ്ക്കോ പോകുന്നു. ഇതിനെയെല്ലാം നിയന്ത്രിക്കുന്നത് ആത്മാവിന്റെ സൂക്ഷ്മമായ കർമ്മ നിയമങ്ങളാണ്.
കർക്കടക വാവു ബലി, മരണാനന്തരം 16 ദിവസം നടക്കുന്ന പിണ്ഡ സന്ധി ശ്രാദ്ധ കർമ്മം, മരണപ്പെട്ടതിന് ശേഷം ഒരു വർഷം ആകുമ്പോൾ ചെയ്യുന്ന വാർഷിക പിതൃപൂജ എന്നിവയാണ് പൊതുവേ മരണപ്പെടുന്ന ഒരാളുടെ ആത്മാവിന്റെ സദ്ഗതിയ്ക്കായി പ്രാധാനമായും ചെയ്യുന്ന പിതൃകർമ്മങ്ങൾ.
ഭാരതത്തിൽ ദേശ- ഭാഷാ- കുല പരമായി വ്യത്യസ്ഥ പിതൃബലി കർമ്മങ്ങൾ കാണാം. ഒരു പിതൃപൂജ പൂർണമാകണമെങ്കിൽ അതിൽ ബാഹ്യ പൂജാ - നൈവേദ്യങ്ങൾക്കൊപ്പം തന്നെ ബലിക്രിയ ചെയ്യുന്നയാൾ മന്ത്രം കൊണ്ടും, പ്രാണൻ കൊണ്ടും, മനസു കൊണ്ടും പൂജ ചെയ്യണം. അതല്ലാതെ അർത്ഥമറിയാതെ എള്ളും , പൂവും, ചന്ദനവും, അരിയും വാരിയെറിഞ്ഞത് കൊണ്ട് ശ്രാദ്ധകർമ്മത്തിന് ഫലമുണ്ടാവില്ല.
യോഗാത്മകമായ ശ്രാദ്ധ കർമ്മം എങ്ങനെ?
ശ്രദ്ധയോടെ മന്ത്രവും , മനസും , പ്രാണനും അർപ്പിച്ച് അച്ഛൻ വഴിയും അമ്മ വഴിയുമുള്ള വംശ പിതൃക്കളെ മനസിൽ സ്മരിച്ച് അവരുടെ ഊർദ്ധഗതിയ്ക്കായി ചെയ്യുന്ന കർമ്മമാണ് യോഗാത്മക ശ്രാദ്ധ പൂജ / പിതൃബലി. അതിന് ബാഹ്യ വസ്തുക്കൾ ഒന്നും ആവശ്യമില്ല. അത് അന്തരംഗ പൂജയാണ്. ഏറെ ശക്തിമത്തും ഫല ദായകവുമാണെന്ന് യോഗികൾ പറയുന്നു.
കർക്കടക വാവു ദിവസം അല്ലങ്കിൽ ശ്രാദ്ധ ദിവസം പിതൃപൂജ ചെയ്യേണ്ട വിധം:-
അന്നേ ദിവസം വെളുപ്പിന് 4 മണി മുതൽ രാവിലെ 9 മണി വരെയുള്ള സമയം യോഗാത്മക പിതൃപൂജയ്ക്കായി എടുക്കാം. കുളിച്ച് ശുദ്ധനായി ശുദ്ധ വസ്ത്രങ്ങൾ ധരിച്ച് നിലവിളക്ക് കത്തിച്ചു വച്ച് അതിനു മുന്നിൽ കിഴക്കോട്ട് തിരിഞ്ഞിരിക്കുക.
ഓം നമ: ശിവായ മന്ത്രവും , ഓം ശ്രീ ഗുരവേ നമ: എന്ന മന്ത്രവും 3 തവണ വീതം നീട്ടിച്ചൊല്ലുക. ശേഷം ഈശ്വരനോട് , ഗുരുവിനോട് കൈകൾ തൊഴുത് കണ്ണടച്ച് പ്രാർത്ഥിക്കുക
" ഈ കർക്കടക വാവ് /ശ്രാദ്ധ ദിവസം (അവിട്ടം) നക്ഷത്രത്തിൽ ജനിച്ച (രാമൻ ) എന്ന് പേരായ ഞാൻ എന്റെ വംശപിതൃക്കൾക്കായി ചെയ്യുന്ന യോഗാത്മകമായ ശ്രാദ്ധ കർമ്മം / പിതൃപൂജ പൂർണ വിജയപ്രദമാകട്ടെ ... പിതൃക്കൾക്ക് സദ്ഗതി ഉണ്ടാവട്ടെ ... മഹാദേവന്റെ ഗുരു പരമ്പരകളുടെ അനുഗ്രഹത്താൽ എല്ലാ പിതൃദോഷങ്ങളും നീങ്ങി എന്റെ ജീവിതം ഐശ്വര്യ പൂർണമാവട്ടെ "
അതിന് ശേഷം 5-10 മാല വരെ or 15- 30 മിനിറ്റ് "ഓം നമ: ശിവായ" എന്ന പഞ്ചാക്ഷരീ മന്ത്രം ശ്രദ്ധയോടെ നമുക്ക് കേൾക്കാവുന്ന ഉച്ചത്തിൽ ചൊല്ലുക.
ശേഷം 3-5 മിനിറ്റ് ശാന്തമായിരുന്ന് കൈകൾ തൊഴുതുപിടിച്ച് കണ്ണടച്ചിരുന്ന് പ്രാർത്ഥിക്കുക.
" അല്ലയോ പിതൃമോക്ഷകാരകനായ മഹാദേവ അങ്ങേയ്ക്ക് കോടി പ്രണാമം, അച്ഛൻ വഴിയും അമ്മ വഴിയുമുള്ള എന്റെ എല്ലാ വംശപിതൃക്കളുടെയും സദ്ഗതിയ്ക്കായി ഈ പഞ്ചാക്ഷരീ മന്ത്ര ജപം അങ്ങയിൽ ഞാൻ സമർപ്പിക്കുന്നു. അങ്ങയുടെ അനുഗ്രഹത്താൽ ഈ പൂജ / സാധന പൂർണമായും ഫലപ്രദമാവട്ടെ .... എന്റെ എല്ലാ വംശ പിതൃക്കൾക്കും നന്മയും ശാന്തിയും ഉയർച്ചയും ഉണ്ടാവട്ടെ "
( 3 - 5 തവണ ഈ പ്രാർത്ഥന പറയുക)
ശേഷം ഓം നമ: ശിവായ, ഓം ശ്രീ ഗുരവേ നമ: , ഓം ലോകാ സമസ്താ സുഖിനോ ഭവന്തു : മന്ത്രങ്ങൾ 3 തവണ വീതം ചൊല്ലി പ്രാർത്ഥിക്കുക.
യോഗാത്മകമായ ഈ പിതൃപൂജയിൽ ഈശ്വരൻ , ഗുരു, പിതൃക്കൾ എന്നിവരെ സ്മരിച്ച് കൊണ്ട് നാം സാധന ചെയ്തു. അതിലൂടെ പഞ്ചമഹാ യജ്ഞങ്ങളിലെ ഈശ്വര യജ്ഞം, ഋഷി യജ്ഞം, പിതൃ യജ്ഞം എന്നിവ നാം ചെയ്തു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് , അശരണർക്ക് അന്നേ ദിവസം നാം മധുര പലഹാരങ്ങൾ /ഭക്ഷണം വാങ്ങി നൽകുക ( നരയജ്ഞം ), പക്ഷി മൃഗാധികൾക്ക് ഭക്ഷണം വിതരണം ചെയ്യുക , ജല ജീവികൾക്ക് ഭക്ഷണം നൽകുക ( ഭൂതയജ്ഞം ) എന്നിവ കൂടി ചെയ്യുക.
ശേഷം രാവിലയോ, വൈകിട്ടോ അടുത്തുള്ള ക്ഷേത്രത്തിൽ പോയി വിളക്ക് കത്തിക്കുക, കഴിയാവുന്ന വഴിപാടുകൾ ( പിതൃ നമസ്ക്കാരം, കൂട്ട നമസ്ക്കാരം ) എന്നിവ ചെയ്യുക.
നന്മകൾ ഭവിക്കട്ടെ🙏
(തയ്യാറാക്കിയത് :
ആചാര്യ എ.വി. കൃഷ്ണകുമാർ
ഹിമാലയൻ സിദ്ധാശ്രമം
WhatsApp : 8078388409)
🙏ശുഭം🙏

🙏🙏🙏
ReplyDelete