പടിയാറും കടന്ന് അവിടെ ചെല്ലുമ്പോൾ...
( ശിവകുണ്ഡലിനീ യോഗ രഹസ്യം : ഭാഗം 1)
"നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ " എന്നു തുടങ്ങുന്ന പ്രശസ്തമായ കീർത്തനം നാമെല്ലാം കേട്ടിട്ടുണ്ട്. ആ കീർത്തനത്തിലെ
"എളുപ്പമായുള്ള വഴിയെ കാണുമ്പോൾ ഇടയ്ക്കിടെ ആറു പടിയുണ്ട് ... പടിയാറും കടന്ന് അവിടെ ചെല്ലുമ്പോൾ ശിവനെക്കാണാകും ശിവ ശംഭോ" എന്നീ വരികളും നമുക്ക് പരിചിതമാണ്.
മുകളിൽ കൊടുത്തിരിക്കുന്ന ഈ നാല് വരികളിൽ പൗരാണികമായ കുണ്ഡലിനി യോഗ രഹസ്യം പ്രതിപാദിക്കുന്നു എന്ന് നമുക്ക് എത്രപേർക്കറിയാം.
ഈ കീർത്തനത്തിലെ അവസാന നാല് വരികൾ ശ്രദ്ധിച്ചാൽ, സസൂക്ഷ്മമായ കുണ്ഡലിനി യോഗ രഹസ്യമാണ് ആ വരികളിൽ ഉള്ളത് എന്നത് നമ്മെ അത്ഭുതപ്പെടുത്തും !
"എളുപ്പമായുള്ള വഴിയെ കാണുമ്പോൾ...
ഇടയ്ക്കിടെ ആറു പടിയുണ്ട്...
പടിയാറും കടന്നവിടെ ചെല്ലുമ്പോൾ...
ശിവനെക്കാണാകും ശിവശംഭോ"...
ഈ വരികളെ ഒന്ന് വിശദീകരിച്ചാൽ....
"എളുപ്പമായുള്ള വഴിയെ കാണുമ്പോൾ ഇടയ്ക്കിടെ ആറു പടിയുണ്ട് " എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഈശ്വര സാക്ഷാൽ കാര്യം നേടുന്നതിന് എളുപ്പമായ ഒരു മാർഗ്ഗം നമ്മുടെ ഉള്ളിൽ തന്നെയുണ്ട് എന്നതാണ്. ആ വഴി / പടി നമ്മുടെ സൂക്ഷ്മ ശരീരത്തിന്റെ ഉള്ളിൽ കുടികൊള്ളുന്ന ആറ് ഊർജ്ജകേന്ദ്രങ്ങൾ അഥവാ ചക്രങ്ങളെ അറിയലാണ്, ഉണർ ത്തലാണ്.
"പടിയാറും കടന്നവിടെ ചെല്ലുമ്പോൾ " എന്നത് കുണ്ഡലിനി ക്രിയയിലൂടെ നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ശക്തിയെ പ്രണായാമം, മന്ത്രജപം, ധ്യാനം, സങ്കൽപ്പ പ്രാർത്ഥനാദി ക്രിയകൾ വഴി ഉണർത്തുന്നതിനെ കുറിച്ചാണ്.
"ശിവനെക്കാണാകും ശിവശംഭോ " എന്നത് കുണ്ഡലിനി ക്രിയയിലൂടെ മൂലാധാരത്തിലെ ശക്തിയെ ഷഡാധാര ചക്രങ്ങളിലൂടെ മുകളിലേക്ക് ഉയർത്തി സഹസ്രാര പത്മത്തിൽ കുടികൊള്ളുന്ന ശിവ ബോധവുമായി ആ ശക്തിയെ ലയിപ്പിക്കുന്നതിനെ പറ്റിയാണ്. അത്തരത്തിൽ ലയനം സംഭവിക്കുമ്പോൾ മാനവ ബോധം ദൈവിക ബോധമായി പരിണമിക്കുന്നു. മനുഷ്യൻ ജ്ഞാനം /നിർവാണം / മോക്ഷം നേടുന്നു.
ഈ പ്രക്രിയയാണ് പൗരാണിക ഋഷികൾ പറഞ്ഞ ശിവകുണ്ഡലിനി യോഗം, രാജയോഗം ക്രിയാ യോഗം, ശിവശക്തിയോഗം, ശിവരാജയോഗം, സ്വരയോഗം, ചക്രയോഗം, ശരനൂൽ ശാസ്ത്രം എന്നത്.
ഈശ്വരസാക്ഷാത്ക്കാരത്തിനും ലൗകിക ജീവിത വിജയത്തിനും മനുഷ്യരിൽ കുണ്ഡലിനി ശക്തി ഉണരേണ്ടത് അനിവാര്യമാണ്.
ഒരു മനുഷ്യന്റെ സൂക്ഷ്മ ശരീരത്തിൽ കുടികൊള്ളുന്ന ദൈവീക ശക്തിസ്രോതസ്സാണ് കുണ്ഡലിനി. എല്ലാവരുടെയും ഉള്ളിൽ സൂക്ഷ്മ ശരീരത്തിൽ കുണ്ഡലിനി ഊർജ്ജം നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ ഊർജ്ജത്തിന്റെ ബീജം / അടിസ്ഥാന ശക്തി കുടികൊള്ളുന്നത് ഷഡാധാര ചക്രങ്ങളിലെ ബേസ് ചക്രമായ മൂലാധാര ചക്രത്തിലാണ്.
ഉദാഹരണമായി വളരെ വലിയ ഒരു ആൽമരം രൂപപ്പെട്ടത് ചെറിയ ഒരു ആൽവിത്തിൽ നിന്നാണ്. ആൽമരത്തിന്റെ ബീജമാണ് ആൽവിത്ത്. കുണ്ഡലിനി ശക്തിയുടെ മൂലം അഥവാ ബീജം മൂലാധാര ചക്രത്തിലാണ് കേന്ദ്രീകൃതമായിരിക്കുന്നത്. മൂലാധാരചക്രത്തിൽ സുപ്താവസ്ഥയിൽ കുടികൊള്ളുന്ന ഈ ഊർജ്ജത്തെ യോഗ, തന്ത്ര അനുഷ്ഠാനങ്ങളിലൂടെ ഏതൊരാൾക്കും ഉണർത്താനും ഉയർത്താനും വികസിപ്പിക്കാനും പരിണമിപ്പിക്കാനും സാധിക്കും. അത്തരത്തിൽ കുണ്ഡലിനി ശക്തി ഉണർന്നാൽ ഭൗതിക ജീവിതവും ആത്മീയ ജീവിതവും ശ്രേയസ്കരമായി മാറും.
കുണ്ഡലിനി കേവലം ആത്മീയ വികാസത്തിനുള്ള ഒരു ശക്തി വിശേഷം മാത്രമല്ല. ഭൗതിക രംഗത്ത് സമ്പൂർണ്ണ വിജയിയായി മാറാനും കുണ്ഡലിനി ശക്തിയുടെ ഉണർച്ച മനുഷ്യന് അത്യന്താപേക്ഷിതമാണ്. എന്നാൽ ആധുനിക കാല മനുഷ്യരിൽ ബഹുഭൂരിപക്ഷവും ഈ ശക്തിയെ പറ്റി അജ്ഞരാണ്. ഇതിനെ എങ്ങനെ അറിയാമെന്നും ഉണർത്താമെന്നും ഉയർത്താമെന്നും അതിലൂടെ ജീവിത പ്രാരാബ്ധങ്ങളെ എങ്ങനെ ഇല്ലായ്മ ചെയ്യാമെന്നുമുള്ള മഹത്തായ അറിവ് ലോകം തിരിച്ചറിയാതെ പോകുന്നു.
പൂർവ്വജന്മ ദുഷ്കർമ്മങ്ങളുടെ സ്വാധീനത്താലും, ഗ്രഹദോഷങ്ങളാലും, അടുക്കും ചിട്ടയും ഇല്ലാത്ത, ഉപാസനാരഹിതമായ തെറ്റായ ജീവിതക്രമത്താലുംലോക ജീവിതത്തിന്റെ ദുഃഖ ദുരിതങ്ങളിൽപ്പെട്ട് മനുഷ്യർ നട്ടം തിരിയുകയാണ്.
ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും പ്രശ്നങ്ങളേയും മറികടക്കുവാൻ ഏതൊരാൾക്കും സാധിക്കും. അതിന് തന്റെ ഉള്ളിൽ കുടികൊള്ളുന്ന കുണ്ഡലിനി ശക്തിയെ ഉണർത്തപ്പെട്ടണം.
കുണ്ഡലിനി ശക്തി എന്നത് പ്രപഞ്ചം എങ്ങും നിറഞ്ഞുനിൽക്കുന്ന പരബ്രഹ്മ ശക്തിയുടെ പ്രതിരൂപമാണ്. വിശ്വം എങ്ങും നിറഞ്ഞുനിൽക്കുന്ന ഈ ദിവ്യ ഊർജ്ജത്തെയാണ് യോഗിമാർ പരബ്രഹ്മം എന്നു വിളിച്ചത്. ആ ഊർജ്ജം മനുഷ്യ ശരീരത്തിൽ കുടികൊള്ളുമ്പോൾ അത് കുണ്ഡലിനി എന്നറിയപ്പെടുന്നു.
നട്ടെല്ലിന്റെ കീഴറ്റത്ത് ഒരു കുണ്ഡത്തിൽ മൂന്നര ചുറ്റായ ഒരു പാമ്പിന്റെ രൂപമെന്നോണം പ്രാണ ഊർജ്ജം ഉറങ്ങിക്കിടക്കുന്നു.ഇതാണ് കുണ്ഡലിനി ശക്തിയുടെ അടിസ്ഥാന തലം അഥവാ മൂലാധാര ചക്രം. യോഗ, തന്ത്ര സാധനകളിലൂടെ ശരീരത്തിൽ രൂപപ്പെടുന്ന പ്രാണ ഊർജ്ജ പ്രവാഹം മൂലാധാര ചക്രത്തിലേക്ക് എത്തുകയും, ഈ ചക്രത്തിലെ കുണ്ഡലിനി ഊർജ്ജത്തെ ഉണർത്തിക്കുകയും ചെയ്യുന്നു.
ഇത്തരത്തിൽ ജാഗ്രത്താകുന്ന പ്രാണ ഊർജ്ജം മൂലാധാര ചക്രത്തിൽ നിന്നും സ്വാധിഷ്ഠാന - മണിപൂരക - അനാഹത - വിശുദ്ധ - ആജ്ഞ ചക്രങ്ങളിലൂടെ മുകളിലേക്ക് ഉയർന്നു സഹസ്രാരയിൽ ശിവനുമായി ലയനം ചെയ്യുന്നു. ഇതാണ് ശിവകുണ്ഡലിനി യോഗം.
എല്ലാ മനുഷ്യരുടെയും ഉള്ളിൽ ദിവ്യമായ കുണ്ഡലിനി ശക്തി നിദ്രാരൂപേണ കുടികൊള്ളുന്നു. ആത്മീയ സാധനകൾ അനുഷ്ഠിക്കുമ്പോൾ മാത്രമാണ് ഈ ശക്തിയെ നമുക്ക് അറിയാനും സ്വാധീനിക്കാനും ഉണർത്താനും നിയന്ത്രിക്കാനും ഉയർത്താനും സാധിക്കുക.
പാലിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന തൈരിൽ വെണ്ണ മറഞ്ഞിരിക്കുന്നത് പോലെ, സർവ്വ മനുഷ്യരുടെയും ഉള്ളിൽ മഹത്തായ കുണ്ഡലിനി ഊർജ്ജം മറഞ്ഞു കിടക്കുന്നു. തൈരിൽ നിന്ന് വെണ്ണ എടുക്കാനുള്ള മാർഗ്ഗം അതിനെ കടകോൽ ഉപയോഗിച്ച് കടയുക എന്നുള്ളതാണ്. എന്നത് പോലെ
നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന കുണ്ഡലിനി ശക്തിയെ ഉണർത്താനും സാധനയാകുന്ന കടകോൽ അവശ്യമാണ്.
നിത്യവും നിഷ്ഠയോടെ ശ്രദ്ധയോടെ വിശ്വാസപൂർവ്വം കുണ്ഡലിനി ക്രിയകൾ അനുഷ്ഠിച്ചാൽ ഈ ദിവ്യമായ ഊർജ്ജത്തെ നമുക്ക് ഉണർത്തുവാനും അതുവഴി ഭൗതിക ആത്മീയ രംഗങ്ങളിൽ സമ്പൂർണ്ണ വിജയിയായി മാറാനും സാധിക്കുമെന്ന് യോഗിമാർ പറയുന്നു.
തുടരും ....
യോഗാചാര്യ എ.വി.കൃഷ്ണകുമാർ,
യോഗോപാസന കേന്ദ്രം
WhatsApp: 8078388409

Nice
ReplyDelete