കുണ്ഡലിനി അഥവാ ഊർജ്ജത്തിന്റെ മഹാ ഉറവിടം

 


ഈ പ്രപഞ്ചത്തിലെ ഈശ്വരന്റെ ഏറെ മഹത്തായ ഒരു സൃഷ്ടിയാണ് മനുഷ്യൻ. മനനം ചെയ്യാൻ കഴിവുള്ളവനാണ് മാനവൻ.ഈ മനനശേഷിയാണ് മനുഷ്യനെ ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ ജീവി ആക്കി മാറ്റിയത്. ഇതര ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തമായി, മനുഷ്യർക്ക്  വികാസം പ്രാപിച്ച മസ്തിഷ്കവും മനസ്സും ഇന്ദ്രിയങ്ങളും  ബുദ്ധിശക്തിയും ഉണ്ട്. മാനവന് ഈ മഹാശക്തികളെ  വരദാനമായി നൽകിയത് സൂക്ഷ്മ ശരീരത്തിൽ നിലകൊളുന്ന  കുണ്ഡലിനിയാണ്.

എന്താണ് കുണ്ഡലിനീ ?

 അതി സൂക്ഷ്മങ്ങളായ ഷഡാധാര ചക്രങ്ങളും, ദശ പ്രാണനുകളും, ബോധ - ഉപബോധ -അബോധ  അതീത മനോ തലങ്ങളും, സ്ഥൂല - സൂക്ഷ്മ ബുദ്ധിയും, സർവ്വോപരി ജഗദീശ്വരന്റെ മഹാശക്തിയും എല്ലാം ഒന്നുചേർന്ന് പ്രവർത്തിക്കുന്ന തലം കുണ്ഡലിനിയുടേതാണ്. 

എല്ലാ മനുഷ്യരുടെയും ഉള്ളിൽ കുണ്ഡലിനി സുപ്താവസ്ഥയിൽ കുടികൊള്ളുന്നുണ്ട്.

സ്ഥൂല ശരീരത്തിൽ നട്ടെല്ലിന്റെ കീഴറ്റത്ത് സുഷുമ്ന നാഡിയുടെ അധോ ഭാഗത്തായി കുണ്ഡലിനി ശക്തിയുടെ ബീജം കിടക്കുന്നു.ഈ ഭാഗത്തെ മൂലാധാര ചക്രം എന്ന് യോഗിമാർ വിളിക്കുന്നു.  യഥാർത്ഥത്തിൽ ഇത് സ്ഥൂല (Physical Body ) ശരീരത്തിൽ അല്ല.കുണ്ഡലിനി ബീജം / മൂലാധാരം നമ്മുടെ സൂക്ഷ്മ ശരീരത്തിൽ (Astral Body) ആണ് ഇരിക്കുന്നത്.

അഗാധമായ ധ്യാനാവസ്ഥയിലൂടെ സൂക്ഷ്മ ശരീര അവബോധം വന്ന ഒരു സാധകന് മാത്രമേ മൂലാധാര ചക്രത്തെ പൂർണ്ണമായി അറിയാൻ കഴിയൂ.

ആയതിനാൽ ഒരു സാധകന്റെ സാധന അനുഷ്ഠാനത്തിന്റെ ആദ്യഘട്ടത്തിൽ ഗുരു, മൂലാധാര ചക്രം എന്ന് പറയുമ്പോൾ ബാഹ്യ ശരീരത്തിൽ നട്ടെല്ലിന്റെ കീഴറ്റം അല്ലെങ്കിൽ ജനനേന്ദ്രിയ - വിസർജനേന്ദ്രിയ മധ്യേ ഉള്ള ഭാഗം ശ്രദ്ധിക്കാൻ പറയുന്നു. അത്തരത്തിൽ നിരന്തരമായി ആ ഭാഗത്തെ ശ്രദ്ധിക്കുന്ന ഒരു സാധകന് ക്രമേണ സൂക്ഷ്മമായ മൂലാധാര ചക്രത്തിലെ പ്രാണന്റെ ചലനം ബാഹ്യ ശരീരത്തിൽ അനുഭവപ്പെട്ടു തുടങ്ങുന്നു.

നട്ടെല്ലിന്റെ കീഴറ്റത്ത് എന്തോ കുത്തുന്നത് പോലെയോ,തുളച്ചുകയറുന്നത് പോലെയോ, പാമ്പ് ഇഴയുന്ന അനുഭവമോ, ഉറുമ്പ് മുകളിലേക്ക് അരിച്ചുകയറുന്നത് പോലെയോ, മൂലാധാര ഭാഗം ചൂടുപിടിക്കുന്ന അവസ്ഥയോ, അല്ലെങ്കിൽ ചില തുടിപ്പുകളോ,ചലനങ്ങളോ, നാദങ്ങളോ, വെളിച്ചമോ അങ്ങനെ പലതരത്തിലുള്ള അനുഭവങ്ങൾ ചക്രജാഗരണം സംഭവിക്കുമ്പോൾ മൂലാധാരത്തിൽ ഉണ്ടാക്കാം.ഏത് അനുഭവങ്ങൾ ആണെങ്കിലും അത് കുണ്ഡലിനി ഉണർവിന്റെ ലക്ഷണമാണ്.

ഷഡാധാര ചക്രങ്ങളിൽ ഭൂതത്വത്തെ പ്രതിനിധാനം ചെയ്യുന്ന  മൂലാധാരം മാനവന്റെ അടിസ്ഥാന ചക്രമാണ്.നാലിലകളുള്ള ഒരു ചുവന്ന താമരയാണ് മൂലാധാരയെ പ്രതിനിധീകരിക്കുന്നത്. അതുപോലെതന്നെ പ്രാണ കുണ്ഡലിനി ഉണരുമ്പോൾ ഉണ്ടാകുന്ന പലവിധ അനുഭവങ്ങളിൽ ഒന്നാണ് നാദശ്രവണം.  കുണ്ഡലിനി ഉണരുമ്പോൾ ചില നാദങ്ങൾ/ ശബ്ദങ്ങൾ ഉള്ളിൽ കേൾക്കാൻ കഴിയുമെന്ന് നാദബിന്ദു ഉപനിഷത്ത് പറയുന്നു. അത്തരത്തിലുള്ള ദശ വിധ നാദങ്ങളിൽ ഒന്നായ 'ചീവീടിന്റെ കൂട്ട ചിലക്കലിന് ' സമാനമായ ഒരു നാദം മൂലാധാര ചക്രം ജാഗ്രത്താകാൻ തുടങ്ങുമ്പോൾ സാധകർക്ക്  അനുഭവപ്പെടും.

കുണ്ഡലിനിയിൽ  6 പ്രാണ കേന്ദ്രീകൃത ശക്തിചക്രങ്ങൾ ഉണ്ട്. ഇവയെ ഷഡാധാര ചക്രങ്ങൾ എന്ന് വിളിക്കുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം,  അനാഹതം,വിശുദ്ധി, ആജ്ഞ എന്നിവയാണവ.സൂക്ഷ്മ ശരീരത്തിൽ പ്രാണൻ ചുറ്റി സഞ്ചരിച്ച് ചില സ്ഥലങ്ങളിൽ കേന്ദ്രീകരിക്കപ്പെടുന്നു.അത്തരത്തിൽ പ്രാണൻ കേന്ദ്രീകരിക്കപ്പെടുന്ന ഭാഗങ്ങളെ ചക്രങ്ങൾ എന്ന യോഗിമാർ വിളിച്ചു. ഈ ചക്രങ്ങളിലാണ് മനുഷ്യജന്മത്തിന്റെ രഹസ്യം ഒളിച്ചിരിക്കുന്നത്.ഈ ചക്രങ്ങൾ ആത്മീയ സാധനയിലൂടെ ഉണർത്തിയാൽ മാത്രമാണ് മനുഷ്യബോധം ഈശ്വരീയ ബോധമായി പരിണമിക്കപ്പെടുക.കുണ്ഡലിനി ഉണർന്നാൽ ആത്മീയ പുരോഗതി മാത്രമല്ല ഒരുവന് നേടാൻ കഴിയുക. ഭൗതികരംഗത്തും പൂർണ്ണ വിജയിയായി മാറുവാൻ കഴിയും. കുണ്ഡലിനി ഉണരണമെങ്കിൽ ശരിയായ ഗുരു പരമ്പരകളിലൂടെ കുണ്ഡലിനി ക്രിയകൾ അഭ്യസിച്ച് നിത്യവും പരിശീലിക്കണം.

പ്രാണ കുണ്ഡലിനി ,

ക്രിയാ കുണ്ഡലിനി ,

ശക്തികുണ്ഡലിനി ,

ബോധ കുണ്ഡലിനി , 

ജ്ഞാന കുണ്ഡലിനി 

എന്നിങ്ങനെ കുണ്ഡലിനി ശക്തിയെ വിവിധതരത്തിൽ യോഗിമാർ വിളിക്കാറുണ്ട്.

കുണ്ഡലിനിയുടെ  അടിസ്ഥാന ശക്തി സ്രോതസ്സ് പ്രാണ കുണ്ഡലിനിയാണ്. നമ്മുടെ കണ്ണിന്റെ ഇമ വെട്ടുന്ന ഏറ്റവും ചെറിയ സൂക്ഷ്മ പ്രവർത്തനം മുതൽ മനുഷ്യ ശരീരത്തിലെ ഏറെ സങ്കീർണമായ പ്രവർത്തനങ്ങൾ വരെ പ്രാണ കുണ്ഡലിനിയാണ് നിയന്ത്രിക്കുന്നത്. മസ്തിഷ്കം, ഹൃദയം,  ശ്വാസകോശം, കരൾ, വൃക്കകൾ, ആമാശയം, നാഡീ വ്യവസ്ഥ, രക്തചംക്രമണ വ്യവസ്ഥ, ഹോർമോൺ സംവിധാനം ഇതിനെല്ലാം പിന്നിൽ  പ്രവർത്തിക്കുന്നതും പ്രാണ കുണ്ഡലിനി തന്നെ !

ഇതെന്റെ ശരീരമാണെന്ന് നമ്മൾ അഭിമാനിക്കുമ്പോഴും ഈ  ശരീരത്തിന്റെ ഉള്ളിൽ നടക്കുന്ന ബഹുഭൂരിപക്ഷം പ്രവർത്തനങ്ങളും നമ്മുടെ ഇച്ഛയ്ക്കനുസരിച്ചോ പൂർണ്ണ നിയന്ത്രണത്തിലോ അല്ല നടക്കുന്നത് എന്നതാണ് യാഥാർത്ഥ്യം!

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ ബീജാണ്ഡങ്ങൾ സംയോജിച്ച് ഉടലെടുക്കുന്ന ഒരു ചെറിയ മാംസപിണ്ഡം ഓരോ മാസത്തിലും കൃത്യമായി വളർന്ന് അവയവങ്ങൾ രൂപപ്പെട്ട് പത്താം മാസത്തിൽ ഒരു പൂർണ്ണ മനുഷ്യശിശുവിന്റെ രൂപം പ്രാപിക്കുന്നു.ഏത് ശക്തിയാണ് ഇത്ര കൃത്യമായി ഒരു മാംസപിണ്ഡത്തെ ഒരു മനുഷ്യ ശിശുവിന്റെ രൂപത്തിലേക്ക് നയിച്ചത് ? ഇതിന് പിന്നിലെ കോസ്മിക് ഇന്റെലിജൻസ് എന്താണ് ?

നമ്മുടെ കണ്ണിന് കാഴ്ച നൽകുന്നതും, ചെവിക്ക് കേൾവി പ്രദാനം ചെയ്യുന്നതും, മൂക്കിന് ഗന്ധത്തെ അറിയാൻ കഴിയുന്നതും, നാവിന് വ്യത്യസ്ത രുചികളെ മനസ്സിലാക്കാനും ആസ്വദിക്കാനുമുള്ള ശേഷി നൽകുന്നതും, ത്വക്കിന് സ്പർശന ശക്തി കൊടുക്കുന്നതും ഇതേ പ്രാണകുണ്ഡലിനിയാണ്.

മനുഷ്യ ശരീരത്തിനുള്ളിലെ കോടാനുകോടി ജൈവ രാസ ജീവൽ പ്രവർത്തനങ്ങളെ ഒന്നാകെ പൂർണ ബോധാവസ്ഥയോടെ  നയിക്കുകയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് പ്രാണ കുണ്ഡലിനി ശക്തിയാണ്.....

കുണ്ഡലിനിയുടെ വിവിധ തലങ്ങളെ കുറിച്ച്, അതിനെ എങ്ങനെ ഉണർത്താം, അതിനുള്ള ശാസ്ത്രീയമായ ഗുരുപരമ്പരകളിലൂടെ പകർന്നു നൽകപ്പെട്ട വിവിധങ്ങളായ കുണ്ഡലിനി ക്രിയാ മാർഗ്ഗങ്ങളെ കുറിച്ച്  അടുത്ത ഭാഗത്ത് ചർച്ച ചെയ്യാം .....

തുടരും

നന്ദി🙏

യോഗചാര്യ എ.വി. കൃഷ്ണകുമാർ

8078388409

Comments

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര