മഹാ അവതാർ ബാബാജി എന്ന മഹാവിസ്മയം


10000 വർഷത്തിലധികമായി ഈ ഭൂമിയിൽ ജീവിച്ചിരിക്കുക! പൗരാണിക കാലത്ത് ആദി ശങ്കരാചാര്യർക്കും ആധുനിക കാലത്ത് സ്റ്റൈൽ മന്നൻ രജനീകാന്തിനും ക്രിയാ യോഗമാർഗം ഉപദേശിച്ചു കൊടുക്കുക ! ക്രിയാ കുണ്ഡലിനി യോഗം അനുഷ്ഠിക്കുന്ന സാധകന്മാർക്ക് സദാ മാർഗ്ഗനിർദ്ദേശകനായി ഈ ഭൂമിയിൽ ഇന്നും തുടരുക ! അതെ ഈ നൂറ്റാണ്ടിലെ മഹാവിസ്മയമാണ് മഹാവതാർ ബാബാജി എന്ന ശിവ ബാബ.


തമിഴ് നാട്ടിൽ പറങ്കി പേട്ടയിൽ ജനിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന മഹാവതാർ ബാബാജി അദ്ദേഹത്തിന്റെ അവസാന ജന്മം പഴനിയിൽ ഭോഗനാഥ മഹർഷിയുടെ ശിഷ്യനായി ജീവിച്ചിരുന്നു എന്നാണ് യോഗിമാർ പറയുന്നത്.തന്റെ അവസാന മനുഷ്യജന്മത്തിലെ അതേ ശരീരമാണ് ബാബാജി ഇപ്പോഴും സ്ഥൂല അവസ്ഥയിൽ കൈക്കൊള്ളാറുള്ളതെന്ന് അദ്ദേഹത്തെ ദർശിച്ച ക്രിയാ യോഗികൾ പറയുന്നു.മഹാ അവതാരം, ശിവ ബാബ, മഹാമുനി ബാബാജി, ത്രയംബക ബാബ എന്നൊക്കെയാണ് ക്രിയാ യോഗികൾ ബാബാജിയെ വിളിക്കുന്നത്.


മനുഷ്യന്റെ ഭൗതിക ആത്മീയ ജീവിതത്തെ സമ്പൂർണ്ണ വിജയപ്രദമാക്കാനുള്ള അമൃതവിദ്യയാണ് പൗരാണിക കാലത്ത് ശിവകുണ്ഡലിനി യോഗം എന്ന് വിളിക്കപ്പെട്ടിരുന്ന  ഇന്നത്തെ ക്രിയാ യോഗവിദ്യ. കാല പ്രയാണത്തിൽ ഈ വിദ്യ മാനവ ലോകത്തിന് ഇടയ്ക്ക് നഷ്ടപ്പെട്ടുവെങ്കിലും ആധുനിക കാലഘട്ടത്തിൽ ലാഹിരി മഹാശയ എന്ന തന്റെ ശിഷ്യനിലൂടെ മഹാവതാർ ബാബാജിയാണ് ക്രിയാ യോഗത്തെ നമുക്കായി പുനരുജ്ജീവിപ്പിച്ചത്.


ശിവകുണ്ഡലിനി യോഗം, ക്രിയായോഗം, ശിവരാജയോഗം, ശിവശക്തിയോഗം, മഹായോഗം, എന്നിങ്ങനെ വിവിധ പേരുകളിൽ ഈ വിദ്യ അറിയപ്പെടുന്നു. മനുഷ്യന്റെ പൂർവ്വജന്മ കർമദോഷങ്ങളെ, പാപങ്ങളെ, അജ്ഞാനത്തെ എരിച്ചുകളഞ്ഞ് അവനിൽ ആത്മീയതയുടെ പുതുവെളിച്ചം നിറയ്ക്കാൻ ശിവയോഗ പരിശീലനത്തിലൂടെ സാധിക്കും. പ്രപഞ്ച ഗണിത സംവിധാനമായി ക്രിയാ യോഗത്തിന് അടുത്ത ബന്ധമുണ്ട്. ഈ ബ്രഹ്മാണ്ഡത്തിലുള്ള സർവ്വശക്തികളും പിണ്ഡാണ്ഡമായ മനുഷ്യരിലും കുടികൊള്ളുന്നു. ആ ശക്തി അറിയപ്പെടുന്നത് കുണ്ഡലിനി എന്നാണ്.ഈ കുണ്ഡലിനി ശക്തിയെ വളരെ വേഗത്തിൽ ഉണർത്താൻ, ഉയർത്താൻ ക്രിയാ യോഗവിദ്യ ഏറെ സഹായകരമാണ്.


പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയിലൂടെയാണ് ഈ ലോകത്ത് നിന്ന് നാം കാഴ്ച, ശബ്ദം, ഗന്ധം, രുചി, സ്പർശനം എന്നീ അനുഭവതലങ്ങളിലൂടെ  അറിവുകൾ സ്വീകരിക്കുന്നത്. പഞ്ചേന്ദ്രിയങ്ങളിലൂടെ രൂപപ്പെടുന്ന അറിവാണ് സ്ഥൂല മനസ്സിനെ രൂപപ്പെടുത്തുന്നത്. മനസ്സിൽ രൂപപ്പെടുന്ന അറിവുകളെ, ആശയങ്ങളെ വിചിന്തനം ചെയ്ത് തീരുമാനമെടുക്കാനുള്ള മനുഷ്യന്റെ കഴിവാണ് ബുദ്ധിശക്തി. ശരിയായ ബുദ്ധി രൂപപ്പെട്ടാൽ മാത്രമാണ് നമ്മുടെ ഉള്ളിലെ ആത്മീയ തലങ്ങളെ പറ്റി അന്വേഷിക്കുവാൻ ഉള്ള ബോധം, വിവേകം മനുഷ്യരിൽ ഉടലെടുക്കുന്നത്.


ജനിക്കുക, തിന്നുക, കുടിക്കുക, രമിക്കുക, ജീവിക്കുക, മരിക്കുക, ഇത് ഈ ഭൂമിയിൽ ഉള്ള സർവ്വ ജീവജാലങ്ങളിലും കാണുന്ന ജീവൽ പ്രക്രിയകളാണ്.ഇതിൽ നിന്ന് മനുഷ്യരെ വ്യതിരിക്തമാക്കുന്നത് മനനം ചെയ്യാനുള്ള അവന്റെ ശേഷിയാണ്.


എന്റെ ജന്മം ഉദ്ദേശം എന്താണ് ? ഞാൻ എവിടെ നിന്നും വന്നു? മരണശേഷം ഞാൻ എങ്ങോട്ട് പോകുന്നു ? ജീവൻ എന്താണ് ? ആത്മാവ് എന്താണ് ? ഈശ്വരൻ ഉണ്ടോ ? ഈശ്വരനെ കാണാൻ സാധിക്കുമോ ? ഇത്തരം  താത്വികമായ ചിന്താഗതികൾ ഭൂമിയിലെ ജീവിവർഗങ്ങളിൽ മനുഷ്യൻ മാത്രമാണ് പുലർത്തുന്നത്. ഈ ചിന്താസരണികളാണ് ജന്മാന്തര രഹസ്യങ്ങളെ തേടാൻ മനുഷ്യരെ കാലാകാലങ്ങളായി പ്രേരിപ്പിക്കുന്നത് !


ഇതര ജീവിവർഗങ്ങളെ പോലെ എങ്ങനെയെങ്കിലും ജീവിച്ച് മരിച്ച് മണ്ണടിഞ്ഞ്  പോകുവാൻ ഉള്ളതല്ല മനുഷ്യജന്മം അതിനേറെ പ്രാധാന്യമുണ്ട്. പൂർവ്വ ജന്മ കർമ്മങ്ങളുടെ സ്വാധീനത്താൽ നമ്മുടെ ഈ ജന്മം ഭൂമിയിൽ ജനിച്ചു. ഈശ്വരൻ വരദാനമായി നൽകിയ ഈ മനുഷ്യജന്മത്തെ ഏറ്റവും ശ്രേയസ്കരമായി ഉപയോഗിക്കാൻ നമുക്കാവണം. ഭൗതിക രംഗത്ത് നാം പൂർണ്ണ വിജയിയാവണം. വ്യക്തി ജീവിതത്തിലും, കുടുംബജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും നമുക്ക് ശാന്തിയോടെ, സന്തോഷത്തോടെ, ആരോഗ്യത്തോടെ ജീവിക്കാൻ കഴിയണം. യഥാർത്ഥത്തിൽ എല്ലാ മനുഷ്യരും തേടുന്നതും ഇതുതന്നെയാണ്.


എന്നാൽ പൂർവ്വജന്മ കർമ്മങ്ങളുടെ സ്വാധീനത്താലും, ഗ്രഹങ്ങളുടെ സ്വാധീനത്താലും, അടുക്കും ചിട്ടയും ഉപാസനയും ഇല്ലാത്ത നമ്മുടെ വ്യക്തിജീവിതത്താലും പലപ്പോഴും അനേകം ക്ലേശങ്ങൾ നമുക്ക് അനുഭവിക്കേണ്ടി വരുന്നു. ഈ പ്രശ്നങ്ങളെ എല്ലാം ഇല്ലായ്മ ചെയ്ത് ജീവിതം വിജയകരമാക്കാൻ കുണ്ഡലിനി ക്രിയ നമ്മെ പ്രാപ്തരാക്കുന്നു.


ശ്രീ പരമേശ്വരൻ ആർഷ ഋഷി ഗുരു ആചാര്യ പരമ്പരകളിലൂടെ മാനവലോകത്തിന്റെ ഭൗതികവും ആത്മീയവുമായ സമ്പൂർണ്ണ ജീവിത വിജയത്തിനായി പ്രകാശിപ്പിച്ചതാണ് ഈ അമൃതവിദ്യ. ഭൗതിക ജീവിതം ശ്രേയസ്കരമാക്കി ആത്മസാക്ഷാത്കാരത്തിലേക്ക് ശരവേഗത്തിൽ കുതിച്ചുപായാൻ ക്രിയായോഗം എന്ന ശിവകുണ്ഡലിനി ക്രിയ ഏതൊരാളെയും സജ്ജമാക്കുന്നു.  


മഹാഅവതാർ ബാബാജിയുടെ കാരുണ്യം കൊണ്ടാണ് ഈ ആധുനിക ലോകത്ത് കലികാല മനുഷ്യർക്കായി ക്രിയാ യോഗം  ഈ വിധത്തിൽ പ്രചരിപ്പിക്കപ്പെട്ടത്.

പ്രാണായാമം, ഹംസ യോഗം, ധ്യാനം, ചക്ര ക്രിയകൾ, ഓം ധ്യാനം എന്നിങ്ങനെയുള്ള വിവിധ യോഗ സമ്പ്രദായങ്ങളെ ഒരു പ്രത്യേക രീതിയിൽ കൂട്ടിയിണക്കി, അതു ചെയ്യുക വഴി നമ്മുടെ ഉള്ളിലെ കുണ്ഡലിനി ശക്തിയെ വേഗത്തിൽ ജാഗ്രത്താക്കുന്ന സൂക്ഷ്മ വിദ്യയാണ് ക്രിയാ യോഗം. 


വിവിധ ഗുരു പരമ്പരകൾ പല പ്രകാരത്തിലുള്ള മാർഗങ്ങൾ ക്രിയയിൽ ഉപയോഗിക്കാറുണ്ട്. എങ്കിലും ഇന്ന് ഏറെ പ്രചാരം സിദ്ധിച്ചിരിക്കുന്നത് മഹാവതാർ ബാബാജിയുടെ ക്രിയാ യോഗ മാർഗത്തിനാണ്.


തന്റെ ശിഷ്യനായ ലാഹിരി മഹാശയയിലൂടെ ബാബാജി ഈ വിദ്യ മാനവലോകത്തിനായി പകർന്നു നൽകി. പിന്നീട് സ്വാമി ശ്രീയുക്തേശ്വര ഗിരി, പരമഹംസ യോഗാനന്ദ എന്നിവരിലൂടെ ക്രിയാ വിദ്യ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു. 


 ക്രിയായോഗത്തിന്റെ മൂല രൂപം അറിയപ്പെടുന്നത് ശിവകുണ്ഡലിനിയോഗം എന്നാണ്.  നമ്മുടെ സൂക്ഷ്മ  ശരീരത്തിൽ മൂലാധാരത്തിൽ കുടികൊള്ളുന്ന ശക്തിയെ കുണ്ഡലിനി ക്രിയയിലൂടെ ഉണർത്തി, ഉയർത്തി ഷഡ് ചക്ര ഭേദന ചെയ്ത് ഏഴാമത്  സഹസ്രാര പത്മത്തിൽ കുടികൊളുന്ന  ശിവനുമായി യോഗം ചെയ്യിപ്പിക്കുന്ന പ്രക്രിയ ആയതുകൊണ്ട് ഇതിനെ ശിവശക്തിയോഗം എന്നും വിളിക്കുന്നു.


ഹിമാലയത്തിലെ സിദ്ധാശ്രമ പരമ്പരയും  ഇന്ന് ശിവകുണ്ഡലിനി യോഗത്തെ പഠിപ്പിച്ചു വരുന്നുണ്ട്. സിദ്ധാശ്രമം എന്നത് ഒരു മഹാലോകമാണ്. സ്വാമി നിഖിലേശ്വരാനന്ദ പരമഹംസ അദ്ദേഹത്തിന്റെ ഗുരു സ്വാമി സച്ചിദാനന്ദ പരമഹംസ എന്നിവരാൽ നയിക്കപ്പെടുന്ന ഈ സിദ്ധാശ്രമ ലോകത്താണ് ശംബാല, ഗൗരീ ശങ്കര പീഠം, മഹാ നാരായണ ശ്രമം തുടങ്ങിയിരിക്കുന്ന വിവിധങ്ങളായ ആത്മീയ ഗുരുകുലങ്ങൾ സ്ഥിതി ചെയ്യുന്നത്. മാനസ സരോവറിന് അടുത്തുനിന്ന് ആരംഭിക്കുന്ന ഈ സിദ്ധലോകം സ്ഥൂലവും അതുപോലെ ഏറെ സൂക്ഷ്മവുമാണ്. 


അനേകം പേർ സിദ്ധാശ്രമത്തെക്കുറിച്ച്, ശംബാലയെ കുറിച്ച്, അവിടെയുള്ള മഹായോഗിമാരെ കുറിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 


തന്റെ അമര ഗണത്തോടൊപ്പം മഹാവതാർ ബാബാജി നിലകൊള്ളുന്നതും സിദ്ധാശ്രമത്തിലെ മഹാനാരായണ ആശ്രമത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു.

സിദ്ധാശ്രമം ആത്മീയതയുടെ ഒരു യൂണിവേഴ്സിറ്റിയാണെന്ന് യോഗികൾ പറയുന്നു. അനേകം ഗുരുക്കന്മാരുടെ നിരവധി ആശ്രമങ്ങൾ, അവിടെ വിവിധങ്ങളായ ശിഷ്യ പരമ്പരകൾ, മന്ത്ര തന്ത്ര യന്ത്ര നിഗൂഢ ശാസ്ത്രങ്ങളുടെ  പഠനങ്ങൾ എന്നിവ  നൂറ്റാണ്ടുകളായി സിദ്ധാശ്രമ പാഠശാലയിൽ മഹാ ഋഷികളാൽ നടന്നുപോരുന്നു. ഈ ഭൂമിയെയും ഇവിടുത്തെ മനുഷ്യരെയും ശരിയായ പാതയിലേക്ക് നയിക്കുന്നതിനുള്ള അനേകം പദ്ധതികൾ സിദ്ധാശ്രമ ലോകത്തെ ബ്രഹ്മ ഋഷികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി  മാനവരിൽ ആത്മീയ പ്രഭ വിതറാൻ ഭാരതത്തിൽ അനേകം ഗുരുക്കന്മാരെ, ആത്മീയ ആചാര്യന്മാരെ, സന്യാസിമാരെ, ആശ്രമങ്ങളെ , ഗൃഹസ്ഥ യോഗികളെ സിദ്ധാശ്രമ ഗുരുക്കന്മാർ ചുമതലപ്പെടുത്തിയിരിക്കുന്നു.


ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, യഥാർത്ഥ ആത്മീയത തേടി നടക്കുന്ന ആത്മാക്കൾ ഭാരതം എന്ന മഹാ ഗുരുവിന്റെ സന്നിധിയിലേക്ക് ഇന്ന് എത്തിച്ചേരുന്നുണ്ടെങ്കിൽ, അതിനെല്ലാം പിന്നിൽ ആ മഹാ ഋഷികളുടെ  സങ്കല്പവും അനുഗ്രഹവുമാണ്.നിസ്വാർത്ഥരായ ആ മഹാ മനീഷികൾ മനുഷ്യ ലോകത്തിന്റെ പരമ നന്മയാണ് ആഗ്രഹിക്കുന്നത്.


അതിനായി ശിവകുണ്ഡലിനി ക്രിയ എന്ന ക്രിയാ യോഗമാർഗ്ഗം മഹാഗുരുവായ മഹാവതാർ ബാബാജിയുടെ മേൽനോട്ടത്തിൽ ഈ ലോകത്ത് വിവിധ ഗുരുക്കന്മാരിലൂടെ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നു 

(തുടരും .....)


ഓം നമ: ശിവായ


ഓം ക്രിയാ ബാബാജി നമ ഓം 


നന്ദി🙏

യോഗാചാര്യ എ.വി. കൃഷ്ണകുമാർ

യോഗോപാസന കേന്ദ്രം കേന്ദ്രം

8078388409


അടുത്ത ഭാഗത്ത്  : "ഗുരുദർശനത്തിന്റെ നിഗൂഡയോഗ മാർഗങ്ങൾ "  (മഹാ അവതാർ ബാബാജിയെ പോലുള്ള മഹാഗുരുക്കമാരെ ദർശിക്കുവാൻ, യോഗികൾ പിന്തുടരുന്ന  സൂക്ഷ്മ യോഗ മാർഗത്തിലെ ചില കാര്യങ്ങൾ വിവരിക്കാം )

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര