ലളിതാസഹസ്രനാമവും, ഹാപ്പിഹോർമോണുകളും



പൗരാണിക കാലത്ത് മഹാമുനിയായ അഗസ്ത്യന് ഹയഗ്രീവ ഋഷി ഉപദേശിച്ചു കൊടുത്ത ലളിതാസഹസ്രനാമം അതിമഹത്തായ ഒരു സ്തോത്ര കൃതിയാണ്.


അസുര നിഗ്രഹത്തിനായി  ലളിതാ പരമേശ്വരിയെ പ്രാർത്ഥിച്ച ദേവന്മാർക്ക് മുന്നിൽ അമ്മ ത്രിപുരാംബിക തന്റെ വിരാട് സ്വരൂപത്തിൽ ആവിർഭവിച്ചുവെന്നും, അസുരന്മാരെ നിഗ്രഹിച്ച് ദേവന്മാർക്ക് ശുഭകരമായതിനെ നൽകി എന്നുമുള്ളതുമാണ് ലളിതാസഹസ്രനാമത്തിന്റെ സംഗ്രഹം.


"ഓം ശ്രീ മാതാ ശ്രീ മഹാരാജ്ഞി ശ്രീമത് സിംഹാസനേശ്വരി ചിദഗ്നികുണ്ഡ സംഭൂത ദേവകാര്യ സമുദ്ധ്യത "


ലളിതാസഹസ്രനാമം യൗഗികവും താന്ത്രികവും മാന്ത്രികവും യാന്ത്രികവുമായ വിവിധ  രീതികളിൽ ഉപാസിക്കാറുണ്ട്.

സന്യാസിമാർ മുതൽ ഗൃഹസ്ഥന്മാർക്ക് വരെ വിവിധ രീതിയിൽ ഉപാസിക്കാവുന്ന അനുഷ്ഠാന പദ്ധതികളോടുകൂടിയ ഒന്നാണ് അമ്മ മഹാ ത്രിപുരസുന്ദരിയുടെ മഹാശക്തി ചൈതന്യങ്ങൾ നിറഞ്ഞ ഈ ആയിരം നാമങ്ങൾ.


ലളിതാസഹസ്രനാമം ഭക്തിപൂർവ്വം ചൊല്ലുന്ന ഒരാൾക്ക് ഭൗതികവും ആത്മീയവുമായ സമ്പൂർണ്ണ ജീവിതവിജയം കരഗതമാകുമെന്ന് യോഗ്യവര്യന്മാർ പറയുന്നു. കാരണം മന്ത്രശക്തി നിറഞ്ഞ ഇതിലെ ഓരോ നാമങ്ങളും നമ്മുടെ ഏത് ആഗ്രഹത്തെയും നേടിത്തരാൻ പ്രാപ്തമായവയാണ്.


ലളിതാസഹസ്രനാമം നിത്യവും ചൊല്ലുന്ന ഒരാളുടെ ഓർമ്മശക്തിയും ബുദ്ധിശക്തിയും വികസിക്കുന്നു.കാരണം ഇതിലെ ആയിരം മന്ത്രങ്ങളും നമ്മുടെ തലച്ചോറിനെയും അവിടെയുള്ള വിവിധങ്ങളായ ന്യൂറോ സംവിധാനങ്ങളെയും സ്വാധീനിക്കുന്നു.


മനുഷ്യ മസ്തിഷ്കത്തിലെ ന്യൂറോ ലിംഗിസ്റ്റിക്ക് പ്രോഗ്രാമിംഗ് എന്ന പ്രതിഭാസമാണ് തലച്ചോറിൽ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ആശയ വിനിമയ സംവിധാനങ്ങളെ സ്വാധീനിക്കുന്നത്. ഒരു പ്രത്യേക രീതിയിൽ താളാത്മകമായി അനുഷ്ടുപ്പ്  എന്ന ഛന്ദസ്സിൽ (ചൊല്ലുന്ന രീതി) ലളിതാ സഹസ്രനാമം നാം  ചൊല്ലുമ്പോൾ അത് ശ്വാസ താളത്തെ സ്വാധീനിക്കുകയും, നാഡികളിലൂടെയുള്ള പ്രാണ സഞ്ചാരത്തെ  സന്തുലിതമാക്കുകയും  തദ്വാര ശരീരത്തിന്റെ ആരോഗ്യത്തിനും മനസിന്റെ പ്രശാന്തമായ നിലനിൽപ്പിനും കാരണമാകുന്നു.


നമ്മുടെ ഉള്ളിൽ സന്തോഷത്തെ നിറയ്ക്കുന്നത് ചില പ്രത്യേക രാസ ഹോർമോണുകളാണ്. അവയെ ഹാപ്പി ഹോർമോണുകൾ എന്ന് വിളിക്കുന്നു. 

നിത്യേനയുള്ള ലളിതാസഹസ്രനാമ പാരായണം ഹാപ്പി ഹോർമോണുകളായ സെറാടോണിൻ, ഓക്സിടോക്സിൻ , എൻഡോർഫിൻ,ഡോപ്പോമിൻ എന്നിവകളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അത്തരത്തിൽ സഹസ്രനാമജപത്തിലൂടെ മനുഷ്യ മസ്തിഷ്ക്കവും മനസ്സും ഊർജ്ജസ്വലവും ആനന്ദഭരിതമാകുന്നു.


ലളിതാംബികയുടെ ആയിരം നാമങ്ങൾ ചൊല്ലി പഠിക്കുന്ന ഒരു കുട്ടിക്ക് അസാമാന്യമായ ബുദ്ധിശക്തി വർദ്ധനവ് സിദ്ധമാകുമെന്ന് ആചാര്യന്മാർ പറയുന്നു. ദേവിയുടെ ആയിരം നാമങ്ങളെ കാണാതെ പഠിച്ച് ചൊല്ലണമെങ്കിൽ ഒരുവന്റെ തലച്ചോറ് അത്രയും വികസിതമായിരിക്കണം.ഏകാഗ്രതാ ശക്തി നിറഞ്ഞതാവണം.ശരീരവും മനസ്സും പ്രാണനും ഒരേ നിലയിൽ സഞ്ചരിക്കണം.


ലളിതാ സഹസ്രനാമ ജപസമയത്ത് ഈയൊരു നിലയാണ് ഭക്തന് കൈവരുന്നത്. 3 വയസ്സു മുതൽ 12 വയസ്സു വരെയുള്ള കുട്ടികളെ ഈ സഹസ്രനാമം ആദ്യം കേൾപ്പിക്കുകയും പിന്നീട് സാവധാനം ചൊല്ലി പഠിപ്പിക്കുകയും ചെയ്താൽ കുറച്ച് നാളുകൾക്കുള്ളിൽ അവർക്കിത് മനപ്പാഠമാക്കാൻ സാധിക്കും.ഇത്രയും നാമങ്ങളെ ദിവസവും ഓർത്തെടുത്ത് ചൊല്ലുന്ന ഒരുവന്റെ ബ്രെയിൻ കപ്പാസിറ്റി സാധാരണ ഒരാളുടെ ധാരണാശേഷിയ്ക്കും അപ്പുറമായിരിക്കുമെന്ന് ശാസ്ത്രീയമായ പഠനങ്ങൾ തെളിയിക്കുന്നു. 


വശിന്യാദി വാഗ്ദേവതകൾ അമ്മ ലളിതാംബികയെ സ്തുതിച്ച് ചൊല്ലിയ ഈ ആയിരം മന്ത്രങ്ങളെ, പിന്നീട് മഹാമുനിയായ അഗസ്ത്യൻ കലികാലത്തിലെ ദുഃഖ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ സങ്കട മോചനത്തിനായി പ്രകാശിപ്പിച്ചതാണ്.സൗഭാഗ്യദായിനിയായ അമ്മ ലളിതാ പരമേശ്വരിയും ദേവതകളും ഋഷികളും യോഗിമാരും അനുഗ്രഹിച്ച് ആശിർവദിച്ച് മാനവലോകത്തിന് പകർന്നു നൽകിയ ഈ അപൂർവ്വ സ്തോത്രകൃതി  നിത്യ അഭ്യാസത്തിലൂടെ ഏതൊരാൾക്കും സ്വായക്തമാക്കാൻ കഴിയും.


അമ്മ ലളിതാ ദേവി  എല്ലാവരെയും അനുഗ്രഹിക്കട്ടെ 


നന്ദി🙏

Yogacharya Krishnakumar 

8078388409

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര