ഏലിയൻസും സിദ്ധന്മാരും

അന്യഗ്രഹങ്ങളേയും ഏലിയൻസിനെയും സിദ്ധന്മാരെയും സൂക്ഷ്മലോകവാസികളെയും  കുറിച്ചുള്ള ഭാരതീയൻ്റെ സങ്കൽപ്പം അനാദികാലം മുതൽ ആരംഭിച്ചതാണ്.വിശ്വപ്രസിദ്ധമായ ഗായത്രി മന്ത്രത്തിന്റെ ഒരു ഭാഗം തന്നെ അന്യഗ്രഹങ്ങളെ കുറിച്ചുള്ള മനുഷ്യൻ്റെ വിശ്വാസങ്ങൾക്ക് ഏറെ ദൃഢത നൽകുന്നതാണ്. ഓം ഭൂർ: ഭുവ: സ്വ: എന്ന ഗായത്രി മന്ത്രത്തിൻ്റെ ആദ്യഭാഗം തന്നെ ഭൂലോകം, ഭുവർ ലോകം, സ്വർഗ്ഗ ലോകം അല്ലെങ്കിൽ സ്ഥൂല, സൂക്ഷ്മ, കാരണ ലോകങ്ങളെ കുറിച്ചുള്ള വിശ്വാസത്തിൽ അധിഷ്ഠിതമാണ്.

അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ NASA യും , USA യുടെ പ്രതിരോധ മന്ത്രാലയമായ പെൻ്റെഗണും പറക്കും തളികകളോ, അല്ലെങ്കിൽ മനുഷ്യൻ്റെ  കാഴ്ച കൊണ്ടോ, സാമാന്യ ബുദ്ധിയാലോ ഉപകരണങ്ങളാലോ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലുള്ള ചില UFO (Unidentified Flying Objects) കൾ ഈ ഭൗമാന്തരീക്ഷത്തിൻ പലപ്പോഴും പ്രത്യക്ഷപ്പെടുന്നതായി സ്ഥിതീകരിച്ചിട്ടുണ്ട്.

നാം ജീവിക്കുന്ന ഈ ഭൂമി സൗരയുധത്തിലെ ഒരു ചെറു ഗ്രഹമാണ്. ഭൂമി പോലെ ചെറുതും വലുതുമായ അനേക ഗ്രഹങ്ങളും, ഭൂമിയും, സൂര്യനും, ചന്ദ്രനും   ഉൾപ്പെടുന്ന നമ്മുടെ സൗരയുധത്തേയും ഗ്രഹങ്ങളേയുംകാൾ ആയിരം ഇരട്ടി വലിപ്പമുള്ള സൗരയുധങ്ങളും, നക്ഷത്ര സമൂഹങ്ങളും ഈ പ്രപഞ്ചത്തിലുണ്ടെന്ന് ബഹിരാകാശ ഗവേഷകർ പറയുന്നു. എങ്കിൽ അവിടങ്ങളിൽ ജീവൻ്റെ സാന്നിധ്യവും തള്ളിക്കളയാനാവില്ല എന്നത് സാമാന്യമായി ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യപ്പെടും !

"അനന്തം അജ്ഞാതം അവര്‍ണ്ണനീയം,

ഈ ഭൂലോകഗോളം തിരിയുന്നമാര്‍ഗം,

അതിങ്കെലങ്ങാണ്ടൊരിടത്തിരുന്നു,

നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു.!"  എന്ന് പ്രശസ്ത കവി നാലപ്പാട്ട് നാരായണമേനോൻ എഴുതിയതുപോലെ നാം അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാത്തതാണ് നമുക്കുള്ളിലും വിശാലമായ ഈ പ്രപഞ്ചത്തിലുമുള്ളത് എന്ന് സാരം. !

"ആകാശത്തെ അജ്ഞാതമായ പ്രതിഭാസങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങൾ മനസിലാക്കുന്നത് നമ്മുടെ ആകാശത്ത് എന്താണ് സംഭവിക്കുന്നതെന്നതിനെ കുറിച്ചുള്ള ശാസ്ത്രീയ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് സഹായമാണ്. അതിനെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോൾ നാസ " വാഷിങ്ടണിലെ നാസ ആസ്ഥാനത്തെ സയൻസ് മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ തോമസ് സർബച്ചെൻ്റെ വാക്കുകളാണിവ. അതെ നമ്മുടെ ഭൗമാന്തരീക്ഷത്തിൽ അജ്ഞാതമായ പലതിൻ്റെയും വരവ് പോക്കുകളെ കുറിച്ച് ശാസ്ത്ര ലോകവും ജിജ്ഞാസയോടെ അന്വേഷിക്കുന്നു. !

ഭാരതീയ യോഗിവര്യനായ ശ്രീ. എം എഴുതിയ ഗുരുസമക്ഷം : ഒരു ഹിമാലയൻ യോഗിയുടെ ആത്മകഥ എന്ന ഗ്രന്ഥത്തിൽ ഒരു സൂക്ഷ്മ ലോക നിവാസിയെ കണ്ട അനുഭവം ശ്രീ എം പങ്കുവെക്കുന്നുണ്ട്. ഹിമാലയത്തിൽ വച്ച് അദ്ദേഹത്തിൻ്റെ ഗുരു മഹേശ്വർ നാഥ് ബാബാജിയുടെ അടുത്ത് ശ്രീ. എം ധ്യാനനിരതനായിരിക്കുമ്പോൾ അങ്ങകലെയായി ചക്രവാളത്തിൽ ഒരു ചെറിയ പ്രകാശനാളം പ്രത്യക്ഷപ്പെടുന്നതായും പിന്നീടത് സാവധാനം തങ്ങൾ ഇരിക്കുന്ന ഗുഹാമുഖത്തേക്ക് ഒരു പ്രകാശഗോളമായി ഒഴുകി വരുന്നതും ഒടുവിലത് തൻ്റെ ഗുരു ബാബാജിയുടെ മുമ്പിൽ വന്നു നിൽക്കുന്നതായും ശ്രീ എം കാണുന്നു. ആ പ്രകാശ ഗോളത്തിനുള്ളിൽ നിന്ന് നാഗലോകത്തെ ഒരുയർന്ന ആത്മാവ് പ്രത്യക്ഷനാവുകയും ഗുരുവുമായി സംസാരിക്കുകയും ചെയ്തതിന് താൻ സാക്ഷിയാണെന്നും ശ്രീ. എം തന്റെ പുസ്തകത്തിൽ സാക്ഷ്യപ്പെടുത്തുന്നു.

' ഒരു യോഗിയുടെ ആത്മകഥ 'എന്ന ഗ്രന്ഥത്തിൽ യോഗാനന്ദ പരമഹംസരും ഹിരണ്യലോകം എന്ന കാരണ ലോകത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. തൻ്റെ ഗുരുവായ ശ്രീ യുക്തേശ്വര ഗിരി മഹാരാജ് മഹാസമാധി പ്രാപിച്ചതിനുശേഷം  ഏതാനും ദിവസങ്ങൾ കഴിഞ്ഞ്, ശിഷ്യനായ യോഗാനന്ദനെ കാണാൻ ബോംബയിലെ റീജൻ്റ് ഹോട്ടലിലെ പരമഹംസരുടെ മുറിയിൽ അദ്ദേഹത്തിന് മുന്നിൽ പ്രത്യക്ഷനാകുന്ന അനുഭവം യോഗാനന്ദ ഈ പുസ്തകത്തിൽ ഹൃദ്യമായി വിവരിച്ചിട്ടുണ്ട്. 

ഗുരു യുക്തേശ്വർ സൂക്ഷ്മ ലോകങ്ങളെക്കുറിച്ചും,അവിടെയുള്ള നിവാസികളെ കുറിച്ചും, സൂക്ഷ്മ ലോക നിയമങ്ങളെക്കുറിച്ചും യോഗാനന്ദനോട്  വിശദമായി പറഞ്ഞു കൊടുക്കുന്നു. താൻ മഹാസമാധി പ്രാപിച്ചതിനുശേഷം പരബ്രഹ്മത്തിന്റെ ആജ്ഞയാൽ ഹിരണ്യലോകത്തെ ഉയർന്ന ആത്മാക്കൾക്ക് ശിക്ഷണം നൽകാനായി നിയോഗിക്കപ്പെട്ടുവെന്നും, ഒരിക്കൽ നീയും അവിടെ എത്തിച്ചേരുമെന്നൊക്കെയുള്ള യുക്തേശ്വര ഗിരിയുടെ  യോഗാനന്ദനോടുള്ള വിവരണം ശ്വാസമടക്കിപ്പിടിച്ചേ നമുക്ക് വായിച്ചു തീർക്കാൻ കഴിയൂ ! അത്രയും അത്ഭുതാവഹമായ, അതീന്ദ്രിയമായ കാര്യങ്ങളാണ് ഗുരു യുക്തേശ്വർ ശിഷ്യനോട് പങ്കുവെക്കുന്നത്.

ഈ ഭൂമിയിൽ തന്നെ 2024 എന്ന ഈ വർഷത്തിലും അദൃമായി നിലകൊള്ളുന്ന ഒരു തലം ഹിമാലയത്തിൽ ഉണ്ട്.

ഹിമാലയത്തിൽ  മാനസ സരോവരിൽ നിന്നും ഏതാണ്ട് 52 കിലോമീറ്റർ അകലെയായി തപോഭൂമിയായ സിദ്ധാശ്രമ ലോകത്തിൻ്റെ പ്രവേശന കവാടം സ്ഥിതി ചെയ്യുന്നതായി യോഗികൾ പറയുന്നു. ഷാൻക്രില്ല,ശംബാല എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ സ്ഥലം പുരാണ പ്രസിദ്ധമാണ്. ഈ അത്യന്താധുനിക യുഗത്തിലും സിദ്ധാശ്രമമെന്ന തപോലോകം മനുഷ്യൻ്റെ ബാഹ്യ നേത്രങ്ങൾക്കോ, ആധുനീക ഉപഗ്രഹ സംവിധാനങ്ങൾക്കോ പിടികൊടുക്കാതെ വിസ്മയമായി നിലകൊള്ളുന്നു. ഇത് മഹാ ഋഷികളുടെ ലോകമാണ്. ഈ ഭൂമി ഉൾപ്പെടുന്ന സ്ഥൂല ലോക വാസികളെയും സൂക്ഷ്മ - കാരണ ലോകങ്ങളുടെയും ആത്മീയ ഉന്നതിയെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് സിദ്ധാശ്രമ ലോകം നിർവഹിക്കുന്നത്.

സൂക്ഷ്മ ലോകത്തുനിന്ന് വന്ന്, ഭൂമിയിൽ ആത്മീയതയുടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചില ഗുരുക്കന്മാർ / സിദ്ധ പുരുഷന്മാർ ഉണ്ട്. അവരെയും അന്യലോകവാസികൾ / ഏലിയൻസ് എന്നാണ് ചിലർ വിശേഷിപ്പിക്കുന്നത്.

വിശ്വവിജയിയായ സ്വാമി വിവേകാനന്ദനും, അദ്ദേഹത്തിൻ്റെ ഗുരു ശ്രീരാമകൃഷ്ണ പരമ ഹംസരും സിദ്ധാശ്രമത്തിലെ ബ്രഹ്മ ഋഷികളുടെ ലോകത്തു നിന്നും ഭൂമിയിൽ അവതരിച്ച ഉന്നതാത്മക്കളെന്ന് യോഗികൾ പറയുന്നു. ഓരോ കാലഘട്ടത്തിലും ഈ സിദ്ധ ലോകം ഉന്നതാത്മാക്കളെ ഭൂമി യിലേയ്ക്ക് അദ്ധ്യാത്മിക പ്രചരണത്തിനായി അയയ്ക്കുന്നു. ഈ ആധുനീക കാലഘട്ടത്തിൽ വന്ന ചില ആധ്യാത്മിക പുരുഷന്മാർ അതിനുദാഹരണങ്ങളാണ്.

ഹിമാലയത്തിലെ അതി നിഗൂഢ ദേശമായ ശംബാലയെക്കുറിച്ചും, അവിടത്തെ സിദ്ധ യോഗികളെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ഭാഗത്ത് .....

തുടരും ......

Acharya Krishnakumar 

WhatsApp : 80 78 38 84 09

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര