അഘോരികളും കുംഭമേളയും

 മഹാകുംഭമേളയിലെ മഹാ രഹസ്യങ്ങൾ

(ഭാഗം 1)


144  വർഷത്തിലൊരിക്കൽ നടക്കുന്ന അത്യപൂർവ്വമായ ഗ്രഹ സംഗമവും അതേ തുടർന്നുള്ള ആത്മീയ ഉൽസവവുമാണ് ഇപ്പോൾ പ്രയാഗ് രാജിൽ നടക്കുന്ന ഈ മഹാകുംഭമേളയെന്ന് ഒറ്റവാക്കിൽ പറയാം !

മരണമില്ലാത്ത ഗുരുനാഥൻ മഹാ അവതാർ ബാബാജി, ഹിമാലയൻ സിദ്ധാശ്രമത്തിലെ മഹാഗുരു സ്വാമി നിഖിലേശ്വരാനന്ദ പരമഹംസയുൾപ്പെടെയുള്ള അനേകം ഋഷിവര്യന്മാരുടെയും, മഹാ യോഗികളുടെയും, താന്ത്രികരുടെയും, അഘോരികളുടെയും നാഗസന്യാസിമാരുടെയുമെല്ലാം ദൃശ്യവും അദൃശ്യവുമായ സാന്നിദ്ധ്യം കൊണ്ട് ഈ കുംഭമേള അത്യപൂർവ്വമാകുന്നു !

ഭാരതം ജഗദ് ഗുരു പദവിയിലേക്ക് ഉയർത്തപ്പെടാൻ പോകുന്ന ദിവ്യമായ കാലഘട്ടം സമാഗതമായിരിക്കുന്നുവെന്ന് ഗുരുക്കന്മാർ പറയുന്നു.അതിൻ്റെ തുടക്കം കുറിക്കലാണ് ഈ കുംഭമേള. മഹാ കുംഭമേളയ്ക്ക് ശേഷമുള്ള ആറു വർഷങ്ങൾ ആ പ്രവർത്തനത്തിനുള്ള അടിസ്ഥാനശില പാകലാണ്. അതിനുശേഷം 2031 -2052 വരെയുള്ള 21  വർഷക്കാലം ഭാരതത്തിൻ്റെ നേതൃത്വത്തിൽ ലോകത്തിൽ നടക്കുവാൻ പോകുന്ന ആധ്യാത്മിക വിപ്ലവത്തിൻ്റെ അഥവാ  മഹാ പരിവർത്തന യുഗത്തിൻ്റെ ദീപ പ്രോജ്ജ്വലനം കൂടിയാണ് ഈ മഹാ മേള. അതിൻ്റെ കർമ്മപദ്ധതിയും വ്യക്തമായ പ്രവർത്തന മാർഗ്ഗങ്ങളും മഹാഗുരുക്കന്മാരാൽ തീരുമാനിക്കപ്പെടുന്ന സമയവും ഈ കുംഭമേള തന്നെ. ഇതാണ് പ്രയാഗ് രാജിലെ കുംഭമേളയുടെ അധികമാരുമറിയാത്ത രഹസ്യങ്ങളിൽ ഒന്ന്.

ശിവ സ്വരൂപികളും തേജോമയികളുമായ, 12 വർഷത്തിലൊരിക്കൽ മാത്രം ഹിമാലത്തിലെ മഞ്ഞുമൂടിയ തങ്ങളുടെ വാസസ്ഥാനങ്ങളിൽ നിന്ന് പൊതുസമൂഹത്തിലേക്ക് ഇറങ്ങി, ഭക്തരിൽ അനുഗ്രഹ വർഷം ചൊരിയുന്ന അഘോരികളും താന്ത്രികരും നാഗ സന്യാസിമാരും ഈ കുംഭമേളയെ അനുഗ്രഹീതമാക്കുന്നു.

ഒരു കൈയിൽ ആത്മജ്ഞാനത്തിനുള്ള ജപമാലയും, മറുകയിൽ ധർമ്മ സംരക്ഷണത്തിനുള്ള ആയുധവും ( ഭാല ) കയ്യിലേന്തിയെത്തുന്ന അഖാഡകളിലെ മഹായോഗികൾ ഭാരതത്തിൻ്റെ ചിര പുരാതനവും നിത്യനൂതനവുമായ മഹാ പൈതൃകത്തിൻ്റെ പ്രതീകങ്ങളാണ്.

ആറു വർഷത്തിലൊരിക്കൽ നടക്കുന്ന അർദ്ധ കുംഭമേളയും , 12 വർഷം കൂടുമ്പോൾ ഉള്ള പൂർണ്ണ കുംഭമേളയും , 144 വർഷത്തിൽ മാത്രം സംഭവിക്കുന്ന മഹാ കുംഭമേളയും ആത്മീയ ആനന്ദത്തിന്റെ ഉത്സവങ്ങളാണ്.

ഈ നൂറ്റാണ്ടിലെ, ഈ മനുഷ്യായുസ്സിലെ അപൂർവ്വമായ ഒന്നാണ് ഇത്തവണ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേള. അടുത്ത മഹാ കുംഭമേള 144 വർഷം കഴിഞ്ഞാലാണ് ഇനി ഉണ്ടാവുക. അന്ന് നാം ആരും തന്നെ ഈ ഭൂമിയിൽ ഉണ്ടാകില്ല എന്നതാണ് മറ്റൊരു സത്യം ! ആയതിനാൽ ഈ കുംഭമേള അപൂർവങ്ങളിൽ അത്യപൂർവ്വമാണ്. ഒരു മനുഷ്യായുസ്സിൽ കിട്ടാവുന്ന അസുലഭ പുണ്യമാണ്.


എന്തിനാണ് ഇങ്ങനെയൊരു മഹാ കുംഭമേള ?

ഇതൊരു ചരിത്ര നിയോഗമാണ്. ഭാരതം ജഗദ്ഗുരു പദവിയിലേക്ക്  ഉയർത്തപ്പെടുന്ന സമയമാണിത്. അതിനായാണ് തപസ്വികൾ ഹിമാലയം വിട്ടിറങ്ങി പ്രയാഗ് രാജിൽ മഹാ കുംഭമേളയിൽ ഒത്തുചേരുന്നത്. ആ മഹാ മനീഷികളുടെ നേതൃത്വത്തിലാണ് മഹാപരിവർത്തനയുഗത്തിന്റെ പദ്ധതികൾ രൂപപ്പെടുക.

 45 കോടിയിലധികം ജനങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മഹാമേള സ്വദേശത്തും വിദേശത്തും ഇന്ന് Viral ആയി കഴിഞ്ഞു. ഈ കുംഭമേളയിലൂടെ ഭാരതത്തിൻ്റെ ആധ്യാത്മിക പ്രഭാവമാണ് ലോകം ദർശിക്കുന്നത്.  ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിദേശികൾ ഈ കുംഭമേളയിൽ പങ്കെടുക്കുന്നു എന്നു പറയുമ്പോൾ തന്നെ, കുംഭമേളയെ കുറിച്ചുള്ള ലോകത്തിൻ്റെ ജിജ്ഞാസയും ആദരവും എത്ര മഹോന്നതമാണെന്ന് നാം തിരിച്ചറിയുന്നു.

ഉത്തർപ്രദേശിൽ ഈ കുംഭമേള നടക്കുമ്പോൾ അവിടെ ഭരണചക്രം തിരിക്കുന്നതും ഒരു സന്യാസി ശ്രേഷ്ഠനാണ് എന്നതാണ്  മറ്റൊരു പ്രത്യേകത. യോഗി ആദിത്യ നാഥ്. ശൈവ പരമ്പരയിലെ ഗോരഖ് നാഥ മഹർഷിയുടെ  അതി പൗരാണികമായ  നാഥ സമ്പ്രദായത്തിൽപ്പെട്ട ഒരു സന്യാസിവര്യനാണ് ശ്രീ.യോഗി ആദിത്യനാഥ്. നിയതിയുടെ നിയോഗം പോലെ തന്നിൽ ഏൽപ്പിക്കപ്പെട്ട ചുമതല ആ യോഗിവര്യൻ ശരിയായി നിർവഹിക്കുന്നു എന്നതിൻ്റെ തെളിവാണ് അടുക്കും ചിട്ടയും നിഷ്ഠയോടും കൂടിയ  കുംഭമേളയിലെ ഒരുക്കങ്ങൾ.

ജനുവരി 14 മകര സംക്രാന്തി ദിനം മുതൽ ഫെബ്രുവരി അവസാനം മഹാശിവരാത്രി വരെ നീണ്ടുനിൽക്കുന്ന കുംഭമേളയുടെ അനുഷ്ഠാന പദ്ധതികൾ വളരെ വിപുലമാണ്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്  അമൃത സ്നാൻ ആണ്.

സ്നാനത്തിനായി പുറപ്പെടുന്ന ഘോഷയാത്രയിൽ ആദ്യം അഖാഡകളിലെ കുല ദേവതാ രൂപം, കൊടി, ചിഹ്നം എന്നിവയും  അതിന് പിന്നിലായി ആനകളുടെയോ കുതിരകളുടെയോ ഒട്ടകങ്ങളുടെയോ പുറത്തോ പല്ലക്കിലോ  ഓരോ അഖാഡകളുടെയും മഹാമണ്ഡലേശ്വരന്മാരും മറ്റും  ഘോഷയാത്രയോടെ എത്തി രാജകീയ സ്നാനം ചെയ്യുന്നതോടെ കുംഭമേള ആരംഭിക്കുന്നു. ഹര ഹര മഹാദേവ, നമശിവായ മന്ത്രജപങ്ങളും വാദ്യഘോഷങ്ങളുടെയും ശംഖു വിളികളുടെയും  നാദങ്ങളാലും, നാമ മന്ത്ര ഘോഷ മുഖരിതമായും കുംഭമേള നഗരി സദാ പ്രകമ്പനം കൊള്ളുന്നു.


അഖാഡകളുടെ രാജകീയ സ്നാനത്തിനുശേഷം മറ്റ് സമ്പ്രദായങ്ങളിൽ ഉള്ളവരും ഒപ്പം സാധാരണ ജനങ്ങളും സ്നാനം ചെയ്യുന്നു. ജന്മജന്മാന്തര ദുരിതങ്ങളും പാപങ്ങളും നീക്കി മനുഷ്യ ജീവിതത്തിൽ ഭൗതികവും ആത്മീയവുമായ അഭിവൃദ്ധി നേടാൻ കുംഭമേളയിലെ സ്നാനം ഭക്തരെ സഹായിക്കുന്നു എന്നാണ് വിശ്വാസം.

കുംഭമേളയ്ക്ക് പലതരത്തിലുള്ള ഐതിഹ്യ കഥകൾ ഉണ്ട്.

ഒന്നാമത്തേത് പാലാഴി മഥനാനന്തരം അമൃത് പൊങ്ങിവന്ന ഉടനെ ദേവരാജാവായ ഇന്ദ്രൻ്റെ മകൻ ജയന്തൻ ധന്വന്തരിയുടെ കയ്യിൽനിന്ന് അമൃത് തട്ടിപ്പറിച്ച് ഒടിമറഞ്ഞു. ജയന്തൻ ഭൂമിയിലാണ് ഒളിച്ചത്. മനുഷ്യരുടെ ഒരു വർഷമാണ് ദേവന്മാരുടെ ഒരു ദിവസം!  12 ദേവ ദിവസങ്ങൾ, അതായത് പന്ത്രണ്ട് മനുഷ്യ വർഷങ്ങളാണ് ജയന്തൻ അമൃതുമായി ഓടിയത് ! തട്ടിപ്പറിച്ച അമൃതുമായി ജയന്തൻ വസിച്ചത് നാല് സ്ഥലങ്ങളിലാണെന്ന് പറയപ്പെടുന്നു. ഹരിദ്വാർ, നാസിക്ക്, പ്രായാഗ് രാജ്, ഉജ്ജയൻ എന്നിവയാണ് ആ നാല് സ്ഥലങ്ങൾ. ജയന്തൻ ഓരോ സ്ഥലത്ത് വിശ്രമിച്ചപ്പോളും അമൃത കുംഭത്തിൽ നിന്ന് ഓരോ തുള്ളി അമൃത് വീതം ഭൂമിയിലേക്ക് പതിച്ചു. അമൃത് വീണ ഈ നാല് പുണ്യസ്ഥലങ്ങളിലാണ് കുംഭ മേള നടക്കുന്നത്

രണ്ടാമത്തെ ഐതിഹ്യ കഥയിൽ പറയുന്നത് ; പാലാഴി കടഞ്ഞ് അമൃത് എടുത്ത സമയത്ത്, അമൃതിനുവേണ്ടി ദേവാസുരന്മാർ തമ്മിൽ യുദ്ധമുണ്ടായെന്നും, അപ്പോൾ അമൃത് തുളുമ്പി ഭൂമിയിൽ ഭാരതത്തിൽ ഇന്ന് കാണുന്ന പ്രയാഗ് രാജ്, ഹരിദ്വാർ, ഉജ്ജയിനി, നാസിക് എന്നീ നാല് സ്ഥലങ്ങളിൽ പതിച്ചു വെന്നും പറയപ്പെടുന്നു.

മൂന്നാമത്തേത്, പാലാഴി മഥനത്താൽ ഉണ്ടായ അമൃതിനായി ദേവാസുരന്മാർ യുദ്ധം ചെയ്യുന്നത് കണ്ട്  അമൃത കുംഭവുമായി വന്ന ധന്വന്തരിമൂർത്തി ഈ അമൃത കുംഭത്തെ ഭാരതത്തിലെ 4 സ്ഥലങ്ങളിയായി സൂക്ഷിച്ചുവെന്നും ഈ സ്ഥലങ്ങളാണ് പിന്നീട് കുംഭമേള നടക്കുന്ന കേന്ദ്രങ്ങളായി മാറിയതെന്നും വിശ്വാസം.

 അമൃതിൻ്റെ  സാന്നിധ്യം ഈ സ്ഥലങ്ങളിൽ ആത്മീയ ചൈതന്യം നിറക്കുന്നുവെന്നും അമരത്വത്തിലേക്കും ആരോഗ്യത്തിലേക്കും  ഉയർത്താൻ കുംഭമേളയിലെ ജല സ്നാനം നമ്മെ സഹായിക്കുമെന്നാണ്  ഭക്തജനങ്ങൾ വിശ്വസിക്കുന്നത്. അങ്ങനെ അമൃത സാന്നിധ്യം ഉണ്ടായിട്ടുള്ള ഈ  നദീതടങ്ങൾ പിന്നീട് തീർത്ഥാടന കേന്ദ്രങ്ങളായി മാറി. ഇവിടങ്ങളിലാണ് ഇപ്പോൾ അർദ്ധ കുംഭമേളകളും പൂർണ്ണ കുംഭ മേളകളും മഹാകുംഭമേളയും  നടക്കുന്നത്.

ഐതിഹ്യ കഥകൾ എന്തായാലും മകരസംക്രാന്തി മുതൽ ശിവരാത്രി വരെയുള്ള ഈ കാലയളവ് ജ്യോതി ശാസ്ത്ര പ്രകാരം ആത്മീയ സാധനയ്ക്ക് ഏറ്റവും ഉത്തമമായ സമയമാണ്. അതിനാലാവാം  മഹാ ഋഷികൾ ഈ സമയം മഹാകുംഭമേളയ്ക്കായി തെരഞ്ഞെടുത്തത്

കുംഭമേളയുടെ നഗരി ഒരു അതിശക്തമായ ആത്മീയ പ്രഭാവത്തിന്റെ ഊർജ്ജമണ്ഡലമാണ്. ഹിമാലയത്തിലെ മഹാ ഋഷികളുടെയും അഘോരികളുടെയും, നാഗ സന്യാസിമാരുടെയും, താന്ത്രികരുടെയും ഒപ്പം ഉയർന്ന സൂക്ഷ്മ ലോകങ്ങളിൽ നിന്നുള്ള ദേവതകളുടെയും സൂക്ഷ്മാത്മാക്കളുടെയും സാന്നിധ്യവും കുംഭമേളയിൽ ഉണ്ടെന്ന് യോഗികൾ പറയുന്നു. അതുകൊണ്ടുതന്നെ പ്രയാഗ് രാജിലെ ആ ദിവ്യ ഭൂമിയിൽ പാദം സ്പർശിക്കാൻ കഴിയുന്നത് തന്നെ ജന്മ പുണ്യം. 

പരമ പൂജനീയ ഗുരുദേവ് സ്വാമി നിഖിലേശ്വരാനന്ദ പരമഹംസജി പറയുന്നതുപോല  " ഈ മഹാ കുംഭമേളയുടെ മഹാചൈതന്യം വരുന്ന 144 വർഷത്തേക്കുള്ള ഭാരതത്തിൻ്റെ ആത്മീയ പ്രഭാവവും ശക്തിയും കൂടുതൽ ജ്വലിപ്പിച്ച്, ഈ ആർഷ ഭൂമിയെ ജഗദ് ഗുരുവാക്കി മാറ്റും. ബ്രഹ്മർഷികളുടെ മഹാപരിവർത്തനയുഗ പദ്ധതിയിലെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് ഈ കുംഭമേളയോടെ തുടക്കമിടുന്നത്. ഭാരതം ലോകഗുരുവാകും. ലോക ജനത സനാതന ധർമ്മത്തിലൂന്നിയ അദ്ധ്യാത്മിക വിപ്ലവത്തിലൂടെ ആനന്ദവാന്മാരാകും "


------------------------------------------------------------

അഘോരികൾ : മഹാരുദ്രൻ്റെ സൈനികർ

( #മഹാകുഭമേള രഹസ്യങ്ങൾ : ഭാഗം 2)


അഘോരികൾ  മഹാരുദ്രന്റെ സൈനികരാണ്. ഒരു കൈയിൽ സാധനക്കുള്ള ജപമാലയും, മറുകയ്യിൽ അധർമ്മികൾക്കെതിരെ പോരാടുന്നതിനുള്ള ആയുധവും ധരിച്ച ക്ഷാത്ര വീര്യരാണവർ. അഘോര സമ്പ്രദായത്തിൽ നാഗ സന്യാസികളും, താന്ത്രികരും, സിദ്ധ പുരുഷന്മാരും, അവധൂതന്മാരുമൊക്കെയുണ്ട്. ഹിമാലയ പർവതത്തിന്റെ താഴ് വാരങ്ങളിലും, കാശിയുടെ ശ്മശാന ഭൂമികളിലും അഘോരികളെ കാണാം. ഇപ്പോൾ ഇവിടെ മഹാ കുംഭമേളയിലും !

ഭാരതത്തിൽ പ്രധാനമായും 13 അഖാഡകൾ ഉണ്ട്. അവർ ഭാരതീയമായ യോഗ -തന്ത്ര -വേദാന്ത സാധനാ സമ്പ്രദായങ്ങൾ പിന്തുടരുന്നവരാണ്. തന്ത്രയിലെ ദേവതാ ഉപാസനാ മാർഗത്തിൽ ശ്മശാന സാധന പിന്തുടരുന്നവരാണ് ഒരു വിഭാഗം. ഇവരെ #അഘോരികൾ എന്നുവിളിക്കുന്നു.  പഞ്ചമുഖ ശിവ സങ്കൽപ്പത്തിൽ ഈശാനം, തത്പുരുഷം, സദ്യോജാതം, വാമദേവം, അഘോരം  എന്നീ അഞ്ചു ഭാവങ്ങളുണ്ട്. അഘോര സമ്പ്രദായം മഹാദേവൻ്റെ  അതി തീവ്രമായ സാധനാ പന്ഥാവാണ്. 

അ - ഘോരം എന്നാൽ ഘോരമല്ലാത്തത് എന്നും അർത്ഥമുണ്ട്. മഹാദേവനിലും ഗുരുവിലും തികഞ്ഞ ഭക്തിയും വിശ്വാസവും സമർപ്പണവും ഉള്ള ഒരു സാധകന് ഈ മാർഗ്ഗം ഘോരമല്ല. അഘോരികളുടെ രൂപം നാം കണ്ടിട്ടുള്ളത് കറുത്ത വസ്ത്രവും, ജഡയും ധരിച്ച് രുദ്രാക്ഷമാല കഴുത്തിലണിഞ്ഞ്, മേലാസകലം ഭസ്മം പൂശി, കയ്യിൽ കപാലമോ ദണ്ഡോ ശൂലമോ ഒക്കെ ആയിട്ടാണ്. 

ഉരുക്കുപോലെ ഉറച്ച ശരീരവും, അതിൽ  തീക്കനൽ പോലെ തിളങ്ങുന്ന കണ്ണുകളും,ജഡാവൽക്കലങ്ങളും ധരിച്ച്,  ഭം ഭം ഭം ഭോലെ നാഥ്, ഹര ഹര മഹാദേവ് ജയ് വിളികളും, ശംഖ നാദവും മുഴക്കി, ഉടുക്കിലെ ദ്രുത താളങ്ങൾക്കൊപ്പം ആനന്ദനൃത്തം ചവിട്ടി എത്തുന്ന അഘോരികളുടെ വരവ്, കാണുന്നവരിൽ ഭക്തിയും ഭയവും ഒരേപോലെ സൃഷ്ടിക്കുന്നതാണ്.  

ഈ മഹാ കുംഭമേളയിൽ പ്രയാഗ് രാജിലെ ജന നിബിഡമായ പ്രദേശങ്ങളിൽ അവരിൽ ചിലരെ കാണാം. എന്നാൽ കുംഭമേളയിൽ നാം കാണുന്ന ഈ കാഴ്ചകൾകപ്പുറം സാധാരണ മനുഷ്യർക്കോ, മാധ്യമപ്പടയുടെ ക്യാമറ കണ്ണുകൾക്കോ ഒപ്പിയെടുക്കാൻ സാധിക്കാത്ത പ്രയാഗിലെ നിഗൂഡമായ പ്രദേശങ്ങളിൽ അഘോരികളുടെയും താന്ത്രികരുടെയും നാഗരുടെയും വളരെ വലിയ സമ്മേളനം നടക്കുന്നുണ്ട്. അതാണ് യഥാർത്ഥ കുംഭമേള നഗരി ! 

അവിടെ സിദ്ധി വിജ്ഞാനീയത്തിലെയും, ഭൈരവ തന്ത്രത്തിലെയും, കാശ്മീരി ശൈവ സമ്പ്രദായത്തിലെയും #ദശമഹാവിദ്യാ സാധനകളിലെയും  മറ്റു നിഗൂഢവിദ്യകളിലെയും ദേവതാ / സിദ്ധി പ്രദർശനങ്ങളും, ഒപ്പം വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകളും, അതോടൊപ്പം ഈ ആർഷ ഭൂമിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള പദ്ധതികളും മഹാമണ്ഡലേശ്വരന്മാരുടെയും താന്ത്രികഗുരുക്കന്മാരുടെയും മേൽ നോട്ടത്തിൽ നടക്കുന്നുണ്ട്. 

അവിടങ്ങളിൽ നിന്നും പ്രളയജലം കണക്കെ ഹര ഹര മഹാദേവാ മന്ത്ര ധ്വനികളോടെ ആർത്തുല്ലസിച്ച് അമൃത സ്നാനത്തിന് വരുന്ന  അഘോരിപ്പടയെ ആണ് നാം ഇടയ്ക്ക് കാണുന്നത്. സ്നാനത്തിന് ശേഷം ലക്ഷകണക്കായ ഈ യോഗികൾ എവിടയോ പോയി മറയുകയും ചെയ്യുന്നു. ! അതെവിടെയാണ് ?

അതെ !  ഈ മഹാ കുംഭമേളയിൽ നമ്മുടെ നഗ്ന നേത്രങ്ങളുടെ ചെറിയ കാഴ്ചകൾക്കുമപ്പുറം, പരിമിതിമായ മാനവ ബുദ്ധിയുടെ പരിധിക്കുമുപരിയായി  നിഗൂഡതകളിൽ അഘോരികൾ  മറ്റെന്തൊക്കയോ ചെയ്യുന്നുണ്ട് ! എന്താണത് ??

പക്ഷേ അതൊന്നും തന്നെ പൊതു സമൂഹത്തിന് മുന്നിലല്ല എന്നതുകൊണ്ട് യഥാർത്ഥത്തിൽ നാമൊന്നും കാണുന്നില്ല അറിയുന്നില്ല ! കുംഭമേളയിൽ വരുന്നു ... ചിലരയൊക്കെ കാണുന്നു..... സെൽഫി എടുക്കുന്നു....അമൃത സ്നാനം ചെയ്യുന്നു..... തിരിച്ച് പോകുന്നു !!

സാധാരണ മനുഷ്യർ കടന്നു ചെല്ലാൻ ഭയപ്പെടുന്ന ശ്മശാനം അഘോരികൾക്ക് #ആനന്ദവനമാണ്. അഘോര ശിവൻ ആനന്ദ നൃത്തമാടുന്ന ഈ പ്രേതഭൂമിയിലാണ് അഘോരികളുടെ സാധനയും താമസവും.

#ശിവൻ കാരുണ്യത്തിന്റെ മഹാസാഗരമാണ്. ഒരു മനുഷ്യജന്മം മുഴുവൻ തന്നെ ഉപാസിച്ച തൻ്റെ ഭക്തൻ ജീവനെ വെടിയുമ്പോൾ, ജീവാത്മാവിനെ ശിവലോകത്തേക്ക് നയിക്കുന്നതിനൊപ്പം, ഇത്രയും നാളും തന്നെ ആരാധിക്കുവാനായി അവൻ ഉപയോഗിച്ച ജഡമായശരീരം ശ്മശാന തീയിൽ വെന്തെരിഞ്ഞ് വെളുത്ത ചാരമായി കിടക്കുമ്പോൾ, അതിനെക്കൂടി തൻ്റെ ശരീരത്തോട്  ഭസ്മമാക്കി ചേർത്ത് ആനന്ദ താണ്ഡവമാടുന്ന അഘോര മൂർത്തിയാണ് ശിവൻ !

ഭാരതത്തിൽ രണ്ട് വിധത്തിലുള്ള സന്യാസ സമ്പ്രദായങ്ങൾ പ്രധാനമായും കാണാം. ഒന്ന് മഠങ്ങൾ കേന്ദ്രീകരിച്ചും, രണ്ട് #അഖാഡകൾ കേന്ദ്രീകരിച്ചും. മഠങ്ങളിൽ ജ്ഞാന മാർഗത്തിൽ ശാസ്ത്ര അഭ്യാസികളായ  സന്യാസികളും അഖാഡകളിൽ സാധനാ മാർഗ്ഗത്തിൽ ശസ്ത്ര ( ആയുധ ) ധാരികളായ സന്യാസികളേയും കാണാം.

 13 അഖാഡകളാണ് ഭാരതത്തിൽ പ്രധാനമായും ഇന്ന് പ്രവർത്തിക്കുന്നത്. ആദിശങ്കരൻ കേദാർ നാഥിൽ വച്ച് അഖാഡകൾക്ക് രൂപം നൽകിയെന്നും, അതിതീവ്രമായ സാധനങ്ങൾക്കൊപ്പം തന്നെ ധർമ്മ സംരക്ഷണത്തിനായി വേണ്ടി വന്നാൽ ആയുധമെടുത്ത് പോരാടാനും അഖാഡകൾക്ക് നിർദ്ദേശം നൽകിയെന്നുമാണ് ഐതിഹ്യം. അവരിൽ മാലയും ( ജപമാല ),  #ഭാലയും (ആയുധം) ധരിച്ച രുദ്ര സൈനികരാണ് അഘോരികൾ.

 13 അഖാഡകൾ എന്ന് പറയുമ്പോൾ അതിൽ ആദ്യത്തേത്, ശങ്കരദശ നാമി സമ്പ്രദായത്തിൽപ്പെട്ട 7 അഖാഡകൾ ആണ്.  ഇത് ശൈവമാണ്. ഇവരെയാണ് പൊതുവേ നാഗ സന്യാസിമാർ എന്നു വിളിക്കുന്നത്.

വൈരാഗികൾ എന്ന് വിളിക്കുന്ന വൈഷ്ണവ സമ്പ്രദായത്തിൽപ്പെട്ട 3 അഖാഡകളും, ഉദാസീനികൾ എന്ന് വിളിക്കുന്ന സിക്ക് പരമ്പരയിലെ ഗുരുക്കന്മാരെ ചേർത്ത് വിളിക്കുന്ന മറ്റ് 3 അഖാഡകളും ഉണ്ട്. അങ്ങനെ 13 അഖാഡകൾ

ഇതിൽ #ജൂനഅഖാഡ ഏറ്റവും ആദ്യത്തേതും പൗരാണികവുമായ അഖാഡയാണ്. 


അഖാഡകളിൽ പലതും വാരണാസി, ഹരിദ്വാർ, നാസിക്,  ഉജ്ജയനി  എന്നിവിടങ്ങളിൽ പ്രധാന കേന്ദ്രങ്ങളാക്കി പ്രവർത്തിക്കുന്നു. അതോടൊപ്പം ഭാരതത്തിൻ്റെ വിവിധ ഗ്രാമങ്ങളിൽ ഓരോ അഖാഡകൾക്കും പ്രത്രേകമായ 'കുടികൾ'  ( പാഠശാലകൾ ) ഉണ്ട്. ഇവിടെയാണ് അഖാഡകളിലെ ബാബമാരും സാധുക്കളും ഗ്രാമീണർക്കൊപ്പം താമസിക്കുന്നതും അവരെ ശസ്ത്ര അഭ്യാസവും ശാസ്ത്ര അഭ്യാസവും ചെയ്യിക്കുന്നതും ! 

കുംഭമേളകളിലെ പ്രധാന നടത്തിപ്പുകാർ മേൽപ്പറഞ്ഞ ഈ 13 അഖാഡകൾ ആണ്. കുംഭമേളകളിൽ ഓരോ അഖാഡകളിലേയും ആചാര്യന്മാരും, മഹാമണ്ഡലേശ്വർമാരും ഒന്നിച്ചുകൂടുന്ന വിദ്വത് സദസ്സുകളിൽ വച്ചാണ് ഭാരതത്തിന്റെയും അഖാഡകളുടെയും മുന്നോട്ടുള്ള പ്രയാണത്തിനുള്ള പ്രവർത്തന പദ്ധതികൾ നിശ്ചയിക്കുന്നത്. ഈ അഖാഡകളെല്ലാം കൂടി ചേർന്ന് തങ്ങളുടെ പരമോന്നത നേതാവായ ആചാര്യ #മഹാമണ്ഡലേശ്വരെ തെരഞ്ഞെടുക്കുന്നതും കുംഭമേളയിൽ വച്ചാണ്. 

ഓരോ അഖാഡകൾക്കും കുല ദേവതകൾ ഉണ്ടായിരിക്കും. ഉദാഹരണമായി ജൂന ( ഭൈരവ ) അഖാഡയുടെ ദേവത, ഭഗവാൻ #ദത്താത്രേയനാണ്. 52 മഠികളായി ( ഉപ ശാഖകൾ )  തിരിഞ്ഞിട്ടാണ് ഓരോ അഖാഡകളും  വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നത്. അഖാഡകൾക്ക് പരമോന്നത ദേവത ഉള്ളതുപോലെ തന്നെ ഓരോ മഠികൾക്കും ഓരോ ദേവതകളും ഉപാസന മാർഗങ്ങളും ഉണ്ടായിരിക്കും.

ശ്മശാന സാധനയുൾപ്പെടെ താന്ത്രികമായ പല വിധത്തിലുള്ള മാർഗ്ഗങ്ങൾ അവലംബിക്കുന്ന അഘോരികൾ ഉണ്ട്. ഇതിൽ ശൈവമാർഗം പിന്തുടരുന്നവരാണ് അധികവും. അതുകൂടാതെ ശാക്തേയ #തന്ത്രത്തിലെ  കാളി, താര, ധൂമാവതി, ഛിന്നമസ്ത, ബഗിളാ മുഖി , ഭൈരവി എന്നീ ഉഗ്ര ദേവതകളെ ആരാധിക്കുന്നവരുമുണ്ട്.

കഠിനമായ സാധനകളിലൂടെ ആർജിച്ച ആത്മജ്ഞാനവും, ആയോധന മുറകളിലൂടെ നേടിയ കായിക ശക്തിയും ശിവ സ്വരൂപികളായ അഘോരികളെ ഇതര സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നു.  

...........ലേഖനം അല്പം നീണ്ടുപോയിരിക്കുന്നു. എഴുതിയാലും എഴുതിയാലും തീരാത്തതാണ് മഹാദേവന്റെ സൈനികരായ,  ധർമ്മ സംരക്ഷകരായ #അഘോരികളെ കുറിച്ചുള്ള വിവരണങ്ങൾ

അഘോര സാധന എന്താണ്, ഇവരുടെ ജീവിതരീതി എങ്ങനെയാണ്, എങ്ങനെ അഘോര സമ്പ്രദായത്തിൽ പ്രവേശിക്കാം തുടങ്ങിയ അഘോര സമ്പ്രദായത്തെ പറ്റിയുള്ള ചില രഹസ്യങ്ങൾ അടുത്ത ഭാഗത്ത് വിവരിക്കാം..

മാത്രമല്ല  പലതരത്തിലുള്ള തെറ്റിദ്ധാരണകൾ അഘോരികളെ പറ്റി സമൂഹത്തിൽ ചില ദുഷ്ടബുദ്ധികൾ പരത്തുന്നുണ്ട്. അഘോരികൾ ശവഭോഗികളും ശവഭോജികളും ആണെന്ന് ചിലർ കള്ള പ്രചരണം നടത്തുന്നു....... ഇതിൻ്റെ സത്യാവസ്ഥ എന്താണ്?

"മാലയണിഞ്ഞവർ..... ഭാലയണിഞ്ഞവർ,

ഭസ്മവിഭൂഷിതർ....... ശ്രീരുദ്രന്റെ സൈനികർ ......കാരുണ്യ ശാലികൾ.....ആത്മജ്ഞാന സ്വരൂപികൾ.......അഘോരികൾ "

-------------------------------------------------

അഘോരികളെ അറിയുക

(#മഹാകുംഭമേളയുടെ രഹസ്യങ്ങൾ : ഭാഗം 3)


ഓം തത് പുരുഷായ വിദ്മഹേ

മഹാദേവായ ധീമഹി

തന്നോ രുദ്ര: പ്രചോദയാത്

അ ഘോരം എന്നാൽ ഘോരമല്ലാത്തത് എന്ന് സാമാന്യാർത്ഥം.  ശിവസ്വരൂപികളായ അഘോരികൾ അതുഗ്ര സാധകരാണ്. കുറഞ്ഞത് 3 മണിക്കൂർ  മുതൽ 16 മണിക്കൂർ വരെ  ദിവസവും ശൈവ സാധന ചെയ്യുന്നവരാണ് അഘോരികൾ. മഹാദേവൻ അല്ലാതെ മറ്റൊന്നും അവർക്കില്ല. തങ്ങളുടെ ഈ ലോകജീവിതം തന്നെ പരമശിവ സാധനയ്ക്കും ധർമ്മ സംരക്ഷണത്തിനുമായി സമർപ്പിച്ചവരാണ് അഘോരികൾ.

പരമശിവനാണ് അവരുടെ ഗുരുവും പിതാവും. ജീവിതം തന്നെ അവർക്ക് ആത്മീയ സാധനയാണ്. ലൗകികമായ ഒന്നിലും  അവർ ബന്ധിതരല്ല. ഈ ലോക നിയമങ്ങൾ അവർക്ക് ബാധകവുമല്ല. !

സദാസമയവും യോഗ തന്ത്ര ശാസ്ത്ര മാർഗത്തിൽ ശിവസാധന ചെയ്യുന്ന ഇവർ, ധർമ്മസംരക്ഷണത്തിനുവേണ്ടി വേണ്ടിവന്നാൽ ആയുധവും എടുക്കുവാൻ പ്രാപ്തരായ ശസ്ത്രധാരികൾ കൂടിയാണ്. 

മണിക്കൂറുകൾ നീളുന്ന ശൈവസാധനകൾ ഇവരുടെ ജീവിതചര്യയാണ്. ശിവകുണ്ഡലിനിയോഗം, ശിവ തന്ത്രയോഗം, വശിയോഗം,ക്രിയായോഗം, അഘോര സാധന, നാഗചക്ര സാധന, ശ്മശാന ഭൈരവ സാധന, ശവ സാധന, അഗ്നി ത്രാഡക സാധന, സൂര്യ-ചന്ദ്രസാധനകൾ, ശിവസ്വരയോഗം, നാദയോഗം, മഹാബ്രമാണ്ഡ ശിവസാധന എന്നിങ്ങനെ വിവിധ തരത്തിലുള്ള യൗഗിക താന്ത്രിക സാധനകൾ ചെയ്യുന്ന അഘോരികൾ ഉണ്ട്. ചില സാധനകൾ പകലും, മറ്റു ചിലവ രാത്രിയുടെ പലയാമങ്ങളിലും ആണ് ഇവർ അനുഷ്ഠിക്കുക. ചിലവ തങ്ങളുടെ അഖാഡകൾക്കുള്ളിലും മറ്റ് ചിലവ ചുടല ഭൈരവൻ നടനമാടുന്ന ശ്മശാന ഭൂമിയിലും !

അഘോര സമ്പ്രദായത്തിലെ മഹാഗുരു മഹാ ബാബയുടെ നിർദ്ദേശമനുസരിച്ചാണ് ഇവർ സാധനാ മാർഗ്ഗം തെരഞ്ഞെടുക്കുക. പഞ്ചമുഖ ശിവസങ്കല്പത്തിലെ ഈശാനം, തത്പുരുഷം, വാമദേവം, സദ്യോജാതം എന്നിവയോട് കൂടി ചേർന്നുവരുന്ന ഒരു സാധനാ സമ്പ്രദായമാണ് അഘോരം.

ഏതാണ്ട് 80,000 ത്തോളം  അഘോര സമ്പ്രദായത്തിൽപ്പെട്ട മഹായോഗികൾ ഉണ്ടെന്നുള്ളതാണ് കണക്ക്. അവരിൽ പന്ത്രണ്ടായിരത്തോളം പേർ സ്ത്രീകളാണ്.! ഹിമാലയത്തിന്റെ മഞ്ഞുമൂടിയ താഴ് വാരങ്ങളിലും, കാശിയിലെ നിഗൂഢ സ്ഥലമായ ഗുപ്തകാശിയിലും അഘോരികളെ കാണാം. 

ഒരു ദിവസത്തിൻ്റെ ഭൂരിഭാഗം സമയവും സാധനാനിരതമായതുകൊണ്ട് പൊതുവേ ഇവർ പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടാറില്ല. സാധാരണ മനുഷ്യൻ്റെ അസൂയയും ആർത്തിയും ദുഷ്ടതയും ലോഭവും നിറഞ്ഞ മനസ്സിൽ നിന്ന് പുറപ്പെടുന്ന ദുഷ് തരംഗങ്ങളെ ഇവർ ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അഘോരികൾ ജന സംസർഗത്തിൽ നിന്നും അകന്നു കഴിയുന്നു. കുംഭമേള പോലെയുള്ള ചില സമയങ്ങളിൽ മാത്രമാണ് ഇവർ പൊതുജനമധ്യത്തിൽ വിരളമായി പ്രത്യക്ഷപ്പെടുക.

ഒരു അഘോരിയായി തീരുക എന്നുള്ളത് നിസ്സാര കാര്യമല്ല. കേവലം ഒരു ജിജ്ഞാസ കൊണ്ടോ, കൗതുകം തോന്നിയോ സ്വീകരിക്കാവുന്ന മാർഗമല്ല അഘോരം.  ഈശ്വരനിലും ഗുരുവിലും സാധനയിലും തികഞ്ഞ ഭക്തിയും ശ്രദ്ധയും സമർപ്പണവും ഉണ്ടെങ്കിലേ അഘോരസമ്പ്രദായം പിന്തുടരാൻ സാധിക്കൂ. കഠിനമായ വ്രതങ്ങളും നിഷ്ഠകളും നിറഞ്ഞ ഒരു മാർഗ്ഗമാണ് അഘോരം.  ശിവ ബോധത്തിന് വേണ്ടി സർവ്വവും ഉപേക്ഷിക്കുവാൻ പൂർണ്ണ മനസ്സോടെ വരുന്ന ഒരാളെ മാത്രമേ അഘോരസമ്പ്രദായത്തിലെ ഗുരു ആ മാർഗ്ഗത്തിലേക്ക് പ്രവേശാർത്ഥി യായി പോലും സ്വീകരിക്കൂ. അവിടെനിന്നും ബ്രഹ്മചാരി പദത്തിലേക്ക് എത്തിച്ചേരാൻ കഠിനമായ പല സാധനകളും നിഷ്ഠകളും പുലർത്തണം.

 വർഷങ്ങൾ നീണ്ട കഠിനമായ തപസ്സിലൂടെ മാത്രമേ പൂർണത പ്രാപിച്ച ഒരു അഘോര സന്യാസിയായി മാറാൻ പറ്റൂ. പ്രവേശാർത്ഥി ആയിരിക്കുമ്പോഴും, ബ്രഹ്മചാരി പദത്തിലേക്ക് വരുമ്പോഴും സാധനയിലോ വ്രതത്തിലോ, അഖാഡയുടെ നിയമങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ പിഴവുകളോ വരുത്തിയാൽ കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. ചിലപ്പോൾ അഖാഡയിൽ നിന്നുതന്നെ പുറത്തു പോകേണ്ടി വന്നേക്കാം. 

ചുരുക്കത്തിൽ അഘോരിയായി തീരുക എന്നത് കേവലമായ ഒരു ആഗ്രഹം കൊണ്ട്  എത്തിച്ചേരുവാൻ പറ്റുന്ന കാര്യമല്ല. കഷ്ടപ്പെടണം ! കഠിനമായി തപസ്സു ചെയ്യണം.

ഞാനെന്നും എന്റേതെന്നുമുള്ള ഭാവമാണ് സാധാരണ മനുഷ്യരുടെത്. ഒരു അഘോര സന്യാസിയുടെ ഭാവം " സർവ്വ ഭൂതാന്തരാത്മ ശിവ " (സർവ്വചരാചരങ്ങളിലും പരമശിവൻ കുടികൊള്ളുന്നു)  എന്നതാണ് !

ആഗ്രഹങ്ങളും, ആശങ്കകളും, നഷ്ടബോധവും, നിരാശയും, ക്രോധവും, ദുഃഖവും മനുഷ്യസഹജമായ  വികാരങ്ങളാണ്. ഭൗതികമായ പല വസ്തുക്കളോടുമുള്ള മനുഷ്യരുടെ അടങ്ങാത്ത അഭിനിവേശവും, അത്തരം ആഗ്രഹങ്ങളുടെ സാഫല്യത്തിന് വേണ്ടി എന്ത് തരത്തിലുള്ള അധർമ്മവും ചെയ്യുന്ന ആധുനികകാല മനുഷ്യന്റെ മനസ്സ് കൊണ്ട് അഘോര സമ്പ്രദായത്തിലേക്ക് കടന്നു ചെല്ലുവാൻ പ്രയാസമാണ്. മനശുദ്ധിയും സദാചാര നിഷ്ഠയും, സർവ്വവും ശിവമയമാണെന്നുമുള്ള  ബോധതലത്തിലേക്ക് തനി ലൗകികനായ ഒരു മനുഷ്യന് പെട്ടെന്ന് ഉയർന്നു വരിക സാധ്യമുളള കാര്യമല്ല.

അതിന് തീവ്രമായ സാധന അവശ്യമാണ്.

ശ്മശാനസാധനയും ശവ സാധനയും

മനുഷ്യർ കടന്നു ചെല്ലാൻ ഭയപ്പെടുന്ന ശ്മശാനം അഘോരികൾക്ക് തങ്ങളുടെ സാധന ചെയ്യാനുള്ള ആനന്ദവനമാണ് ! മനുഷ്യ ശരീരം കത്തിയെരിയുന്ന ചിതയാകുന്ന അഗ്നി അഘോരികൾക്ക്, ത്രാഡക സാധനയ്ക്കായുള്ള പരിപാവനമായ ധൂനി അഥവാ  ഹോമകുണ്ഡമാണ്  ! മാംസം കത്തിയെരിഞ്ഞു പോയ തലയോട്ടിയും, ശരീരം വെന്ത് വെണ്ണീറായി കിടക്കുന്ന ചുടല ഭസ്മവും അവർക്ക് ശ്മശാന സാധനയ്ക്കുള്ള പൂജാ ദ്രവ്യങ്ങളാണ്.!

ഇതെന്ത് സാധന ? ഇതെന്ത് സമ്പ്രദായം ??

പലർക്കും അഘോരം ഉൾകൊള്ളാനാവില്ല. ആധുനിക ശാസ്ത്രത്തിൻ്റെ പരിധിക്കും, ആധുനിക  മനുഷ്യൻ്റെ യുക്തിക്കും അപ്പുറമാണ് അഘോരവും അഘോരിയും !

അഘോരികളിൽ ചിലർ ശവ സാധന ചെയ്യുന്നവരാണ്. ശവസാധന പലവിധത്തിൽ ഉണ്ട്. മരണപ്പെട്ട ഒരാളുടെ ശവത്തെ അഗ്നിയിൽ ദഹിപ്പിക്കുമ്പോൾ ആ ചിദാഗ്നിയിൽ നേത്രങ്ങൾ ഉറപ്പിച്ച് മന്ത്രങ്ങൾ ജപിച്ചു ചെയ്യുന്ന അഘോര ത്രാഡക സാധന അതിൽ ഒന്നാണ്.

മരണപ്പെട്ട ഒരാളുടെ ശരീരത്തെ ഇരിപ്പിടമാക്കി, അതിനുമുകളിൽ പത്മാസനസ്ഥനായിരുന്ന് ചെയ്യുന്ന ശവമഞ്ചസാധന മറ്റൊരെണ്ണമാണ്.

മരണപ്പെട്ട ആളുടെ തലയോട്ടി എടുത്ത് തലയോട്ടിയുടെ ഒത്ത മധ്യത്തിൽ ഒരു ചുവന്ന പൊട്ട് തൊട്ട്, രാത്രിയുടെ അന്ത്യയാമത്തിൽ അതിൽ നോക്കിയിരുന്നു ചെയ്യുന്ന കപാല ത്രാഡക സാധനകളും അഘോരികൾ അനുഷ്ഠിക്കാറുണ്ട്.

മരണപ്പെട്ട ആളുടെ ശരീരം വെന്തെരിഞ്ഞ വെണ്ണീറും മറ്റും ശരീരത്തിൽ ഭസ്മമായി ചാർത്തിയും, ശ്മശാനത്തിൽ ആനന്ദനൃത്തം ആടിയും അഘോരികൾ ശ്മശാന ഭൈരവ സാധന ചെയ്യുന്നു. സാധാരണ മനുഷ്യർ മരണ ഭയം ഉള്ളവരാണ്. മരണത്തിന്റെ നടനവേദിയാണ് ശ്മശാനം. അഘോരികൾ മരണ ഭയത്തെ ജയിച്ചവരാണ്. അതുകൊണ്ടുതന്നെ ശ്മശാനം അവർക്ക് ആനന്ദ നടന വേദിയാണ്.

 വീട്ടിലിരുന്ന് നാം ചെയ്യുന്ന ജപ ഹോമ ധ്യാനാദികൾക്ക് അപ്പുറം ഘോരവും തീഷ്ണവുമാണ് അഘോര സാധനകൾ പലതും. അതുകൊണ്ടുതന്നെ സാധാരണ ലൗകികരായവർക്ക് ഈ മാർഗ്ഗം അത്ര പെട്ടെന്ന് യോജിക്കുകയില്ല.

അഘോരി നിർഭയനാണ്. അഘോര സമ്പ്രദായത്തിൽ പ്രവേശിക്കുന്ന ഒരാൾക്ക് ഗുരുബാബ നൽകുന്ന ട്രെയിനിങ്ങിലെ ചില ഐറ്റങ്ങളാണ് ശ്മശാനസാധനയും  കപാല ത്രാഡക സാധനകളുംം മറ്റും.

 " ഭയത്തിന് അതീതരാവുക.... സദാശിവനെ ഉള്ളിൽ നിറയ്ക്കുക "   ഇതാണ് അഘോര സമ്പ്രദായത്തിന്റെ ആപ്തവാക്യം. 

സർവ്വവും ശിവമയമായി കാണുന്ന, ഇടമുറിയാത്ത ശിവാനന്ദത്തിൽ അഭിരമിച്ചിരിക്കുന്ന അഘോരികൾ മനുഷ്യ മാംസം ഭക്ഷണമാക്കുന്നവരാണ് എന്ന് ചിലർ കള്ളപ്രചരണം നടത്തുന്നതിന്  പിന്നിൽ മറ്റെന്തൊക്കെയോ ഗൂഡ ഉദ്ദേശങ്ങളുണ്ട്. ?

യഥാർത്ഥ അഘോരികൾ മനുഷ്യ മാംസം ഭക്ഷിക്കാറില്ല. സാത്വികരായ, സർവ്വതിലും ശിവനെ കാണുന്ന, പല ദിവസങ്ങളിലും ഭക്ഷണം പോലും ഉപേക്ഷിച്ച് സാധന ചെയ്യുന്ന ശിവ തേജോരൂപികളായവർ എങ്ങനെ മാംസം കഴിക്കും?. ചിന്തിക്കുക 

ഭോഗവാസന ലൗകിക മനുഷ്യന്റേതാണ്. സർവ്വ ഇന്ദ്രിയങ്ങളെയും അടക്കി, അസാമാന്യമായ ബ്രഹ്മചര്യ നിഷ്ഠ പുലർത്തുന്ന അഘോരികൾ ( ശവ ) ഭോഗികളുമല്ല.

ലൗകികമായ പല തൃഷ്ണകളും ഭക്ഷണത്തോടും പണത്തോടുള്ള അത്യാർത്തിയും, ലൈംഗികതയ്ക്ക് വേണ്ടിയുള്ള അത്യാവേശവും സാധാരണ ലൗകികൻ്റേതാണ്. ഒരു യഥാർത്ഥ അഘോരിയുടേതല്ല !

വെളുത്ത മണലും പഞ്ചസാരയും കൂടിക്കലർന്നുകിടക്കുന്നതുപോലെ അഘോരികൾ എന്ന് തോന്നിക്കുമാറ് വേഷ പ്രച്ഛന്നരായി നടക്കുന്ന ചിലരുണ്ട്. ഗുരു വാക്യത്തെയും അഖാഡ നിയമങ്ങളെയും ലംഘിച്ചതിന്റെ പേരിൽ അഖാഡ പുറത്താക്കിയവരും, ചില മാനസിക അസ്വസ്ഥതകൾ കൊണ്ട് ഇത്തരം വേഷംകെട്ടി നടക്കുന്നവരും, സമൂഹത്തിൽ കാണിക്കുന്ന ചില പേക്കൂത്തുകൾ കണ്ട് ചിലർ അവർ അഘോരികൾ ആണെന്ന് തെറ്റിദ്ധരിക്കുന്നു. അഘോരികൾ മദ്യസേവകരും, സ്ത്രീലമ്പടരും, ശവമാംസ ഭക്ഷകരുമാണെന്ന് ചിലർ അടിച്ചു വിടുന്നു.

അഹോ കഷ്ടം ! ശുദ്ധ അസംബന്ധം! അറിവില്ലായ്മ !

പുറമേനിന്ന് ഷോ കാണിക്കുന്നവരല്ല ശരിയായ അഘോരികൾ ! അവർ അന്തർമുഖരാണ്. പൊതുസമൂഹത്തിൽ നിന്നും അകന്നു കഴിയുന്ന ഏകാന്തപഥികരാണ്. മഹാദേവനും സാധനകളും മാത്രമാണ് അവരുടെ ജീവിതം 

തുടരും ......

🙏

ഓം നമ:ശിവായ

ആചാര്യ കൃഷ്ണകുമാർ

ഹിമാലയൻ സിദ്ധാശ്രമം

ആലപ്പുഴ, കേരളം

Website : www.hsysk.in

WhatsApp: 9526274785

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര